‘എന്നെ ഒരു റൈഡിനെങ്കിലും കൊണ്ടുപോടേ’ എന്നു പുതിയ ബുള്ളറ്റ് എന്നോടു പരാതി പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് KOTTAYAM BULLET CAVALIERS ന്റെ നേതൃത്വത്തിൽ നടത്തുന്ന മൺസൂൺ റൈഡിനെക്കുറിച്ചറിയുന്നത്. കൊല്ലം ജില്ലയിലെ ആര്യങ്കാവിൽനിന്ന് 12 കിലോമീറ്റർ അകലെ കാട്ടിനുള്ളിലുള്ള ‘റോസ് മല’ യിലേക്കാണ് യാത്ര. റോസാദളങ്ങള്‍ പോലെയുള്ള മലനിരകളുള്ളതു കൊണ്ടാണ് റോസ് മല എന്നു പേരു കിട്ടിയതെന്നും അതല്ല, ഇവിടെ എസ്‌റ്റേറ്റ് സ്ഥാപിച്ച ബ്രിട്ടിഷ് പ്ലാന്ററുടെ പത്നി റോസ്‌ലിന്റെ പേരാണ് അതെന്നും രണ്ടഭിപ്രായമുണ്ട് പേരിനെപ്പറ്റി. മൊത്തം 300 കിലോമീറ്റർ റൈഡ്, അതിൽ 12 കിലോമീറ്റർ ഓഫ്‌റോഡ് ട്രിപ്പ് എന്നായിരുന്നു സംഘാടകരുടെ അറിയിപ്പ്. കോട്ടയത്തുനിന്നു തുടങ്ങി മണിമല, പത്തനംതിട്ട, പുനലൂർ, തെന്മല വഴി റോസ്മലയിലേക്ക്.
പുലർച്ചെ കൃത്യം 6:30 നു തന്നെ യാത്ര തുടങ്ങുമെന്നു പറഞ്ഞതു കൊണ്ട് വെളുപ്പാൻ കാലത്തു തന്നെ അലാറം വെച്ചെങ്കിലും അതിനു മുന്നേ തന്നെ ഉണർന്നു. പണ്ടേ എവിടേലും യാത്ര പോകാമെന്നു പറഞ്ഞാൽ ഉറങ്ങാൻ പറ്റൂല്ല. ഇടയ്ക്കിടയ്ക്കു മൊബൈൽ എടുത്തു സമയവും നോക്കും. രാവിലത്തെ കലാപരിപാടികളെല്ലാം കഴിഞ്ഞ് 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉണർത്താതെ ബുള്ളറ്റ് ഉരുട്ടി റോഡിൽ കൊണ്ടുവന്നു സ്റ്റാർട്ട് ആക്കി നേരെ സ്റ്റാർട്ടിങ് പോയിന്റിലേക്ക്. ആറുമണിക്കു തന്നെ കോട്ടയം മണർകാട് - ഏറ്റുമാനൂർ ബൈപാസ് റോഡിലെ നാലുമണിക്കാറ്റിൽ എത്തി. ഓരോരുത്തരായി എത്തിത്തുടങ്ങുന്നതേയുള്ളു. ഈ സംഘത്തിൽ പരിചയമുള്ള ഒരേയൊരാൾ സഹപ്രവർത്തകൻ ജെറിയാണ്. അവൻ എന്തായാലും എത്തിയിട്ടുണ്ട്.
റൈഡിനുള്ള 26 ബുള്ളറ്റുകളും എത്തിയപ്പോഴക്കും ചെറിയ മഴ തുടങ്ങി. ടീം ഇൻസ്‌ട്രക്ടറുടെ നിർദേശങ്ങൾക്കു ശേഷം യാത്ര തുടങ്ങി. വണ്ടി എടുത്തതും മഴ ശക്തി പ്രാപിച്ചു. മൺസൂൺ റൈഡ് അല്ലേ, നനയുന്നതു കൊണ്ടു കുഴപ്പമില്ലല്ലോ. നനഞ്ഞാൽ കുഴപ്പമാകുന്ന മൊബൈലും പഴ്സും സിപ് ലോക്കർ കവറിലാക്കി ബാഗിൽ വെച്ചു. ലഗേജ് ഉള്ളവർ റൈഡിനു മെക്കാനിക്കൽ സപ്പോർ്ട്ടിങ് ടീമിന്റെ വണ്ടിയിൽ വെച്ചു. ഇനി മഴയെ പേടിക്കണ്ട..
മണിമല വഴിയുള്ള യാത്ര വളരെ മനോഹരമായി തോന്നി. ഇതു വഴി ആദ്യമായാണ് യാത്ര. റോഡിന്റെ ഒരു വശത്തു മഴയിൽ കുളിച്ചു നിൽക്കുന്ന റബ്ബർ തോട്ടങ്ങളും മറുവശത്ത് നിറഞ്ഞുകവിഞ്ഞൊഴുകുന്ന മണിമലയാറും. ഇടയ്ക്ക് ചായ കുടിക്കാൻ നിറുത്തി. മഴ നനഞ്ഞു തണുത്തു വിറങ്ങലിച്ച കയ്യിൽ ചൂടു ചായ ഗ്ലാസ്സ് പിടിക്കുമ്പോഴുള്ള സുഖം! ആ സുഖം ഇഷ്ടമല്ലാത്തവർ അവിടെയുമിവിടെയും നിന്നു പുകയ്ക്കുന്നു..
പ്രഭാത ഭക്ഷണം പത്തനംതിട്ട പ്രൈവറ്റ് സ്റ്റാൻഡിനു സമീപമുള്ള ന്യൂ തനിമ റെസ്റ്ററന്റിലായിരുന്നു. കുറെ ദൂരം റൈഡ് ചെയ്യേണ്ടതല്ലേ എന്നോർത്ത് ഭൂരിഭാഗം പേരും മലയാളികളുടെ ദേശീയ ഭക്ഷണമായ പൊറോട്ടയും ബീഫ് കറിയും ഓർഡർ ചെയ്തു. കുറ്റം പറയരുതല്ലോ, നല്ല സോഫ്റ്റ് പെറോട്ട. ബീഫ് പക്ഷേ അത്ര സോഫ്റ്റ് അല്ലായിരുന്നു. ഭക്ഷണം കഴിഞ്ഞു യാത്ര തുടർന്നു. ലൈറ്റിട്ട്, മുഴങ്ങുന്ന ശബ്ദത്തോടെ 25 ബുള്ളറ്റുകളുടെ വരിവരിയായുള്ള വരവു കാണുമ്പോൾ വഴിയിലുള്ള ചിലർ കൈ വീശി കാണിക്കുന്നുണ്ട്. മറ്റുചിലർ പിറുപിറുക്കുന്നു, ചീത്ത വിളിക്കുന്നതാണോ? ഹേയ് അല്ലായിരിക്കും. ചില ഫ്രീക്കൻമാർ ബൈക്കിൽ ചെയ്‌സ് ചെയ്യുന്നു, മൊബൈലിൽ ഫോട്ടോ എടുക്കുന്നു.. ഇതൊക്കെ കാണുമ്പോൾ രാജകീയ വാഹനത്തിലിരിക്കുന്ന രാജാവിനെപ്പോലെ തോന്നി.
പുനലൂർ ടൗൺ കഴിഞ്ഞു വാളക്കോട് ജംക്‌ഷനിലുള്ള റെയിൽവേ പാലം എത്തിയപ്പോൾ വലതു സൈഡിലുള്ള വീട്ടിലേക്ക് അറിയാതെ ഒന്നു നോക്കി. എന്റെ കസിൻസിന്റെ വീട്. കുട്ടിക്കാലത്തു സ്കൂൾ അവധിക്ക് അവിടെ വന്നു നിന്നിട്ടുണ്ട്. അന്നൊക്കെ ട്രെയിൻ വീടിന്റെ സൈഡിലൂടെ പോകുമ്പോൾ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. ഇന്ന് അതെല്ലാം ഓർമ മാത്രം. അവർ ആ വീടു വിറ്റ് മറ്റൊരിടത്താണ്. പുനലൂർ ടൗൺ കഴിഞ്ഞതോടെ റോഡിലെ തിരക്ക് കുറഞ്ഞതുപോലെ..അതുകൊണ്ടുതന്നെ റൈഡിന്റെ സ്പീഡും കൂടി..
കൊല്ലം - ചെങ്കോട്ട റൂട്ടിൽ കഴുത്തുരുട്ടിയിലുള്ള പതിമൂന്ന് കണ്ണറ പാലം എത്തിയപ്പോൾ ഫോട്ടോ എടുക്കാനും വിശ്രമത്തിനുമായി അൽപനേരം നിർത്തി. ബ്രിട്ടിഷ് ഭരണ കാലത്തു നിർമിച്ച ഈ പാലത്തിൽ, സുർക്കി മിശ്രിതമാണ് ഉപയോഗിച്ചിരിക്കുന്നത്. നൂറിലേറെ വർഷം പഴക്കമുള്ള ഈ പാലത്തിലൂടെ ഇപ്പോൾ ട്രെയിൻ ഗതാഗതമില്ല. മീറ്റർ ഗേജിൽനിന്ന് ബ്രോഡ്ഗേജിലേക്കുള്ള പണികൾ അതിവേഗം നടക്കുന്നു. പാലത്തിനു മുകളിലേക്കു കയറാൻ പടികൾ കെട്ടി മനോഹരമാക്കിയിട്ടുണ്ട്. യാത്രക്കാരും മറ്റും വണ്ടി നിർത്തി ഫോട്ടോ എടുക്കുന്നു. അവിടെ കുറെ നേരം വിശ്രമിച്ചതിനു ശേഷം തെന്മല ലക്ഷ്യമാക്കി യാത്ര തുടർന്നു.. ഉച്ചയോടെ ഞങ്ങൾ പാലരുവിയിലുള്ള കെടിഡിസി മോട്ടലിൽ എത്തി. ലഞ്ച് നേരത്തെ അവിടെ അറേഞ്ച് ചെയ്തിരുന്നു. ഫ്രൈഡ് റൈസും ചിക്കനും മൂക്കുമുട്ടെ കഴിച്ചതിനു ശേഷം അൽപ്പം വിശ്രമം.
രണ്ടു മണിയോടെ റോസ് മലയിലേക്കു തിരിച്ചു. കൊല്ലത്തുനിന്ന് ചെങ്കോട്ടയ്ക്കുള്ള പാതയില്‍ ആര്യങ്കാവിലെത്താം. അവിടെനിന്നു വലത്തോട്ടു തിരിഞ്ഞ് പന്ത്രണ്ടു കിലോമീറ്റര്‍ പോയാല്‍ റോസ്മലയായി. പെട്രോൾ അടിക്കേണ്ടവർ ആറു കിലോമീറ്റർ ദൂരെ തമിഴ്നാട് ബോർഡറിൽ പോകേണ്ടിവരുമെന്ന് കെടിഡിസിയിലെ സെക്യൂരിറ്റിക്കാരൻ പറഞ്ഞു. അവർ പോയിവന്നതിനു ശേഷം ഞങ്ങൾ കാടു കേറാൻ തുടങ്ങി. ആദ്യം ഒരു കിലോമീറ്റർ വലിയ കുഴപ്പമില്ല, ടാർ റോഡ് ആണ്. റോസ്മല ഗ്രാമത്തിലേക്ക് രാവിലെയും വൈകിട്ടും കെഎസ്ആർടിസി ബസ്സ് സര്‍വീസുണ്ട്. ടാർ റോഡ് കഴിഞ്ഞതോടെ റോഡിന്റെ കാര്യം കഷ്ടമായി. ചെങ്കുത്തായ കയറ്റം. ഉരുളൻകല്ലുകളും അവിടവിടെയായി പൊട്ടിപ്പൊളിഞ്ഞ കോൺക്രീറ്റുമായി ദുർഘടമായ വഴിയിലൂടെയാണ് യാത്ര. മഴയും കോടയും കൂടി ആയതോടെ റിസ്ക് കൂടി. ചെളി നിറഞ്ഞ വഴിയിലൂടെ ചെങ്കുത്തായ ഇറക്കം ഇറങ്ങുമ്പോൾ പലപ്പോഴും ബ്രേക്ക് കിട്ടുന്നില്ല, വണ്ടി തെന്നി നീങ്ങിപ്പോകുന്നു. താഴെപ്പോയാൽ നേരെ ചെന്നു വീഴുന്നത് ഒരു അരുവിയിലേക്കാണ്. ഒരു സഹയാത്രികന്റെ നിർദേശമനുസരിച്ച് ചെറിയ കല്ലുകളുടെ മുകളിലൂടെ ഓടിക്കാൻ തുടങ്ങിയപ്പോൾ വണ്ടി ഏകദേശം നമ്മളുടെ കൺട്രോളിലായി. ക്ഷമയെന്താണെന്ന് ഈ ഓഫ് റോഡിലൂടെ മനസ്സിലായി. ഗീയർ മാറ്റുന്നത് ഫസ്റ്റും സെക്കൻഡും മാത്രം. ധാരാളം യുവാക്കൾ അതിലേ ബൈക്കിൽ പോകുന്നു. ചിലരൊക്കെ തെന്നി വീഴുന്നുമുണ്ട്. സത്യം പറഞ്ഞാൽ, ശ്രദ്ധ റോഡിൽ മാത്രമായതു കൊണ്ട് കാടിന്റെ ഭംഗി ആസ്വദിക്കാൻ പറ്റിയില്ല..
പാതി വഴി എത്തിയപ്പോൾ ഉരുളൻ കല്ലു നിറഞ്ഞ ഒരു ചപ്പാത്ത്. മഴയായതു കൊണ്ട് വെള്ളമുണ്ട്. ഓരോരുത്തരായി ചപ്പാത്ത് മുറിച്ചു കടന്നു. സൈലൻസറിൽ വെള്ളം കയറാതിരിക്കാൻ ഗിയർ ഫസ്റ്റിലിട്ടു മുന്നോട്ടെടുത്തു. പെട്ടെന്നു വണ്ടി ഏതോ കല്ലിൽ ഇടിച്ചു നിൽക്കുന്നു. എത്ര കൈ കൊടുത്തിട്ടും നോ രക്ഷ. വണ്ടി ഓഫ് ആകാതെ മാക്സിമം കൈ കൊടുത്തു നിർത്തി.
നേരത്തെ കയറിപ്പോയവർ അപ്പുറത്തു മൊബൈലിൽ ഫോട്ടോയും വിഡിയോയും എടുക്കുന്നു. എങ്ങനെയൊക്കെയോ ഒരു വിധത്തിൽ കല്ലിൽനിന്നു വണ്ടി മാറ്റി മുന്നോട്ടെടുത്തു. രക്ഷപ്പെട്ടു, ഇല്ലെങ്കിൽ സീൻ ചളം ആയേനെ ! വണ്ടി മുന്നിലേക്ക് മാറ്റി നിർത്തി മൊബൈലും എടുത്ത് പുറകെ വരുന്ന ആൾക്കാരുടെ ഫോട്ടോ പിടിക്കാനോടി. എല്ലാവരും വലിയ കുഴപ്പമൊന്നുമില്ലാതെ ഇക്കരെയെത്തി. വീണ്ടും വരിവരിയായി മുന്നോട്ട്. കുറേ ചെല്ലുമ്പോൾ വഴി രണ്ടായി പിരിയുന്നു. ഇടത്തേക്കു പോയാൽ രാജാ കൂപ്പ്, അവിടെ ഓറഞ്ച് കൃഷിയുണ്ടെന്നു കേട്ടിട്ടുണ്ട്. ഞങ്ങൾ വലത്തോട്ടു തിരിഞ്ഞു. റോസ് മലയിലേക്കു പോകുന്ന വഴി ഒരു ചപ്പാത്തു കൂടി കടന്ന് വനംവകുപ്പ് ഓഫിസിനു മുന്നിലെത്തി. അവിടെ എല്ലാവരും പേരും വണ്ടി നമ്പരും ഫോൺ നമ്പരും സമയവും എഴുതിക്കൊടുക്കണം. അവിടെനിന്ന് ഏകദേശം രണ്ടു കിലോമീറ്റർ അപ്പുറത്താണ് റോസ് മല ഗ്രാമം.
രണ്ടു മൂന്നു കടകളുള്ള ചെറിയ ഒരു കവല, അങ്ങിങ്ങായി വീടുകൾ, ശാന്തമായ പ്രദേശം. ബസ് വെയ്റ്റിങ് ഷെഡിൽ സൊറ പറഞ്ഞിരിക്കുന്ന നാട്ടുകാർ. അവിടെയൊരു വാച്ച് ടവറുണ്ട്. അങ്ങോട്ടാണ് ഞങ്ങളുടെ യാത്ര. വഴിയിൽ കാണുന്ന നാട്ടുകാരോടു വാച്ച് ടവറിലേക്കുള്ള വഴി ചോദിക്കാൻ വണ്ടി നിർത്തിയാലുടൻ അവർ അങ്ങോട്ടുള്ള വഴിയിലേക്കു കൈ ചൂണ്ടും. ഇവിടെ വരുന്നവർ അങ്ങോട്ടുള്ള വഴിയേ ചോദിക്കൂവെന്ന് അവർക്കറിയാം. ഒരു വിധത്തിൽ വാച്ച് ടവറിനു താഴെയുള്ള റോഡ് വരെ വണ്ടി എത്തിച്ചു. കൂട്ടത്തിൽ ധൈര്യമുള്ളവർ അതിനു മുകളിലുള്ള റോഡിലേക്ക് കുത്തനെയുള്ള കയറ്റം വണ്ടി ഓടിച്ചുകയറ്റി. ബാക്കിയുള്ളവർ നടന്നു മുകളിൽ എത്തി,
ടവറിൽ കയറാൻ അവിടെയുള്ള കൗണ്ടറിൽനിന്ന് ടിക്കറ്റെടുക്കണം. ടിക്കറ്റെടുത്തു വാച്ച് ടവറിലേക്ക്. ഇത്രയും നേരം വണ്ടിയിൽ വന്നതിനേക്കാളും സൂപ്പർ. പാറപ്പുറത്തുകൂടി വലിഞ്ഞു മുകളിലേക്കുള്ള കയറ്റത്തിനിടെ സകല ഗ്യാസും പോയി. പക്ഷേ മുകളിൽ എത്തിയതോടെ സീൻ മാറി. നല്ല അടിപൊളി വ്യൂ. കയറ്റം കയറിയ ക്ഷീണം തണുത്ത കാറ്റിൽ പമ്പ കടന്നു. താഴെ തെൻമല ഡാം റിസർവോയറിന്റെ മനോഹരമായ കാഴ്ച. റോസാദളങ്ങള്‍ പോലെയുള്ള മലനിരകൾ. എല്ലാവരും മൊബൈൽ എടുത്ത് സെൽഫി എടുക്കാനും ഗ്രൂപ്പ് ഫോട്ടോ എടുക്കാനും മൽസരം. വെറുതെ മൊബൈൽ എടുത്തു റേഞ്ച് നോക്കിയപ്പോൾ ഐഡിയക്ക് റേഞ്ച് കാണിക്കുന്നു. എന്തായാലും വീട്ടിലേക്ക് ഉടനെ വിളിച്ച് ‘കടുവ പിടിച്ചില്ല, ഇവിടെ എത്തി’ എന്നറിയിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ പെട്ടെന്ന് മഴ തുടങ്ങി എല്ലാവരും മഴ നനയാതിരിക്കാൻ ടവറിന്റെ താഴേക്ക് ഓടി. അവിടെയാണ് ടവർ വാച്ച്മാൻ ബാബു താമസിക്കുന്നത്. പുള്ളിയുടെ മകനും കൂടെയുണ്ട് ഒമ്പതോ പത്തോ വയസ്സുള്ള കുട്ടി.
ഞങ്ങൾ താഴെ എത്തിയതും ബാബു ഉഷാറായി. റോസ് മലയെക്കുറിച്ചും അവിടുത്തെ മൃഗങ്ങളെക്കുറിച്ചും മഴ തോർന്നിട്ടും പുള്ളി വാ തോരാതെ പറഞ്ഞു കൊണ്ടിരിക്കുന്നു. അവിടുത്തെ കാട്ടിൽ നിലവിൽ എട്ടു കടുവകളുണ്ട്. ഇനി അഞ്ചെണ്ണം കൂടി ആയാൽ ആ മേഖല ടൈഗർ റിസേർവ് ആയി പ്രഖ്യാപിക്കും. ഞങ്ങൾ വന്ന വഴി കുറച്ചു നാൾ മുൻപ് ഒരു കടുവ ഒരു ടൺ ഭാരമുള്ള കാട്ടുപോത്തിനെ കൊന്നു തിന്നിരുന്നു. കടുവ പിടിച്ച ഇരയെ മറ്റു മൃഗങ്ങൾ തൊടില്ലെന്നും ഭക്ഷണം അല്പം ചീഞ്ഞിട്ടേ കടുവ കഴിക്കൂ എന്നും ബാബുപറഞ്ഞു. കേട്ടറിവിനേക്കാൾ വലുതാണ് ബാബു എന്ന സത്യം ഞങ്ങൾ അവിടെവച്ചു തിരിച്ചറിഞ്ഞു.
പിന്നെ അധികനേരം അവിടെ നിൽക്കാൻ തോന്നിയില്ല. ഇരുട്ട് വീഴുന്നതിനു മുമ്പേ താഴെയെത്തണം. ഈ വന്ന വഴി മുഴുവൻ തിരിച്ചു പോകണമെല്ലോ എന്നോർത്തപ്പോൾ ഒരു പേടി. കടുവയും ആനയും നൈറ്റ്‌വോക്കിന് ഇറങ്ങുന്നതിനു മുമ്പ് കെടിഡിസിയിൽ എത്തണം. മഴ ചാറിത്തുടങ്ങി. സമയം കളയാതെ എല്ലാവരും വണ്ടികളിൽ കയറി. മടക്കയാത്രയാണ്. ഫോറസ്റ് ഓഫിസിനു മുന്നിലെത്തിയപ്പോൾ ഓഫിസർമാർ ഞങ്ങളെ കൈ വീശിക്കാണിച്ചു. അവരെ തിരിച്ചു വിഷ് ചെയ്തു മുന്നോട്ട്. തിരികെ വരുന്ന വഴി നമ്മുടെ സ്വന്തം ആനവണ്ടി കുലുങ്ങിക്കുലുങ്ങി വരുന്നതുകണ്ടു. യാതൊരു ലാഭവുമില്ലാതെ, നഷ്ടം സഹിച്ചു കൊണ്ട് റോസ് മലക്കാർക്കു വേണ്ടി സർവീസ് നടത്തുന്ന കെഎസ്ആർടിസിക്കും അതിന്റെ ജീവനക്കാർക്കും ഒരു സല്യൂട്ട് കൊടുക്കാതെ മതിയാകില്ല.
ആറു മണിയോടെ ഞങ്ങൾ കെടിഡിസിയിൽ തിരികെ എത്തി. അവിടെനിന്ന് ചൂട് ചായയും സ്‌നാക്‌സും കഴിച്ചു. ചായയ്ക്കിടെയാണ് സംഘത്തിലുള്ളവർ വിശദമായി പരിചയപ്പെട്ടത്. പിന്നെയൊരു ഗ്രൂപ്പ് ഫോട്ടോ. ഒട്ടും വൈകാതെ മടക്കയാത്ര തുടങ്ങി. രാത്രി പത്തുമണിക്ക് കോട്ടയത്തു തിരിച്ചെത്തിയപ്പോഴും റോസ്മലയുടെ ഭംഗിയും അതിന്റെ തണുപ്പും ഉള്ളിലുണ്ടായിരുന്നു.
അല്‍പം കഷ്ടപ്പാട് സഹിക്കാനുള്ള മനസ്സുണ്ടെങ്കിൽ റോസ് മലയിലേക്കുള്ള ഓഫ് റോഡ് തീർത്തും മനോഹരമാണ്. കാടിന്‍റെ വന്യതയും നിശബ്ദതയും ആസ്വദിച്ച് ഒരു ദിവസത്തെ യാത്രയ്ക്കു പറ്റിയ സ്ഥലമാണ് റോസ് മല
ശ്രദ്ധിക്കുക
-! മൊബൈല്‍ റേഞ്ച് റേഞ്ച് പ്രതീക്ഷിക്കരുത്, കാറ്റു വന്നാൽ കിട്ടും.
-! റോസ് മല ഒരു ടൂറിസ്റ്റ് കേന്ദ്രമല്ല. എന്തു സഹായവും ചെയ്തു തരുന്ന നല്ലവരായ നാട്ടുകാരാണ് അവിടെയുള്ളത്. അതുകൊണ്ട് അവർക്ക് ശല്യമാകാതെ ശ്രദ്ധിക്കുക
-! ബൈക്ക്, ജീപ്പ് പോലെയുള്ള വാഹനങ്ങളാണ് യാത്രയ്ക്കു നല്ലത്. ദിവസവും രാവിലെയും വൈകിട്ടും പുനലൂർ ഡിപ്പോയിൽനിന്നു കെഎസ്ആര്‍ടിസി സർവീസ് ഉണ്ട്.
-! പോകുന്നവർ ഇരുട്ടു വീഴും മുൻപേ തിരികെ ഇറങ്ങാൻ ശ്രമിക്കുക.
-! താമസ സൗകര്യങ്ങൾ പരിമിതമാണ്, ഫോറസ്റ്റ് ഓഫിസുമായി ബന്ധപ്പെടുക