ഏകാന്തമായൊരു ദ്വീപിലെ താമസം കൊതിക്കാത്തവരുണ്ടോ.. പണ്ടുകേട്ട കഥകളിലെ ആളില്ലാ ദ്വീപിലേക്ക് എത്ര തവണ സ്വപ്നസഞ്ചാരം നടത്തിയവരാണു നിങ്ങൾ.. അവിടുത്തെ പുൽമേട്ടിൽ നഗ്നപാദങ്ങൾ പതിപ്പിച്ച് എത്ര കാതം ഓടിയിട്ടുണ്ട് നിങ്ങൾ . കുളിർജലത്തിൽ നീരാടിയിട്ടുണ്ട്.. ആ സുന്ദരകാഴ്ചകൾ ആസ്വദിക്കുന്നതും ചുറ്റിനുമുള്ള ജലാശയത്തിൽ ചങ്ങാടത്തിൽ ചുറ്റുന്നതും ആ സ്വപ്നത്തിലുണ്ടായിരുന്നില്ലേ.. പറമ്പിക്കുളത്ത് ഒരു ദ്വീപ് ഇത്തരം സ്വപ്നസഞ്ചാരത്തിനായി നിങ്ങളെ കാത്തിരിക്കുന്നു. ആ ദ്വീപ് നിങ്ങളുടേതാണ്,, ഒരു രാത്രിക്കെങ്കിലും.
ആനകൾ നീന്തിവരുന്ന, മുതലകൾ ഇരതേടുന്ന, മാനുകൾ ദർശനം നൽകുന്ന, മുളകൾ പാട്ടുപാടുന്ന വീട്ടിക്കുന്ന് എന്ന മനോഹരമായ തുരുത്തിലേക്ക്..
നമ്മൾ ഓരോരുത്തരും ഓരോ ദ്വീപ് നിവാസികളാണ്. അദ്ഭുതപ്പെടേണ്ട. ചിലപ്പോൾ ആ ദ്വീപിന്റെ വിസ്തീർണം ഒരു സ്മാർട്ട് ഫോണിന്റെ സ്ക്രീനിലൊതുങ്ങും. അല്ലെങ്കിൽ എയർകണ്ടീഷൻ ചെയ്ത ഒരു മുറി. ഗ്ലാസുകൾ അടച്ച ഒരു കാർ. ഇവിടങ്ങളിലെത്തിയാൽ നാം അയഥാർഥ തുരുത്തിലകപ്പെട്ടതുപോലെയല്ലേ. അത്തരം അയഥാർഥതുരുത്തുകളിൽനിന്നു അസ്സലൊരു ദ്വീപിന്റെ ഉടമയാകാനാണീ യാത്ര
അതിരാവിലെത്തന്നെ കൊച്ചിയിൽ നിന്ന് ആ ഇന്നോവ പുറപ്പെട്ടു. അങ്കമാലിയിലെത്തിയപ്പോൾ നല്ല പന്നിയിറച്ചിയും പലവ്യഞ്ജനങ്ങളും വാങ്ങി ബൂട്ടിലെ തെർമോക്കോൾ പെട്ടിയിലേക്കെടുത്തുവച്ചു. വീട്ടിക്കുന്ന് ദ്വീപ് ബുക്ക് ചെയ്തപ്പോൾ പറമ്പിക്കുളത്തെ വനംവകുപ്പിലെ ഉദ്യോഗസ്ഥൻ സന്ദീപ് അതിന്റെ ചില ചട്ടങ്ങൾ പറഞ്ഞുതന്നിരുന്നു. അഞ്ചുപേർക്കു താമസിക്കാനുള്ള വീടാണ് . ഭക്ഷണം പാകം ചെയ്യാൻ ആൾക്കാർ കൂടെവരും. പക്ഷേ, സാധനസാമഗ്രികൾ, അഥവാ അരിയും പച്ചക്കറികളും മാംസവുമെല്ലാം നിങ്ങൾതന്നെ കൊണ്ടുവരണം. പറമ്പിക്കുളത്ത് ചിക്കനും മറ്റും ലഭിക്കുമെങ്കിലും നല്ല പോർക്കെറച്ചിണ്ടോ അമ്മച്ചീന്നു ചോദിച്ചാൽ അവർ കൈമലർത്തും. അതുകൊണ്ടാണീ മുന്നൊരുക്കങ്ങൾ.
കഞ്ഞി ഈ യാത്രയുടെ ഐശ്വര്യം
ചാലക്കുടിയിലെത്തുമ്പോൾ പ്രാതലിനുള്ള സമയമായി. വ്യത്യസ്തമായൊരു സ്ഥലത്തേക്കല്ലേ, തുടക്കം വേറിട്ടാകാമെന്നു സുഹൃത്ത് പറഞ്ഞതനുസരിച്ച് വാഹനം അതിരപ്പിള്ളിയിലേക്കു പോകുന്ന റൂട്ടിലേക്കുതിരിച്ചു. കഞ്ഞിക്കടയാണു ലക്ഷ്യം. എലിഞ്ഞിപ്രയിലെ വാസുവേട്ടന്റെ കട. ആവിപറക്കുന്ന കഞ്ഞി. വാഴയിലക്കീറിൽ കപ്പയും പയറുപ്പേരിയും ഉള്ളിത്തൈരും ഒരു ഗ്ലാസ് മോരും ആദ്യം കൊണ്ടുവച്ചു. പിന്നെ കുങ്കുമം കലക്കിയതുപോലെ നല്ല കിടുക്കൻ മീൻകറി കഞ്ഞിയിൽ ഒന്നിറ്റിച്ചുതന്നു. ഹൌ.. അങ്കമാലി പുണ്യാളാ.. പിന്നെയൊരു പിടിയായിരുന്നു. നാലുപേരും കഞ്ഞികുടിച്ചുതീർന്നതു വയറുപോലും അറിഞ്ഞില്ലെന്ന മട്ട്. വെറും മുപ്പതുരൂപയ്ക്ക് ഇത്രയും ഗംഭീരപ്രാതൽ എങ്ങും കിട്ടില്ല. വീട്ടിൽവച്ചുവിളമ്പിത്തരുന്നതുപോലെത്തന്നെ. ഒരു അമ്മ വന്ന് ആഹാരമൊക്കെ ശരിയായോ എന്നു ചോദിച്ചപ്പോൾ മനസ്സ് രണ്ടുതവണ നിറഞ്ഞു. ആ കഞ്ഞിയാണ് ഈ യാത്രയുടെ ഐശ്വര്യം.
തണലോരം പുളിയോരം
തൃശ്ശൂർ-വടക്കഞ്ചേരി-സേത്തുമട വഴിയാണു ഞങ്ങൾ തിരഞ്ഞെടുത്തത്. തമിഴകത്തെ റോഡുകളിലെത്തുമ്പോൾ മാറ്റം ശരിക്കറിയാം. പാതക്കിരുപുറവും കമാനം കെട്ടിയതുപോലെ പുളിമരങ്ങൾ. മറ്റെവിടെ ചൂടാണെങ്കിലും റോഡുകളിൽ കിടന്നുറങ്ങാവുന്നത്ര തണലുണ്ട്. നമുക്കിവിടെ നേരെ മറിച്ചാണല്ലോ.
ഇനി നമുക്ക് വീട്ടിക്കുന്ന് ദ്വീപിലേക്കൊരു ഫോട്ടോ ടൂർ ആകാം. ചിത്രങ്ങളിലൂടെ നമുക്കാ സ്വപനസ്ഥലത്തെ അറിയാം
പറമ്പിക്കുളത്തേക്ക് തമിഴ്നാട്ടിലെ ആനമല ടൈഗർ റിസർവിനുള്ളിലൂടെയാണ് പോകേണ്ടത്. കർശനമായ വാഹനപരിശോധനകൾ മൂന്നിടത്ത് കഴിഞ്ഞ് പറമ്പിക്കുളത്തെത്തുമ്പോൾ വനംവകുപ്പിലെ സന്ദീപ് സ്വീകരിക്കാനുണ്ടായിരുന്നു. പറമ്പിക്കുളം ഡാമിനടുത്തു വാഹനത്തിൽ ചെല്ലാം. പിന്നീട് ബോട്ടിങ്ങിനായി പത്തുമിനിറ്റു നടക്കണം. പന്നിക്കൂട്ടങ്ങൾ എമ്പാടുമുണ്ട്. മുളങ്കാടുകൾക്കിടയിലൂടെയാണ് വഴി. താഴേക്കിറങ്ങുമ്പോൾ ജലത്തിൽ സൂര്യരശ്മികൾ തുള്ളിക്കളിക്കുന്നത് ഇലച്ചാർത്തിലൂടെ കാണാനായി. എതിരെവന്ന ഒരു ചേട്ടൻ മുന്നേ നടക്കുന്നവരോടെന്തോ സ്വകാര്യം പറഞ്ഞു. ആനക്കൂട്ടമുണ്ട് ഈ മുളങ്കാടിനപ്പുറം. വേഗം വാ.. ആ ഇരുട്ടുമുളകൾക്കിടയിൽ ആനയല്ല ആനേടെ ഉപ്പൂപ്പ നിന്നാൽപോലും കാണില്ല. അല്ലാ, ആന വന്നാലെന്തു ചെയ്യുമെന്ന ലോകത്തിലെ ആദ്യത്തെ ക്ലീഷേ ചോദ്യം എല്ലാവരുടെയും മനസ്സിൽ ഉയർന്നുകാണും. ധൃതിപിടിച്ച കാലടികൾ തന്നെ തെളിവ്. തടാകക്കരയിലെ പുൽമേട്ടിലേക്കു നടന്നെത്തിയപ്പോഴാണ് ആ കൂട്ടത്തെ കണ്ടത്. ശാന്തരായി മേയുന്ന ആനക്കൂട്ടം. പക്ഷേ, സംഘത്തലവൻ ഇടയ്ക്കിടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. അവന് പത്തുചുവടു വച്ചാൽ ഞങ്ങളെത്തൊടാം. വേഗം ബോട്ടിലേക്കു കയറി.
ബോട്ട് കയറുന്ന സ്ഥലം. ഈ പുൽമേട്ടിലും തൊട്ടുപിന്നിലെ മുളങ്കാട്ടിലും ആനകൾ ഉണ്ടാകും. ഇടത്തുകാണുന്ന ആ പച്ചമുളന്തുരുത്താണു നമ്മുടെ ലക്ഷ്യം. വീട്ടിക്കുന്ന് ദ്വീപ്.
ഓടിബോട്ടിൽ കയറി. തുഴഞ്ഞുപോകുന്ന തരത്തിലുള്ള ഫൈബർ ബോട്ടിൽ നിങ്ങളെക്കൂടാതെ വനംവകുപ്പ് ഏർപ്പാടാക്കുന്ന സഹായികളുമുണ്ടാകും.
കാട്ടിലെ കഥകൾ പറഞ്ഞ് സുലൈമാനും ചന്ദ്രേട്ടനും. ദ്വീപ് അടുത്താണെന്നു തോന്നുമെങ്കിലും വെയിൽകൊണ്ട് അതുവരെ തുഴഞ്ഞെത്തുക ഇത്തിരി പ്രയാസമുള്ള കാര്യമാണ്.
തേക്കടി തടാകത്തിലേതുപോലെ ധാരാളമില്ലെങ്കിലും ഇടയ്ക്ക് പഴയകാടിന്റ അസ്ഥികൂടങ്ങൾ ഇങ്ങനെ നീർക്കാക്കകൾക്ക് അഭയസ്ഥാനമായി നിലകൊള്ളുന്നതുകാണാം.
നാം വീട്ടിക്കുന്ന് ദ്വീപിന്റെ മണ്ണിലേക്കു കാൽകുത്തി. മുകളിലോട്ട് അഞ്ചുമിനിറ്റ് നടന്നാൽ വലത്തുകാണുന്ന ആ മുളങ്കാടിനുള്ളിൽ നമുക്കായി ഒരു വീടുണ്ട്.
വഴികളൊന്നുമില്ലെന്നു പ്രത്യേകം പറയേണ്ടല്ലോ.
സഞ്ചാരികളെ ഇറക്കിയതിനുശേഷം ബോട്ട് ജലത്തിനുകുറച്ചുള്ളിലേക്കു മാറ്റികെട്ടിയിടും. ഇതിനായി ഒരു തേക്കുമരത്തിൽ കെട്ടിയുണ്ടാക്കിയ താൽക്കാലിക സംവിധാനങ്ങൾ കാണാം. സുലൈമാൻ ബോട്ട് കെട്ടിയിട്ട് ചെറിയൊരു ചങ്ങാടംതുഴഞ്ഞ് തിരികെ കരയിലെത്തി.
ദ്വീപിലേക്കു നടക്കുന്നതിനിടയിൽ ഞങ്ങളെ വലയം ചെയ്തിരിക്കുന്ന ആ ജലാശയത്തെ ഒന്നുതിരിഞ്ഞുനോക്കി. അസ്തമയത്തിന് ഇനിയും സമയമുണ്ട്. അങ്ങകലെ കാണുന്ന മലയാണു കരിമലഗോപുരം. ചെറുതുരുത്തുകൾ ഇടയ്ക്കിടെ കാണാം.
താമസസ്ഥലത്തേക്കുള്ള വഴി. മുളകൾകൊണ്ടുള്ള പടവുകൾ രസകരം. കുഞ്ഞുമരങ്ങളും മുളകളും നിറഞ്ഞ തുറന്ന കാടിനുള്ളിൽനിന്ന് ചന്ദനമരങ്ങൾ തലനീട്ടിനോക്കും
മുളപ്പടവുകളിൽക്കയറിയാൽ ഒന്നുതിരിഞ്ഞുനോക്കാം. പലപ്പോഴും നാം മുന്നോട്ടുള്ള കാഴ്ചകൾ മാത്രം കണ്ടായിരിക്കും യാത്ര ചെയ്യുക. ഇനി ഇടയ്ക്കിടെ ഒന്നു തിരിഞ്ഞുനോക്കണം. ചിലപ്പോൾ അത്തരം ദൃശ്യങ്ങളായിരിക്കും സുന്ദരം
ഇതാണു നമ്മുടെ താമസസ്ഥലം. വീട്ടിക്കുന്ന് ഐലന്റ നെസ്റ്റ് എന്നാണ് ഔദ്യോഗിക നാമം. മുറ്റത്തുതന്നെ ചന്ദനത്തൈകളുണ്ട്. വന്യമൃഗങ്ങളിൽനിന്നു രക്ഷനേടാനായി ചുറ്റിനും കിടങ്ങാണ്.
ഐലന്റ് നെസ്റ്റിന്റെ ഉമ്മറത്തിരുന്നാൽ തടാകത്തിൽ സൂര്യൻ മുഖംനോക്കുന്നതു കാണാം. നല്ലൊരു സായാഹ്നം ആസ്വദിച്ച് ഇവിടെയിരിക്കാം
നേരമിരുട്ടുന്നതിനു മുന്നേ നമുക്കൊരു ട്രെക്കിങ് നടത്താമെന്നു കൂട്ടിനുവന്നവർ. ശരി. ആ ദ്വീപിന്റെ താൽക്കാലിക മുതലാളിമാർ നമ്മളാണല്ലോ. അതിനാൽ അതിരുകളൊക്കെയൊന്നു കണ്ടുവരാം. അകലെയൊരു വെള്ളച്ചാട്ടമുണ്ട്. അവിടെവരെ പോകണോ.. വേണ്ട. മുളങ്കാടുകളിലെ ഇരുട്ടു കൂടിവരുന്നു. നമുക്ക് ആ ഏറുമാടം വരെയൊന്നു പോയിവരാം. ദ്വീപിലെ രണ്ടാമത്തെ മനുഷ്യനിർമിതി.
ഏറുമാടം കണ്ട് നേരെ താഴോട്ട് വീണ്ടും ജലാശയക്കരയിലേക്ക്. ആകാശത്തിന് ചെറിയ ചുവന്നതുടിപ്പു വരുന്നുണ്ട്. ലൈറ്റ് തീരെ പോകുന്നതിനുമുൻപ് ഫോട്ടോകൾ എടുക്കണം.
സുഹൃത്ത് കൃഷ്ണകുമാറേട്ടൻ അവിടെയുണ്ടായിരുന്ന മുളഞ്ചങ്ങാടത്തിൽ കയറി ഫോട്ടോയ്ക്ക് പോസ് ചെയ്തു. പിന്നിൽ കുഞ്ഞുമലകളുടെ പ്രതിഫലനം. മേഘങ്ങൾ കിളികളെപ്പോലെ എങ്ങോ ചേക്കാറാനായി പറന്നുപോകുന്നു
അതിസുന്ദരമായ സായാഹ്നം. കാറ്റുവീശുന്നില്ലെങ്കിലും ചെറിയ തണുപ്പുതുടങ്ങി. ഞങ്ങൾ ജലത്തിനോടുചേർന്ന് പുല്ലുകൾ വകഞ്ഞുമാറ്റി തിരികെ നടക്കാൻ തുടങ്ങി. എല്ലാവരുടെയും മൊബൈലിലെ ടോർച്ചുകൾ മിന്നിക്കേണ്ടി വന്നു പലപ്പോഴും. അതിനു കാരണമുണ്ട്. മുതലകൾ ഏറെയുള്ള ഡാം കൂടിയാണിത്.
മുകളിലും താഴെയും ഇരുട്ടുവന്നുമൂടുന്നു. എപ്പോഴും ഒരു ആന നീന്തിവരുന്നതും മുതല വെള്ളത്തിലേക്കിറങ്ങുന്നതും ശ്രദ്ധിച്ചുവേണം ഇനി നടക്കാൻ. ആകെ നൂറുമീറ്ററേ ഇനി വീട്ടിലേക്കുള്ളുവെങ്കിലും ഇരുട്ടിൽ വഴിയില്ലാവഴികളിലൂടെയുള്ള സഞ്ചാരം രസമുള്ളൊരു സാഹസികതയാണ്. തൊട്ടാവാടികൾ കാലുകളോടു കുശലം പറയുന്നുണ്ട്. മൈൻഡ് ചെയ്യേണ്ട.
ഈ സൂര്യൻ എന്നും ഉദിക്കുന്നത് എന്തിനാണാവോ എന്നു ചിന്തിച്ചുകൊണ്ട് എണീറ്റു. രാവിലെത്തന്നെ ഫോട്ടോയെടുക്കാൻ തടാകക്കരയിലേക്കോടി. കൂടെ ജെനിൻചേട്ടനുമെത്തി. മൂപ്പർ ഫോട്ടോയെടുക്കുന്നത് ഫോട്ടോയെടുക്കാൻ നല്ല രസം.
ചങ്ങാടത്തിലെ വല പരിശോധിക്കുകയാണു ചന്ദ്രേട്ടൻ. മീൻ വല്ലതും കുടുങ്ങിയോ.. ഡാമിൽ നല്ല മീനുകളുണ്ട്. ഭാഗ്യമുണ്ടെങ്കിൽ ഭക്ഷണത്തിന് മീൻ കൂട്ടാം. അരപ്പൊക്കത്തിൽ പുല്ലും നീലത്തടാകവും കരിമലഗോപുരവും കാഴ്ചയ്ക്ക് വിരുന്ന്.
തിരിച്ച് വീട്ടിലേക്ക് വരുമ്പോൾ കിടങ്ങിനുമുകളിലെ മരപ്പാലത്തിനു താഴെനിന്ന് ചെറുശബ്ദം. ഒരു പന്നിക്കുട്ടൻ എന്തോ പരതിനടക്കുന്നുണ്ട്.
സുലൈമാനും ചന്ദ്രേട്ടനും മറ്റു സംഘാംഗങ്ങളും തയാറാക്കിയ നല്ല പുട്ടും പയറും കഴിച്ച് മടക്കം. ബോട്ട് ലാന്റിങ്ങിലെത്തിയപ്പോൾ കരിമലഗോപുരം വ്യക്തമായി കാണാം. കരിമുലഗോപുരം എന്നായിരുന്നു ശരിക്കും പേര് എന്ന് ഒരാൾ ചെവിയിൽ പറഞ്ഞു. സൂക്ഷിച്ചുനോക്കിയാൽ ഒരു യുവതിയുടെ രൂപം ആ മലയിൽ ദർശിക്കാം. നോക്കേണ്ട ഉണ്ണീ ഇതു ഞാനല്ല എന്ന മട്ടിൽ കരിമലഗോപുരം വേഗം മേഘച്ചേലയെടുത്തു നഗ്നത മറച്ചു.
മാനം നോക്കിയ ചന്ദ്രേട്ടന്റെ മുഖത്ത് കാർമേഘം കയറി. മഴ പെയ്യുമെന്നാ തോന്നണേ.. എന്റമ്മേ , പണി പാളുമോ.. ക്യാമറ, വസ്ത്രങ്ങൾ…
ആകാശത്ത് ആദ്യം കണ്ട തെളിമയും നീലനിറവും മാഞ്ഞുതുടങ്ങി. ജലം കുറയുമ്പോൾ അങ്ങിങ്ങു പ്രത്യക്ഷപ്പെടുന്ന തുരുത്തുകളിലൊന്നിൽ ഒരാന നിൽപ്പുണ്ട്. അങ്ങോട്ടുപോകുമ്പോൾ നമുക്ക് ആ ദ്വീപിനടുത്തുചെല്ലാം. ശരി. ക്യാമറയുടെ ബാറ്ററി ചാർജ് ചെയ്തു ടെലി ലെൻസ് പിടിപ്പിച്ചു തയാറായി നിന്നു.
മിസ്റ്റർ പോഞ്ഞിക്കര മാതിരി വിങ്ങ്സ് മസിലുകൾ വിടർത്തിയൊരു നീർകാക്ക.. പടമെടുത്തതും മൂപ്പർ പറന്നുപോയി.
പുതിയ ദ്വീപിൽ മുളച്ചുപൊന്തിയ പുത്തൻ പുല്ലുകൾ ആഹാരമാക്കുകയാണ് ഒരു സുന്ദരിയാന. ഇത്രേം സ്ഥലങ്ങളുണ്ടായിട്ടും നീന്തിച്ചെന്ന് ആ ദ്വീപിലെ പുല്ല് മാത്രം കഴിക്കാൻ ആനയ്ക്കെന്താ വട്ടുണ്ടോ.. പുതുതായി തുടങ്ങിയ ഹോട്ടലുകളിൽ ഭക്ഷണം നന്നാകുമെന്നു കരുതുന്ന നമ്മളിൽ ചിലർ പോലെത്തന്നെയായിരിക്കും ഈ ആനയും. അല്ലെങ്കിൽ വീട്ടിൽവഴക്കുകൂടി തൊട്ടടുത്ത ഹോട്ടലിൽനിന്നു ഭക്ഷണം കഴിക്കുന്നതുപോലെയായിരിക്കും. എന്തായാലും ഞങ്ങൾ അടുത്തുചെന്നതും പടമെടുക്കുന്നതും ഒന്നും മൂപ്പത്തിക്കു പ്രശ്നമായില്ല. ഇതിനും ചേർത്ത് കരയ്ക്കു ചെല്ലുമ്പോൾ കിട്ടും എന്നൊരു ഭാവം ആ മുഖത്തുണ്ടായിരുന്നോ എന്നിപ്പോൾ സംശയം തോന്നുന്നു.
അങ്ങനെതോന്നാൻ കാരണമുണ്ട്. തിരികെയെത്തി ബോട്ടിൽനിന്നിറങ്ങിയപ്പോൾ ആരുടെയോ ഫോണിലേക്കു വിളി വന്നു. ആന വഴിയിൽത്തന്നെയുണ്ട്. ഇപ്പോൾ ഇങ്ങോട്ടു പോരേണ്ട. ടെലിലെൻസിലൂടെ മുളങ്കൂട്ടത്തിലേക്കു സൂം ചെയ്തു നോക്കി. ഇന്നലെ കണ്ട അതേ ഫാമിലി ഉള്ളിലുണ്ട്. അതും ഞങ്ങൾ വന്ന വഴിയിൽ. സുലൈമാനേ ബോട്ട് കെട്ടേണ്ട, ആവശ്യം വന്നേക്കും.. ആന വന്നാൽ ബോട്ടിലെങ്കിലും കയറിപ്പറ്റാമല്ലോ എന്നായിരുന്നു ചിന്ത. ആനയ്ക്കു വെള്ളത്തിൽ വച്ചൊന്നും ചെയ്യാൻ പറ്റില്ലത്രേ..
ഇങ്ങള് പേടിക്കേണ്ടാന്ന്. ഞങ്ങളെ പിന്നാലെ വരീൻ..
ഇതും പറഞ്ഞ് സുലൈമാൻ ഒറ്റയോട്ടമാണ് ആനക്കൂട്ടത്തിനു നേരെ. ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നുമുണ്ട്. പറഞ്ഞാൽ വിശ്വസിക്കില്ല. ആ കൂട്ടം ശബ്ദം കേട്ടതോടെ ഉൾക്കാട്ടിലേക്ക് ഓടിപ്പോയി. അതൊരു കാഴ്ച തന്നയായിരുന്നു.
അകലെ നമ്മുടെ ദ്വീപിലേക്ക് ആദ്യം കണ്ട ആന നീന്തിപ്പോകുന്നു. ഇവിടെ ആനകൾ കാട്ടിലേക്കു പോകുന്നു. ആനയ്ക്കും ആനയ്ക്കും ഇടയിൽപ്പെട്ടവരുടെ അവസ്ഥ , പെട്ടോർക്കല്ലേ മനസ്സിലാകൂ പുണ്യാളാ..
വീട്ടിക്കുന്ന് ദ്വീപിലേക്ക് പെൺകുട്ടികൾ മാത്രമുള്ള സംഘങ്ങളും വരാറുണ്ട്. അത്രയും രസകരവും, വന്യമൃഗങ്ങളെ ഒഴിച്ചുനിർത്തിയാൽ സുരക്ഷിതവുമായ സ്ഥലമാണിത്. ഇനി നോക്കി നിൽക്കേണ്ട, പറമ്പിക്കുളത്ത് വിളിച്ചു ദ്വീപ് ബുക്ക് ചെയ്യുക. ഒരു ദിവസം കുബേരനായി ജീവിക്കുക.
കൂടുതൽ വിവരങ്ങൾക്ക്- 8903461060
ചിത്രങ്ങൾ: പ്രവീൺ എളായി