പികെ കുഞ്ഞാലിക്കുട്ടി
PK Kunhalikutty

മുസ്‌ലീം ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറിയും കേരളത്തിന്റെ മുൻ വ്യവസായമന്ത്രിയും. മുൻ ലോക്സഭാംഗം. 2021ലെ തിരഞ്ഞെടുപ്പിൽ വേങ്ങരയിൽനിന്ന് 30522 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തി.

ജീവിതം

ഊരകം കാരാത്തോട് പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജിയുടെയും കെ.പി.ഫാത്തിമ്മക്കുട്ടിയുടെയും മകനായി 1951 ജനുവരി ആറിന് ജനനം. കോഴിക്കോട് ഫാറൂഖ് കോളജിൽ ബിരുദപഠനം നടത്തുമ്പോൾ വിദ്യാർഥി രാഷ്ട്രീയ പ്രവേശനം. സർ സയ്യിദ് കോളജിലെ എംഎസ്എഫ് പ്രസിഡന്റായി.

മലപ്പുറം നഗരസഭാ ചെയർമാനായിരുന്നു. ബികോം ബിരുദധാരിയായ കുഞ്ഞാലിക്കുട്ടിക്ക് ബിസിനസ് മാനേജ്മെന്റിൽ പിജി ഡിപ്ലോമയുമുണ്ട്.

1982ൽ മലപ്പുറം മണ്ഡലത്തിൽനിന്നു വിജയിച്ച് ആദ്യമായി നിയമസഭയിലെത്തി. 1991ൽ കുറ്റിപ്പുറം മണ്ഡലത്തിൽനിന്നു ജയിച്ച് ആദ്യമായി മന്ത്രിയായി. വ്യവസായമായിരുന്നു വകുപ്പ്. പിന്നീട് 2001ൽ ഇതേമണ്ഡലത്തിൽനിന്നു ജയിച്ച് വ്യവസായം, സാമൂഹികക്ഷേമം എന്നീ വകുപ്പുകൾ ഭരിച്ചു. കുറ്റിപ്പുറം മണ്ഡലത്തിൽനിന്നു നടന്ന അവസാന നിയമസഭാ തിരഞ്ഞെടുപ്പിൽ (2006) കെ.ടി.ജലീലിനോടു പരാജയപ്പെട്ടു. പിന്നീട് 2011ൽ വേങ്ങര മണ്ഡലത്തിൽനിന്നു ജയിച്ച് ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അംഗമായി.

2016 ല്‍ ജില്ലയില്‍ ഏറ്റവും കൂടിയ ഭൂരിപക്ഷം (38,057) നേടിയാണ് കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍നിന്ന് എംഎഎയായത്. ഇ.അഹമ്മദിന്റെ നിര്യാണത്തെത്തുടര്‍ന്ന് എംഎൽഎ സ്ഥാനം രാജിവച്ച് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചു. 2019ൽ വീണ്ടും മലപ്പുറത്തുനിന്ന് ലോക്സഭയിലേക്ക്. 2021ൽ നിയമസഭയിലേക്ക് മത്സരിക്കുന്നതിനായി ലോക്സഭാംഗത്വം രാജിവച്ചു. ഭാര്യ: കെ.എം.കുൽസു. മക്കൾ: ലസിത, ആഷിഖ്.