Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിന്റെ കാര്യം നീ തന്നെ നോക്കൂ; അക്ഷയ് കുമാറിനു സഹോദരിയോടു പറയാനുള്ളത്

akshay-kumar-sister അക്ഷയ്കുമാർ, അൽക ഭാട്ടിയ.

ഞാൻ രാജുവിനോടു ദേഷ്യപ്പെടുമായിരുന്നു. എന്റെ മൂത്ത സഹോദരനാണെങ്കിലും എന്റെ ഉത്തരവാദിത്തവും രാജുവിനു തന്നെ. ഒരു പാർട്ടിക്കു പോകണമെങ്കിലോ സുഹൃത്തുക്കൾക്കൊപ്പം ഔട്ടിങ്ങിനുപോകേണ്ടിവരുമ്പോഴോ ഞാൻ അച്ഛനമ്മമാരുടെ അനുവാദം തേടും. രാജുവിനെ കൂട്ടി പോകൂ...അവർ പറയും.

പക്ഷേ, രാജു ഒരിക്കലും എനിക്കു കൂട്ടുവരാറില്ല. എങ്ങനെ ഞാൻ ദേഷ്യപ്പെടാതിരിക്കും. നിന്റെ കാര്യം നീ തന്നെ നോക്കൂ. കൂട്ടുവിളിക്കുമ്പോൾ രാജു പറയും. ഒരു പാർട്ടിയിലും എനിക്കു പങ്കെടുക്കാനായില്ല. പറയുന്നത് അൽക ഭാട്ടിയ. അൽക പ്രശസ്തയല്ല.പക്ഷേ സഹോദരൻ രാജു പ്രശസ്തനാണ്. രാജു ഭാട്ടിയ ഇപ്പോൾ അറിയപ്പെടുന്നത് മറ്റൊരു പേരിലാണെന്നു മാത്രം: അക്ഷയ് കുമാർ.ബോളിവുഡിന്റെ പ്രിയതാരം. 

ബോളിവുഡിലെ നടൻമാരിൽ സ്ത്രീ ശാക്തീകരണത്തിനുവേണ്ടി ഏറ്റവും ശക്തമായി വാദിക്കുന്നവരിൽ മുൻപന്തിയിലുണ്ട് എന്നും അക്ഷയ് കുമാർ. സ്ത്രീകൾ ആയോധന കല പഠിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അതേ അക്ഷയ് കുമാർ അദ്ദേഹത്തിന്റെ സഹോദരിയുടെ വാക്കുകളിലൂടെ ഈ രക്ഷാബന്ധന്റെ താരമാവുകയാണ്. അക്ഷയ് പുറത്തുവിട്ട വീഡിയോയിൽ അൽക തന്റെ സഹോദരനെക്കുറിച്ചു പറയുന്നു. സ്വന്തം കാലിൽ നിൽക്കാൻ, സ്വയം പര്യാപ്തയാകാൻ എന്നും തന്നെ പ്രേരിപ്പിച്ച രാജുവിനെക്കുറിച്ച്. 

അച്ഛൻ മരിച്ചതിനുശേഷം തന്റെ ഉത്തരവാദിത്തവും പൂർണമായി രാജു ഏറ്റെടുത്തെന്നും വീഡിയോയിൽ അൽക പറയുന്നു. എന്റെ മകളെ വിദേശത്തു പഠിക്കാൻ അയച്ചപ്പോഴാണ് രാജുവിന്റെ വാക്കുകളുടെ അർഥം ഞാൻ മനസ്സിലാക്കുന്നത്.എല്ലാം ശരിയല്ലേ എന്ന് എന്റെ മകൾ ചോദിക്കുമ്പോൾ ഞാൻ രാജുവിനെപ്പോലെ അവളോടു പറയും:എല്ലാം ശരിയാണ്. നിന്റെ കാര്യം നീ തന്നെ നോക്കുക. എന്റെ സഹോദരൻ എനിക്കു നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനം ഈ ഉപദേശമാണ്. ഞാൻ എന്റെ മകൾക്കു നൽകുന്നതും അതേ സമ്മാനം തന്നെ: സ്വയം പര്യാപ്തയാകുക. സ്വന്തം കാലിൽ നിൽക്കു. കഴിയുന്നത്ര കാര്യങ്ങൾ സ്വന്തമായി ചെയ്യുക. രാജു നന്ദി..ഞാൻ നിന്നെ സ്നേഹിക്കുന്നു... 

വീഡിയോ അവസാനിക്കുന്നത് ഒരു സന്ദേശത്തോടുകൂടി: ഈ രക്ഷാബന്ധനിൽ സഹോദരിയെ സംരക്ഷിക്കരുത്. പകരം അവളെ ശാക്തീകരിക്കൂ...