Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാനൊരു ന്യൂജൻ ഓഫീസർ: മെറിൻ ജോസഫ് ഐപിഎസ്

ഐപിഎസുകാരി ആകുന്നതിനു മുൻപേ സോഷ്യൽ മീഡിയ കൊച്ചിയിലെ എസിപിയാക്കിയപ്പോൾ മലയാളികൾ പോലും വിചാരിച്ചില്ല, പിന്നീട് ആ പെൺകുട്ടി എഎസ്പിയായി കേരളത്തിലേക്കു തന്നെ വരുമെന്ന്.

ആ കൈകൊണ്ട് ഒന്ന് അറസ്റ്റു ചെയ്യൂ എന്ന് പോലും സോഷ്യൽ മീഡിയയിൽ യുവാക്കൾ പോസ്റ്റിട്ടു. പിന്നീട് അങ്ങനെ ജനങ്ങൾ തന്നെ താരമാക്കിയ മൂന്നാർ എഎസ്പി മെറിൻ ജോസഫ് ഔദ്യോഗിക ജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

കേരളത്തിലേക്കു വരുന്നതിനു മുൻപു തന്നെ ഇത്രയും വലിയ പബ്ലിസിറ്റി കിട്ടുമെന്നു കരുതിയിരുന്നോ?

സോഷ്യൽ മീഡിയ വഴി ചിത്രം പ്രചരിക്കുന്നുണ്ടന്നു സുഹൃത്തുക്കളും കസിൻസും വഴിയാണ് അറിഞ്ഞത്. ഇൻഡോറിൽ ട്രെയിനിങ് സമയമായിരുന്നു. അവിടെ റേഞ്ച് കുറവാണ്. അന്നു വൈകിട്ട് ആരുടെയോ മൊബൈലിലാണ് ഞാൻ കണ്ടത്. പക്ഷേ അതുകണ്ടപ്പോഴും അത്രയും വൈറലാകുമെന്നു അറിയില്ലായിരുന്നു.

ട്രെയിനിങ് കാലത്തു നാഷണൽ പൊലീസ് അക്കാദമിയിൽ മോഡൽ പൊലീസ് സ്റ്റേഷന്റെ ഒരു ക്ലാസിൽ ഇരുന്നപ്പോൾ എടുത്ത ചിത്രമാണത്. ഞാൻ അത് ഫെയ്സ്ബുക്കിൽ പ്രൊഫൈൽ ചിത്രമാക്കുകയും ചെയ്തു. അതിനുശേഷമാണ് ചിത്രം പ്രചരിച്ചത്. വാർത്ത സത്യമല്ലായിരുന്നുവെന്ന് പിന്നീട് എനിക്ക് ഫെയ്സ്ബുക്കിലൂടെതന്നെ അറിയിക്കേണ്ടിവന്നു.

സുഹൃത്തുക്കളും ബാച്ച്മേറ്റ്സുമെല്ലാം ആ സമയത്ത് കളിയാക്കുമായിരുന്നു. മെറിൻ ജോസഫിന്റെ ബാച്ച് എന്നായിരിക്കും 2013 ഐപിഎസ് ബാച്ച് അറിയപ്പെടുക എന്നു പറയുമായിരുന്നു. ഞാനതെല്ലാം അതിന്റെ രീതിയിലേ എടുത്തിട്ടുള്ളൂ.

Merin Joseph IPS Merin Joseph IPS

പിന്നീട് കേരളത്തിൽ വന്നപ്പോൾ എല്ലാവരും എന്നെ തിരിച്ചറിയുന്നുണ്ടായിരുന്നു. അതുകൊണ്ട് പരിപാടികൾക്കൊക്കെ പോകുമ്പോൾ നല്ലൊരു സദസ്സ് എല്ലായിടത്തും ഉണ്ടായിരുന്നു. എനിക്ക് കാര്യങ്ങൾ എളുപ്പത്തിൽ കമ്മ്യൂണിക്കേറ്റ് ചെയ്യാനും സാധിച്ചു. എല്ലാം ഞാൻ പോസിറ്റീവായി കാണുന്നു.

പിന്നീട് കേരളത്തിൽ വന്നപ്പോൾ അതും വാർത്തയായല്ലോ?

മുൻപ് വന്ന വാർത്ത ശരിയായി എന്നാണ് പിന്നീട് പ്രചരിച്ചത്. പക്ഷേ എന്നെ ട്രെയിനിയായി ആലുവയിലായിരുന്നു പോസ്റ്റ് ചെയ്തത്. എറണാകുളം ജില്ലയിലായിരുന്നു എന്നു മാത്രം.

സിവിൽ സർവീസ് മോഹം ചെറുപ്പം മുതലേ ഉണ്ടായിരുന്നോ?

അച്ഛൻ സിവിൽ സർവീസ് ആയിരുന്നതുകൊണ്ട് സ്വതവേ അങ്ങനെയൊരു താൽപര്യം നമുക്കുണ്ടാകും. എന്റെ മാതാപിതാക്കൾക്കും അതായിരുന്നു ഇഷ്ടം. അതുകൊണ്ട് ചെറുപ്പം മുതലേ അതിനായി എന്നെ ഒരുക്കിയിരുന്നു. സ്കൂൾ കാലഘട്ടം മുതൽ അതായിരുന്നു എന്റെ‌യും ഇഷ്ടം. സെന്റ് സ്റ്റീഫൻസിൽ ഹിസ്റ്ററി പഠിച്ച ഒരാൾ സിവിൽ സർവീസ് ശ്രമിക്കാതിരിക്കുന്നതാണ് അവിടെ കൗതുകം.

ഐഎഎസിനു വേണ്ടിയല്ലേ പരിശ്രമിച്ചത്?

ആദ്യ ഓപ്ഷൻ ഐഎഎസ് ആയിരുന്നു. പക്ഷേ ആദ്യത്തെ തവണതന്നെ ഐപിഎസ് കിട്ടിയതിൽ ഞാൻ സന്തോഷവതിയാണ്. അതുകൊണ്ട് പിന്നീട് ഐഎഎസിനു ശ്രമിച്ചില്ല. ജോലി തുടങ്ങി കഴിയുമ്പോൾ നമുക്കു മനസ്സിലാകും എല്ലാം ഏകദേശം ഒരുപോലെയാണ്. ഏതു സർവീസിലാണെങ്കിലും ജനങ്ങളെ സേവിക്കുക എന്നതാണല്ലോ പ്രധാനം.

ആദ്യ പോസ്റ്റിങ് കേരളം ആകണമെന്നുണ്ടായിരുന്നോ?

കേരളം ആയിരുന്നു എനിക്കിഷ്ടം. പിന്നെ സ്വന്തം നാടും അറിയുന്ന ഭാഷയുമാകുമ്പോൾ ജോലി കുറച്ചുകൂടി എളുപ്പമാകുമല്ലോ. ആദ്യ പോസ്റ്റിങ് എഎസ്പി ട്രെയിനിയായി ആലുവയിലായിരുന്നു. മൂന്നു മാസം അങ്കമാലി സർക്കിളിലുള്ള ചെങ്ങമനാട് സ്റ്റേഷനിലായിരുന്നു. അവിടുത്തെ എസ്എച്ച്ഒ ആയിരുന്നു. തുടക്കമെന്ന നിലയിൽ ഏറ്റവും താഴെ നിന്നും തുടങ്ങുന്നതു നല്ലതായിരുന്നു. എല്ലാം പഠിക്കാനുള്ള കാലഘട്ടമായിരുന്നു അത്. ജനങ്ങളിലേക്കെത്തി അവരെ സഹായിക്കുകയാണ് എന്റെ ജോലിയെന്ന് എനിക്ക് ബോധ്യമുണ്ട്. അതു നന്നായി ചെയ്യാനും സാധിക്കുന്നുണ്ട്.

കണ്ടാൽ ഒരു കോളജ് പെൺകുട്ടി. ജോലിയെ അത് ഏതെങ്കിലും വിധത്തിൽ ബാധിച്ചിട്ടുണ്ടോ?

എന്റെ പ്രായം എല്ലാവർക്കുമറിയാം. അവസാന വർഷ എംഎയ്ക്കു പഠിക്കുമ്പോഴാണ് ഞാൻ സിവിൽ സർവീസ് എഴുതുന്നത്. അതുകൊണ്ട് ഒരു കോളജ് വിദ്യാർഥിയുടെ മനസ്സ് എനിക്കിപ്പോഴുമുണ്ട്. ഒരു ഐപിഎസ് ഓഫീസറായതുകൊണ്ട് അങ്ങനെ തന്നെ നടക്കണം എന്നൊന്നും എനിക്കില്ല. ഞാനൊരു ന്യൂ ജനറേഷൻ ഓഫീസറാണ്.

ഇപ്പോൾ ജോലി നന്നായി ആസ്വദിക്കാനാകുന്നുണ്ടോ?

എന്റെ ആദ്യ പോസ്റ്റിങ് ആണ് മൂന്നാർ. ഇവിടെ സമരവും പ്രശ്നങ്ങളും ഉള്ള സമയത്താണ് ഇങ്ങോട്ടു വരുന്നത്. അതുകൊണ്ട് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാലും നന്നായി മുന്നോട്ടു പോകാൻ കഴിയുന്നുണ്ട്. ഏറ്റവും വലിയ സബ് ഡിവിഷനാണ് മൂന്നാർ. ഇവിടേക്കു തന്നെ ആദ്യ പോസ്റ്റിങ് തന്നത് എന്റെ കഴിവിനുള്ള അംഗീകാരമായി കാണുന്നു. ഇവിടുത്തെ കാലാവസ്ഥയും സ്ഥലവും എല്ലാം ഇഷ്ടപ്പെട്ടു.

മലയാളിയായ മൂന്നാമത്തെ ഐപിഎസ് ഓഫീസറായപ്പോൾ ഉത്തരവാദിത്വം കൂടുതലുള്ളതുപോലെ തോന്നിയോ?

ആദ്യം എല്ലാവരുടേയും പ്രതീക്ഷകൾക്കൊത്തുയരാൻ സാധിക്കുമോയെന്ന് ടെൻഷനുണ്ടായിരുന്നു. പിന്നീട് അതൊരിക്കലും ജോലിയെ ബാധിക്കാത്ത തരത്തിൽ കൊണ്ടുപോകാൻ കഴിഞ്ഞു. ഒരു സ്ത്രീയായതുകൊണ്ട് പലരും വന്ന് സ്വാതന്ത്യത്തോടെ കാര്യങ്ങൾ പറയാറുണ്ട്. അത്തരം ആത്മവിശ്വാസം നല്ല രീതിയിൽ മുന്നോട്ട് പോകാൻ സഹായിക്കുന്നുണ്ട്.

സാധാരണ ട്രെയിനിങ് കഴിയുമ്പോഴേക്ക് ഐപിഎസുകാരുടെ ശരീരമെല്ലാം അതിനനുസരിച്ച് പാകപ്പെട്ടിരിക്കും. പക്ഷേ മെറിനെ കണ്ടാൽ അങ്ങനെ തോന്നുകപോലുമില്ലല്ലോ?

ട്രെയിനിങ് തീർച്ചയായും വളരെ ബുദ്ധിമുട്ടായിരുന്നു. വെളുപ്പിനെ എഴുന്നേറ്റ് പരിശീലനം തുടങ്ങും. പിന്നെ ഓരോ സ്ക്വാഡ് ആയിട്ടാണ് എല്ലാം ചെയ്യുന്നത്. കുതിര സവാരിയും നീന്തൽ പരിശീലനവും നമുക്ക് ഇല്ലാത്ത പല കഴിവുകളും മെച്ചപ്പെടുത്താൻ അവസരമുണ്ട്. 6..7 മണിക്കൂർ ഔട്ട്ഡോർ പ്രാക്ടീസ് മാത്രം കാണും. അപ്പോൾ മാനസ്സും ശരീരവും ഉറയ്ക്കും. 11 മാസമാണ് ട്രെയിനിങ് കാലം. അത്രയും സമയമല്ലേയുള്ളൂ എന്നോർത്ത് സമാധാനിക്കും. ആ സമയംകൊണ്ടു പഠിക്കാനുള്ളതെല്ലാം പഠിച്ചെടുക്കുക എന്ന ചിന്തിക്കൂ. പിന്നെ ഞങ്ങൾ 150 ട്രെയിനീസ് ഒന്നിച്ചാണ് ചെയ്യുന്നത്. അപ്പോൾ കമ്പനിയുള്ളതുകൊണ്ട് കുഴപ്പമില്ല. എല്ലാം ഇപ്പോൾ നല്ല ഓർമകളാണ്.

ഡൽഹിയിൽ പഠിക്കുമ്പോൾ കേരളത്തിൽ വരാറുണ്ടായിരുന്നോ?

സ്കൂൾ സമയത്ത് വർഷത്തിൽ ഒരു മാസമൊക്കെ വന്നു നിൽക്കാറുണ്ടായിരുന്നു. പിന്നെ മുതിർന്ന ക്ലാസുകളിലായപ്പോൾ അത് വർഷത്തിൽ രണ്ടാഴ്ചയും ഒരാഴ്ചയുമൊക്കെയായി. എനിക്ക് കേരളം ഇഷ്ടമായതുകൊണ്ടാണ് ഞാൻ ട്രെയിനിങ്ങിന് കേരളം തന്നെ തിരഞ്ഞെടുത്തതും.

മലയാളം നേരത്തെ അറിയാമായിരുന്നോ?

വീട്ടിൽ മലയാളമാണ് സംസാരിച്ചിരുന്നത്. പിന്നെ ഇംഗ്ലീഷും. അതുകൊണ്ട് ഭാഷ പ്രശ്നമല്ല. പക്ഷേ എഴുതാനും വായിക്കാനും പഠിക്കണം. ഈ ജോലിയിൽ പൊതുജനങ്ങളുമായി ഇടപെടേണ്ടതുള്ളതുകൊണ്ട് ഭാഷ അറിഞ്ഞില്ലെങ്കിലും പ്രശ്നമാണ്.

ജോലിയുടെ ഭാഗമായി യാത്ര ചെയ്യേണ്ടിവരുമ്പോൾ ആസ്വദിക്കാറുണ്ടോ?

തീർച്ചയായും. കേരളത്തിൽ ഇപ്പോൾ കാസർഗോഡ് ഒഴികെ എല്ലാ ജില്ലകളിലും ‍ഞാൻ പോയിട്ടുണ്ട്. യാത്ര ചെയ്യാനും പുതിയ സ്ഥലങ്ങൾ കാണാനും പരിചയപ്പെടാനും ഇഷ്ടമാണ്. പോയതിൽ മലബാറാണ് പ്രത്യേകത തോന്നിയത്. അവി‌ടെ കണ്ണൂരാണ് ഞാൻ ആദ്യം പോകുന്നത്. ഭയങ്കര രസകരമായി തോന്നിയത് അവിടുത്തെ ഭൂപ്രകൃതിയാണ്. കുന്നും മലയും കടലും എല്ലാം ഉൾക്കൊള്ളുന്ന പ്രദേശം.

സോഷ്യൽ മീഡിയയിൽ നിരന്തരം വരുന്ന വിവാദങ്ങളെ എങ്ങനെ കാണുന്നു?

Merin Joseph IPS Merin Joseph IPS

ആളുകൾക്ക് ഒരു ചെറുപ്പക്കാരിയായ ഓഫീസറെ കണ്ട് അത്ര പരിചയം ഇല്ല. അതുകൊണ്ട് ചെയ്യുന്നതെല്ലാം ശ്രദ്ധിക്കും. ഉണ്ടായ വിവാദങ്ങളൊക്കെയും ആവശ്യമുള്ള കാര്യങ്ങൾക്കല്ലായിരുന്നു. എന്നെ അതൊന്നും വ്യക്തിപരമായി ബാധിക്കില്ല. ഞാനതെല്ലാം അതിനെ കാണണ്ട രീതിയിലെ കാണുന്നുള്ളൂ. പിന്നെ കുട പിടിച്ചു എന്നൊക്കെ പറയുന്നത് ഞാൻ അറിഞ്ഞ കാര്യം പോലുമല്ല. മഴ വരുമ്പോൾ സ്വാഭാവികമായും കൂടെയുള്ളയാൾക്ക് ഞാനാണെങ്കിലും കുട പിടിച്ചുകൊടുക്കും. അത് ഇത്ര വലിയ വാർത്തയാക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. എനിക്കറിയാം ഞാൻ എന്റെ ജോലി ചെയ്യാനാണ് വന്നിരിക്കുന്നതെന്ന്.

ഇത്രയും തിരക്കുള്ള ജോലിയും ജീവിതവും എങ്ങനെ ഒന്നിച്ചു കൊണ്ടുപോകുന്നു?

ഒരു ബാലൻസ് എപ്പോഴും രണ്ടിലും ഉണ്ടായിരിക്കണം. ജോലിയുടെ തിരക്ക് ഒരിക്കലും സ്വകാര്യ ജീവിതത്തെയോ ഹോബീസിനെയോ ഒന്നും ബാധിക്കരുത്. രണ്ടും ഒന്നിച്ച് കൊണ്ടുപോണം. പിന്നെ ജോലിക്കു വേണ്ട എല്ലാ കാര്യങ്ങളും വളരെ ആസ്വദിച്ചാണു ഞാൻ ചെയ്യുന്നത്. അതുകൊണ്ട് അതിനുവേണ്ടി എത്ര ബുദ്ധിമുട്ടാനും കുഴപ്പമില്ല.

കുടുംബം?

ഞാൻ ജനിച്ചത് കോട്ടയം മാങ്ങാനത്താണ്. അമ്മ കോട്ടയംകാരി. അച്ഛന്റെ നാട് റാന്നി. എനിക്ക് ഒരു വയസ്സുള്ളപ്പോൾ ഡൽഹിക്കു പോയതാണ്. പിന്നീടു വളർന്നതും പഠിച്ചതുമെല്ലാം അവിടെ. ബിഎയും എംഎയും സെന്റ് സ്റ്റീഫൻസ് കോളജിൽ ആയിരുന്നു. പിന്നീടാണ് സിവിൽ സർവീസിൽ വന്നത്. അച്ഛൻ ഇന്ത്യൻ ഇക്കണോമിക് സർവീസിലാണ്. അമ്മ ഇക്കണോമിക്സ് അധ്യാപികയും. മൂത്ത സഹോദരൻ ബെംഗളൂരുവിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു.

വിവാഹം കഴിച്ചരിക്കുന്നത് ചങ്ങനാശ്ശേരിയിൽ നിന്നാണ്. ഡോ. ക്രിസ് എബ്രഹാം. അദ്ദേഹം ഇപ്പോൾ മദ്രാസ് മെഡിക്കൽ കോളജിൽ എംഡി ചെയ്യുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.