തൃക്കാക്കര എംഎൽഎ. പി.ടി.തോമസിന്റെ വിയോഗത്തെ തുടർന്ന് ഒഴിവുവന്ന നിയമസഭ സീറ്റിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യയായ ഉമ യുഡിഎഫിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 25,016 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് ഉമ വിജയിച്ചത്. കോളജ് പഠന കാലത്ത് കെഎസ്‌യു പ്രവർത്തകയായിരുന്നു ഉമ. 56 വയസ്സാണ്
1980 - 85 കാലയളവിൽ എറണാകുളം മഹാരാജാസ് കോളജിൽ പഠിച്ച ഉമ ബിഎസ്‌സി സുവോളജി ബിരുദധാരിയാണ്. 1982ൽ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന്റെ പാനലിൽ വനിതാ പ്രതിനിധിയായി വിജയിച്ച അവർ 84ൽ വൈസ് ചെയർമാനായി. അക്കാലത്തു കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരുന്ന പി.ടി.തോമസിനെ പരിചയപ്പെട്ടതു വഴിത്തിരിവായി. ആ സൗഹൃദം 1987 ജൂലൈ 9ന് വിവാഹത്തിലെത്തി. കോളജ് കാലത്തിനു ശേഷം സജീവ രാഷ്ട്രീയം വിട്ട അവർ ആസ്റ്റർ മെഡ്സിറ്റിയിൽ ഫിനാൻസ് വിഭാഗം അസിസ്റ്റന്റ് മാനേജരായി പ്രവർത്തിച്ചു വരികയാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. എംഎൽഎയായതിനു പിന്നാലെ ജോലി രാജിവച്ചു.