Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശപ്പിന്റെ വിളികേൾക്കാൻ ശ്രീവല്ലിയുണ്ട്

 ശ്രീവല്ലി ശ്രീവല്ലി

വിശന്നവയറിന്റെ വിളികേൾക്കാൻ പറ്റുന്നതു രണ്ടു പേർക്കാണ്, വീട്ടമ്മയ്ക്കും ഭക്ഷണം കച്ചവടം നടത്തുന്ന ഒരാൾക്കും. മുന്നിൽ വന്നു നിൽക്കുന്ന ഒരാളുടെ കണ്ണിൽ നോക്കിയാൽ അറിയാം ഉള്ളിലെ വിശപ്പിന്റെ തീവ്രത. മലപ്പുറം ജില്ലയിൽ പത്തപ്പിരിയം മഠത്തിൽ വീട്ടിൽ ടി. ശ്രീവല്ലി ഇതു രണ്ടുമാണ്. വിശപ്പിന്റെ രുചി നന്നായി അറിയാവുന്ന വീട്ടമ്മയും, വിശക്കുന്നവന് ആഹാരം നൽകുന്ന ചായക്കടക്കാരിയും. 23 വർഷമായി എടവണ്ണ ബസ്സ്റ്റാൻഡിൽ മിൽമ ബൂത്തും ചായക്കടയും നടത്തുകയാണു ശ്രീവല്ലി. വിശന്നു വരുന്ന പാവപ്പെട്ട അമ്മമാർ, രോഗികൾ, പ്രായമായവർ തുടങ്ങി നിർധനരായ ആർക്കും ശ്രീവല്ലിയുടെ ചായക്കടയിൽ നിന്നു ചായയും പലഹാരവും സൗജന്യമാണ്.

വീട്ടുകാര്യങ്ങൾ ഭംഗിയായി കൈകാര്യം ചെയ്യുന്നതിനോടൊപ്പം, പഠനത്തിലും അറിവു സമ്പാദിക്കുന്നതിനും സ്വന്തമായി ഉണ്ടാക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം പാവപ്പെട്ടവരെ സഹായിക്കാൻ മാറ്റിവച്ചുമൊക്കെ സ്വന്തം ജീവിതത്തിനും തനിക്കു ചുറ്റുമുള്ള മറ്റുള്ളവരുടെ ജീവിതത്തിനും നിറം പകരുകയാണ് ഈ വീട്ടമ്മ. വീട്ടിലെ പ്രധാനവാതിലിനു മുന്നിൽ സന്ദർശകരെ സ്വാഗതം ചെയ്തു കൊണ്ട് ശ്രീവല്ലി എഴുതി വച്ച ബോർഡ് ഇങ്ങനെയാണ്: ‘സ്വപ്നം കാണുക, സ്വപ്നങ്ങൾ ചിന്തകളായി മാറും, ചിന്തകൾ നന്മയിലേക്കു നയിക്കും’. കഷ്ടപ്പാടും ദാരിദ്ര്യവും നിറഞ്ഞ ബാല്യകാലത്തിൽ നിന്നു സ്വപ്നം കാണാൻ പഠിച്ചതാണു തന്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങൾക്കും കാരണം എന്നു ശ്രീവല്ലി പറയുന്നു.

സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ അഞ്ചുമക്കളിൽ മൂത്തകുട്ടിയായിരുന്നു ശ്രീവല്ലി. അമ്മ നേരത്തേ മരിച്ചുപോയി. ഇളയ സഹോദരങ്ങളുടെ അമ്മയുടെ വേഷം ഏറ്റെടുത്ത് ചെറിയ പ്രായത്തിൽ തന്നെ ശ്രീവല്ലി ഒരു വീട്ടുകാരിയായി. മഞ്ചേരി എൻഎസ്എസ് കോളജിൽ നിന്നു പ്രീഡിഗ്രിയും ടൈപ്പ് റൈറ്റിങ് ലോവറും ഫസ്റ്റ് ക്ലാസോടെ പാസ്സായിരിക്കുമ്പോഴായിരുന്നു വിവാഹം. ഭർത്താവ് രാമചന്ദ്രൻ സർക്കാർ സർവീസിൽ ഡ്രൈവറായിരുന്നു. സ്വന്തം കാലിൽ നിൽക്കണമെന്ന സ്വപ്നം കുട്ടിക്കാലം മുതൽ മനസ്സിൽ ശക്തമായി ഉണ്ടായിരുന്നു. സർക്കാർ ജോലിക്ക് അപേക്ഷ അയച്ചു കാത്തിരിക്കാതെ, വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത വർഷം എടവണ്ണ ടൗണില്‍ ചെറിയൊരു ചായക്കട തുടങ്ങി. എടവണ്ണയിലെ ആദ്യത്തെ വനിതാ ചായക്കട.

വർഷങ്ങളായി ശ്രീവല്ലിയുടെ ദിവസം ആരംഭിക്കുന്നത് അഞ്ചു മണിക്കാണ്. ഒരു ദിവസത്തേയ്ക്കു വേണ്ട ഭക്ഷണം മുഴുവൻ ഉണ്ടാക്കിയതിനു ശേഷം കടയിലേക്കുള്ള പലഹാരങ്ങൾ ഉണ്ടാക്കും. കുട്ടിക്കാലത്ത് ഏക മകൾ ആതിരയെ സ്കൂളിൽ കൊണ്ടു ചെന്നു വിട്ടതിനു ശേഷമാണു കടയിൽ പോയിരുന്നത്. തിരിച്ചു കൊണ്ടു വരുന്നതും ശ്രീവല്ലി തന്നെ.

ജലക്ഷാമം നേരിടുന്ന പ്രദേശമായതിനാൽ അടുക്കളത്തോട്ടം ഉണ്ടാക്കാനുള്ള പരിശ്രമങ്ങൾ പലപ്പോഴും പരാജയപ്പെടാറാണു പതിവെന്ന് ശ്രീവല്ലി പറയുന്നു. ഇപ്പോൾ പടവലം, മഞ്ഞൾ, ഇഞ്ചി, ചേന, ചേമ്പ്, കപ്പ, പപ്പായ, മുരിങ്ങ, വാഴ തുടങ്ങിയവയെല്ലാം വളർത്തുന്നുണ്ട്. വീട്ടാവശ്യത്തിനു പ്രധാനമായും ഇതൊക്കെയാണ് ഉപയോഗിക്കുന്നത്. തൊട്ടടുത്തു ക്ഷേത്രമുള്ളതുകൊണ്ട് ഇറച്ചിയും മീനും മുട്ടയുമൊന്നും അധികം ഉപയോഗിക്കാറില്ല. ചെലവു ചുരുക്കാനുള്ള ഒരു മാർഗം ഇതാണ്. വൈദ്യുതി ഉപയോഗം നിയന്ത്രിച്ചും ഗ്യാസിനു പകരം വിറകടുപ്പ് ഉപയോഗിച്ചും ചെലവു ചുരുക്കുന്നു.

വീടും പറമ്പും രണ്ടുനേരം അടിച്ചു വൃത്തിയാക്കുകയും ജൈവ മാലിന്യങ്ങൾ വളമാക്കി, മറ്റു മാലിന്യങ്ങൾ കത്തിച്ചു കളയുകയുമാണു പതിവ്. പ്ലാസ്റ്റിക് കത്തിക്കാറില്ല എന്നും അതിന്റെ ആരോഗ്യപ്രശ്നത്തെക്കുറിച്ചു താൻ നല്ല ബോധവതിയാണെ ന്നും ശ്രീവല്ലി.

കുട്ടിക്കാലത്ത് ഒരു നാട്ടുവൈദ്യന്റെ സഹായിയായി നിന്ന് അദ്ദേഹത്തിന് ഔഷധസസ്യങ്ങൾ ശേഖരിച്ചു കൊടുക്കാറുണ്ടായിരുന്നു ശ്രീവല്ലി. അന്നു കിട്ടിയ നാട്ടറിവാണ് ഇന്നും കുടുംബാംഗങ്ങളുടെ ആരോഗ്യത്തിനു ശ്രീവല്ലി ആദ്യം പ്രയോഗിക്കാറുള്ളത്. ഭർത്താവിനു ഷുഗർ, പ്രഷർ, കൊളസ്ട്രോൾ കി‍ഡ്നി രോഗം തുടങ്ങിയവയുണ്ടെന്നും, പച്ചമരുന്നു നൽകി പലതിനും പരിഹാരം കണ്ടിട്ടുണ്ടെന്നും ശ്രീവല്ലി പറയുന്നു. കാലിലെ നീരു പോകാൻ കറുക, കൂവളം എന്നിവ അരച്ചു രാവിലെ കൊടുക്കുന്നു. ഷുഗർ കുറയാൻ പേരയ്ക്ക ഇലയിട്ടു തിളപ്പിച്ച വെള്ളമാണു കുടിക്കാൻ കൊടുക്കുക. ഷുഗർ നില വളരെ കൂടുതലായാൽ ഉലുവയും മഞ്ഞള്‍പ്പൊടിയും രാത്രി വെള്ളത്തിലിട്ടു കുതിർത്ത് അരച്ചു ഭർത്താവിനു നൽകും. മോളുടെ മുടിയുടെ സംരക്ഷണത്തിനു ചെമ്പരത്തിപ്പൂവ്, കറിവേപ്പില, കറ്റാർവാഴ, കഞ്ഞുണ്ണി എന്നിവയെല്ലാം ഇട്ടു കാച്ചിയ എണ്ണയും ശ്രീവല്ലി ഉണ്ടാക്കുന്നു. സോപ്പ് നിർമ്മാണം പഠിച്ചതുകൊണ്ട്, വീട്ടിൽ തന്നെ ഹെർബൽ സോപ്പും ഉണ്ടാക്കുന്നു.

ശ്രീവല്ലിയും കുടുംബവും ശ്രീവല്ലി കുടുംബത്തോടൊപ്പം

മകൾ ആതിര ഇപ്പോൾ ഗവൺമെന്റ് മെഡിക്കൽ കോളജിൽ നഴ്സാണ്. മകളുടെ പഠനകാര്യത്തിൽ മാത്രമല്ല, സ്വന്തം അറിവുകൾ വർധിപ്പിക്കാനും ശ്രീവല്ലി സമയം കണ്ടെത്താറുണ്ട്. വിപുലമായ പുരാവസ്തു ശേഖരം അതിന്റെ ഭാഗമാണ്. മാത്രമല്ല, നാൽപതു വയസ്സിനു ശേഷം അഞ്ചിലേറെ ഷോർട് ടേം കംപ്യൂട്ടർ കോഴ്സുകൾ പഠിച്ചു ഫസ്റ്റ് ക്ലാസോടെ പാസായിട്ടുണ്ട്. ടെയ്‌ലറിങ്, ബുക്ക് ബൈന്റിങ്, സോപ്പ് നിർമാണം, സ്ക്രീൻ പ്രിന്റിങ്, പേപ്പർ കവർ നിർമാണം, കരകൗശലവസ്തുക്കളുടെ നിർമാണം തുടങ്ങിയവയെല്ലാം പഠിച്ചിട്ടുണ്ട്. പൊതുവിജ്ഞാനം വർധിപ്പിക്കാൻ പ്രത്യേക താൽപര്യമുള്ള ശ്രീവല്ലി, രാത്രി 11–12 മണി വരെ പുസ്തകങ്ങൾ വായിക്കാറുമുണ്ട്. വായിക്കുമ്പോൾ മറക്കാതിരിക്കാൻ, കൈവെള്ളയിലും കൈ മുട്ടിനു താഴെയുമൊക്കെ എഴുതിയിടും. പാചകം ചെയ്യുമ്പോഴും മറ്റു വീട്ടുപണികൾ ചെയ്യുമ്പോഴുമൊക്കെ ഓർക്കാനാണ് ഇത്. ജി.എസ്.പ്രദീപ് അവതാരകനായ ഒരു ടെലിവിഷൻ പൊതുവിജ്ഞാന പരിപാടിയിൽ മത്സരിച്ചു ജയിച്ചിട്ടുമുണ്ട്.

മകളുടെ ഭര്‍ത്താവ് അജിത് ജലസേചന വകുപ്പിൽ ഉദ്യോഗസ്ഥനാണ്. പിഎസ് സി കോച്ചിങ് ക്ലാസ് നടത്താറുള്ള അജിത്തിനു ശ്രീവല്ലിയുടെ പൊതുവിജ്ഞാനത്തെക്കുറിച്ചു മനസ്സിലായപ്പോൾ അദ്ഭുതമായിരുന്നു എന്നു പറയുന്നു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വനിത എന്ന നിലയിൽ 2013–ലെ വനിതാദിനത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ശ്രീവല്ലിയെ പുരസ്കാരം നൽകി ആദരിച്ചിട്ടുമുണ്ട്. പത്തപ്പിരിയം റൂറൽ അർബൻ ബാങ്കിന്റെ ഡയറക്ടർ കൂടിയാണു ശ്രീവല്ലി.

പുരാവസ്തുക്കളുടെ ഉപാസക

ശ്രീവല്ലിയുടെ അപൂർവ പുരാവസ്തു ശേഖരങ്ങളക്കുറിച്ച് ഒന്നിലേറെ തവണ പത്രങ്ങളിലും ടിവിയിലും വാർത്തകൾ വന്നിട്ടുണ്ട്. വീട്ടമ്മയുടെയും സംരംഭകയുടെയും റോളിൽ തിളങ്ങുമ്പോഴും തന്റെ ബാല്യകാല കൗതുകം വർഷങ്ങൾക്കു ശേഷവും സജീവമായി തുടരാനും അതിനായി സമയം നീക്കിവയ്ക്കാനും ശ്രീവല്ലിക്കു കഴിയുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണു കൗതുകം തോന്നുന്ന വസ്തുക്കൾ ശേഖരിച്ചു വയ്ക്കുന്ന ശീലം ശ്രീവല്ലി തുടങ്ങിയത്. 52–ാം വയസ്സിലും ആ ശീലം തുടരുന്നു. അപൂർവ വസ്തുക്കൾ കൊണ്ടു നിറഞ്ഞ വളരെ വിപുലമായ പുരാവസ്തു ശേഖരമാണ്. ലോകത്തിലെ മഹാൻമാരുടെ ചരിത്രം, അവരുടെ ജനനസ്ഥലത്തിന്റെ വിവരങ്ങളും ചിത്രങ്ങളും ആയിരത്തിലധികം ഔഷധ വിത്തുകൾ. 1600 വരുന്ന ഔഷധ ഇലകൾ, കേരളത്തിലെ 14 ജില്ലകളിലെ മണ്ണ് തുടങ്ങി ഏബ്രഹാം ലിങ്കന്റെ വാച്ചിലെ രഹസ്യ ലിഖിതത്തിന്റെ ചിത്രം വരെ ശ്രീവല്ലിയുടെ ശേഖരത്തിലുണ്ട്. പല എക്സിബിഷനുകളിലും പങ്കെടുക്കാറുണ്ട്. മലപ്പുറം ന്യൂമിസ്മാറ്റിക് സൊസൈറ്റിയിലെ (പുരാവസ്തു ശേഖരം ഉള്ളവരുടെ) ഏക വനിതാ അംഗമാണ്.

അശരണരോടും രോഗികളോടും ദയ

വീട്ടിനടുത്തുണ്ടായിരുന്ന ഒരു ഹോമിയോ ചികിത്സാ കേന്ദ്രത്തിൽ എത്തിയിരുന്ന നിർധനരായ രോഗികൾക്കു പലപ്പോഴും ചികിത്സാ സഹായവും ആഹാരവും നൽകിയിരുന്നത് ശ്രീവല്ലി യായിരുന്നു. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ നിരാലംബയായ ഒരു അമ്മയുടെ ചിത്രം ഇപ്പോഴും ശ്രീവല്ലിയുടെയും മകൾ ആതിരയുടെയും മനസ്സിലുണ്ട്. ആറു വർഷം മുൻപാണ്, കഴുത്തിലെ ഞരമ്പുകൾക്കു ക്ഷതം സംഭവിച്ചതിനെത്തുടർന്നാണ് ഇരുകാലുകളുടെയും സ്വാധീനം നഷ്ടമായ ഒരു സ്ത്രീ മൂന്നു ചെറിയ മക്കളെയും കൊണ്ട് ആശുപത്രിയിൽ ചികിത്സയ്ക്കെ ത്തിയത്. രണ്ടു മാസത്തെ ചികിത്സയാണു ‍ഡോക്ടർ പറഞ്ഞത്. എട്ടാം ക്ലാസിൽ പഠിക്കുന്ന മൂത്ത കുട്ടി പഠിത്തം പോലും നിർത്തിയിട്ടാണ് അമ്മയുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ വന്നു നിൽക്കുന്നത്. നിരാലംബരും നിസ്സഹായരുമായ അവരുടെ കഥ അറിഞ്ഞു ദിവസം മൂന്നു നേരം ആഹാരം നൽകിയിരുന്നത് ശ്രീവല്ലിയായിരുന്നു. ഇത് ഒരു ഉദാഹരണം മാത്രം.

‘രോഗികൾ, ജോലിക്കു പോകാൻ പറ്റാത്തവർ, അംഗവൈകല്യം സംഭവിച്ചവർ വൃദ്ധർ തുടങ്ങി നിരാലംബരായ ആൾക്കാരെ കാണുമ്പോൾ, എന്തു കൊണ്ടോ എനിക്ക് എന്റെ കുട്ടിക്കാലം ഓർമ വരും. അവരോടു പാവം തോന്നി, സൗജന്യമായി ആഹാരം കൊടുക്കും. എടവണ്ണ പഞ്ചായത്ത് 2016 ല്‍ യാചകരഹിത പഞ്ചായത്തായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതു കൊണ്ടു ഭിക്ഷക്കാരെ പഞ്ചായത്തിൽ അടുപ്പിക്കാറില്ല. എന്നാലും എന്റെ കടയിൽ വരുന്നവരെ ഞാൻ വെറുതെ വിടാറില്ല. പഞ്ചായത്ത് യാചകനിരോധനം ഏർപ്പെടുത്തുന്നതിനു മുൻപ് എന്റെ കടത്തിണ്ണയിൽ തഞ്ചാവൂരിൽ നിന്നുള്ള അണ്ണൻമാരും അവരുടെ ഭാര്യമാരും വന്നു കിടക്കുമായിരുന്നു. അവർക്കു ഞാൻ ആഹാരവും പഴയവസ്ത്രങ്ങളും നൽകുമായിരുന്നു. ഒരിക്കൽ അവർ നാട്ടിൽ പോയി വന്നപ്പോൾ എനിക്കു കുറെ പച്ചനിലക്കടലയും കരിമ്പിൻ തണ്ടുകളും കൊണ്ടു തന്നു. എന്റെ കണ്ണു നിറഞ്ഞു പോയി. അവരെപ്പോലെയുള്ള ആൾക്കാരുടെ സ്നേഹമാണ് എനിക്ക് ഈ ചായക്കടയിൽ നിന്നു കിട്ടുന്ന വലിയ സമ്പാദ്യം,’ ശ്രീവല്ലി പറയുന്നു. കടയിൽ നിത്യവും വരുന്ന ഒരാളുടെ ഭാര്യയ്ക്കു ഹൃദയസംബന്ധമായ രോഗമുണ്ടെന്ന് അറിഞ്ഞു സാമ്പത്തികമായി സഹായിക്കുകയും അദ്ദേഹത്തിന്റെ ഏകമകൾക്കു പഠനത്തിനു വേണ്ടി സാമ്പത്തിക സഹായവും ശ്രീവല്ലി ചെയ്തു കൊടുത്തിട്ടുണ്ട്. എംസിഎയ്ക്കു പഠിക്കുന്ന ആ കുട്ടിക്കു ലാപ്ടോപ് വാങ്ങി ക്കൊടുത്തതു പോലും ശ്രീവല്ലിയാണെന്നു കേട്ടു നിന്നവർ സാക്ഷ്യപ്പെടുത്തുന്നു.


ശ്രീവല്ലിക്കു മാർക്കിടാം

SMS അയയ്ക്കേണ്ട വിധം : ശ്രീവല്ലിക്കു മാർക്കിടാം. STR എന്നു ടൈപ്പ് ചെയ്ത് സ്പേസ് ഇട്ടശേഷം മാർക്ക് ( അതു അക്കത്തിലാവണം. 1,2,3,4,5,6,7,8,9,10 എന്നിവയിൽ ഒരെണ്ണം.) രേഖപ്പെടുത്തി 56767123 എന്ന നമ്പറിലേക്കു SMS ചെയ്യുക. ഉദാഹരണത്തിന് 8 മാർക്കാണു നിങ്ങൾ കൊടുക്കുന്നതെങ്കിൽ STR സ്പേസ് 8. ഇമെയിൽ വിലാസത്തിലും തപാലിലും ഇതേപോലെ മാർക്കിട്ട് അയയ്ക്കാം.

വിലാസം : വീട്ടമ്മ, മനോരമ ആഴ്ചപ്പതിപ്പ്, കോട്ടയം–1 e-mail id : weekly@manorama.com അടുത്തലക്കം വീട്ടമ്മ ; കെ.കെ.സുധർമ അരൂർ

Your Rating: