മോട്ടോർ വാഹനങ്ങൾ ഉൾപ്പെടെയുള്ള ആന്തരിക ജ്വലന എൻജിൻ, സ്പാർക്ക്-ഇഗ്നിഷൻ എൻജിൻ ഉപകരണങ്ങൾ എന്നിവയിൽ നിന്നുള്ള വായു മലിനീകരണത്തിന്റെ ഉൽപാദനം നിയന്ത്രിക്കുന്നതിന് ഭാരത് സ്റ്റേജ് (ബിഎസ്) എമിഷൻ മാനദണ്ഡങ്ങൾ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. 2000 ലാണ് കേന്ദ്രസർക്കാർ ആദ്യമായി വായുമലിനീകരണം നിയന്ത്രിക്കുകയെന്ന ഉദ്ദേശ്യത്തോടെ വായുമലിനീകരണ നിലവാര മാർഗരേഖ നിശ്ചയിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ അന്നു നിലവിലിരുന്ന മാർഗരേഖകൾ പിന്തുടർന്നായിരുന്നു ഇത്. വാഹനങ്ങളിൽ നിന്നുള്ള വായുമലിനീകരണം കുറയ്ക്കുകയെന്നതാണ് ഈ മാർഗരേഖയുടെ പ്രധാന ഉദ്ദേശ്യം. എന്നാൽ ഈ നിലവാരം കൈവരിക്കുന്നതിന് വാഹന എന്‍ജിനുകളിൽ മാത്രമല്ല ഇന്ധനത്തിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഇന്ത്യയിൽ ഇന്നു വിൽക്കുന്ന പെട്രോൾ, ഡീസൽ ഇന്ധനങ്ങൾ ഇപ്പോൾ യൂറോപ്പിൽ പ്രാബല്യത്തിലുള്ള യൂറോ 2, യൂറോ 3, യൂറോ 4 പുക നിയന്ത്രണ നിലവാരത്തിലുള്ളതാകണമെന്നാണു നിയമം അനുശാസിക്കുന്ന വ്യവസ്ഥ. വാഹന നിർമ്മാതാക്കൾ 2020 ഏപ്രിൽ 1 മുതൽ BS-VI (BS6) വാഹനങ്ങൾ മാത്രം നിർമ്മിക്കുകയും വിൽക്കുകയും രജിസ്റ്റർ ചെയ്യുകയും ചെയ്യണമെന്ന് കേന്ദ്ര സർക്കാർ നിർബന്ധമാക്കി.