മഴകൊണ്ടു മാത്രം ജനിക്കുന്ന ജലപാതങ്ങൾ... ബൈക്ക് റൈഡ് പാതകൾ
Monsoon Ride

ഇടുക്കിയിലേക്കുള്ള ഓരോ ബൈക്ക് ട്രിപ്പും ഓരോ അനുഭവമാണ്. ഇത്തവണ മഴ പെയ്തുകഴിഞ്ഞാൽ ആനന്ദക്കണ്ണീരൊഴുക്കുന്നൊരു റോഡിലൂടെ വൺഡേ റൈഡ് ചെയ്തുവരാം. എകാന്തമായ റോഡ്, ഇടതുവശം പുഴ. വലതുവശം കുന്നിൻചെരിവും കാടും, പുഴയിലേക്കു ചേരുന്ന ഒട്ടേറെ കുഞ്ഞുവെള്ളച്ചാട്ടങ്ങൾ... രസമുള്ളൊരു വഴിയാണിത്. വൈറ്റിലയിൽ തുടങ്ങി തൃപ്പൂണിത്തുറ - കോലഞ്ചേരി- മൂവാറ്റുപുഴ- കോതമംഗലം- നേര്യമംഗലം. (ഈ റൂട്ടിലൂടെ രാവിലെ പാസ് ചെയ്യണം. എങ്കിൽ തിരക്കുകളൊക്കെ ഒഴിവാക്കാം). പിന്നെ കോതമംഗലം നേര്യമംഗലം റോഡ്. മൂന്നാറിലേക്കുള്ളതാണ് ആ പാത. നേര്യമംഗലം പാലം കയറാതെ വലത്തോട്ട് ഇടുക്കി റൂട്ടിലേക്കാണു നമുക്കു തിരിയേണ്ടത്. ഇതിലൂടെയുള്ള 33 കിലോമീറ്റർ ദൂരമാണ് നമ്മുടെ ബൈക്ക് റൈഡിന്റെ ആകർഷണം.