ഡോണൾഡ് ട്രംപ്
Donald Trump

അമേരിക്കയുടെ 45ാം പ്രസിഡന്റ്. യുഎസ് പ്രസിഡന്റുമാരിൽ ഏറ്റവും ധനികനായിരുന്ന വ്യക്തി. 2017ൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഹിലരി ക്ലിന്റനെ തോൽപ്പിച്ച് അധികാരത്തിലേറി. 2020ൽ നടന്ന രണ്ടാം പോരാട്ടത്തിൽ ജോ ബൈഡനു മുന്നിൽ പരാജയപ്പെട്ടു. 

ജീവിതം

1946 ജൂൺ 14നു ന്യൂയോർക്കിലെ ക്വീൻസിൽ ഡോണൾഡ് ജോൺ ട്രംപ് ജനിച്ചു. ജർമൻ–സ്കോട്ടിഷ് വേരുകളുള്ള ഫ്രഡ് സി.ട്രംപും മേരി മക്ലിയോഡും മാതാപിതാക്കൾ. 1968ൽ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിലെ വാർട്ടൺ ബിസിനസ് സ്കൂളിൽനിന്നു ബിരുദം. പട്ടാളസേവനം ഒഴിവാക്കിയത് കാലിനു പ്രശ്നമുണ്ടെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി. 1971ൽ പിതാവിന്റെ റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ കമ്പനിയുടെ ചുമതല ഏറ്റെടുത്തു. 

പുറംരാഷ്ട്രീയക്കാരൻ എന്നു ട്രംപിനെ വിശേഷിപ്പിക്കാം. അധികാരമോഹമുണ്ടായിരുന്നെങ്കിലും 1987 വരെ രാഷ്ട്രീയത്തിൽ കണ്ടിട്ടേയില്ല. റൊണാൾഡ് റെയ്ഗന്റെ ആരാധകനായിരുന്നു. 1988 മുതൽ മിക്ക തിരഞ്ഞെടുപ്പിലും ട്രംപിന്റെ പേരും സാധ്യതാപ്പട്ടികയിൽ വരും. ജോർജ് ബുഷിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 87ൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്നു. 99ൽ റിഫോംസ് പാർട്ടിയിലേക്കു മാറി. 2000ത്തിലെ തിരഞ്ഞെടുപ്പിൽ റിഫോംസ് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാവുകയായിരുന്നു ലക്ഷ്യം. എന്നാൽ പ്രൈമറികൾക്കു മുൻപേ പിന്മാറി. രണ്ടുവർഷം കഴിഞ്ഞപ്പോൾ റിഫോംസ് വിട്ടു ഡമോക്രാറ്റ് പാർട്ടിയിലെത്തി. 2009ൽ വീണ്ടും റിപ്പബ്ലിക്കൻ പാർട്ടിയിൽ. 

മൂന്നു വിവാഹം കഴിച്ച ആദ്യ പ്രസിഡന്റ് എന്ന വിശേഷണത്തിനും ഉടമ. ഇവാന സെൽനിക്കോവ, മാർല മേപ്പിൾസെ, ഇപ്പോഴത്തെ ഭാര്യ മെലാനിയ എന്നിങ്ങനെ മൂന്ന് മോഡലുകളെ വിവാഹം ചെയ്തു. അമേരിക്കയുടെ 244 വര്‍ഷത്തെ ചരിത്രത്തില്‍ രണ്ടാം തവണയും ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യത്തെ പ്രസിഡന്‍റ്.