Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഭർത്താവിന്റെ അത്തരം പെരുമാറ്റങ്ങളാണ് എന്നെ ശക്തയാക്കിയത്'

shahanas ഷഹനാസ്

മകൾ, ഭാര്യ, അമ്മ  എന്നീ നിലകളിലെല്ലാം സങ്കടങ്ങളും സംഘർഷങ്ങളും മാത്രമാണു തേടിയെത്തിയത്. എന്നിട്ടും എന്തു വന്നാലും നേരിടുമെന്ന ഉറച്ച ആത്മവിശ്വാസത്തോടെ, ജീവിതത്തെ പുഞ്ചിരിയോടെ ചേർത്തു പിടിച്ച് മുന്നോട്ടു നടക്കുകയാണു കുമ്പളം പടിഞ്ഞാറെ വിളങ്ങാട് വീട്ടിൽ ഷഹനാസ് എന്ന വീട്ടമ്മ.

കുട്ടിക്കാലത്തു പിതാവു സംരക്ഷിച്ചിട്ടില്ല. വിവാഹത്തിനു ശേഷം ഭർത്താവും സംരക്ഷിച്ചിട്ടില്ല. ജനിച്ചപ്പോൾ മുതൽ നിത്യരോഗിയായ മകന് ഭാവിയിൽ സംരക്ഷിക്കാൻ പറ്റുമെന്ന പ്രതീക്ഷയും ഇല്ല. മൂന്നു പെൺമക്കൾ മാത്രമുള്ള, ഭർത്താവ് ഉപേക്ഷിച്ച ഉമ്മയ്ക്ക് കുട്ടിക്കാലം മുതൽ ഷഹനാസ് മകനും മകളും കൂടിയാണ്. ബാപ്പ ഉപേക്ഷിച്ചു പോയ സ്വന്തം മക്കൾക്ക് ഒരേ സമയം  ബാപ്പയും ഉമ്മയുമാണ്.

ഹൃദ്യോഗിയായ ഉമ്മ ഹുസൈബയും പത്തു വയസ്സുകാരിയായ മകൾ ഷെഹറിനും ആറു വയസ്സുകാരൻ അർഫാസ് അമനുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയവും വരുമാനമാർഗ്ഗവുമാണ് ഈ വീട്ടമ്മ. പ്രതിസന്ധികളോടു സമരം ചെയ്ത്, നിറം കെട്ടുപോകുമായിരുന്ന ജീവിതത്തെ വർണശബളമാക്കി മാറ്റുന്ന ഷഹനാസ് തളരാത്ത ശുഭാപ്തി വിശ്വാസത്തിന്റെ പ്രതീകമാണ്. സമാന അനുഭവങ്ങളുള്ള പലർക്കും പ്രതീക്ഷയുമാണ്.

ഷഹനാസിന് എന്തു ജോലി അറിയാം എന്നതിനേക്കാൾ എന്ത് അറിയില്ല എന്നു ചോദിക്കുന്നതായിരിക്കും നല്ലത്. മുപ്പത്തിയാറു വയസ്സിനുള്ളിൽ ചെയ്യാത്ത ജോലികളില്ല. വാർക്കപ്പണിക്കു പോകും, വീടുകളിൽ സഹായിയായി പോകും, ഓട്ടോറിക്ഷയും ടാക്സിയും ഓടിക്കും, തയ്യൽ ജോലി ചെയ്യും, ലാബ് ടെക്നീഷൻ കോഴ്സ് പഠിച്ചതു കൊണ്ട് ആവശ്യമുള്ളവർക്കു രക്തസമ്മർദം പരിശോധിച്ചു കൊടുക്കും.

ഗാനമേള ട്രൂപ്പുകളിൽ പാടാൻ പോകും. സാമൂഹിക പ്രവർത്തകയും കൂടിയാണ്. അറിയില്ല എന്നൊരു വാക്ക് ഷഹനാസിന്റെ ജീവീതത്തിലില്ല. അറിയാത്ത കാര്യങ്ങൾ കൂടി പരീക്ഷിച്ചു നോക്കാനുള്ള ധൈര്യവും ആത്മവിശ്വാസവുമുണ്ട്.

തയ്യൽ അറിയാതെ തയ്യൽക്കട തുടങ്ങിയത് അങ്ങനെ ഒരു ആത്മവിശ്വാസത്തിന്റെ പുറത്താണ്. ലോൺ എടുത്ത പണം കൊണ്ടു രണ്ടു പുരുഷന്മാരെയും ഒരു സ്ത്രീയെയും നിയമിച്ചു കൊണ്ടാണ് കട തുടങ്ങിയത്. തൊഴിലാളികൾ തന്നെ ചൂഷണം ചെയ്യുന്നു എന്ന തോന്നലുണ്ടായപ്പോൾ സ്വയം തയ്ക്കാൻ തീരുമാനിച്ചു.

ഒരു ടീച്ചറുടെ ബ്ലൗസായിരുന്നു ആദ്യം തുന്നിയത്. ബ്ലൗസ് വാങ്ങിക്കൊണ്ടു പോയ ടീച്ചറിൽ നിന്നു നല്ലൊരു വഴക്കു പ്രതീക്ഷിച്ച ഷഹനാസിനെ അമ്പരപ്പിച്ച മറുപടിയായിരുന്നു കിട്ടിയത്. നല്ല പാകം.

ഇനിയും ഇതേ പോലെ തുന്നിത്തരണം! അങ്ങനെ തൊഴിലാളികളിൽ നിന്നു കണ്ടു പഠിച്ച് ഷഹനാസും തയ്യൽക്കാരിയായി. മെഡിക്കൽ കോളജിലേക്കു വസ്ത്രങ്ങൾ തയ്ച്ചു കൊടുക്കുന്ന ക്വട്ടേഷൻ പിടിച്ച് ഒരു സ്ഥിരം വരുമാനത്തിനുള്ള മാർഗവും കണ്ടെത്തി. മെഡിക്കൽ കോളജിൽ ഇന്റർവ്യൂവിനു പോയ അനുഭവവും ഷഹനാസ് പങ്കുവയ്ക്കുന്നു.

തയ്യലിന്റെ എബിസിഡി അറിയില്ല. പക്ഷേ, അറിയില്ല എന്ന് ആരോടും പറഞ്ഞിട്ടില്ല. ഇന്റർവ്യൂവിനെ തുടർന്ന്, ശസ്ത്രക്രിയാ വസ്ത്രം തയ്ച്ചു കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ, അടുത്ത് ആരെങ്കിലും നിന്നാൽ എനിക്ക് തയ്ക്കാൻ പറ്റില്ല ഒന്നു പുറത്തുപോകാന്‍ പറ്റുമോ എന്നു ജോലി ഏൽപിച്ച മാഡത്തോടു ഞാൻ ചോദിച്ചു.

അവർ പുറത്തു പോയതും എന്നെ തയ്ക്കാൻ ഏൽപിച്ച വസ്ത്രം ഞാൻ തുന്നൽ അഴിച്ചു മാറ്റി. അതുപോലെ തന്നെ പുതിയ തുണി വെട്ടിയെടുത്തു. എന്നിട്ടു രണ്ടും തയ്ച്ചു.’

സ്വന്തം കാലിൽ നിൽക്കാൻ സ്വയം പഠിച്ചതല്ല, കുട്ടിക്കാലത്തെ ജീവിതാനുഭവങ്ങൾ പഠിപ്പിച്ചു തന്നതാണെന്നാണു ഷഹനാസിന്റെ ഭാഷ്യം. ഉപ്പയും ഉമ്മയും രണ്ടു സഹോദരിമാരും അട ങ്ങുന്നതായിരുന്നു കുടുംബം.

ഉമ്മ എല്ലാവരോടും ദീനാനുകമ്പയുള്ള മതവിശ്വാസമനുസരിച്ചു ജീവിക്കുന്ന വീട്ടമ്മയാണ്. നിസ്കരിക്കാൻ ഒരൽപം സ്ഥലം തരുമോ എന്നു ചോദിച്ചു വന്ന, സ്വകാര്യ കമ്പനിയിലെ തൊഴിലാളിയായ അപരിചിതയായ യുവതിക്ക് ഉമ്മ സ്വന്തം വീട്ടിലെ ഒരു മുറി താമസിക്കാൻ നൽകി. ഏറെ താമസിയാതെ അവർ വീട്ടുകാരിയായി. താൻ ആശ്രയം നൽകിയ യുവതി ഭർത്താവിനെ സ്വന്തമാക്കിയതോടെ മൂന്നു ചെറിയ പെൺകുട്ടികളുമായി ഉമ്മയ്ക്കു വീടുവിട്ട് ഇറങ്ങേണ്ടി വന്നു.

അന്നു മുതൽ മൂന്നു പെൺമക്കളെയും സ്വന്തം കാലിൽ നിൽക്കാൻ ഉമ്മ പഠിപ്പിച്ചു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഷഹനാസ് ചെമ്മീൻ കമ്പനിയിൽ ജോലിക്കു പോയിട്ടുണ്ട്, തൊണ്ടു തല്ലി ചകിരിയുണ്ടാക്കി കയറു പിരിച്ചിട്ടുണ്ട്. വീടുകളിൽ സഹായിയായിട്ടും പണിയെടുത്തിട്ടുണ്ട്. പഠിക്കാനുള്ള പണമൊക്കെ അങ്ങനെ സ്വയം കണ്ടെത്തിയതാണ്.

പ്ലസ്ടു കഴിഞ്ഞു കംപ്യൂട്ടർ കോഴ്സും ലാബ് ടെക്നീഷൻ കോഴ്സും പാസ്സായി. രണ്ടു ചേച്ചിമാരുടെയും വിവാഹം കഴിഞ്ഞതിനു ശേഷം ഇരുപത്തിനാലാമത്തെ വയസ്സിലായിരുന്നു ഷഹനാസിന്റെ വിവാഹം. ഭർത്താവിനു കൂലിപ്പണിയായിരുന്നു. പക്ഷേ  ആഗ്രഹിച്ചതു പോലൊരു ജീവിതമായിരുന്നില്ല ഷഹനാസിനെ കാത്തിരുന്നത്.

ജോലിയെടുത്തു ജീവിക്കുന്നതു പോലും ഭർത്താവിന് ഇഷ്ടമായിരുന്നില്ല. ഒടുവിൽ ഉമ്മയുടെ അതേ അവസ്ഥയിലൂടെയും ഷഹനാസിന് കടന്നു പോകേണ്ടി വന്നു. ഭർത്താവിനെ മറ്റൊരാൾ സ്വന്തമാക്കുന്നത് പക്ഷേ, ഉമ്മയെപ്പോലെ നിസ്സഹായയായി നോക്കി നിന്നില്ല ഷഹനാസ്.

പ്രായപൂർത്തിയായ പെണ്മക്കളുള്ള സ്ത്രീയോട് എന്തു ധൈര്യ ത്തിലാണു നിങ്ങൾ ഇങ്ങനെ ഒരാളെ കൂടെ താമസിപ്പിച്ചിരിക്കുന്നത് എന്നു മുഖത്തു നോക്കി ചോദിക്കാനുള്ള ചങ്കൂറ്റം  ഷഹനാസ് കാണിച്ചു. സ്വന്തം തെറ്റു തിരിച്ചറിഞ്ഞ ആ സ്ത്രീ ഇന്നു ഷഹനാസിന്റെ  സുഹൃത്താണ്.

‘ഭർത്താവിൽ നിന്നു മോശമായ പെരുമാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും എനിക്ക് ആരോടും ശത്രുതയോ വൈരാഗ്യമോ ഇല്ല,  ഭർത്താവിന്റെ അത്തരം പെരുമാറ്റങ്ങളാണ് എന്നെയൊരു സ്ട്രോങ് സ്ത്രീയാക്കിയത്. അല്ലായിരുന്നെങ്കിൽ ഞാനും ഒരു സാധാരണക്കാരിയായ വീട്ടമ്മയായി മാറുമായിരുന്നു’– ഷഹനാസ് പറയുന്നു.

എറണാകുളം മെഡിക്കൽ കോളജിൽ താൽക്കാലിക ജോലി ചെയ്യുന്നതോടൊപ്പം തന്നെ ഡോക്ടർമാരുടെ വീടുകളിൽ ജോലിക്കും പോകുന്നു. സമയം കിട്ടുമ്പോഴൊക്കെ ടാക്സിയും ഓട്ടോറിക്ഷയും ഓടിക്കുന്നു. കുടുംബം എങ്ങനെയാണു ഭംഗിയായി നടത്തേണ്ടതെന്നു ഷഹനാസിനെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. സകലകാര്യങ്ങളിലും നിയന്ത്രണം പാലിക്കുന്ന കടു കടുത്ത വീട്ടമ്മയാണു ഷഹനാസ്.

ആവശ്യത്തിനു പച്ചക്കറികൾ വീട്ടിൽ വളർത്തുന്നുണ്ട്. ഇരുമ്പൻപുളികൊണ്ട് ഉണ്ടാക്കുന്ന ജാമാണു കുട്ടികള്‍ക്കു കുറേക്കാലമായി നൽകാറുള്ളത്. ബിപിഎൽ റേഷൻകാര്‍ഡ് ആയതുകൊണ്ട് അരി, ഗോതമ്പ്, തുടങ്ങിയവ കിട്ടാൻ ബുദ്ധിമുട്ടില്ല. ഗോതമ്പ് റേഷൻ കടയിൽ നിന്നു വാങ്ങി ഉണക്കിപ്പൊടിച്ചാണ് ഉപയോഗിക്കുന്നത്. ആവശ്യമില്ലാത്ത സമയങ്ങളിൽ ലൈറ്റും ഫാനും ഓഫ് ചെയ്യാൻ, ആറു വയസ്സുകാരനായ സെറിബ്രല്‍ പാൾസി ബാധിച്ച മകനെപ്പോലും  ഷഹനാസ് പഠിപ്പിച്ചിട്ടുണ്ട്.

വീട്ടിലുള്ള എല്ലാവരുടെയും വസ്ത്രങ്ങൾ ഷഹനാസ് തന്നെയാണു തയ്ക്കുന്നത്. പത്തുവയസ്സുകാരിയായ മകളെ വീട്ടുജോലികളെല്ലാം പഠിപ്പിച്ചിട്ടുണ്ട്. ഉമ്മച്ചി ജോലിക്കു പോയാൽ വൈകി വരുന്ന ദിവസങ്ങളിൽ മോളാണു കുടുംബനാഥ. വീട് അടിച്ചു വാരിയും പാത്രം കഴുകിയും അലക്കിയ തുണി മടക്കി വച്ചും അവൾ വീടു നോക്കുന്നു. സുഖമില്ലാത്ത ഉമ്മൂമ്മയ്ക്കും അനിയനും ചായയുണ്ടാക്കിക്കൊടുക്കാനും ഷഹനാസ് മകളെ പഠിപ്പിച്ചി ട്ടുണ്ട്.

ഗ്യാസ് ഉണ്ടെങ്കിലും പണം ലാഭിക്കാൻ വിറകടുപ്പാണ് ഉപയോഗിക്കാറ്. വീട്ടിൽ ലഭ്യമായ വലിയ മരങ്ങൾ സ്വയം കീറി വിറകുണ്ടാക്കുന്നതും ഷഹനാസ് തന്നെ. മാലിന്യ സംസ്കരണത്തിലും ഷഹനാസ് ശ്രദ്ധാലുവാണ്.

shahanas-with-family ഷഹനാസ് കുടുംബത്തോടൊപ്പം

ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ കോഴിക്കു കൊടുക്കുകയാണു പതിവ്. ബാക്കിവരുന്നവ തെങ്ങിനും പച്ചക്കറികൾക്കും വളമാക്കുന്നു. ഒരിടത്തും ജലം കെ‍ട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഗ്രാമത്തിലെ  ജനങ്ങളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ടു നടത്തുന്ന മെഡികെയര്‍ പരിപാടിയിലെ  കമ്മിറ്റി അംഗമായതിനാൽ പഞ്ചായത്തിലെ എല്ലാ രോഗികളുടെയും അവസ്ഥ മനസ്സിലാക്കി ആവശ്യമായ സഹായവും എത്തിക്കുന്നു. തോൽക്കാൻ എനിക്കു മനസ്സില്ല–ഷഹനാസ് പറഞ്ഞു കൊണ്ടേയിരിക്കുന്നു.....

പതറാത്ത മനസ്സോടെ

തോല്‍ക്കുമെന്നു മറ്റുള്ളവർ പറഞ്ഞു പിന്തിരിപ്പിക്കാൻ ശ്രമിച്ച കാര്യങ്ങളിലെല്ലാം ഷഹനാസ് വിജയം കണ്ടിട്ടുണ്ട്. മകൻ അർഫാസ് ജനിച്ച ദിവസം തന്നെ പ്രവേശിക്കപ്പെട്ടത് ഐസി യുവിൽ ആണ്. രക്ഷപ്പെടില്ല എന്നു ഡോക്ടർമാർ തീർത്തു പറഞ്ഞു. സെറിബ്രല്‍ പാൾസി, ഹൃദയസംബന്ധമായ തകരാറുകൾ, തലച്ചോറിനും നാഡിഞരമ്പുകൾക്കും ഉള്ള തകരാറുകൾ തുടങ്ങി മകന് ഇല്ലാത്ത അസുഖങ്ങൾ ഒന്നുമില്ല.

മാത്രമല്ല, ശ്രവണശേഷിയും സംസാരശേഷിയും ഇല്ല. കഴുത്ത് ഉറയ്ക്കാത്തതുകൊണ്ടു കിടന്ന കിടപ്പിലായിരുന്നു മൂന്നു വയസ്സു വരെ. പക്ഷേ, ഒറ്റയ്ക്കു യാത്ര ചെയ്ത് കേരളത്തിലെ ആശുപത്രികളായ ആശുപത്രികള്‍ മുഴുവൻ മകനെയും കൊണ്ടു കയറിയിറങ്ങി ചികിത്സ നടത്തി. ഹൃദയത്തിന്റെ ദ്വാരം അടയ്ക്കാനുള്ള ചികിത്സ അൽപം റിസ്കുള്ളതാണെന്ന് അറിഞ്ഞിട്ടും ഷഹനാസ് പിന്മാറിയില്ല.

മകന്റെ കോക്ലിയ ഇംപ്ലാന്റേഷൻ നടത്താനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ. തിരുവനന്തപുരത്തു സ്പീച്ച് തെറപ്പിക്കായി മകനെ കൊണ്ടു പോകാറുള്ളതും ഷഹനാസ് തനിച്ചാണ്. സ്പെഷൽ സ്കൂളിൽ മകനെ ചേർത്തു പഠിപ്പിക്കുന്നു. സ്കൂളിലെ ഏറ്റവും മിടുക്കനായ കുട്ടിയാണ് അർഫാസ് ഇന്ന്.

ഗായികയും നർത്തകിയും

കഷ്ടപ്പാടുകൾക്കു നടുവിലും പ്രായം മറന്ന് കലാ കായിക മത്സരങ്ങളിൽ സജീവമായി പങ്കെടുക്കുകയും കലാകാരി എന്ന നിലയിൽ കഴിവു തെളിയിക്കുകയും ചെയ്തിട്ടുണ്ട് ഷഹനാസ്. നല്ല ഗായികയും നർത്തകിയും മിമിക്രി കലാകാരിയുമാണ്. ഷോട്ട്പുട്ട്, ജാവലിൻ, ഡിസ്കസ് എന്നീ മത്സരങ്ങളിൽ പതിവായി പങ്കെടുക്കാറുണ്ട്. 2016 കേരളോത്സവത്തിൽ പഞ്ചായത്ത്–ബ്ലോക്ക് തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുമുണ്ട്. മാപ്പിളപ്പാട്ടിനും ഒപ്പനയ്ക്കും രണ്ടാം സ്ഥാനവും ലഭിച്ചു.


വി.കെ. ഷഹനാസിനു മാർക്കിടാം

SMS അയയ്ക്കേണ്ട വിധം : വി.കെ. ഷഹനാസിനു മാർക്കിടാം. STR എന്നു ടൈപ്പ് ചെയ്ത് സ്പേസ് ഇട്ടശേഷം മാർക്ക് ( അതു അക്കത്തിലാവണം. 1,2,3,4,5,6,7,8,9,10 എന്നിവയിൽ ഒരെണ്ണം.) രേഖപ്പെടുത്തി 56767123 എന്ന നമ്പറിലേക്കു SMS ചെയ്യുക. ഉദാഹരണത്തിന് 8 മാർക്കാണു നിങ്ങൾ കൊടുക്കുന്നതെങ്കിൽ STR സ്പേസ് 8. ഇമെയിൽ വിലാസത്തിലും തപാലിലും ഇതേപോലെ മാർക്കിട്ട് അയയ്ക്കാം.

വിലാസം : വീട്ടമ്മ, മനോരമ ആഴ്ചപ്പതിപ്പ്, കോട്ടയം–1

ഇ–മെയിൽ : weekly@manorama.com

അടുത്തലക്കം വീട്ടമ്മ ; പി.എം. വീണാമണി, ഇരിക്കൂർ

                                           

Your Rating: