പ്രശസ്ത തെലുങ്ക് ചലച്ചിത്ര അഭിനേതാവാണ് അല്ലു അര്‍ജുന്‍. ചലച്ചിത്ര നിർമാതാവായ അല്ലു അരവിന്ദന്റെയും ഗീതയുടെയും രണ്ടാമത്തെ മകനായി ചെന്നൈയില്‍ ജനനം. മുത്തച്ഛന്‍ അല്ലു രാമലിംഗയ തെലുങ്കിലെ പ്രശ്സസതനായ ഹാസ്യതാരമായിരുന്നു. അമ്മാവന്മാരായ ചിരഞ്ജീവിയും പവന്‍ കല്യാണും തെലുങ്കിലെ പ്രശസ്ത അഭിനേതക്കളാണ്. ചെന്നൈയിലെ സെന്റ് പാട്രിക് സ്‌ക്കൂളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അല്ലു അര്‍ജുന്‍ ഹൈദരാബാദിലെ എംഎസ്ആര്‍ കോളേജില്‍നിന്നും ബിബിഎ ബിരുദം നേടി. വിജേത എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. ചിരഞ്ജീവിയുടെ ഡാഡി എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്ത് മാത്രമായി അല്ലു അര്‍ജുന്‍ അഭിനയിച്ചിരുന്നു. ആദ്യമായി നായകനായി അഭിനയിച്ച ചിത്രം കെ. രാഘവേന്ദ്ര സംവിധാനം ചെയ്ത ഗംഗോത്രി എന്ന ചിത്രമാണ്. 2003ല്‍ പ്രദര്‍ശനത്തിനെത്തി ചിത്രം ശരാശരി വിജയം നേടിയിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. 2004ല്‍ പ്രര്‍ശനത്തിനെത്തിയ ആര്യ എന്ന ചിത്രമാണ് അഭിനയജീവിത്തിലെ വഴിത്തിരിവിന് കാരണമായ ചിത്രം. ദില്‍ രാജു ആയിരുന്നു ചിത്രത്തിന്റെ നിർമാതാവ്. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം മികച്ച വിജയമാണ് നേടിയത്. യുവാക്കള്‍ക്കിടയില്‍ ധാരാളം ആരാധകരെ നേടിയെടുക്കാന്‍ ഈ ചിത്രത്തിലൂടെ അദ്ധേഹത്തിന് കഴിഞ്ഞു.
2005ല്‍ ബണ്ണി പ്രദര്‍ശനത്തിനെത്തി. ഈ ചിത്രവും വാണിജ്യപരമായി മികച്ച വിജയം നേടി. തുടർന്ന് ഹാപ്പി, ദേശമുഡുരു അമ്മാവനായ ചിരഞ്ജീവി നായകനായി അഭിനയിച്ച ശങ്കര്‍ദാദ സിന്ദാബാദ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. പരുഗു എന്ന ചിത്രത്തിന് തെലുങ്കിലെ മികച്ച നടനുള്ള ഫിലംഫെയര്‍ പുരസ്‌ക്കാരം ലഭിച്ചു. ആര്യ, ആര്യ2, വരുഡു, വേദം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം തെലുങ്കിലെ മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം രണ്ടാം തവണയും അദ്ദേഹത്തിന് ലഭിച്ചു. 2011ല്‍ വിവി വിനായക് സംവിധാനം ചെയ്ത ബദ്രിനാഥ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയും അത് നിർമ്മിക്കുകയും ചെയ്തു. ഗീത ആര്‍ട്‌സിന്റെ ബാനറില്‍ അല്ലു അരവിന്ദൻ നിര്‍മ്മിച്ച ചിത്രം 6.5 കോടി കളക്ഷനുമായി മികച്ച വിജയം നേടി. ജൂലായി, ഇദ്ദരമ്മായിലതോ, എവഡു, ഐ ആം ദാറ്റ് ചെയ്ഞ്ച്, രുദ്രമദേവി എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. തെലുങ്ക് താരമാണെങ്കിലും കേരളത്തില്‍ നിരവധി ആരാധകരാണ് താരത്തിനുള്ളത്. അവസാനം തെലുങ്കില്‍ പുറത്തിറങ്ങിയ വേദം എന്ന ചിത്രമൊഴികെ മറ്റെല്ലാ ചിത്രങ്ങളും മൊഴിമാറ്റി മലയാളത്തിലിറങ്ങിയിട്ടുണ്ട്. പുഷ്പ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടുന്ന ആദ്യ തെലുങ്ക് നടനായും അല്ലു മാറി.