ഇന്ത്യൻ നാഷനൽ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ. കോൺഗ്രസിന്റെ അധ്യക്ഷപദവി ഏറ്റവും കൂടുതൽ കാലം വഹിച്ച നേതാവ്. അന്തരിച്ച, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യ. ഉത്തർപ്രദേശിലെ റായ്ബറേലിയയിൽനിന്നുള്ള ലോക്സഭാംഗം.
ഇറ്റലിയിലെ ലുസിയാന എന്ന ചെറിയ ഗ്രാമത്തിൽ , സ്റ്റെഫാനോയുടെയും പൗള മിയാനോയുടെയും മകളായി 1946 ഡിസംബർ ഒൻപതിനാണു സോണിയാ ജനിച്ചത്. 1964ൽ കേംബ്രിഡ്ജ് സർവകലാശാലയിൽവച്ച് രാജീവ് ഗാന്ധിയെ പരിചയപ്പെട്ടു. 1968ൽ രാജീവുമായുള്ള വിവാഹശേഷം ഇന്ത്യയിലെത്തി.
1983ൽ ഇന്ത്യൻ പൗരത്വം ലഭിച്ചു. രാജീവ് ഗാന്ധിയുടെ മരണത്തെ തുടർന്ന് രാഷ്ട്രീയത്തിലെത്തി. 1998-ലെ പൊതു തെരഞ്ഞെടുപ്പിനു മുൻപാണു സോണിയ തന്റെ രാഷ്‌ട്രീയ പ്രവേശനം നടത്തിയത്. 1998-ൽ തന്നെ സോണിയ കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റായി ഔദ്യോഗിക ചുമതല ഏറ്റെടുത്തു. 10 വർഷത്തിൽ കൂടുതൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിരുന്ന സോണിയ ഏറ്റവും കൂടുതൽ വർഷം ഈ പദവി കൈകാര്യം ചെയ്ത വ്യക്തി എന്ന ഖ്യാതി നേടി. 2004 ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ 'ഇന്ത്യ തിളങ്ങുന്നു' എന്ന പ്രചാരണ വാക്യത്തിനെതിരെ, 'സാധാരണ ജനങ്ങൾക്കു വേണ്ടി' എന്ന പ്രചാരണ വാക്യവുമായി നേരിട്ട സോണിയ രാജ്യവ്യാപകമായി പ്രചരണത്തിനു ചുക്കാൻ പിടിച്ചു. തിരഞ്ഞെടുപ്പു വിജയത്തെ തുടർന്നു സോണിയ തന്നെ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഡോ. മനൻമോഹൻ സിങ്ങിനെ ആ സ്ഥാനത്തേക്ക് നാമനിർദേശം ചെയ്യുകയായിരുന്നു.