Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെപ്പോലെ ഒരു പെൺകുട്ടിയുമിനി കരയാൻ പാടില്ല

അഞ്ജനി അഞ്ജനി. ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ദുരന്തങ്ങളും അനാഥത്വവും പിന്തുടർന്നപ്പോഴും തളരാതെ എല്ലാ വിഷയത്തിനും അഞ്ജനി നേടിയ എ പ്ലസ് വിജയത്തിന് സുവർണത്തിളക്കം

എനിക്ക് പഠിച്ച് ഡോക്ടർ ആകണം. എന്റെ പപ്പ ആഗ്രഹിച്ചതു പോലെ. കു‍ഞ്ഞായിരുന്ന പ്രായത്തിൽ ഞാനെന്റെ അമ്മയോടു പറഞ്ഞതു പോലെ....പിന്നെ.....’’വിടർന്ന ചിരിയോടെ, കണ്ണുക ളിൽ നിറയെ സ്വപ്നങ്ങളോടെ അഞ്ജിനി ഇതു പറയുമ്പോൾ മറ്റേതൊരു കൗമാരക്കാരിയുടെയും വാക്കുകൾ പോലെ തോന്നാം. പക്ഷേ, അഞ്ജനിയെ അടുത്തറിയുമ്പോൾ മനസ്സിലാകും, ഈ പ്രായത്തിലുളള ഒരു കുട്ടിയും നേരിട്ടിട്ടില്ലാത്ത വിധം ദുരന്തങ്ങളിലൂടെ കടന്നു പോയിട്ടും കെട്ടു പോകാത്ത പ്രതീക്ഷയുടെ ശബ്ദമാണ് ഇതെന്ന്. ദുരന്തങ്ങൾ തുടരെത്തുടരെ പിൻതുടർന്നിട്ടും തോറ്റുപോകാതെ പിടിച്ചു കയറാൻ ശ്രമിക്കുന്ന ഒരു പെൺകുട്ടി.

ദുഃഖങ്ങളെക്കുറിച്ച് അടുത്ത കൂട്ടുകാരോടു പോലും പറയാൻ അഞ്ജനി ഇഷ്ടപ്പെടുന്നില്ല. പക്ഷേ, തന്നെപ്പോലെ ദുരന്തങ്ങളിലും അനാഥത്വത്തിനും ഒറ്റപ്പെട്ടു പോയ സമൂഹത്തിലെ മറ്റു പെൺകുട്ടികൾക്ക് തന്റെ അനുഭവങ്ങൾ ആശ്വാസവും പിന്തുണയുമായാലോ എന്നു കരുതി അവ പങ്കിടുകയാണ് അഞ്ജിനി.

‘‘ഈ ജീവിതത്തിൽ എത്രയോ ജന്മങ്ങളിലേക്കുളള ദുഃഖം ഞാൻ അനുഭവിച്ചു തീർത്തു. മറ്റൊരു പെൺകുട്ടിക്കും ഇങ്ങനെ വരരുതേയെന്നാണ് പ്രാർഥന....’’ എന്നോർമിപ്പിച്ച് അഞ്ജിനി സ്വന്തം കഥ പറയുന്നു.

കുട്ടിക്കാലത്തിന്റെ ഓർമകൾ

ഇടുക്കി ജില്ലയിലെ ഇഞ്ചിപ്പതാലിലായിരുന്നു എന്റെ വീട്. പപ്പ ഷാബു. അമ്മ മിനി. കൃഷിയും ആ‍‍ടും പശുവും ഒക്കെയുളള വീട്. പപ്പ പറമ്പിൽ പണിക്കും മറ്റും പോയാണ് വീടു പുലർ ത്തിയിരുന്നത്. പപ്പയ്ക്ക് അത്യാവശ്യം നല്ല പഠിത്തമുണ്ടായിരുന്നു. ഞാൻ നന്നായി പഠിക്കണമെന്നായിരുന്നു പപ്പയുടെ മോഹം. അന്നൊക്കെ അമ്മയോടു ഞാൻ പറയുമായിരുന്നു; വലുതാകുമ്പോൾ എനിക്ക് പഠിച്ച് ഡോക്ടർ ആകണമെന്ന്.

ഞാൻ അംഗനവാടിയിൽ പഠിക്കുന്ന സമയത്ത് എനിക്കൊരു അനിയത്തി പിറന്നു, ആരതി. രണ്ടു മാസം കഴിയും മുമ്പേ അമ്മ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു. ജീവിതത്തിലെ സന്തോഷമെല്ലാം വേഗത്തിലങ്ങ് മാഞ്ഞു പോകുന്നതുപോലെ എനിക്കു തോന്നി. പപ്പയും വല്ലാതെ തളർന്നു.

അഞ്ജനി അഞ്ജനി. ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

പപ്പയുടെ തറവാട് മുനിയറയിലായിരുന്നു. അനിയത്തിയെ പപ്പയുടെ അമ്മ കൊണ്ടു പോയി. ഞാനും പപ്പയും വീട്ടിൽ തനിച്ചായി. പപ്പ നല്ല സ്നേഹമുളള ആളായിരുന്നു. പക്ഷേ, അമ്മയുടെ വേർപാട് പപ്പയെ വിഷാദത്തിലാഴ്ത്തിയിരുന്നു. കുറച്ചു കാലം കഴിഞ്ഞ് പപ്പ അനിയത്തിയെ കൂട്ടിക്കൊണ്ടു വന്നു. പപ്പയുടെ അമ്മയും ഇടയ്ക്ക് ഞങ്ങളുടെ കൂടെ വന്നു നിൽക്കും.

ഞങ്ങൾ വളരുകയാണല്ലോ. ഞങ്ങളെ നോക്കാൻ ഒരു അമ്മ വേണമല്ലോ. അങ്ങനെ ഞങ്ങൾക്കു വേണ്ടി പപ്പ വീണ്ടും കല്യാണം കഴിച്ചു. ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അത്. ശുഭ എന്നായിരുന്നു രണ്ടാമത്തെ അമ്മയുടെ പേര്. പപ്പയ്ക്കും പുതിയ അമ്മയ്ക്കും ഒരു മോനുണ്ടായി. ഞങ്ങൾക്കൊരു അനിയൻ– ആകാശ്. പപ്പയ്ക്ക് അവനെ ജീവനായിരുന്നു. വീണ്ടും ജീവിതത്തിൽ സന്തോഷം തിരിച്ചു വന്നതു പോലെ....

പിന്നെയും സങ്കടങ്ങളുടെ ലോകം

എന്റെ അമ്മയുണ്ടായിരുന്ന സമയത്ത് പപ്പ വീട് പണയം വച്ച് ലോണെടുത്തിരുന്നു, പണം അടയ്ക്കാതെ, കടം കൂടിക്കൂടി അത് ജപ്തിയാകുമെന്ന സ്ഥിതിയായി. അങ്ങനെ ആ വീട് വിറ്റ് ഞങ്ങൾ പണിക്കൻ കുടിയിലെത്തി. പുതിയ വീട് ടൗണിൽ നിന്ന് രണ്ടു കിലോമീറ്റർ ദൂരത്താണ്. ഞാനും അനിയത്തിയും പണിക്കൻകുടി സ്കൂളിൽ ചേർന്നു. ഞാനന്ന് ആറാം ക്ലാസിലാണ്. അവിടുത്തെ അധ്യാപകർക്കെല്ലാം എന്നോട് പ്രത്യേക സ്നേഹമായിരുന്നു. സ്കൂളിലെ കലാകായിക മത്സരങ്ങളിലെല്ലാം സജീവമായി ഞാൻ പങ്കെടുത്തു. രണ്ടു വർഷം വലിയ കുഴപ്പമില്ലാതെ കടന്നു പോയി.

അഞ്ജനിയുടെ അമ്മ മിനി, പപ്പ ഷാബു

ആയിടയ്ക്ക് വീട്ടിലാകെ പ്രശ്നങ്ങളായി. നേരത്തെ ചെറുതായി തുടങ്ങിയ വഴക്കുകൾ വലുതായി വന്നു. രണ്ടാനമ്മ ഞങ്ങളെ അന്യരായി കാണാൻ തുടങ്ങി. പപ്പയുമായി വഴക്ക് പതിവായി. അമ്മ തയ്ക്കുന്നുണ്ടായിരുന്നു. അതു സംബന്ധിച്ചും വീട്ടിൽ പ്രശ്നങ്ങളുണ്ടായി. അമ്മ ഞങ്ങളോട് മിണ്ടാതായി. വീട്ടിലെ ജോലികളും പറമ്പിലെ പണികളുമെല്ലാം ഞാനും അനിയത്തിയും ചെയ്യണം. ആടിനെയും പശുവിനെയുമൊക്കെ നോക്കണം. എല്ലാ ജോലിയും കഴിഞ്ഞു വേണം പഠിക്കാൻ. ഒരു പാട് കഷ്ടപ്പാടുകൾ ഞാനും അനിയത്തിയും അനുഭവിച്ചു. അനിയത്തി കുഞ്ഞായിരുന്നു. എങ്കിലും, ആ ചെറിയ ജീവിതത്തിൽ അവളും ഒത്തിരി സങ്കടം അനുഭവിച്ചു തീർത്തു. എത്ര ജോലി ചെയ്താലും പഠിത്തം നഷ്ടപ്പെടരുതെന്ന് പപ്പ പറയും. ആ സാഹചര്യങ്ങൾക്കിടയിലും നന്നായി പഠിക്കാൻ ഞാൻ ശ്രമിച്ചു.

ഹൈസ്കൂളിലെത്തിയപ്പോൾ സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റിൽ (എസ്പിസി) ഞാൻ ചേർന്നു. അധ്യാപകരാണ് അതിനു പ്രചോദനം നൽകിയത്. പരേഡും ക്യാംപുകളും കായിക പ്രകടനങ്ങളുമൊക്കെയുണ്ടാകും. വർഷത്തിൽ കുറേ ക്ലാസുകളും. കുട്ടികൾക്കായി ഉയർന്ന ഉദ്യോഗസ്ഥരുടെ പ്രഭാഷണങ്ങളും. ഒമ്പതാം ക്ലാസിൽ സ്റ്റേറ്റ് ക്യാംപ് ഉണ്ടാകും. കുട്ടികളെ നല്ലവരാക്കി തീർക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. ഓരോ ക്യാംപും ഓരോ അനുഭവങ്ങളായിരുന്നു. എസ്പിസിയിൽ ചേർന്നത് എനിക്ക് വീട്ടിലെ ദുഃഖങ്ങൾ മറക്കാൻ പ്രചോദനമായി.

വീട്ടിലെ വഴക്ക് കൂടിക്കൂടി വന്നു. ഞങ്ങളുടെ അമ്മയുടെ മരണം പപ്പയുടെ മനസ്സിലുണ്ടാക്കിയ മുറിവ് വലുതായി. പപ്പ മദ്യപാനവും തുടങ്ങി. പണിക്കു പോകും. എന്നാലും പണം പല വഴിക്കു ചെലവാക്കും. അതു മൂലം സാമ്പത്തിക പ്രശ്നങ്ങളുമുണ്ടായിരുന്നു. വഴക്ക് കൂടിയതോടെ അമ്മ ഞങ്ങളോട് ഒട്ടും മിണ്ടാതായി. കഞ്ഞി വയ്ക്കാതെയായി. അമ്മ പണിക്കു പോകും. ഞങ്ങൾ എല്ലാ വീട്ടു പണികളും ചെയ്തു.

അഞ്ജനി അഞ്ജനി. ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

പപ്പയുടെ മനസ്സിൽ എങ്ങനെയോ ഒരു ചിന്ത കടന്നു കൂടി. അനിയത്തി ജനിച്ചു കഴിഞ്ഞ് ഉടനെയാണല്ലോ അമ്മയുടെ മരണം. അതുകൊണ്ട്, അമ്മയുടെ മരണത്തിന്റെ ഉത്തരവാദി അനിയത്തിയാണ് എന്നായിരുന്ന പപ്പയുടെ വിചാരം. പപ്പ റബർ ടാപ്പിങ്ങിനു പോകുമായിരുന്നു. ആ കത്തി കൈയിൽ പിടിച്ച് ഭീഷണിയുടെ സ്വരത്തിൽ ഇടയക്കിടയ്ക്ക് ബഹളം കൂട്ടും. അങ്ങനെയും വഴക്കുകൾ പലവട്ടം ഉണ്ടായിട്ടുണ്ട്. അച്ഛന്റെ സ്വഭാവം മാറുന്നു എന്നു തോന്നിയാലുടൻ പലപ്പോഴും ഞങ്ങൾ ഓടി അയൽ വീടുകളിൽ പോയൊളിച്ചിരുന്നിട്ടുണ്ട്.

ദുരന്തം കാത്തിരുന്ന ദിനം‌

2014 നവംബർ13. ആ ദിവസം ഞാൻ മറക്കാൻ ശ്രമിക്കുകയാണ്. വൈകുന്നേരം സ്കൂൾ വിട്ട് ഞാനും അനിയത്തിയും നടന്നു തളർന്നു വന്നപ്പോൾ പപ്പയും രണ്ടാനമ്മയും തമ്മിൽ വലിയ വഴക്കാണ്. ആടിനെ വിറ്റ പണത്തിന്റെ കണക്ക് അമ്മ പപ്പയോട് ചോദിച്ചതാണത്രേ തുടക്കം. വീട്ടിലെ ജോലി കഴിഞ്ഞിട്ടുളള സമയത്തേ തയ്ക്കാവൂ എന്ന് പപ്പ അമ്മയോട് പറഞ്ഞിരുന്നു. അമ്മ തയ്ച്ച തുണികളൊക്കെ പപ്പ വലിച്ചു മുറ്റത്തിട്ടിരിക്കുന്നു. മദ്യപിച്ചു ലക്കുകെട്ട് പപ്പ അമ്മയെ തല്ലി. ഞങ്ങൾക്കും കിട്ടി ഒരുപാട് തല്ല്. അമ്മ ബോധം കെട്ട് വീണു. ഇളയ മോനെയും കൊണ്ട് ഞാൻ മുറിക്കകത്തു കയറിയപ്പോഴേക്കും പപ്പ അങ്ങോട്ടു വന്നു. ബോധം വന്ന അമ്മ മോനെയുമെടുത്ത് ഓടി രക്ഷപ്പെട്ടു.

പപ്പ പുറത്തു പോയിട്ട് വീണ്ടും വന്നു. ‘എവിടെ മോൻ’ എന്നു ചോദിച്ചു. എന്നെയും അനിയത്തിയെയും അടിക്കാൻ തുടങ്ങി. ഞാനും അനിയത്തിയും വീട്ടിൽ നിന്നിറങ്ങി ഓടി. ഒരു ഇറക്ക ത്തിന്റെ താഴെയാണ് വീട്. വഴിയിലെത്താൻ കുറേ ദൂരം പോകണം. അകത്തു പോയി വീണ്ടും മദ്യപിച്ചു കത്തിയുമെടുത്തു പിന്നാലെ വന്നു. ഞങ്ങൾ റോഡിലെത്തിയപ്പോഴേക്കും പപ്പ ഓടി ഒപ്പമെത്തി. അയൽക്കാരൊക്കെ കണ്ടു നിൽക്കുകയായിരുന്നു. എല്ലാവർക്കും ഇടപെടാൻ േപടിയായിരുന്നു. പപ്പ ഞങ്ങളെ വഴിയിലിട്ടു തന്നെ കുറേ അടിച്ചു. എന്നിട്ട്, അനിയത്തെയെയും വലിച്ചെടുത്തു കൊണ്ട് തിരിച്ച് വീട്ടിലേക്ക് ഓടി. ഞാൻ ഉച്ചത്തിൽ കരഞ്ഞു.

ഇത്തരം അവസരങ്ങളിലൊക്കെ ഞാൻ പപ്പേടെ അനിയന്മാരെ ആയിരുന്നു വിളിക്കാറ്. അടുത്തുളള ഒരു സ്ത്രീയോട് മൊബൈൽ ഫോൺ ചോദിച്ചിട്ട് അവർ തന്നില്ല. പിന്നെയും കരഞ്ഞുകൊണ്ട് ഞാൻ ഓടി. കൂടെ പഠിക്കുന്ന ഒരു കുട്ടിയുടെ വീട്ടിലെത്തി. അവിടുത്തെ ഫോണിൽ നിന്ന് അധ്യാപകരെ വിളിച്ചു വിവരം പറഞ്ഞു. അവർ എന്നെ വീട്ടിലേക്കു പോകാൻ സമ്മതിച്ചില്ല. എന്നെ മുറിയിൽ പൂട്ടിയിട്ടു.

നടന്നതൊക്കെ പിറ്റേന്നാണ് അറിഞ്ഞത്. പപ്പ അനിയത്തിയെ കെട്ടിത്തൂക്കിയിട്ട് തൂങ്ങി മരിച്ചിരുന്നു. നാട്ടുകാർ ചെല്ലുമ്പോഴേക്കും പപ്പ തൂങ്ങിയിരുന്നത്രേ. അനിയത്തി മരിച്ചിരുന്നില്ല, അവളെ ഹോസ്പിറ്റലിലാക്കി. അവളെ തിരിച്ചു കിട്ടണേയെന്ന് ഞാൻ ദൈവങ്ങളോടു കരഞ്ഞു പ്രാർഥിച്ചു. പക്ഷേ, അവളും എന്നെ വിട്ടു പോയി. ഞാൻ തനിച്ചായി. പപ്പ എടുത്തു കൊണ്ടോടിയപ്പോൾ അവൾ പേടിച്ച് ബോധം കെട്ടിരുന്നത്രേ. മദ്യലഹരിയിൽ, അവൾ മരിച്ചെന്നു കരുതിയ പപ്പ അവളെ കെട്ടിത്തൂക്കുകയായിരുന്നു.

താങ്ങും തണലുമായി വന്നവർ

കരഞ്ഞു തളർന്ന് എത്ര ദിവസങ്ങൾ! സ്കൂളിലെ കൂട്ടുകാരും അധ്യാപകരുമാണ് ആശ്വാസത്തിന്റെ കൈത്താങ്ങുമായി വന്നത്. മുനിയറയിലെ പപ്പയുടെ തറവാട്ടിലേക്ക് എന്നെ കൊണ്ടുപോയി. പത്താം ക്ലാസ് കഴിഞ്ഞ് കെട്ടിച്ചു വിടാമെന്ന് അമ്മ പറഞ്ഞു. എന്നെ ആരു നോക്കുമെന്നതിന്റെ പേരിൽ വഴക്കായി വീട്ടിൽ. പത്താം ക്ലാസിൽ നല്ല മാർക്ക് വാങ്ങുകയാണെങ്കിൽ തുടർന്നു പഠിപ്പിക്കാൻ തയാറാണെന്ന് നാട്ടിലെ എസ്എൻഡിപി സംഘടന അറിയിച്ചു. അവരാണ് എന്നെ ആദ്യം സഹായിക്കാൻ മുന്നോട്ടു വന്നത്. അവർ മാസം തോറും കുറച്ച് പണം തന്നു.

വീണ്ടും സ്കൂളിൽ പോയിത്തുടങ്ങി. സ്റ്റുഡന്റ് പൊലീസ് കെഡറ്റിന്റെ ജില്ലാ ക്ലാസിൽ ആയിടെ ഞാൻ പങ്കെടുത്തു. ആരാകാനാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ പഠിച്ച് ഡോക്ടർ ആകാനാണ് മോഹമെന്ന് അവിടെ വച്ച് ഞാൻ പറഞ്ഞിരുന്നു. അന്നവിടെ ഡിഐജി പി. വിജയൻ ഐപിഎസ് സാർ വന്നിരുന്നു. ഡിവൈഎസ്പി സജി സാർ എന്റെ കാര്യങ്ങളും അവസ്ഥകളും ഒക്കെ വിജയൻ സാറിനോട് പറ‍ഞ്ഞു. അതറിഞ്ഞ് അദ്ദേഹം എന്റെ വിദ്യാഭ്യാസം സ്പോൺസർ ചെയ്യാൻ മുന്നോട്ടു വന്നു. ദൈവത്തിന്റെ സ്ഥാനമാണ് എന്റെ മനസ്സിൽ വിജയൻ സാറിന്.

ആ നാട്ടിൽ നിന്ന് മാറണമെന്നും നന്നായി പഠിക്കണമെന്നുമായിരുന്നു എന്റെ മോഹം. അങ്ങനെയാണ് കഴിഞ്ഞ വർഷം മേയിൽ തൃശൂരിലെ സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ പത്താം ക്ലാസിൽ ചേർന്നത്. വിജയൻ സാർ വഴി, പിസി തോമസ് സാറിന്റെ എൻട്രൻസ് കോച്ചിങ് സെന്ററിലും പ്രവേശനം ലഭിച്ചു. പത്താം ക്ലാസിൽ ഫുൾ എ പ്ലസ് കിട്ടിയപ്പോൾ പിസി തോമസ് സാർ പറഞ്ഞു : ‘‘ഇവൾ നമ്മളെ ചതിച്ചില്ല. ഇവളുടെ പേരിലെനിക്ക് അഹങ്കരിക്കാം.’’‌‌

അഞ്ജനി കോച്ചിങ് സെൻററിലെ കൂട്ടുകാരികൾക്കൊപ്പം അഞ്ജനി കോച്ചിങ് സെൻററിലെ കൂട്ടുകാരികൾക്കൊപ്പം

ഇവിടെ വന്ന സമയത്ത് എനിക്കുറക്കം വരില്ലായിരുന്നു. വീട്, പപ്പ, അമ്മ , അനിയത്തി. എന്റെ ഗ്രാമം എല്ലാം ഓർമ വരും. ഞാൻ പഠിച്ച സ്കൂൾ, അവിടുത്തെ കൂട്ടുകാർ, നല്ല അധ്യാപ കർ! മറ്റു കുട്ടികൾ അച്ഛൻ, അമ്മ എന്നൊക്കെ പറയുമ്പോൾ എനിക്ക് ആരുമില്ലല്ലോ എന്ന് സങ്കടം വരും. ഇവിടുത്തെ ഒരു അധ്യാപകന്റെ മകളെ കാണുമ്പോൾ എന്റെ അനിയത്തിയെ പോലെ തോന്നും. അഞ്ചാം ക്ലാസിൽ പഠിക്കുന്ന പ്രായത്തിലാണ് അവളെ നഷ്ടപ്പെട്ടത്.....

പതുക്കെ ഞാൻ ദുഃഖങ്ങൾ ഉളളിലൊതുക്കി. കാൻസർ വന്ന് അമ്മ മരിച്ച കുട്ടികളൊക്കെ ഇവിടെയുണ്ട്. അങ്ങനെയുളള കുട്ടികളുടെ സങ്കടങ്ങളിൽ ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അവർക്ക് എന്നെ കുറിച്ച് അധികം അറിയില്ല. പക്ഷേ, എനിക്ക് അവരുടെ വേദനകൾ അറിയാം.

ഇന്നെനിക്കൊരു സ്വപ്നമുണ്ട്

അന്ന് ഞാനും വീട്ടിലേക്ക് തിരികെ പോയിരുന്നെങ്കിൽ എന്റെ ജീവിതവും അവസാനിച്ചേനേ. ദൈവം എന്റെ ജീവിതം തിരികെ തന്നതിനു പിന്നിൽ എന്തെങ്കിലും ലക്ഷ്യം ഉണ്ടാവുമെന്ന് ഞാൻ കരുതുന്നു. എംബിബിഎസ് എടുത്ത് ഡോക്ടർ ആയ ശേഷം ഐപിഎസ് നേടണം– അതാണെന്റെ സ്വപ്നം. എനിക്കത് ആയേ തീരൂ. കാരണം, വളരെയേറെ പേരുടെ സ്നേഹവും പിന്തുണയും കൊണ്ടാണ് ‍ഞാനിവിടെ എത്തിയത്. പണിക്കൻകുടി സ്കൂളിലെ ഹെഡ്മാസ്റ്റർ ഷെല്ലി സാർ, ഭാവന ടീച്ചർ, സെബി സാർ, ഷൈജു സാർ, എസ്പിസിയിലെ സജി സാർ, സുരേഷ് സാർ, മോഹൻ സാർ, സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ ഷമ്മി ടീച്ചർ... പപ്പയുടെ അമ്മ, എന്റെ കൂട്ടുകാരികൾ സിൻഡ്രല്ല, അലീന.. ഒരുപാട് പേരോട് വലിയ കടപ്പാടുണ്ട്. അവധി കിട്ടുന്ന സമയത്ത് ഞാൻ മുനിയറയിൽ പോകും. കുറച്ച് ദിവസം അവിടെ താമസിക്കും. അനിയൻ ആകാശ് ഇപ്പോൾ എൽകെജിയിലായി. അവനെ നന്നായി പഠിപ്പിക്കണമെന്നതും ഇന്നെന്റെ മോഹമാണ്.

എന്നെപ്പോലെ വേദനകളനുഭവിക്കുന്ന ഒരു പാടു കുട്ടികൾ കാണും. ടീച്ചേഴ്സും പൊലീസ് ഉദ്യോഗസ്ഥരുമൊക്കെ എത്ര കരുതലോടെയാണ് എന്നെ താങ്ങിയത്! അതേ കരുതലോടെ, സ്നഹത്തോടെ സമൂഹത്തിലെ നൊമ്പരപ്പെടുന്നവരെയെല്ലാം സഹായിക്കണമെന്നാണ് മോഹം. എന്നെപ്പോലെ ഒരു പെൺകുട്ടിയുമിനി കരയാൻ പാടില്ല.