നല്ല ചൂടുചായയും കൂട്ടിനായി എണ്ണയിൽ വറുത്തു കോരിയ പലഹാരങ്ങളും ഉണ്ടെങ്കിൽ കാര്യം ജോറായി. ഉഴുന്നുവടയോ ഉള്ളിവടയോ പരിപ്പുവടയോ പഴംപൊരിയോ എതായാലും കുശാലാണ്. എന്നാലും മലയാളിയെ സംബന്ധിച്ചിടത്തോളം ചായക്കടകൾ ഗൃഹാതുരത്വം ഉണർത്തുന്ന ഒരോർമ്മയാണ്. പാരമ്പര്യത്തനിമയൂറുന്ന രുചിക്കൂട്ടുകള്‍ക്ക് ഇന്നും വൻ ഡിമാന്റാണ്.
കീശകാലിയാക്കാതെ ചായയുടെയും ചെറുകടികളുടെയും സ്വാദാറിയാൻ പറ്റിയ ഇടം. കൊല്ലം തട്ടാമല ജംഗ്ഷനിലെ നാടൻ ചായക്കട മൂന്നു രൂപാ കട. കടയുടെ പേരുപോലെ തന്നെ മൂന്നു രൂപയിൽ തുടങ്ങി അഞ്ചു രൂപയിൽ അവസാനിക്കുന്ന പലഹാരങ്ങളും ചായക്കടയിലുണ്ട്. കൃത്രിമ രുചിക്കൂട്ടുകളും നിറങ്ങളുമൊന്നും ചേർക്കാതെ തനി നാടൻ രുചിയിൽ പാകപ്പെടുത്തുന്ന പലഹാരങ്ങൾ.
നാടൻ പലഹാരങ്ങൾ
ചായക്കടയിലെ കണ്ണാടികൂട്ടിൽ തിങ്ങിവിങ്ങി നിറഞ്ഞിരിക്കുന്ന പലഹാരങ്ങൾക്കിടയിൽ തലയെടുപ്പോടെയാണ് ചിക്കൻ പഫ്സിന്റയും മുട്ട പഫ്സിന്റയും സ്ഥാനം. ചായക്കടയിൽ പഫ്സോ ഞെട്ടേണ്ട വെറും അഞ്ചു രൂപാ മുടക്കിയാൽ നല്ലൊന്നാന്തരം ചിക്കൻ പഫ്സും മുട്ട പഫ്സും സ്വീറ്റു പഫ്സും രുചിച്ചറിയാം. കൂടാതെ പാരമ്പര്യത്തനിമയൂറുന്ന പലഹാരങ്ങളുടെ സ്വാദും നുകരാം. സുഖിയൻ, മോദകം, ഉള്ളിവട, ഉഴുന്നുവട, പരിപ്പുവട, കായ ബജി, മുളകു ബജി, കേക്ക്, നെയ്യപ്പം, കൊല്ലം ജില്ലയിൽ അറിയപ്പെടുന്ന ഗുണ്ട് എന്ന ബോണ്ട തുടങ്ങിയവയ്ക്ക് മൂന്ന് രൂപയും പഴംപൊരി, സമൂസ, മുട്ട ബജി എന്നിവയ്ക്ക് നാലു രൂപയുമാണ് ഇൗടാക്കുന്നത്. ചായക്ക് അഞ്ചു രൂപയും കാപ്പിക്ക് ആറു രൂപയുമാണ്. വില തുച്ഛമെങ്കിലും ഗുണം മെച്ചമെന്ന് പറയുന്നതിന്റെ തെളിവാണ് കടയുടെ മുന്നിലെ ആൾകൂട്ടം
രാവിലെ മുതൽ നല്ല തിരക്കാണ്. ചായയുടെയും ചെറുകടിയുടെയും സ്വാദറിഞ്ഞവർ പാഴ്സൽ വാങ്ങാതെ മടങ്ങില്ല. വറച്ചട്ടിയിൽ നിന്നും കോരിയെടുക്കുന്ന പലഹാരങ്ങൾ നിമിഷനേരം കൊണ്ട് കാലിയാകും. ചായക്കടയിലെ മറ്റൊരു ആകർഷണം ഉച്ചയ്ക്ക് വിളമ്പുന്ന ചിക്കൻ ബിരിയാണി. അന്‍പത്തിയഞ്ച് രൂപ മുടക്കിയാൽ വയറും മനസ്സും നിറച്ച് ഉഗ്രൻചിക്കൻ ബിരിയാണിയും കഴിക്കാം. കൈപുണ്യവും സ്വാദും കൂടിചേർന്ന ചിക്കൻ ബിരിയാണി ആവശ്യക്കാരുടെ ഒാർഡർ അനുസരിച്ച് തയാറാകും. നാടൻ ഭക്ഷണത്തിന്റെയും പലഹാരങ്ങളുടെയും മേന്മ, ഒരിക്കൽ രുചി പിടിച്ചവരെ വീണ്ടും കടയിലേക്ക് എത്തിക്കും.
കടയുടമ ജലീൽ
സദാ പുകഞ്ഞു കൊണ്ടിരിക്കുന്ന അടുപ്പും വറച്ചട്ടിയിൽ നിന്നും പലഹാരം കോരിയെടുക്കുവാൻ നിൽക്കുന്ന കൊല്ലം കൂട്ടിക്കട സ്വദേശി ജലീൽ ഇക്കായും. എത്ര തിരക്കണെങ്കിലും കടയിലെത്തുന്നവരെ മുഷിപ്പിക്കാതെ നറു പുഞ്ചിരിയോടെ സ്വീകരിക്കുന്ന ഇക്കയുടെ നിറഞ്ഞ മനസ്സും കൈപുണ്യവുമാണ് പലഹാരങ്ങളുടെ രുചിക്കൂട്ടിനു പിന്നിൽ. ചായക്കടയിൽ പലഹാരങ്ങൾ പാകപ്പെടുത്തുവാൻ മറ്റു സഹായികൾ ഉണ്ടെങ്കിലും വിഭവങ്ങൾക്ക് മേന്‍പ്പൊടി ചേര്‍ക്കുന്നതും ചിക്കൻ ബിരിയാണി തയാറാക്കുന്നതും ജലീൽ ഇക്കായാണ്.
വർഷങ്ങൾക്കുമുമ്പ് മുളകു ബജിയിലും ചായയിലും മാത്രമായി തുടങ്ങിയ ചെറിയകടയ്ക്ക് ഇത്രയധികം പേരും പെരുമയും ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലന്ന് ജലീൽ പറയുന്നു. കടയിൽ തിരക്കുകൂടിയതോടെ വിഭവങ്ങളുടെ എണ്ണവും കൂട്ടി. പക്ഷേ ഒന്നിൽ മാത്രം ഒരു മാറ്റവും വരുത്തിയില്ല അല്ലെങ്കിൽ അതിനു ശ്രമിച്ചിട്ടില്ല. വിഭവങ്ങളുടെ വിലയിലും ഗുണത്തിലും. ചായക്കട തുടങ്ങിയ നാൾ മുതലുള്ള വിലയാണ് ഇപ്പോഴും ഇൗടാക്കുന്നത്. ജി എസ് എടി യുടെ വരവും ചായക്കടയിലെ പലഹാരങ്ങളെ ബാധിച്ചിട്ടില്ല. രാവിലെ എട്ടുമണി മുതൽ രാത്രി എട്ടു വരെയാണ് കടയുടെ പ്രവർത്തനം.