Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളിയുടെ സൗന്ദര്യ സങ്കൽപ്പങ്ങള്‍ മാറേണ്ടതുണ്ടോ?; അംബികാപിള്ള പറയുന്നു

ambika-pillai അംബികാ പിള്ള.

മലയാളികള്‍ക്ക് ഒരു കള്‍ച്ചറല്‍ ഷോക്ക് ആയിരുന്നു അംബിക പിള്ളയുടെ വരവ്. നമ്മള്‍ അതുവരെ കാണാത്ത, അതുവരെ നമുക്ക് അപരിചിതമായ ഒരു ഫാഷന്‍ മന്ത്രവുമായാണ് മഴവില്‍ മനോരമയുടെ മിടുക്കി എന്ന പരിപാടിയിലൂടെ അംബിക പിള്ള വരുന്നത്. രാജ്യാന്തരതലത്തില്‍ അറിയപ്പെടുന്ന മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ്, ലോകസുന്ദരിയുടെ സ്റ്റൈലിസ്റ്റ് എന്നൊക്കെയുള്ള ടൈറ്റിലുകള്‍ക്ക് അപ്പുറം ഒരു തനി മലയാളിയായി അംബിക പിള്ള സംസാരിക്കുന്നു. 

അംബിക എന്ന മകള്‍, അമ്മ

ലൈഫില്‍ എപ്പോഴും ഞാന്‍ ക്രെഡിറ്റ് മുഴുവന്‍ കൊടുത്തത് അച്ഛനാണ്. ഒരുപക്ഷെ പെൺമക്കള്‍ മിക്കവാറും അങ്ങനെയാണെന്ന് തോന്നുന്നു. അച്ഛനെപ്പോലെയാണ് ഞാന്‍ എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. എങ്ങനെ മറ്റുള്ളവരോട് പെരുമാറണം, നമ്മുടെ സ്റ്റാഫിനെ എങ്ങനെ നോക്കണം, എപ്പോഴും ചിരിയ്ക്കണം എന്നൊക്കെയുള്ളത് അച്ഛനില്‍ നിന്നാണ് പഠിച്ചത്. നോ പ്രോബ്ലം ഗോപി എന്നാണ് അച്ഛനെ പലരും വിളിച്ചുകൊണ്ടിരുന്നത്. ആരെന്തു പ്രശ്നവുമായി വന്നാലും അച്ഛന്‍ പറയും നോ പ്രോബ്ലം. അത് ഫിക്സ് ചെയ്യാവുന്നതല്ലേയുള്ളൂ. ആ ഒരു ആറ്റിറ്റ്യൂഡ് എനിക്കു കിട്ടി. അമ്മയുടെ കയ്യില്‍ നിന്ന് ക്ഷമ. പിന്നെ എല്ലാത്തിനേയും ആര്‍ട്ടിസ്റ്റിക്ക് ലെവലില്‍ കാണുന്ന ഒരു മനസ്സ്. അമ്മ അങ്ങനെയായിരുന്നു. ഒരു ചെറിയ പ്രസന്‍റേഷന്‍ പൊതിഞ്ഞാല്‍ പോലും അതില്‍ ഒരു ഭംഗി കാണും. അമ്മ വളരെ സൈലന്റ് ആയിരുന്നു. അമ്മയാണ് എന്‍റെ ഏറ്റവും അടുത്ത ഫ്രണ്ടും. ഞങ്ങള്‍  നാല്  പെൺമക്കള്‍ ആണ്. ഗോപിക, അംബിക, ദേവിക, രേണുക കൂട്ടത്തില്‍ ഞാന്‍ ഭയങ്കര കുസൃതിയായിരുന്നു. അതൊക്കെ ഒതുക്കി അടുക്കിപ്പെറുക്കി കൊണ്ടു വന്നത് അമ്മയാണ്. പതിനാറു മക്കളില്‍ ഒരാളായിരുന്നു അമ്മ. വലിയ ഫാമിലി. അമ്മ എല്ലാവരെയും ഹെല്‍പ്പ് ചെയ്യും. അതൊക്കെ ഞങ്ങള്‍ മക്കളെ സ്വാധീനിച്ചിട്ടുണ്ട്.

with-daughter മകൾക്കൊപ്പം.

മകള്‍ കവിത ജനിച്ചതേ ഒരു ഡെലിക്കേറ്റഡ്, അമേസിംഗ് കുഞ്ഞായിട്ടായിരുന്നു. കസേരയിൽ ഇരുത്തിയാല്‍ അവിടെത്തന്നെ ഇരുന്നോളും. രാവിലെ വെള്ളയുടുപ്പ് ഇടീച്ചാല്‍ വൈകുന്നെരമായാലും ഒരു പൊട്ടു പോലും കാണില്ല. അമ്മ പറയും ഇത് നിന്റെ മോളാണോ എന്ന്. എന്നെയാണെങ്കില്‍  വെളിയില്‍ ഇറങ്ങി മരത്തില്‍ നോക്കിയിട്ടാണ് അമ്മ  അംബൂ....അംബൂ... എന്ന് വിളിച്ചു കൊണ്ടിരുന്നത്. അത്രയ്ക്ക് വികൃതി! കവി കുഞ്ഞിലേ തന്നെ ഭയങ്കര മര്യാദക്കാരിയായിരുന്നു. എന്‍റെ അമ്മയ്ക്ക് എന്നെ പലതും പഠിപ്പിക്കേണ്ടി വന്നു. എനിക്ക് എന്‍റെ മകളെ അങ്ങനെയൊന്നും പഠിപ്പിയ്ക്കേണ്ടി വന്നിട്ടില്ല. ശരിക്കും ഞാനാണ് അവളുടെ മകള്‍ എന്നു തോന്നും. പലതും ഞാനിപ്പോൾ അവളില്‍ നിന്നാണ് പഠിക്കുന്നത്. അവള്‍ ഓര്‍ഗാനിക് ഫാമിംഗ്, ഗ്രീന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, സോളാര്‍ എനർജി എന്നൊക്കെ പറയും ചെയ്യും. എനിക്കാണേല്‍ സ്വിച്ചിട്ടാല്‍ ലൈറ്റ്, പൈപ്പ് തിരിച്ചാല്‍ വെള്ളം അതിനപ്പുറം പറ്റില്ല. എന്‍റെ ലൈഫില്‍ ചേഞ്ച് കൊണ്ടു വന്നത് അവളാണ്. ഓര്‍ഗാനിക് അല്ലാത്ത  വെജിറ്റബിള്‍സ് വേണ്ട അമ്മേ, മാഗി വേണ്ട എന്നൊക്കെ പറഞ്ഞ് നടക്കും ഞാന്‍ അല്ലെങ്കില്‍ എന്‍റെ തലമുറയായിരുന്നു കൂടുതല്‍ വികൃതികള്‍. അമ്മയും കവിയും ഈ രണ്ടു പേരാണ് എന്നെ കാം ചെയ്തിരുന്നത്. എനിയ്ക്ക് ഒ സി ഡി ഉണ്ട്. ഒബ്സസീവ് കമ്പല്‍സീവ് ഡിസോര്‍ഡര്‍..ഒരു കാര്യം ചെയ്യാന്‍ തുടങ്ങിയാല്‍ അല്ലെങ്കില്‍ എന്തെങ്കിലും ഉണ്ടാക്കാന്‍ തുടങ്ങിയാല്‍ എത്ര മണിക്കൂറെടുത്താലും അതു തന്നെ ചെയ്തുകൊണ്ടെയിരിക്കും. കവി വളരെ മെച്വേഡ് ആണ്.

ഈ ജോലിയുടെ രസം എന്താണ്?

ജോലിയിൽ വളരെ ഹാപ്പിയാണ്. എല്ലാരേം സുന്ദരിമാരാക്കുകയാണല്ലോ. വേദനിപ്പിക്കുന്ന ഒരു ജോലിയല്ല ഞാന്‍ ചെയ്യുന്നത്. ഒരു വധുവിനെ ഒരുക്കുമ്പോള്‍ ആ കുട്ടിയുടെ മുഖത്തെ സന്തോഷത്തെയാണ് നമ്മള്‍ കാണേണ്ടത്. പുതിയ കുടുംബം, ആളുകള്‍, ഭര്‍ത്താവ് എത്രമാത്രം സ്വപ്നങ്ങളുള്ള, സന്തോഷമുള്ള ഒരാളാണ് ഒരു ബ്രൈഡ്. ആ സന്തോഷം മുഴുവന്‍ മേക്കപ്പിൽ വരണം എന്നാണ് ഞാന്‍ ആഗ്രഹിയ്ക്കാറുള്ളത്.വേറൊരാള്‍ ഇതെന്താ ഇങ്ങനെ എന്നു ചോദിച്ച് ആ സന്തോഷം കെടുത്തരുത് എന്ന ആഗ്രഹത്തോടെയാണ് ഞാന്‍ ഒരുക്കുന്നത്.

ambika-pillai-with-mom അമ്മയ്ക്കൊപ്പം.

ഒരാളെ നോക്കുമ്പോള്‍ ആദ്യം മുഖത്തേയ്ക്കും മുടിയിലേയ്ക്കുമാണ് നോട്ടം ചെല്ലുന്നത്. ആ ഫസ്റ്റ് ഇംപ്രഷൻ വരുന്ന കാര്യങ്ങളാണ് എന്‍റെ ജോലിയിലുള്ളത്. ഒരാളുടെ സ്കിന്‍, ഫെയ്സ്, കണ്ണുകള്‍.. എല്ലാരും ചോദിക്കും. താരങ്ങളെ മാത്രം മേയ്ക്ക് അപ്പ് ചെയ്യാമല്ലോ. സ്ട്രെസ് ഇല്ലല്ലോ എന്നൊക്കെ. പക്ഷെ .എനിക്ക് ആളുകളെ കാണണം. പല മുഖങ്ങള്‍ കാണണം.. മുപ്പത് വര്‍ഷമായി. നാല്‍പ്പതിനായിരത്തിലധികം മേയ്ക്ക് അപ്പ്. ലക്ഷക്കണക്കിന് ഹെയര്‍കട്ട്സ്. കരിയറിന്റെ നല്ലൊരു ശതമാനവും ഫിനിഷ് ചെയ്തു കഴിഞ്ഞു. ഒരു റിട്ടയര്‍മെന്റ് വേണമെന്ന് തോന്നിത്തുടങ്ങിയിട്ടുണ്ട്. മകള്‍ ബിസിനസ്സിലേയ്ക്ക് വന്നുകഴിഞ്ഞു. ചിലപ്പോള്‍ ഇതായിരിക്കും നല്ല സമയം.

മലയാളിയുടെ സൗന്ദര്യ സങ്കൽപ്പങ്ങള്‍ മാറേണ്ടതുണ്ടോ?

എന്‍റെ അമ്മൂമ്മ ഉണ്ടായിരുന്നപ്പോൾ ആളെപ്പോഴും നല്ല നേര്യതൊക്കെയിട്ട് മിടുക്കിയായിട്ടേ ഇരിയ്ക്കൂ. നടക്കാന്‍ പോയാലും പല കരയുള്ളതൊക്കെ മാറി മാറിയിട്ടോണ്ടാണ് പോകുന്നത്. അതൊക്കെ ഒരു പോസിറ്റീവ് സ്റ്റേറ്റ്മെന്‍റ് ആണ്. എന്‍റെ കാര്യം പറഞ്ഞാല്‍ എനിക്കു തോന്നുന്നത് ഒരു പത്തു വർഷം കഴിഞ്ഞാലും ഞാന്‍ ഇങ്ങനെ തന്നെയായിരിയ്ക്കും എന്നാണ്. ഞാനും ഒരു അമ്മൂമ്മയായി. ചേച്ചിയുടെ മകള്‍ക്ക് കുഞ്ഞുവാവയുണ്ട്. ഇങ്ങനെയുള്ള അമ്മൂമ്മയാകാനാണ് എനിക്ക് ഇഷ്ടം. അല്ലാതെ അമ്മൂമ്മയായാല്‍ അല്ലെങ്കില്‍ അറുപത് കഴിഞ്ഞാല്‍ ഇങ്ങനെ വേണം, അങ്ങനെ വേണം എന്ന് മറ്റുള്ളവര്‍ പറയുന്നതു പോലെ ആയിരിക്കാൻ എനിക്കു പറ്റില്ല. പലരും എന്റടുത്ത് വരാറുണ്ട്. മാം എന്‍റെ മുടി ശരിയല്ല, സ്കിന്‍ ശരിയല്ല എന്നൊക്കെ പറഞ്ഞ്. നമ്മുക്കുള്ളത് എന്താണോ അത് നല്ലതാണ്. മുടി ചുരുണ്ടതാണോ? എല്ലാവരും നീട്ടണമെന്നില്ല. ഒരു കോടി ആളുകള്‍ ഉണ്ടെങ്കില്‍ ഒരു കോടിയും മുടി സ്ട്രൈറ്റ്‌ ചെയ്‌താല്‍ ഒരു ഭംഗിയുമുണ്ടാവില്ല. മുടി ചുരുണ്ടത് പ്രശ്നമല്ല. അത് മാനേജുചെയ്യാന്‍ പഠിയ്ക്കണം എന്നേയുള്ളൂ. എല്ലായ്പ്പോഴും സലൂണിലോ പാര്‍ലറിലോ പോകണമെന്നുമില്ല. വീട്ടില്‍ത്തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍ മനസിലാക്കുക എന്നേയുള്ളൂ. ഇവിടെ വന്നപ്പോ ആകെ എനിക്കു തോന്നിയ ഒരു കാര്യം വാക്സ് ചെയ്യണം എന്ന് എല്ലാരോടും പറയണമെന്നാണ്. കൈ മുഴുവന്‍ രോമവുമായിട്ട് ഒരു രസവുമില്ല. എന്നും തല നനച്ച് കുളിയ്ക്കണ്ട എന്നൊക്കെ പറയണം എന്നുണ്ടെങ്കിലും ഞാന്‍ പറഞ്ഞാല്‍ ശരിയ്ക്കും കള്‍ച്ചറല്‍ ഷോക്ക് തന്നെയാകും!

സ്ത്രീകള്‍ സ്വയം സേയ്ഫ് ആവേണ്ടത് എങ്ങനെ?

നമ്മുടെ ലൈന്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ എപ്പോഴും ഓപ്പണ്‍ ആയിരിയ്ക്കണം. എന്‍റെ ശരീരത്തില്‍ തൊടാന്‍ പാടില്ല എന്ന സ്റ്റേറ്റ്മെന്‍റ് മുഖത്തും ആറ്റിറ്റ്യൂഡിലും ഉണ്ടായിരിയ്ക്കണം. ഉള്ളില്‍ എപ്പോഴും ഹാപ്പിയായിരിയ്ക്കുക. അപ്പോള്‍ അത് മുഖത്തും കാണും. കവി അവളുടെ ഓരോ പ്രായത്തിലും എന്നോട് ഓരോ സംശയങ്ങള്‍ ചോദിയ്ക്കുമായിരുന്നു. അപ്പോഴൊക്കെ വലുതാവട്ടെ എന്നു പറഞ്ഞ് പലതും ഞാന്‍ ഉത്തരമില്ലാതെ മാറ്റി വച്ചിട്ടുണ്ട്. സെക്സ് എന്താണ് ഹോമോ സെക്ഷ്വാലിറ്റി എന്താണ് എന്നൊക്കെ അവള്‍ കൗമാരത്തില്‍ ചോദിച്ചിട്ടുണ്ട്. ഞാന്‍ ഉത്തരം പറയാതെ മാറ്റി വച്ച കാര്യങ്ങളുടെ ഒരു ലിസ്റ്റ് തന്നെ അവളുടെ കയ്യിലുണ്ട്. കുട്ടികളോട് കൂട്ടായിരിയ്ക്കുക, ഓപ്പണ്‍ ആയിരിയ്ക്കുക. അതാണ്‌ വേണ്ടതെന്നാണ് എനിക്കു തോന്നുന്നത്.

വുമണ്‍ഹുഡ് ഒരു സെലിബ്രേഷന്‍?

with-aiswarya-rai ഐശ്വര്യറായിയോടൊപ്പം.

ഒരു ആണ്‍കുട്ടിയെ വേണമെന്ന് എന്‍റെ അച്ഛന്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ നാല് പെണ്‍കുട്ടികളായി. ജീവിതത്തില്‍ ഒരിക്കല്‍പ്പോലും പെണ്ണാവേണ്ടായിരുന്നു എന്നെനിക്കു തോന്നിയിട്ടില്ല. അച്ഛന്‍ പൊന്നു പോലെയാണ് നോക്കിയിട്ടുള്ളത്. ഞാന്‍ എന്താണോ അതില്‍ ഒരുപാട് ഹാപ്പിയാണ്. ഐ ബിലീവ് ഇന്‍ മൈ സെല്‍ഫ്. സ്വന്തം കാലില്‍ നിന്നു. ഒരുപാട് സങ്കടങ്ങള്‍, കഷ്ടപ്പാടുകള്‍ ഉണ്ടായി. ചെറുപ്പത്തില്‍ തന്നെ ഡിവോഴ്സ് ആയി. പിന്നീട് കേരളത്തിന്‌ പുറത്തേയ്ക്കു പോകുമ്പോള്‍ നീ ഇനി ചീത്തപ്പേര് വാങ്ങിച്ച് വയ്ക്കുവോ എന്നൊക്കെ അച്ഛന്‍ ചോദിച്ചിട്ടുണ്ട്. അതങ്ങനെ വാങ്ങാന്‍ പറ്റുന്നതാണോ എന്നൊക്കെ അന്നങ്ങനെ തമാശയ്ക്ക് തോന്നിയെങ്കിലും ആ കാര്യം മനസ്സില്‍ ഇരുന്നു. അതുകൊണ്ടു തന്നെ അവര്‍ക്ക് ദോഷമുണ്ടാക്കുന്ന ഒന്നും ഇതുവരെ ചെയ്തിട്ടില്ല. അച്ഛന് കാഷ്യൂ എക്സ്പോര്‍ട്ട് ആയിരുന്നു. അത് പെണ്‍കുട്ടികള്‍ക്ക് പറ്റുന്ന പണിയല്ല എന്ന ഒരു വിചാരം കൊണ്ട് ഒരു ആണ്‍കുട്ടി ഉണ്ടെങ്കില്‍ ബിസിനസ് ഏല്‍പ്പിയ്ക്കാമായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ട്. അതൊക്കെ എനിക്ക് ദേഷ്യം വന്നിട്ടുണ്ട്. അത് ചെയ്യരുത്,ഇത് ചെയ്യരുത് എന്ന് പറയുന്നത് ചെയ്യാന്‍ തോന്നുമല്ലോ. അങ്ങനെയാണ് ഞാന്‍ ഇങ്ങനൊക്കെയായത്! ഇതേവരെ ഒരു ഉപദ്രവത്തിനും ആരും വന്നിട്ടില്ല. അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നു പറഞ്ഞുവന്നാല്‍ പള്ളീല്‍ പോയി പറയാന്‍ തന്നെ പറയും. ബിലീവ് ഇന്‍ യുവര്‍ സെല്‍ഫ്. ഡെവലപ്പ് സ്കില്‍സ് ടു ബി പോസിറ്റീവ്. ദൈവം തന്ന കഴിവുകള്‍ തിരിച്ചറിയുക. അത് ചിലപ്പോള്‍ കുക്ക് ചെയ്യാനായിരിക്കും. വരയ്ക്കാനായിരിയ്ക്കും. എന്താണെങ്കിലും അത് നന്നായി ചെയ്യുക..

വൈവിധ്യത്തിന്റെ സൗന്ദര്യം? 

എല്ലാവരും മനുഷ്യരാണ്. നമുക്കുള്ള ശരീരം നമ്മുടെ ചോയ്സ് അല്ല. ആളുകള്‍ വിചാരിയ്ക്കും ഹോമോസെക്ഷ്വല്‍  ആണെങ്കില്‍ മരുന്ന് കൊടുക്കണം, മന്ത്രവാദം ചെയ്യണം എന്നൊക്കെ. എനിക്ക് ഗേ-ലെസ്ബിയന്‍ ഫ്രണ്ട്സ് ഉണ്ട്. അവരുടെ സെക്ഷ്വല്‍ ഓറിയന്‍റേഷന്‍ അവരുടെ ചോയ്സ് ആണ്. അതില്‍ എനിക്ക് ഒരു തെറ്റും കാണാനില്ല. എന്‍റെ സ്വന്തം മകള്‍ നാളെയൊരിക്കൽ വന്ന് ഇങ്ങനെയൊരു കാര്യം പറഞ്ഞാലും എനിക്ക് പ്രോബ്ലം ഇല്ല. ഓപ്പണ്‍ യുവര്‍  മൈന്‍ഡ് എന്നേ പറയാനുള്ളൂ. അവര്‍ അങ്ങനെയാണ് ജനിച്ചത്. അതില്‍ ഒരു തെറ്റുമില്ല. എങ്ങനെ ജീവിയ്ക്കണമെന്ന് അവരുടെ ചോയിസ് ആണ്. അവരുടെ ഓണ്‍ ചോയിസ്. ലിവ് യുവര്‍ ലൈഫ്. നാരോ ആകുമ്പോള്‍ പ്രശ്നമാണ്. ഒരാള്‍ വന്ന് ഹോമോ ആയ ഒരാളെ കുറ്റം പറഞ്ഞാല്‍ കുറ്റം പറയുന്നവനെ ഞാന്‍ ആദ്യം അടിയ്ക്കും. നമ്മുടെ സിനിമകളിലും ട്രാന്‍സ് ആളുകളെ എത്ര മോശമായിട്ടാണ് കാണിക്കുന്നത്. ഇവിടെ മാത്രമല്ല ബോളിവുഡിലും അതേ. അവര്‍ക്കൊരു നോര്‍മല്‍ ലൈഫ് ഉണ്ട്. പക്ഷെ സിനിമകളില്‍ അവരെ പോര്‍ട്രെ ചെയ്യുന്നത് വളരെ മോശമായിട്ടാണ്.

ഫാമിലി പേഴ്സന്‍?

നൂറു ശതമാനവും. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ എനിക്ക് ഒരിടത്തും പോകണ്ട. വീട്ടില്‍ ഇരുന്നാല്‍ മതി. ഒരു ട്രൂ മലയാളിയാണ്. എല്ലാം കൊണ്ടും. ഭക്ഷണവും രീതികളും എല്ലാം. പലരും പറയും വണ്ണം കുറയാന്‍ ചപ്പാത്തി ദാല്‍ ഒക്കെ കഴിച്ചോ എന്നൊക്കെ. എനിക്കു ദോശ, ഇഡ്ഡലി ഒന്നുമില്ലാതെ പറ്റില്ല. രാവിലെ എണീറ്റാല്‍ കുക്ക് ചെയ്യും. അത് ഇഷ്ടവുമാണ്. കവി സ്കൂളില്‍ പോകുന്ന സമയത്ത് ഊണൊക്കെ കൊടുത്ത് വിടുമായിരുന്നു.

ആറ്റിറ്റ്യൂഡ് എന്ന സൗന്ദര്യം?

എന്‍റെ മുന്നില്‍ ഏറ്റവും സുന്ദരി വന്നിരുന്നാലും മോശം ആറ്റിറ്റ്യൂഡാണെങ്കില്‍ തിരിഞ്ഞു നോക്കില്ല. കാഴ്ച്ചയ്ക്കു ഭംഗിയില്ലെങ്കിലും ഒരാള്‍ സ്വീറ്റ് ആണെങ്കിൽ സംസാരിക്കാൻ ഇഷ്ടവുമാണ്. ചില നോര്‍മല്‍ ലുക്കിംഗ് പെണ്‍കുട്ടികള്‍ ഉണ്ട്. അവരോട് സംസാരിച്ച് കഴിയുമ്പോള്‍ ഹൗ ബ്യൂട്ടിഫുള്‍ യു ആര്‍ എന്ന് നമുക്ക് പറയാന്‍ തോന്നും. എനിക്കങ്ങനെയുള്ള സാധാരണക്കാരെ കാണാനാണ് ഇഷ്ടം. ചിലപ്പോള്‍ പുറത്തൊക്കെ പോകുമ്പോള്‍ അംബികാ മാം എന്നൊക്കെ വിളിച്ച് വരാറുണ്ട് അങ്ങനെ ചിലര്‍. എന്തൊരു കോണ്‍ഫിഡന്‍സ് ആണ് അവര്‍ക്ക്. അവര്‍ ലൈഫ് സെലിബ്രേറ്റ് ചെയ്യുന്നവരാണ്.ഞാനും.അങ്ങനെയല്ലേ വേണ്ടതും!