കെകെ ശൈലജ‌
KK Shailaja

സിപിഎം കേന്ദ്ര കമ്മിറ്റിയംഗം, മട്ടന്നൂർ എംഎൽഎ. 2016 മുതൽ 2021 വരെ പതിനാലാം നിയമസഭയിലെ കേരളത്തിന്റെ ആരോഗ്യ, സാമൂഹിക ക്ഷേമവകുപ്പ് മന്ത്രിയായിരുന്നു. 2016ൽ അധികാരത്തിൽ വന്ന മന്ത്രിസഭയിലെ രണ്ട് വനിതാ മന്ത്രിമാരിലൊരാൾ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ നേതൃത്വമികവ് ലോകശ്രദ്ധ പിടിച്ചുപറ്റി. കേരളനിയമസഭാ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ എറ്റവും ഉയർന്ന ഭൂരിപക്ഷത്തിനാണ് (60963 വോട്ട്) 2021ൽ മട്ടന്നൂർ മണ്ഡലത്തിൽനിന്ന് ശൈലജ വിജയിച്ചത്. 

ജീവിതം

1956 നവംബർ 20ന് കെ. കുണ്ടന്റെയും കെ.കെ.ശാന്തയുടെയും മകളായി കണ്ണൂർ ജില്ലയിലെ മാടത്തിലാണ് കെ.കെ.ശൈലജ ജനിച്ചത്. മട്ടന്നൂർ കോളജിൽനിന്ന് ബിരുദവും വിശ്വേശരയ്യ കോളജിൽനിന്ന് 1980ൽ ബിഎഡ് വിദ്യാഭ്യാസവും നേടി. തുടർന്ന് ശിവപുരം ഹൈസ്‌കൂളിൽ ശാസ്ത്രാധ്യാപികയായി സേവനം അനുഷ്ഠിച്ചു. ഭർത്താവ് കെ. ഭാസ്കരനും അധ്യാപകനായിരുന്നു. ഏഴ് വർഷത്തെ സർവീസ് ബാക്കി നിൽക്കെ മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തനത്തിനായി 2004ൽ സ്വയം വിരമിച്ചു.

മട്ടന്നൂർ പഴശ്ശിരാജ കോളജിൽ വിദ്യാർഥിയായിരിക്കെ എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ശൈലജ പിന്നീട് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായി. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ച ശൈലജ മഹിളാ അസോസിയേഷന്റെ സ്ത്രീശബ്ദം മാസികയുടെ പത്രാധിപസ്ഥാനവും വഹിച്ചിട്ടുണ്ട്. 

പഴയ കൂത്തുപറമ്പ് മണ്ഡലത്തിൽനിന്നും 1996ലും പേരാവൂർ മണ്ഡലത്തിൽ നിന്നും 2006ലും നിയമസഭാംഗമായി. മണ്ഡലം പുനർനിർണയത്തിനുശേഷം നിലവിൽവന്ന പേരാവൂർ മണ്ഡലത്തിൽനിന്ന് 2011ൽ പരാജയപ്പെട്ടു. 2016ൽ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തിൽ 67,013 വോട്ട് നേടി 12,291 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കെ.കെ. ശൈലജ വിജയിച്ചത്. പിണറായി മന്ത്രിസഭയിൽ ആരോഗ്യം, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായി. 2021ൽ മട്ടന്നൂരിൽനിന്നു വിജയിച്ചു.