കിഫ്ബി
KIIFB

സംസ്ഥാന സർക്കാരിന് ലഭിക്കുന്ന വരുമാനത്തിൽ ഭൂരിഭാഗവും ദൈനദിന ചെലവുകൾക്ക് മാറ്റിവയ്ക്കേണ്ടി വരുന്നതിനാൽ വികസന പ്രവർത്തനങ്ങൾ പലതും മുടങ്ങി. ഇതോടെയാണ് കൂടുതൽ പണം കണ്ടെത്താൻ കിഫ്ബി രൂപീകരിച്ചത്. സാമ്പത്തികവർഷം പകുതി പിന്നിടുമ്പോഴേക്കും സർക്കാർ കടുത്ത ധനപ്രതിസന്ധി നേരിട്ടു തുടങ്ങും. അതോടെ പല പദ്ധതികളും ഉപേക്ഷിക്കും. ഇതിനു പരിഹാരമായാണ് കിഫ്ബിയിലൂടെ ധനസമാഹരണം നടത്തി അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവഴിക്കാൻ ആരംഭിച്ചത്. 1999 ലാണ് കിഫ്ബി തുടങ്ങിയത്. 

പിരിക്കുന്ന നികുതിക്കും ഫീസുകൾക്കും പുറമേ, പണം കണ്ടെത്താനുള്ള മുഖ്യ വഴിയാണ് കടമെടുപ്പ്. ഒരുവർഷം കടമെടുക്കാവുന്ന തുകയ്ക്കു കേന്ദ്രം പരിധി നിശ്ചയിച്ചിട്ടുള്ളതിനാൽ തോന്നുംപടി കടമെടുക്കാൻ കഴിയുകയുമില്ല. അങ്ങനെ വികസനപദ്ധതികൾ നടപ്പാക്കാൻ പണം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കിഫ്ബി തുടങ്ങിയത്. കിഫ്ബിക്കു കടമെടുക്കുന്നതിനു പരിധിയില്ല. ബോണ്ടുകളിറക്കിയും വായ്പയെടുത്തും കിഫ്ബി പണം സമാഹരിച്ചു പദ്ധതികൾ നടപ്പാക്കും. വ്യവസായങ്ങൾക്കായുള്ള ഭൂമി ഏറ്റെടുക്കൽ, വലിയ റോഡുകളുടെയും പാലങ്ങളുടെയും നിർമാണം, വ്യവസായ പാർക്കുകൾ, ഐടി, ടൂറിസം വികസനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാനമേഖലകളിലെ പദ്ധതികളാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്നത്. ലാൻഡ് ബോണ്ട് പുറപ്പെടുവിക്കുന്നതിലൂടെ സ്ഥലമെടുപ്പു വേഗത്തിലാക്കാനും സാധിക്കും. മുഖ്യമന്ത്രിയാണ് അധ്യക്ഷൻ. ധനമന്ത്രി ഉപാധ്യക്ഷൻ. ധനമന്ത്രിയുടെ കീഴിൽ എക്സിക്യൂട്ടീവ്. മസാല ബോണ്ടുകൾ, ജനറൽ ഒബ്ലിഗേഷൻ ബോണ്ടുകൾ, ലാൻഡ് ബോണ്ടുകൾ, നബാർഡും ബാങ്കുകളും ഉൾപ്പെടെയുളള ഏജൻസികളിൽനിന്നുള്ള വായ്പ, മോട്ടർ വാഹന നികുതിയുടെ 50%, ഒരു ലീറ്റർ പെട്രോളിൽ നിന്ന് ഒരു രൂപ സെസ്, വൻകിട വികസന പദ്ധതികളിൽനിന്നു മിച്ചം പിടിച്ച തുക എന്നിവയിലൂടെയാണ് കിഫ്ബിയിലേക്ക് പണം കണ്ടെത്തുന്നത്. 

കിഫ്ബി എടുക്കുന്ന വായ്പകൾ തിരിച്ചടയ്ക്കേണ്ടത് കിഫ്ബി തന്നെയാണ്. അതിനു കിഫ്ബി പണം കണ്ടെത്തുന്നത് പ്രധാനമായും 2 സ്രോതസ്സിൽ നിന്നാണ്. ഒന്ന്, സംസ്ഥാന സർക്കാർ പിരിക്കുന്ന റോഡ് നികുതിയിൽനിന്ന്. രണ്ട്, പെട്രോൾ സെസ്. ഇൗ തുകകൊണ്ട് എല്ലാ വായ്പകളുടെയും മാസത്തവണകൾ അടച്ചുതീർക്കാൻ കഴിയുമെന്ന ഫോർമുലയാണ് കിഫ്ബി സർക്കാരിനു മുന്നിൽ വച്ചിട്ടുള്ളത്. അതിനു കിഫ്ബിക്കു കഴിഞ്ഞില്ലെങ്കിൽ സർക്കാർ തന്നെ തിരിച്ചടയ്ക്കേണ്ടി വരും.