Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏക എന്ന സിനിമയിലെ നഗ്നത പറയുന്നത് : രെഹാന ഫാത്തിമ

rehana രെഹാന ഫാത്തിമ.

നഗ്നത എന്നാൽ പലപ്പോഴും ഒന്നു പറഞ്ഞു രണ്ടാമത്തേതിന് "അയ്യേ!" എന്ന വാക്കിൽ പുച്ഛം പ്രകടിപ്പിക്കുന്നവരാണ് മലയാളികൾ. നമ്പൂതിരിയുടെ വരയേയും കാനായിയുടെ പ്രതിമയേയും ഒന്നും ഈ അയ്യേയിൽ നിന്നും നമ്മൾ മുക്തമാക്കിയിട്ടില്ല.

മഹാക്ഷേത്രങ്ങളിലെ ലൈംഗികതയും നഗ്നതയും നിറഞ്ഞ കൊത്തുപണികളോടുള്ള വിരോധം പോലും ക്ഷേത്രങ്ങളായതിനാൽ പ്രകടിപ്പിക്കുന്നില്ല എന്നേയുള്ളൂ. നമ്മൾ മലയാളിക്ക് നഗ്നത എന്നാൽ കലയല്ല. വെറും പെൺ ശരീരം മാത്രമാണ്. അതുകൊണ്ടു തന്നെയാവണമല്ലോ സദാചാരം എന്ന വാക്കിനു പോലും ഇത്രയധികം പ്രസക്തിയുണ്ടാകുന്നത്.

ശരീരം ഉപകരണമാക്കിയ സിനിമകൾ ഇറക്കാൻ ഭാരതീയന് ഭയമാണ്, എങ്ങാനും "എ" സർട്ടിഫിക്കറ്റ് കിട്ടിയാൽ പിന്നെ നഷ്ടപ്പെടുന്ന കുടുംബ പ്രേക്ഷകരെയും പോസിറ്റീവ് ആയ പ്രതികരണങ്ങളെയും ഓർക്കുമ്പോൾ കഥ ആവശ്യപ്പെട്ടാൽ പോലും നഗ്നതയും രതിയും മനോഹാരിത നഷ്ടപ്പെട്ടു വെറും പറച്ചിലുകൾ മാത്രമായി ഒതുങ്ങും.

മലയാളി അത്തരമൊരു വ്യത്യസ്തത കണ്ടത് ഒരിക്കൽ പദ്മരാജന്റെ സിനിമകളിലായിരുന്നു. ശരീരം മികച്ച ഒരു കഥ പറച്ചിൽ ഉപകാരണമാണെന്നും അതിനും കല കൈകാര്യം ചെയ്യാൻ കഴിയുമെന്നും അന്നത്തെ പല ചിത്രങ്ങളും പറഞ്ഞു വച്ചു. ഇന്നിപ്പോൾ ഇത്രയും കാലം കടന്നാലും മനോഭാവം മാറുന്നില്ല... പക്ഷെ ശരീരം കഥ പറയേണ്ടി വരുമ്പോൾ പറയാതെ പിന്നെ എന്ത് ചെയ്യും. "ഏക" എന്ന മലയാള ചിത്രം അത്തരമൊരു ശ്രമമാണ്. പ്രിൻസ് ജോൺ എന്ന പുതുമുഖ സംവിധായകന്റെ സ്വപ്നം. രെഹാന ഫാത്തിമ എന്ന പെൺകുട്ടിയുടെ വ്യത്യസ്തമായ ആർജ്ജവത്തിന്റെ കഥ കൂടിയാണിത്. 

Rehana Fathima പുലികളിയിൽ പങ്കെടുത്തപ്പോൾ.

സമൂഹമാധ്യമങ്ങളിൽ ഏറെ പരിചിതയാണ് രെഹാന. കഴിഞ്ഞ വർഷം തൃശൂർ പുലികളിയിൽ വേഷം കെട്ടി ചരിത്രത്തിലേക്ക് പെൺപുലികളെയും കൈപിടിച്ച് കൊണ്ടു വന്ന സ്ത്രീ എന്നതിനേക്കാൾ രെഹാനയെ കൂടുതൽ ആൾക്കാർക്കും പരിചയം കിസ് ഓഫ് ലവിന്റെ പേരിൽ തന്നെയാകും. പക്ഷെ അതിനു മുൻപും പല വിഷയങ്ങളിലും ആർജ്ജവത്തോടെ സംസാരിച്ച സ്ത്രീയുമാണ് രെഹാന. ഏകയിലെ നായികയായി മാറുമ്പോൾ എന്തൊക്കെയാണ് രെഹാനയ്‌ക്ക് പറയാനുള്ളത്...

ഏകയെക്കുറിച്ച് നായിക എന്ന നിലയിൽ...

ഈ സിനിമയിൽ മിക്കവാറും എല്ലാവർക്കും ഇതൊരു ആദ്യത്തെ അനുഭവമായിരുന്നു. സിനിമയിൽ പ്രവർത്തിച്ചു മുൻപരിചയമുള്ളവർ ഒന്നോ രണ്ടോ പേരൊക്കയെ ഉണ്ടായിരുന്നുള്ളൂ. ബാക്കി അഭിനയിക്കുന്നവരൊക്കെ പുതുമുഖങ്ങൾ.

eka-001

അതുകൊണ്ടു തന്നെ വളരെ വലിയ ഒരു അനുഭവം തന്നെയായിരുന്നു അത്.  സിനിമയെക്കുറിച്ച് പറഞ്ഞുകേട്ടതും സ്‌ക്രീനിൽ കണ്ടതുമായ അറിവല്ലേ അതുവരെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അതിലേക്കിറങ്ങുമ്പോഴാണ് യഥാർത്ഥ അനുഭവങ്ങൾ. അതിന്റെ ഭാഗമായി ഉണ്ടായ അനുഭവങ്ങൾ ഒക്കെ വളരെ വലുതാണ്. നന്നായി സ്‌ട്രെയിനെടുത്തു ചെയ്ത സിനിമയാണിത്. പിന്നെ നമ്മൾ മനസ്സിലാക്കിയ ഒരു പ്രത്യേക തരം ആൾക്കാരുടെ പ്രശ്നങ്ങൾ പൊതു സമൂഹത്തിലേക്ക് അവതരിപ്പിക്കുക എന്നതും നമ്മുടെ വിഷയമായിരുന്നു.

പുതുമുഖ സംവിധായകൻ ആണ് പ്രിൻസ് ജോൺസ്

പ്രിൻസ് നേരത്തെ എന്റെ സുഹൃത്താണ്. ഒരുപാട് വ്യത്യസ്തമായ ചിന്തകളൊക്കെ ഉള്ള ആളാണ്. സിനിമയെക്കുറിച്ചൊക്കെ ഞങ്ങൾ മുൻപ് തന്നെ സംസാരിച്ചിട്ടുണ്ടായിരുന്നു. പക്ഷെ പ്രിൻസ് മനസ്സിൽ കാണുന്ന ഒരു കഥാപാത്ര രീതിയിലേക്കെത്താൻ അദ്ദേഹം ഒരുപാട് അധ്വാനിച്ചിട്ടുണ്ട്. പലപ്പോഴും പറഞ്ഞു മനസ്സിലാക്കിത്തരലിനു പരിധികളുണ്ടല്ലോ.

അഭിനയിക്കാൻ ഞങ്ങൾ പുതുമുഖങ്ങൾ എന്ന നിലയിൽ സ്‌ട്രെയിൻ എടുത്ത പോലെ തന്നെ ഞങ്ങളെക്കൊണ്ട് അഭിനയിപ്പിക്കാൻ സംവിധായകനും അത്ര തന്നെ സ്‌ട്രെയിൻ എടുത്തിട്ടുണ്ട്. ഒരു സന്ദർഭത്തിൽ ആ അവസ്ഥയിലേയ്ക്ക് നമ്മുടെ മനസ്സിനെയും ശരീരത്തിനെയും എത്തിയ്ക്കാൻ തീർച്ചയായും സമയം എടുക്കും.

ആദ്യമൊന്നും ശരിയാകാതെ വരും. അതിൽ മൂഡ് ഓഫ് ഒക്കെ ഉണ്ടാകും. പക്ഷെ അദ്ദേഹം ഉദ്ദേശിച്ചത് വരുന്നത് വരെ അത് തുടരും. അതിൽ നല്ല സപ്പോർട്ട് ഒക്കെ ആയി കൂടെ ഉണ്ടായിരുന്നു. ചില സമയത്ത് ദേഷ്യം ഒക്കെ വന്നിട്ടുണ്ട്. പക്ഷെ അതിന്റെ റിസൾട്ട് കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നും. ഇത് കിട്ടാൻ വേണ്ടിയാണ് ഇത്ര ബുദ്ധിമുട്ടിച്ചത് എന്ന് പറയുമ്പോൾ പിന്നെ അപ്പോൾ അനുഭവിച്ച ബുദ്ധിമുട്ടൊക്കെ പ്രശ്നമല്ല എന്ന് തോന്നും റിസൾട്ട് ആണല്ലോ പ്രധാനം.

സിനിമയിലേക്കെത്തുന്ന വഴി...

പ്രിൻസിനെ നേരത്തെ അറിയാമായിരുന്നു. നല്ല സുഹൃത്തുക്കളായിരുന്നു. പിന്നെ സിനിമയെ കുറിച്ചുള്ള ചർച്ചകൾ വന്നപ്പോൾ ഇതിലേയ്ക്ക് വന്നു. ഈ സിനിമ പറയുന്നത് ശരീരത്തിന്റെ രാഷ്ട്രീയമാണ്. അവിടെ ശരീരം തന്നെയാണ് ഏറ്റവും നല്ല ഉപകരണം. ഞാൻ എന്റെ ശരീരം ഒരു ഉപകരണമാക്കി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളാണ്.

Rehana Fathima രെഹാന ഫാത്തിമ.

പക്ഷെ ഞാൻ പറഞ്ഞിരുന്നു എനിക്ക് അഭിനയിക്കാൻ അറിയില്ല. പറഞ്ഞു തന്നാൽ നോക്കാം... അങ്ങനെ ശ്രമിച്ചു. ആദ്യ പോസ്റ്റർ ഇറങ്ങിയപ്പോൾ സപ്പോർട്ട് ചെയ്തവരും എതിർത്തവരു ഉണ്ട്. അനുകൂലിച്ചവരോട് സിനിമയിൽ ഒരു കഥാപാത്രമായി അഭിനയിക്കാമോ എന്ന് ചോദിച്ചപ്പോൾ ഞങ്ങൾക്കും കുടുംബം ഉണ്ട്.സമൂഹമാധ്യമങ്ങളിൽ കൂടെ നിൽക്കാം അല്ലാതെ പറ്റില്ല എന്നൊക്കെയാണ് മറുപടി ലഭിച്ചത്.

അതൊക്കെ വച്ചു നോക്കുമ്പോൾ ഞാൻ അതിനു മുൻപ് തന്നെ ശരീരം ഒരു ഉപകരണമാക്കി മാറ്റിയ വ്യക്തിയാണ്. കുടുംബം പിന്നെ നമ്മളെ വ്യക്തമായി മനസ്സിലാക്കാക്കി നമ്മുടെ ഒപ്പം നിൽക്കുന്ന ആളാണ് എന്നതും വലിയ ഒരു കാര്യമാണ്. ചില ബന്ധുക്കളൊക്കെ ചോദ്യങ്ങളൊക്കെ ഉയർത്തിയിരുന്നു. പറയാനുള്ള കാര്യം പറയാൻ ഈ വഴി വേണോ എന്നൊക്കെ ചോദ്യങ്ങളുണ്ടായിരുന്നു.

നഗ്നത ഉപയോഗിച്ച് കൊണ്ട് പറയേണ്ട കഥ...

ഇതുവരെ നമ്മുടെ ഏതു ചിത്രങ്ങൾ എടുത്തു നോക്കിയാലും രണ്ടു പേര് ഒരു മുറിയിലേയ്ക്ക് കയറുന്നു, വാതിൽ അടയുന്നു. പിന്നെ നമ്മൾ കാണുന്നത് പൂക്കളും പക്ഷികളും ഒക്കെയായിരിക്കും. ബദലുകളാണ് എല്ലാവരും ഇതുവരെ തേടിയത്. പക്ഷെ ഈ ചിത്രത്തിൽ ഞങ്ങൾ പറയാൻ ആഗ്രഹിക്കുന്ന വിഷയം ആളുകൾക്ക് വ്യക്തമാക്കണമെങ്കിൽ അവിടെ ശരീരം തന്നെ വരണമായിരുന്നു.

സംവിധായകൻ അതേക്കുകുറിച്ചു പറഞ്ഞപ്പോൾ എനിക്കും അത് ഉൾക്കൊള്ളാൻ കഴിഞ്ഞു. അതുകൊണ്ടാണ് ചെയ്തതും. ഇതുവരെ വന്ന ഒരു രീതി തുടരാതെ നമ്മുടേതായ ഒരു രീതിയിൽ കാര്യങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുകയാണ് ഞങ്ങൾ ഉദ്ദേശിച്ചത്.

eka-trailer

ഈ സിനിമയിൽ ശരീരം ഒട്ടും ഒഴിവാക്കാൻ പറ്റുന്നതല്ല. ഇന്റർ സെക്സ് ആയ ഒരാളുടെ കഥയാണിത്. അത് പറയുമ്പോൾ അതിൽ അയാളുടെ മനസ്സ്, ശരീരം, അയാളുടെ വൈകാരികത എല്ലാം അത്രയും തീവ്രതയോടെ പുറത്തു കൊണ്ടു വന്നാലേ അത് സമൂഹത്തിനു അവരെക്കുറിച്ച് വ്യക്തമായ ചിത്രം കൊടുക്കൂ. അപ്പോൾ അതിൽ എല്ലാം വേണം. അവിടെ ശരീരവും വരും. മറ്റുള്ളവരെങ്ങനെ ഇന്റർസെക്സ് ആയ ആൾക്കാരെ കാണുന്നു. എങ്ങനെ അവരെ ഹാൻഡിൽ ചെയ്യുന്നു അവർ അതിൽ എങ്ങനെ പ്രതികരിക്കുന്നു എന്നതൊക്കെ ചിത്രത്തിൽ വിഷയമാണ്. അപ്പോൾ അത് ശരീരമില്ലാതെ പറഞ്ഞു കഴിഞ്ഞാൽ പൂർണമാകില്ല.

സാധാരണ സമൂഹത്തോട് സിനിമ സംസാരിക്കുന്നത്..

ഇതിന്റെ രാഷ്ട്രീയം അറിയുന്നവർ മാത്രമല്ല ഇത് സമൂഹം മുഴുവൻ കാണണം. സമൂഹം എങ്ങനെ ഇന്റർ സെക്സ് ആയ ഒരാളെ കാണുന്നു. വിലയിരുത്തുന്നു യഥാർത്ഥത്തിൽ അവർ എന്താണ് എന്നതൊക്കെ വളരെ വ്യക്തമായി ഇതിൽ പറയുന്നുണ്ട്. അപ്പോൾ ഇത് സമൂഹത്തിനു നൽകേണ്ടുന്ന ഒന്നാണ്. അതുകൊണ്ടു തന്നെ അവർ അത് കാണണം. ഇതൊരു കലാമൂല്യമുള്ള നഗ്നതയുടെ ആവിഷ്കാരമാണ്. എന്ത് മുൻവിധിയോടെ ആണെങ്കിലും ഇത് കണ്ടാൽ മാത്രമേ എന്താണ് നമ്മൾ ചിത്രം കൊണ്ട് ഉദ്ദേശിച്ചതെന്ന് അവർക്ക് മനസ്സിലാകൂ എന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങനെ ആൾക്കാരെ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്...

ഇന്ത്യൻ സെൻസർ ബോർഡ് നിയമങ്ങൾ ...

സെൻസർ ബോർഡിന്റെ നിയമങ്ങൾ അങ്ങനെ തന്നെ പോകട്ടെ. അവർ അവരുടെ നിയമം വച്ചു സിനിമയെ സർട്ടിഫൈ ചെയ്യാം. പക്ഷെ അല്ലാതെ ചിത്രത്തിലെ ഏതെങ്കിലും ഭാഗങ്ങൾ വെട്ടി മാറ്റണം എന്ന് പറഞ്ഞാൽ അത് ചിത്രത്തിന്റെ ഉദ്ദേശ ശുദ്ധിയെ നശിപ്പിക്കലാകും. നമ്മൾ ഉദ്ദേശിച്ചത് പിന്നെ കൺവെ ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും.

അത് അവർക്ക് മനസ്സിലാകും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ എല്ലാ വൈകാരികതകളും പുറത്ത് വരേണ്ടുന്ന സന്ദർഭങ്ങളാണ്. അപ്പോൾ അതിൽ എല്ലാം വരണം സർട്ടിഫിക്കറ്റ് അവരുടെ നിയമം അനുസരിച്ച് തന്നെ ലഭിക്കട്ടെ പക്ഷെ സമൂഹത്തിനു വേണ്ടി ചെയ്ത ചിത്രമാണ്. അതുകൊണ്ട് അത് പൂർണമായി അവർ കാണുകയും വേണം. ഫിലിം ഫെസ്റ്റിവെല്ലുകൾക്കു വേണ്ടി മാത്രം ചെയ്ത ചിത്രമല്ല ഇത്. എല്ലാവരെയും ഉദ്ദേശിച്ച് എടുത്തതാണ്. അത് സെൻസർ ബോർഡിന് മനസ്സിലാക്കേണ്ടതാണ്.

ഇന്റർ സെക്സ് എന്ന അവസ്ഥ..

ഒരേ ശരീരത്തിൽ പൗരുഷവും സ്ത്രീത്വവും പേറുന്ന അവസ്ഥയാണത്. ജനനത്തിൽ തന്നെ രണ്ടു വ്യക്തിത്വവും അവർക്കുണ്ടാകും. ഹോർമോൺ വ്യതിയാനങ്ങളുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ അവർക്ക് അതിജീവിക്കണം. അതുകൊണ്ടു തന്നെ സമൂഹം അവരെ കാണുന്ന രീതി വളരെ വേദന നിറഞ്ഞതാണ്.

ഇതൊരു യാത്രാ സിനിമയാണ്. മൂന്നു സംസ്ഥാനങ്ങൾ വഴിയുള്ള യാത്രയാണ്. ഓരോ ഇടത്തും ചെല്ലുമ്പോൾ ഒരു ഇന്റർസെക്സ് ആയ വ്യക്തി എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നത് ഇതിൽ പറയുന്നുണ്ട്. നമ്മുടെ ചിത്രത്തിൽ ജോലി ചെയ്ത ഒരു കുട്ടിയുണ്ട്. അവരുടെ അനുഭവങ്ങളും ജീവിതവും ഒക്കെ സിനിമയിലേക്കും ഉപയോഗിച്ചിട്ടുണ്ട്. അങ്ങനെ തികച്ചും സത്യസന്ധമായ ഒരു ജീവിതം തന്നെയാണിത്. 

സിനിമയ്ക്ക് വേണ്ടി...

നാലഞ്ചു മാസം സിനിമയ്ക്കു വേണ്ടി എടുത്തു. നമ്മളെല്ലാവരും ഓരോ ജോലി ചെയ്യുന്നവരാണ്. അതിജീവനവും പ്രധാനമാണല്ലോ. അങ്ങനെ അവിടെ നിന്നും കിട്ടുന്ന അവധി ദിവസങ്ങളും ഒക്കെ വച്ചാണ് സിനിമ പൂർത്തിയാക്കിയത്. ആരും പ്രതിഫലം പോലും വാങ്ങാതെയാണ് സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ചത്. അതുകൊണ്ടാണ് ഷൂട്ടിങ്ങിനൊക്കെ കുറേ സമയം വേണ്ടി വന്നത്. 

നമ്മളെല്ലാം സിനിമയിൽ പുതുമുഖങ്ങളും അഭിനയം അറിയാത്തവരുമാണ്. അപ്പോൾ നമ്മളിൽ നിന്ന് പരമാവധി ലഭിക്കാൻ വേണ്ടി സംവിധായകൻ എന്തും ചെയ്യും. ഒരേ സീനുകൾ പല തവണ എടുക്കുമ്പോൾ വല്ലാതെ ബുദ്ധിമുട്ടലുകൾ ഉണ്ടാകും. നന്നായി ദേഷ്യം വന്ന സന്ദർഭങ്ങളുണ്ട്, വഴക്കുണ്ടാക്കിയിട്ടുണ്ട്... പക്ഷെ എല്ലാം കഴിഞ്ഞു അതിന്റെ ഔട്ട് വീഡിയോ ആയി കാണുമ്പോൾ സന്തോഷം തോന്നും. നമ്മൾ ഇതിൽ പ്രൊഫഷണൽ അല്ലാലോ. അപ്പോൾ ബുദ്ധിമുട്ടുകൾ തോന്നും, പക്ഷെ പ്രതിഫലം നന്നായെന്ന് വരുമ്പോൾ ആ ബുദ്ധിമുട്ടുകൾ എല്ലാം ഇല്ലാതെയുമാകും.

ലൊക്കേഷൻ പോലും നഗ്നം...

പല സീനുകളിലും നഗ്നയായി അഭിനയിക്കേണ്ടി വന്നിരുന്നു. ഒരുപാട് സമയം അത് ആവർത്തിച്ചപ്പോൾ ദേഷ്യം വരും. അങ്ങനെ ഒരിക്കൽ ഇങ്ങോട്ട് ദേഷ്യപ്പെട്ടപ്പോൾ ഈ അവസ്ഥയിൽ അഭിനയിക്കേണ്ടി വരുന്ന ഒരാളുടെ മാനസികാവസ്ഥ നിങ്ങൾക്ക് മനസ്സിലാകില്ല എന്ന് പറഞ്ഞപ്പോഴാണ് എന്നാൽ പിന്നെ വർക്ക് ചെയ്യുന്ന എല്ലാവരും ഒരുപോലെ ആകാം എന്ന് തീരുമാനിക്കുന്നത്. അപ്പോൾ പിന്നെ നമ്മൾ എന്തു പറയാനാണ്.. നമ്മുടെ കംഫർട്ടിന് വേണ്ടി അവരും നമ്മുടെ ഒപ്പം നിൽക്കുമ്പോൾ അങ്ങനെ അതിലേയ്ക്ക് നമ്മളും ആകും. അത്രമാത്രം കൂടെ നിന്നിരുന്നു ഓരോരുത്തരും. 

കൂടെ നിൽക്കുന്നവർ...

സർക്കാർ ഓഫീസിലാണ് ജോലി ചെയ്യുന്നത്. കിസ് ഓഫ് ലവിന്റെ പത്രവാർത്ത കഴിഞ്ഞതിൽ പിന്നെയാണ് പത്ര മാധ്യമങ്ങളിൽ എന്റെ പേര് വരുന്നത്. അതിനു മുൻപും പല പ്രവർത്തനങ്ങളും ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ അതിനു ശേഷം മുഖമൊക്കെ വന്നു. വാർത്തകൾ വന്നു. ഓഫീസിലും എല്ലാം അറിയാം. ചിലർ അനുകൂലമായി നിൽക്കും ചിലർ ഉപദേശിക്കും. അത്ര ശക്തമായി ആരോടും മറുപടിയൊന്നും പറയാറില്ല.

വീട്ടുകാര്യം നോക്കണം, കുട്ടികളെ നോക്കണം, ആരോഗ്യം നോക്കണം, ഇതിന്റെ ഒക്കെ പുറകെ നടക്കുന്നത് കുറയ്ക്കണം എന്നൊക്കെ പറയാറുണ്ട് പലരും. ഓഫീസിലുള്ളവർ മിക്കവാറും പ്രായമുള്ളവരാണ് എന്റെ പ്രായമുള്ള കുട്ടികളുള്ളവർ, അവരുടെ ജീവിതമാണല്ലോ അവരുടെ കണ്മുന്നിൽ ഉള്ളത്. ഞാൻ എന്റെ ഭാഗം ശരിയാണെന്നു അവരെ വിമർശിച്ചെന്ന രീതിയിൽ സംസാരിക്കാറില്ല. ഇങ്ങനെയൊക്കെയാണ് എല്ലാം നന്നായി പോണുണ്ട് സമൂഹത്തിൽ നമ്മളെ എങ്ങനെയൊക്കെ ആവശ്യമുണ്ട് ഇങ്ങനെ എല്ലാം അവരോടു പറയും.

വളരെ ലൈറ്റായെ പറയൂ. അതും അവർക്ക് മനസ്സിലാകുന്ന വാക്കുകളുപയോഗിച്ച്. സോഷ്യൽ കമ്മിറ്റ്മെന്റിന് നടക്കുമ്പോൾ സ്വന്തം ജീവിതം നഷ്ടപ്പെടുമല്ലോ എന്നാണു പരാതികൾ. പക്ഷെ എന്റെ മുന്നിൽ വച്ച് എന്നെ കുറ്റപ്പെടുത്തി സംസാരിക്കുകയോ അങ്ങനെയൊന്നും ആരും ചെയ്യാറില്ല. കിസ് ഓഫ് ലവ് വന്നപ്പോൾ അതിലുള്ള ചില സൗഹൃദങ്ങളാണ് എന്നെ ചീത്തയാക്കുന്നത് എന്നാണു അവരൊക്കെ വിചാരിക്കുന്നത്. ഞാൻ അതിനും എത്രയോ മുൻപ് സാമൂഹിക വിഷയങ്ങളിൽ ഇടപെട്ടു തുടങ്ങിയ ഒരാളാണ്. പിന്നെ എല്ലാമൊന്നും എല്ലാരോടും പറഞ്ഞു മനസ്സിലാക്കാൻ കഴിയില്ലല്ലോ.

സിനിമ എല്ലാവരും കാണണം...

എതിർത്തു നിൽക്കുമ്പോൾ തന്നെ അനുകൂലിക്കുന്നവരുമുണ്ട്. അത് വലിയൊരു ആശ്വാസമാണ്. സർട്ടിഫിക്കറ്റ് എന്തു കിട്ടിയാലും സമൂഹത്തിലേക്ക് എത്തിയ്ക്കാനുള്ള വഴികൾ ഇപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ഫിലിം ഫെസ്റ്റിവൽ വേദികളിൽ മാത്രം പ്രദർശിപ്പിച്ചാൽ നമ്മൾ ഉദ്ദേശിച്ച ഫലം ഇതിനു ലഭിക്കില്ല. അപ്പോൾ എല്ലാവർക്കും കാണാൻ സാഹചര്യം ഒരുക്കാനുള്ള മാർഗ്ഗങ്ങൾ നോക്കുന്നുണ്ട്.

സർക്കാരിന്റെ തീയേറ്ററുകൾ എങ്കിലും ലഭിക്കുമോ എന്ന് അന്വേഷിക്കുന്നുണ്ട്. പിന്നെ ഞാൻ അഭിനയം കഴിഞ്ഞപ്പോൾ പിന്നെ പുറത്ത് നിന്നുള്ള സപ്പോർട്ട് ആണ് കൊടുക്കുന്നത്. ബാക്കിയൊക്കെ അതിന്റെ സാങ്കേതിക പ്രവർത്തകരാണ് നോക്കുന്നത്. വിമർശിക്കാൻ ആണെങ്കിൽ പോലും ഈ സിനിമ കാണേണ്ടി വരും. അതിനുള്ള അവസരം എങ്കിലും ലഭിക്കണം അതാണ് പ്രധാനം. ഇപ്പോൾ സെൻസർബോർഡിന്റെ നിയമാവലികൾ പുതുക്കുന്നു എന്നൊക്കെ കേട്ടു. അങ്ങനെ വന്നാൽ നമ്മളെ പോലെ എത്രയോ ആൾക്കാർക്ക് അത് പ്രയോജനം ചെയ്യുമെന്ന പ്രതീക്ഷയുണ്ട്... 

അഭിനയം ജീവിതമല്ല..

ഇതോടെ ഒരു കാര്യം മനസിലായി അഭിനയം എനിക്ക് പറ്റിയ ജോലിയല്ല. മുൻപ് പല ചിത്രങ്ങളും കണക്കുമ്പോൾ നമ്മൾ അഭിനയത്തെ വിമർശിക്കാറുണ്ട്, പക്ഷെ അതിന്റെ പിന്നിൽ എന്തുമാത്രം പ്രയത്നം ഉണ്ടെന്നു അറിയില്ലല്ലോ. ഇപ്പോൾ മനസ്സിലാക്കുന്നു, എന്തുമാത്രം സ്ട്രഗ്ഗിൾ ഇതിന്റെ പിന്നിൽ ഉണ്ടെന്ന്. ഇനിയാരെയും അത്തരത്തിൽ കുറ്റപ്പെടുത്തില്ല. സിനിമ ചെയ്തോണ്ടിരുന്നപ്പോൾ പലരും പറഞ്ഞു ഇനിയിപ്പോൾ തിരക്കാവും എന്നൊക്കെ, പക്ഷെ ഈ പ്രൊഫഷനിൽ തുടരാനൊന്നും വലിയ താൽപ്പര്യമില്ല, ഈ ടീം മുഴുവൻ സുഹൃത്തുക്കളായിരുന്നു.

ശരീരം ഉപകാരണമാക്കാം..

ആദ്യം ഫെയ്‌സ്ബുക്കിൽ എന്റെ പ്രൊഫൈൽ പടവും പൂക്കളും സിനിമാ താരവും ഒക്കെയായിരുന്നു. പിന്നീട് എന്റെ സുഹൃത്തുക്കളെ അന്വേഷിച്ചപ്പോൾ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. എല്ലാവർക്കും പേടിയാണ് സ്വന്തം ചിത്രമിട്ടാൽ. അങ്ങനെ രണ്ടും കൽപ്പിച്ച് ഞാൻ എന്റെ ചിത്രമിട്ടു. കുടുംബത്തിന്റെയും ചിത്രമിട്ടു.

അങ്ങനെ ഒരിക്കൽ ഏഴാറ്റുമുഖത്ത് പോയി കുട്ടികളുമൊത്തു പോയി കുളിക്കുമ്പോൾ ഉള്ള ഒരു ചിത്രമിട്ടു. അതിന്റെ താഴെ കുറെ കമന്റ്സ്. ഇന്ന് കുളി സീൻ ഇട്ടു നാളെ എന്തിടും എന്നിങ്ങനെ ചോദ്യങ്ങൾ, പിന്നെ തലയിൽ തട്ടമിടുന്നില്ല എന്ന ചോദ്യങ്ങൾ... ഇതൊക്കെ വിഷയമായിരുന്നു. എപ്പോഴും സ്ത്രീകൾ ഇങ്ങനെ അടക്കി ഭരിക്കപ്പെടുക എന്നതിനെ ചോദ്യം ചെയ്യണമെന്ന് തോന്നി. അങ്ങനെ ഒരു തീരുമാനം എടുത്തു, പർദ്ദ ഇട്ടു നടക്കണം എന്നാണു നിങ്ങൾക്ക് പറയാനുള്ളതെങ്കിൽ ബിക്കിനി ഇട്ടു നടക്കാനാണ് എനിക്കിഷ്ടം എന്ന് പറയണം എന്ന് തോന്നി.

eka രെഹാന ഫാത്തിമ.

അങ്ങനെ ആ വേഷത്തിൽ ഒരു ഷൂട്ട് നടത്തി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇട്ടു. അതിനു നിരവധി തരം കമന്റ്സ് ലഭിച്ചു. പക്ഷെ അതൊക്കെ നമ്മുടെ സമൂഹത്തോടുള്ള നമ്മുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള കലഹമാണ്. ഞാൻ പുരുഷ വിദ്വേഷിയൊന്നുമല്ല എല്ലാവർക്കും ഒപ്പം നിൽക്കാൻ പെണ്ണിനും കഴിയണം എന്ന അഭിപ്രായം ഉണ്ട്.

പിന്നെ വിശ്വാസങ്ങൾ  പലപ്പോഴും പെണ്ണിനെ ഒരു ഉപകരണമാക്കുന്നുണ്ട്. അങ്ങനെ ചട്ടക്കൂടുകൾക്കുള്ളിൽ നിൽക്കാൻ ബുദ്ധിമുട്ടാണ്. സ്ത്രീകൾക്ക് മാത്രമാണ് നിയമങ്ങൾ ബാധകം പുരുഷന് അത്ര ബാധകവുമാകുന്നില്ല. ഇപ്പോൾ സമൂഹമാധ്യമങ്ങൾ വന്നപ്പോൾ കുറെ  മാറ്റങ്ങൾ വന്നിട്ടുണ്ട്. അല്ലെങ്കിലും മാറ്റങ്ങൾ പ്രാവർത്തികമാക്കാൻ സമയമെടുക്കും. എല്ലാ മാറ്റങ്ങളും പതുക്കെയേ ഉണ്ടായിട്ടുള്ളൂ. ഈ സദാചാര ചിന്തകളും മാറും എന്ന് തന്നെയാണ് അതുകൊണ്ടു പ്രതീക്ഷ.