തെന്നിന്ത്യന്‍ ചലച്ചിത്രതാരമാണ് സിദ്ധാര്‍ഥ്. 1979 ഏപ്രില്‍ 17ന് ചെന്നൈയില്‍ ജനിച്ചു. ചെന്നൈ ഡിഎവി ബോയ്‌സ് സീനിയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍, ഡല്‍ഹി സര്‍ദാര്‍ പട്ടേല്‍ വിദ്യാലയ എന്നിവിടങ്ങളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. പിന്നീട് ഡല്‍ഹിയിലെ കിരോരി കോളജില്‍നിന്നും മാസ്റ്റര്‍ ഓഫ് കോമേഴ്‌സില്‍ ബിരുദം നേടി. പഠനത്തിനുശേഷം സംവിധായകന്‍ ജയേന്ദ്ര, ഛായാഗ്രാഹകന്‍ പി സി ശ്രീരാം എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
ഇവരുടെ സഹായത്താല്‍ സംവിധായകന്‍ മണിരത്‌നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. കൂടാതെ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. 2002ലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. പിന്നീട് 2003ല്‍ ബോയ്‌സ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായ മുന്നയെ അവതരിപ്പിച്ചു. ഓഡീഷന്‍ വഴിയാണ് ചിത്രത്തിലേക്ക് സിദ്ധാര്‍ത്ഥിന് അവസരം ലഭിക്കുന്നത്. 2003ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്. 2006ല്‍ രംഗ് ദെ ബസന്തി എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ചിത്രത്തിലെ അഭിനയിത്തിന് മികച്ച പുതുമുഖതാരത്തിനുള്ള സ്‌ക്രീന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2014ല്‍ ജിഗര്‍താണ്ട എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള നോര്‍വെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അഭിനയത്തിനുപുറമെ ചലച്ചിത്ര നിര്‍മ്മാതാവും ഗായകനുമാണ് സിദ്ധാര്‍ത്ഥ്. ബെമ്മറില്ലു, ആട്ട, സന്തോഷ് സുബ്രഹ്മണ്യം, സ്‌ട്രൈക്കര്‍, ഒ മൈ ഫ്രണ്ട്, എന്‍എച്ച്4, സ്ട്രോബറി, സിമ്പ, എനക്കുള്‍ ഒരുവന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ലവ് ഫെയ്‌ലിയര്‍, ജില്‍ ജങ്ക് ജക്ക്, അവള്‍ തുടങ്ങിയവയാണ് നിർമിച്ച ചിത്രങ്ങള്‍. ഇതിനുപുറമെ ദിലീപ് പ്രധാന കഥാപാത്രമായി എത്തിയ കമ്മാരസംഭവം എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.