കേരള നിയമസഭാ സ്‌പീക്കർ, തൃത്താല എംഎൽഎ. 2009, 2014 തിരഞ്ഞെടുപ്പുകളിൽ വിജയിച്ച എം.ബി.രാജേഷ്, തുടർച്ചയായ രണ്ടു തവണ പാലക്കാട് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റുമാണ്.
പാലക്കാട് ജില്ലയിലെ ഷൊർണൂർ ചളവറ കയിലിയാട് റിട്ട.ഹവിൽദാർ ബാലകൃഷ്ണൻനായരുടെയും എം.കെ.രമണിയുടെയും മകനായി പഞ്ചാബിലെ ജലന്തറിൽ ജനിച്ചു. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലേക്ക്. എഴുത്തുകാരൻ കൂടിയായ രാജേഷ് ഡിവൈഎഫ്ഐയുടെ മുഖപത്രം ‘യുവധാര’യുടെ മുഖ്യപത്രാധിപരായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2009ലെ തിരഞ്ഞെടുപ്പിൽ 1820 വോട്ടിന്റെ ഭൂരിപക്ഷത്തോടെ പാലക്കാട് ലോക്സഭാ മണ്ഡലത്തിൽനിന്നു വിജയിച്ചാണ് ആദ്യമായി ലോക്സഭയിലെത്തുന്നത്.
ഷൊർണൂർ എൻഎസ്എസ് കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം, തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് എൽഎൽബി ബിരുദം എന്നിവ നേടി. പഠനകാലത്ത് നിരവധി സമരങ്ങളിൽ പങ്കെടുത്തു. സിപിഎം കേരള സംസ്ഥാന കമ്മിറ്റി അംഗമായ രാജേഷ്, എസ്എഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, കേന്ദ്ര ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുൻ എസ്എഫ്ഐ നേതാാവും അധ്യാപികയും ആയ ഡോ. നിനിത കണിച്ചേരി ആണ് ഭാര്യ. നിരഞ്ജന, പ്രിയദത്ത എന്നിവർ മക്കളാണ്.