എംവി ഗോവിന്ദൻ
MV Govindan

സിപിഎം സംസ്ഥാന സെക്രട്ടറി. രണ്ടാം പിണറായി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രിയായിരിക്കെ 2022 ഒക്ടോബർ 31നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.  സിപിഎമ്മിന്റെ കേന്ദ്ര കമ്മറ്റി അംഗവും സംസ്ഥാന കമ്മറ്റി അംഗവുമാണ്. സിപിഎം കണ്ണൂർ, തൃശൂർ, എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ദേശാഭിമാനി പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽനിന്ന് 22,689 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തി.

ജീവിതം

കെ.കുഞ്ഞമ്പു എം.വി. മാധവി എന്നിവരുടെ മകനായി കണ്ണൂർ ജില്ലയിലെ മോറാഴയിൽ 1953 ഏപ്രിൽ 23ന് ജനനം. ഡിവൈഎഫ്ഐയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളാണ്.ഡിവൈഎഫ്ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായി. 1996ലും 2001ലും തളിപ്പറമ്പിൽനിന്നു നിയമസഭാംഗമായി.

അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റ്, കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകളുണ്ട്. ഭാര്യ: സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി അംഗവും ആന്തൂർ നഗരസഭ മുൻ അധ്യക്ഷയുമായ പി.കെ.ശ്യാമള. മക്കൾ: ശ്യാംജിത്ത്, രംഗീത്.