മഹിഷ്മതി ഒരു യാഥാർഥ്യമാണ്!

mahismati-new-pic
SHARE

അങ്ങ് ആകാശത്തിൽ നിന്നും ക്യാമറ താണിറങ്ങി വരുമ്പോൾ താഴെ സ്വർഗം പോലെയൊരു നാട്. സങ്കൽപ്പത്തിനപ്പുറവും മനോഹരമായ ഒരു കൊട്ടാരവും അതിനെ ചുറ്റി വലിയൊരു ഗ്രാമവും. ബാഹുബലി എന്ന സിനിമ കണ്ടിറങ്ങുമ്പോൾ ഈ കാഴ്ച മനസ്സിൽ നിന്നും അത്ര പെട്ടെന്നൊന്നും പോകില്ല. ബാഹുബലിയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ സാമ്രാജ്യവും  മിത്താണെന്നും എല്ലാം വെറും കഥകളാണെന്നും വിചാരിക്കുന്നുണ്ടോ? എന്നാൽ കഥകൾ രണ്ടുണ്ട്. 

ബാഹുബലി എന്ന രാജമൗലി ചിത്രത്തിലെ മാഹിഷ്മതി സാമ്രാജ്യം അതേപോലെ കാണണമെന്ന മോഹം ഉണ്ടെങ്കിൽ നേരെ ഹൈദ്രാബാദിലുള്ള റാമോജിറാവ് ഫിലിം സിറ്റിയിലേക്ക് പൊക്കോളൂ. ബാഹുബലിയിലെ ഹിഡുംബൻ സെറ്റ് റാമോജിറാവ് ഫിലിം സിറ്റിയിൽ നിന്നുമായിരുന്നു. ഇനി അതല്ല പഴയകാല പ്രതാപത്തിന്റെ മഹിഷ്മതിയിലേയ്ക്ക് പോകണമെങ്കിൽ മധ്യപ്രദേശിലേയ്ക്ക് പോകേണ്ടി വരും.  നർമ്മദാ നദിയുടെ തീരത്തുള്ള ഇപ്പോഴത്തെ മഹേശ്വർ എന്ന പ്രദേശമാണ് പണ്ട് മഹിഷ്മതി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്.  രാജഭരണ കാലത്തു അവന്തി എന്ന രാജ്യത്തിൻറെ തലസ്ഥാനമായിരുന്നു മഹിഷ്മതി.

11111Maheshwar_Fort_6

ബാഹുബലിയുമായൊന്നും ഈ മാഹിഷ്മതിയ്ക്ക് പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. മഹിഷ്മൻ എന്ന രാജാവ് പണികഴിപ്പിച്ച മനോഹരമായ ഒരു കൊട്ടാരവും സാമ്രാജ്യവും  ഇപ്പോഴും പഴയ പ്രതാപത്തെ ഓർമ്മിപ്പിക്കുന്ന പടിക്കെട്ടുകള്‍, ക്ഷേത്രങ്ങള്‍,കോട്ടകള്‍ എല്ലാമുണ്ട്. അവന്തിയുടെ രണ്ടു പ്രധാന കേന്ദ്രങ്ങളായിരുന്നു ഉജ്ജയിനിയും മാഹിഷ്മതിയും, രണ്ടും അവന്തിയുടെ രണ്ടു വശങ്ങളിലായി നിലകൊള്ളുന്നു.

bahubali-making
ബാഹുബലി സെറ്റ്

മാഹിഷ്മതിയെ കുറിച്ച് പൗരാണികമായ നിലനിലക്കുന്ന പല കഥകളുമുണ്ട്. പല രാജാക്കന്മാരുടെ പേരിനോട് ചേർന്നും ക്ലാസ്സിക്ക് കൃതികളിലും മഹിഷ്മതി  സാമ്രാജ്യത്തിന്റെ പേരുണ്ട്. അതെല്ലാം അവന്തിയിലെ മഹിഷ്മതി തന്നെയെന്ന് കരുതപ്പെടുന്നു. അതുകൊണ്ടു തന്നെ മാഹിഷ്മതിയെ കാണാൻ പോവുക എന്നാൽ ചരിത്രത്തിലേക്കും പൗരാണികതയിലേയ്ക്കും ഒരുപക്ഷെ മിത്തിലേയ്ക്കുമുള്ള ഒരു യാത്രയാകും. ബാഹുബലി പുറത്തിറങ്ങിയ ശേഷം മാഹിഷ്മതിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണവും ഇരട്ടിച്ചു.  മാഹിഷ്മതിയിലെത്താൻ ഇപ്പോഴത്തെ മധ്യപ്രദേശിലെ മഹേശ്വറിലേക്കാണ് യാത്ര പോകേണ്ടത്.

bahubali-2
ബാഹുബലി സെറ്റ്

എന്നാൽ മഹിഷ്മതി എന്നവകാശപ്പെട്ടു മൈസൂരിലെ ഒരു പ്രദേശമുൾപ്പെടെ പലരും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. പക്ഷെ കഥകൾ കൂടുതൽ വിരൽ ചൂണ്ടുന്നത് നർമ്മദയുടെ തീരത്തെ പഴയ അവന്തിയിലേയ്ക്ക് തന്നെയാണ്.

sabu-cyril-bahubali-2-2
ബാഹുബലി സെറ്റ്

ബാഹുബലിയുടെ മഹിഷ്മതിയാണ് കാണേണ്ടതെങ്കിൽ വിമാനം പിടിക്കേണ്ടത് ഹൈദ്രാബാദിലേക്കാണ് .നൂറു ഏക്കറിലായി അറുപതു കോടി രൂപയിൽ നിർമ്മിച്ച ലൊക്കേഷനാണ്ഹൈദ്രാബാദിലെ  മഹിഷ്മതി. ബാഹുബലിയുടെ സാമ്രാജ്യം ഇപ്പോഴും ലൈവായി നിൽക്കുന്നത് കാണുമ്പൊൾ ഒരുപക്ഷെ ചിത്രത്തിലെ കഥകളിലേക്കാവും സഞ്ചാരിയ്ക്ക് യാത്ര നടത്താൻ വീണ്ടും അവസരമൊരുങ്ങുക.

bahubali-bull
ബാഹുബലി സെറ്റ്

ബാഹുബലിയുടെ ചിത്രീകരണത്തിന് ശേഷവും സന്ദർശകർക്ക് വേണ്ടി ഫിലിം സിറ്റിയിൽ ഈ സാമ്രാജ്യം അങ്ങനെ തന്നെ അധികൃതർ നിലനിർത്തിയിട്ടുണ്ട്. ആയിരത്തി അഞ്ഞൂറ് സ്കെച്ചുകളിലൂടെയാണ് കലാ സംവിധായകൻ സാബു സിറിൽ മഹിഷ്മതിയെ കണ്ടെടുത്തത് . നേരിട്ട് കാണുമ്പോൾ ദൈവമേ, ഇതായിരുന്നോ ദൃശ്യവിരുന്നൊരുക്കിയ ബാഹുബലിയുടെ മഹിഷ്മതി എന്നോർത്ത് അതിശയം തോന്നാം. ഈ മഹിഷ്മതി കലാകാരന്മാരുടെ  കലാവിരുതിൽ പണികഴിപ്പിച്ച  സെറ്റു മാത്രമാണെന്ന തിരിച്ചറിവ് ആരെയും വിസ്മയിപ്പിക്കും.രണ്ടു ടിക്കറ്റാണ് മഹിഷ്മതിയെ കാണാൻ ഉള്ളത്. പ്രീമിയം ടിക്കറ്റെടുത്താൽ കൂടുതൽ സമയം സാമ്രാജ്യത്തിനുള്ളിൽ ചിലവഴിക്കാനാകും. 

bahubali--scene
ബാഹുബലി സെറ്റ്

ചില കാഴ്ചകൾ വായനയിലും സിനിമയിലും കാണുമ്പോൾ അവ യാഥാർഥ്യമായിരുന്നെങ്കിൽ എന്ന് എല്ലാവരും പ്രതീക്ഷിക്കാറുണ്ട്. അത്തരമൊരു പ്രതീക്ഷയാണ് ഈ രണ്ടു മഹിഷ്മതിയും സത്യമാക്കുന്നത്. യഥാർത്ഥ മഹിഷ്മതി സഞ്ചാരികളെ കാത്തിരിക്കുന്നത് ആ പേരിന്റെ അനുസ്മരണങ്ങൾ വച്ച് കൊണ്ട് പഴയ പ്രതാപത്തിന്റെ കഥകൾ പറഞ്ഞു തരാനാണെങ്കിൽ റാമോജിറാവ് ഫിലിം സിറ്റി കാത്തിരിക്കുന്നത് ബാഹുബലിയുടെ തിളങ്ങുന്ന മഹിഷ്മതി കൊട്ടാരത്തെ കാണിച്ചു തരാനാണ്. രണ്ടു യാത്രയും സഞ്ചാരികൾക്കും ഒട്ടും നഷ്ടമാവില്ല എന്നുറപ്പ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA