Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മായാത്ത ഏകാന്ത‌ചന്ദ്രിക

ഗീത വിജയൻ ഗീത വിജയൻ. ഫോട്ടോ: ശ്യാം ബാബു

ഇരുപത്തിയഞ്ചു വർഷം മുമ്പാണ് ഈ നായികയെ യുവാക്കൾ കരളിനകത്ത് ചില്ലിട്ടടച്ചത്.

‌ഹോസ്റ്റലിലെ പതിവു ഭക്ഷണം ബോറടിച്ചപ്പോൾ ആ ഹൈസ്കൂളുകാരിയുടെ തലയിലൊരു ബൾബ് മിന്നി. കസിൻ രേവതി അടുത്തേതോ സിനിമാസെറ്റിലുണ്ട്. അങ്ങോട്ടൊരു വിസിറ്റായാലോ? സംഗതി ഏറ്റു. ഷൂട്ടിങ് സെറ്റിലെ ഭക്ഷണം ആസ്വദിച്ച് മൂക്കുമുട്ടെ തട്ടിയിരുന്നപ്പോഴാണ് ഒരാൾ അടുത്തെത്തി ചോദിച്ചത്,‘ രേവതിയോടെ കസിനാ? നെക്സ്റ്റ് പടത്ത്ക്ക് എനിക്കൊരു ന്യൂ ഫെയ്സ് വേണം, നടിക്കത്തെരിയുമാ?’

‘നോ’ പറയാൻ രണ്ടാമതൊന്ന് ആലോചിച്ചില്ല. വേഗം പ്ലേറ്റ് കാലിയാക്കി സ്ഥലം വിട്ടു. ഒരു സിനിമ പോലും നേരാംവണ്ണം കാണാത്ത ആ പെൺകുട്ടിയുണ്ടോ അറിയുന്നു മുന്നിൽ നിന്നത് തമിഴിലെ അന്നത്തെ സൂപ്പർ സംവിധായകൻ ഭാരതിരാജ ആയിരുന്നുവെന്ന് !

വർഷം നാലു കഴിഞ്ഞു. രേവതിചേച്ചി പറഞ്ഞ്, മൂന്നു സിനിമാക്കാർ അവളുടെ വീട്ടിലെത്തി. അബദ്ധത്തിൽ പോലും തന്നെ സിലക്ട് ചെയ്യരുതേ എന്നായിരുന്നു അവളുടെ പ്രാർത്ഥന. അഭിനയിക്കാൻ പറ്റുമോ എന്നു ചോദിച്ചവരോട് ‘അഭിനയിച്ചു കാണിച്ചാൽ വേണമെങ്കിൽ ട്രൈ ചെയ്യാം.’ എന്നു മറുപടി. സംസാരം ഇഷ്ടപ്പെടാതായാൽ ഇവരങ്ങു പൊയ്ക്കോളൂല്ലോ എന്നവൾ കണക്കുകൂട്ടി. ആ കണക്കു കൂട്ടലുകളെല്ലാം പാടേ തെറ്റി. പുതിയ പടത്തിൽ അവൾ തന്നെ നായികയായി.

നൂറ്റമ്പതു ദിവസം ഓടി ‘ഇൻഹരിഹർ നഗർ’ ബോക്സ് ഓഫിസ് തൂത്തു വാരി. അതിലെ നായിക മായയെ യുവാക്കൾ കരളിന്നകത്തു ചില്ലിട്ടടച്ചു നടന്നു. സംവിധായകൻ ഫാസിലും ശിക്ഷ്യരായ സിദ്ധിഖ്-ലാലുമാരും മലയാളത്തിനു നല്‍കിയ ഗീത വിജയൻ എന്ന ആ ‘തന്റേടി’ പെൺകുട്ടിക്ക് പിന്നെ സിനിമ വിടാനായില്ല.

25 വര്‍ഷങ്ങൾ... സിനിമ ഗീതയെ എന്തു പഠിപ്പിച്ചു?

ചിലർ എൻട്രൻസ് പാസ്സാകാന്‍ വേണ്ടി പഠിക്കുന്നു, ഞാൻ എൻട്രൻസ് പാസ്സായ ശേഷം പഠിക്കുന്നു. അത്രേയുളളൂ. ഒരു പക്ഷേ, മായയ്ക്ക് ജീവൻ കൊടുത്തതു കൊണ്ടു മാത്രമാകും ഞാനിപ്പോഴും അഭിനയിക്കുന്നത്. ഇന്നും പൊടിക്കുട്ടികൾ വരെ ‘ദേ, മായ’ എന്നു പറയുന്നതു കേള്‍ക്കാം എന്തു സന്തോഷമാണ് അതു കേൾക്കുമ്പോള്‍. അന്നൊക്കെ ഒരുപാട് ലൗ ലെറ്റേഴ്സ് കിട്ടിയിരുന്നു. ഡ്രീം ഗേൾ എന്നു വിളിച്ച് കത്തയച്ചവര്‍ വരെയുണ്ടായിരുന്നു. സിനിമ ഒരു മായയാണെന്ന് എനിക്കറിയാം. ഒരിക്കലും അതെന്നെ ബാധിച്ചിട്ടില്ല. എന്നാലും മനസ്സു കൊണ്ട് ഇന്നും ആ കാലത്തിലാണ്. സ്റ്റിൽ യങ് അറ്റ് ഹാർട്ട്. ഇത്രയും വർഷത്തിനിടയിൽ സന്തോഷവും സങ്കടവും തോന്നിയ ഒരുപാട് മുഹൂർത്തങ്ങളുണ്ടായി. ജീവിതം പൂ വിരിച്ച വഴികളല്ലെന്ന് അനുഭവങ്ങൾ പഠിപ്പിച്ചു. ഫീൽഡിൽ ആക്ടീവ് ആണല്ലോ ഇപ്പോഴും. അതു വലിയ കാര്യമല്ലേ?

സിനിമയില്‍ നിന്ന് സീരിയലിലേക്കുളള മാറ്റം എന്തുകൊണ്ടായിരുന്നു?

സിനിമ ഒരിക്കലും വേണ്ടെന്നു വച്ചിട്ടില്ല. ഇൻഹരിഹർ നഗർ മോഡലിൽ പിന്നെയും കുറേ പടങ്ങൾ കിട്ടി. അഭിനയെത്തെക്കുറിച്ച് അന്നത്ര സീരിയസ് ആയിരുന്നില്ല. അതു കൊണ്ട് സെലക്ടീവാകണം എന്നൊന്നും ചിന്തിച്ചുമില്ല. ഒരേ പോലെ കുറേ കഥാപാത്രങ്ങൾ ചെയ്തപ്പോൾ മടുത്തു. 1997 ലായിരുന്നു കല്യാണം. ഒരു വർഷം വീട്ടിലിരുന്നു. പിന്നെ വന്ന ഓഫറുകൾ സീരിയലിൽ നിന്നായിരുന്നു. കിളിച്ചുണ്ടൻ മാമ്പഴം, സി.ബി.ഐ സേതുരാമയ്യർ പോലെ ചില സിനിമകളും ഒപ്പം ചെയ്തു.

തേന്മാവിൻ കൊ‌മ്പത്ത്, മിന്നാരം, വെട്ടം, കാഞ്ചീവരം..... പ്രിയദർശൻ സിനിമകളിൽ സ്ഥിരമായി കാണാറുണ്ടായിരുന്നല്ലോ?

‘ഗാന്ധർവ’ത്തിന്റെ സെറ്റില്‍ വച്ച് ലാലേട്ടനാണ് പ്രിയൻ സാറിന് പരിചയപ്പെടുത്തിയത്. രേവതിയുടെ കസിനല്ലേ അറിയാം എന്നദ്ദേഹം പറഞ്ഞു.‘ തേന്മാവിന്‍ കൊമ്പത്തിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ‘‘ഗീത ഹീറോയിന്‍ ആയിട്ടാണു വന്നത്. പക്ഷേ, ഈ പടത്തിൽ വളരെ കുറച്ചു സീനുകളേ ഉള്ളൂ. ബട്ട് യൂ വില്‍ ബീ നോട്ടീസ്ഡ്’ എന്നു പറഞ്ഞു . സാറിന്റെ പടത്തിൽ ഒരു ഷോട്ടിലാണെങ്കിൽ പോലും അഭിനയിക്കാൻ കഴിയുന്നത് അനുഗ്രഹമാണെന്ന് ഞാനും പറഞ്ഞു. സ്ഥിരമായി വിളിക്കുകയോ വിശേഷം പറയുകയോ ഒന്നുമില്ല. എന്നാലും അതിനു ശേഷം എട്ടൊമ്പതു ചിത്രങ്ങളിൽ സാർ തന്നതെല്ലാം അഭിനയ സാധ്യതയുളള റോളുകളാണ്. വളരെ നാളുകൾക്കു ശേഷം ഒരിക്കല്‍ എയർപോർട്ടിൽ വച്ചു കണ്ടപ്പോൾ ഫോൺ നമ്പർ മാറിയിട്ടില്ലല്ലോ എന്നു ചോദിച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ‘കാഞ്ചീവര’ത്തിലൊരു റോളുണ്ടെന്നു പറഞ്ഞു. ഷൂട്ട് കഴിഞ്ഞ് മടങ്ങുമ്പോൾ പറഞ്ഞു ‘ആർട്ടിസ്റ്റ് എന്ന നിലയിൽ ഗീത ഒരുപാട് ഇംപ്രൂവ് ചെയ്തിട്ടുണ്ട്’ എന്ന്. അവാർഡ് കിട്ടിയ പോലെ തോന്നി. നല്ലതോ ചീത്തയോ എന്നറിയില്ല. അവസരത്തിനു വേണ്ടി ബന്ധങ്ങളോ ഫ്രണ്ട്ഷിപ്പോ സൂക്ഷിക്കുന്ന സ്വഭാവം ഒട്ടുമില്ല.

ആ സ്വഭാവം കാരണം എനിക്ക് ശത്രുക്കളില്ല. പക്ഷേ എന്തു കൊണ്ടോ, എന്റെ ആറ്റിറ്റ്യൂഡ് കൊണ്ടാണോ എന്നറിയില്ല, ചില പടങ്ങളിൽ നിന്ന് ഒരു കാരണവുമില്ലാതെ എന്നെ കട്ട് ചെയ്യാറുണ്ട് ഈയിടെയും അങ്ങനെ ഒരനുഭവമുണ്ടായി. വര്‍ഷങ്ങൾക്കു മുമ്പായിരുന്നെങ്കിൽ വിഷമിച്ചേനെ. എനിക്കൊന്നും നഷ്ടപ്പെടാനില്ല, നഷ്ടം ആ സിനിമയ്ക്കു തന്നെ എന്നാണ് ഞാനിപ്പോൾ ചിന്തിക്കുന്നത്.

ബോളിവുഡിലും അഭിനയിച്ചിരുന്നല്ലോ?

തേന്മാവിൻ കൊമ്പത്തിന്റെ ഹിന്ദി റീമേക്ക് ‘സാത് രംഗ് കെ സ്വപ്നേ’ നിർമിച്ചത് എബിസിഎൽ ആണ്. മലയാളത്തിൽ നിന്ന് സുകുമാരിയമ്മയെയും എന്നെയും ജയാബച്ചൻ നേരിട്ടാണ് തിരഞ്ഞെടുത്തത്. രാജസ്ഥാനിലെ സെറ്റിൽ നിന്ന് ഒഴിവു സമയത്ത് ജൂഹി ചാവ്ലയും ഞാനും കൂടി ജയ്സാൽമീർ കോട്ട കാണാൻ പോയി. ‘ഇൻ ഹരിഹർ നഗറി’ന്റെ തെലുങ്കിലേക്ക് വിളിച്ചിരുന്നു. സെറ്റിൽ ചെന്നപ്പോള്‍ സ്വിംസ്യൂട്ട് ഇടണമെന്ന് നിര്‍ബന്ധം. ‘സ്വിംസ്യൂട്ടിൽ ഞാൻ കംഫർട്ടബിൾ അല്ലല്ലോ’ എന്നു പറഞ്ഞ് ഇറങ്ങിപ്പോന്നു. തമിഴിൽ ആദ്യത്തെ പടം ‘ആധാർ ’ അടുത്തിടെയാണ് ചെയ്തത്. ‘അങ്ങാടിത്തെരു’ ഫെയിം മഹേഷിന്റെ അമ്മ വേഷമാണതിൽ. പക്കാ വില്ലേജ് ക്യാരക്ടര്‍.

ഗീത വിജയൻ ഗീത വിജയൻ. ഫോട്ടോ: ശ്യാം ബാബു

സിനിമയിൽ ആരാണ് റോൾ മോഡൽ ?

അഭിനയത്തിൽ എന്റെ മാനസഗുരു കമൽഹാസൻ സാറാണ്. ഞാൻ സിനിമയിലെത്തും മുമ്പ് ‘ഒരു ക‌ൈതിയിൻ ഡയറി’യുടെ സെറ്റിൽ രേവതിച്ചേച്ചിയെ കാണാൻ പോയപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ഹലോ പറഞ്ഞ് അദ്ദേഹം പോയി. എന്തുകൊണ്ടോ സിനിമയിൽ വന്നശേഷം അദ്ദേഹത്തെ കാണാൻ പറ്റിയിട്ടില്ല. എത്ര തവണ കണ്ടതാണെങ്കിലും ഓരോ സിനിമയിൽ നിന്നും ഓരോ തവണയും പുതിയതായി എന്തെങ്കിലും പഠിക്കാനുണ്ടാകും. ശിവാജി സാർ കഴിഞ്ഞാൽ പിന്നെ അതുല്യ നടൻ കമൽ തന്നെ. ഒരു സംശയവുമില്ല.

സീരിയലുകൾ ചെയ്തു തുടങ്ങുന്നത് എങ്ങനെയാണ്?

സി‌നിമ മുഴുവൻ പുരുഷ കഥാപാത്രങ്ങൾ കൈയടക്കി വച്ചിരിക്കുകയല്ലേ? പേരിനൊരു നായികയുണ്ടാകും. സ്്ത്രീകൾക്ക് സിനിമയിൽ കിട്ടാത്ത വ്യത്യസ്തതയുളള വേഷങ്ങൾ സീരിയലിൽ കിട്ടും. കല്യാണത്തിനു ശേഷം ആദ്യം‌ വന്ന ഓഫർ എച്ച് വി ഡി എന്ന മലേഷ്യൻ കമ്പനിയുടെ രണ്ട് ‌തമിഴ് സീരിയലുകളാണ് അതിനു പുറകിൽ പ്രവർത്തിച്ചതെല്ലാം ചൈനീസ് ക്രൂ ആണ്. ഹോളിവു‍ഡ് രീതിയിലായിരുന്നു വർക്ക്. വളരെ അച്ചടക്കമുളള ആ ടീമിനൊപ്പം ജോലി ചെയ്ത് തിരിച്ചത്തിയപ്പോഴാണ് മലയാളം സീരിയൽ വിളിക്കുന്നത്.

ഇഷ്ടമല്ലാതിരുന്നിട്ടും അഭിനയത്തിൽ തുടർന്നത്?

എയർഹോസ്റ്റസ് ആകണമെന്നായിരുന്നു ചെറുപ്പത്തിലെ ആഗ്രഹം. കംപ്യൂട്ടറുകൾ വന്ന സമയത്ത് ആ ഫീൽഡിൽ എന്തെങ്കിലും ചെയ്യണമെ‌ന്നായി. പ്ലസ്ടൂ കഴിഞ്ഞിരിക്കുമ്പോഴാണ് ആദ്യത്തെ സിനിമ. അഭിനയം എന്ത‌ാണെന്നറിയില്ലെങ്കിലും തുടരെ സിനിമ കിട്ടിയപ്പോൾ ചെയ്യാമെന്നു തോന്നി. പിന്നെ, സിനിമയിൽ രേവതിച്ചേച്ചിയുടെ സാന്നിധ്യം ഒ‌രു വലിയ ഘടകമായിരുന്നു. ചേച്ചിയുടെ അച്ഛൻ മിലിട്ടറിയിൽ ‌ആയതുകൊണ്ട് ‌ചെറുപ്പത്തിലൊക്കെ രേവതിച്ചേച്ചി മിക്കവാറും നോർത്ത് ഇന്ത്യയിലാകും. എന്റെ നാട് തൃശൂരാണ്. ഒരു കല്യാണത്തിന് വീട്ടില്‍ ഒത്തുകൂടിയപ്പോൾ ഞങ്ങൾ ഒരുമിച്ച് ഡാൻസു കളിച്ചതൊക്കെ ഓർമയുണ്ട്. എയർപോർട്ടിലൊക്കെ വച്ചാകും ഇന്ന് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. ഇതുവരെ ഒരുമിച്ച് അഭിനയിക്കാൻ പറ്റിയിട്ടില്ലെന്നതാണ് ഒരു സങ്കടം.‍

ഭർത്താവ്, കുടുംബം?

ഭർത്താവ് സതീഷ് കുമാർ മോഡലും നടനുമാണ്. ആന്ധ്രയാണ് സ്വദേശം. സ്ക്കൂൾമേറ്റ്സ് ആയിരുന്നെങ്കിലും ‍ഞങ്ങൾ പ്രേമിച്ചു തുടങ്ങുന്നത് വര്‍ഷങ്ങൾക്കു ശേഷം കസിന്റെ കല്യാണത്തിൽ കണ്ടുമുട്ടിയപ്പോഴാണ്. ഞാനും സതീഷും ഒരുമിച്ചെടുത്ത തീരുമാനമാണ് മക്കൾ വേണ്ടെന്ന്. ഷൂട്ടിങ്ങിനിടയിൽ മാത്രം കാണുമ്പോൾ ജീവിതം കൂടുതൽ കളർഫുൾ ആകും. അതുകൊണ്ട് ഇങ്ങനെതന്നെ പോയാൽ മതിയെന്ന് സതീഷ് പറയും. അച്ഛന്‍ വിജയൻ അടിയാട്ട് വെറ്റിനററി ഡോക്ടർ ആയിരുന്നു. അമ്മ ശാരദ. അനിയത്തി ദിവ്യ മലേഷ്യയിൽ അക്കൗണ്ടന്റാണ്. അമ്മയും അച്ഛനും അവൾക്കൊപ്പം മലേഷ്യയിൽ. അച്ഛൻ വെറ്റിനററി ‍ഡോക്ടറായതു കൊണ്ടാണോ എന്നറിയില്ല, എനിക്ക് നായകളോട് വലിയ സ്നേഹമാണ്. ചെന്നൈയിൽ രാവിലെ നടക്കാന്‍ പോകുമ്പോള്‍ വഴിയിൽ കാണുന്ന നായകൾക്കൊക്കെ ബിസ്ക്ക‌റ്റ് വാങ്ങിക്കൊടുക്കും.

ഗീത ഭർത്താവ് സതീഷിനൊപ്പം ഗീത ഭർത്താവ് സതീഷിനൊപ്പം. ഫോട്ടോ: ശ്യാം ബാബു

എങ്കിലും ഷൂട്ടിങ് ഇല്ലാത്തപ്പോൾ വീട്ടിൽ ഒറ്റയ്ക്കായാൽ മടുപ്പു തോന്നില്ലേ?

ഏയ്.... അങ്ങനെയൊന്നും ഒരിക്കലും തോന്നിയിട്ടില്ല.‌ ഷൂട്ടിങ് ഇല്ലെങ്കിൽ വീട്ടിൽ തന്നെയിരിക്കാനാണ് ഇഷ്ടം. പുസ്തകങ്ങളാണ് ബെസ്റ്റ് ഫ്രണ്ട്സ്. ഫിക്ഷൻ, നോൺ ഫിക്ഷന്‍, ഫിലോസഫി... എല്ലാം വായിക്കും. ജോലിക്കാരൊന്നുമില്ല. വീടു വ‌ൃത്തിയാക്കുന്നതും പാചകവുമെല്ലാം ഞാൻ തന്നെ. വീട് എന്നു വച്ചാൽ ഞങ്ങള്‍ രണ്ടു പേർ മാത്രമുളള ഒരു പ്ലാനെറ്റ് പോലെയാണ് തോന്നുക. അവിടെ ആകെയുളള രണ്ടു ജീവകണികകൾ എന്നു സങ്കൽപിക്കുമ്പോൾ അതൊരു സുഖമല്ലേ?.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.