അറുപത്തിരണ്ടാം വയസ്സിൽ കുഞ്ഞിനു ജന്മം നൽകി വാർത്തകളിൽ നിറഞ്ഞുനിന്ന മൂവാറ്റുപുഴ കാവുംകര സ്വദേശിനി റിട്ട. അധ്യാപിക ഭവാനിയമ്മ (76) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ വിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വാർധക്യകാലത്ത് ടെസ്റ്റ് ട്യൂബ് ശിശുവിനു ജന്മം നൽകുകയും ആ കുഞ്ഞ് ഒന്നര വയസ്സിൽ മരിക്കുകയും ചെയ്തതോടെ അനാഥയായ ടീച്ചറുടെ ജീവിത കഥ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
2004 ഏപ്രിൽ 14നാണ് ഭവാനിയമ്മ കണ്ണനു ജന്മം നൽകിയത്. തിരുവനന്തപുരം സമദ് ആശുപത്രിയിൽ ടെസ്‌റ്റ് ട്യൂബ് ബീജസങ്കലനത്തിലൂടെയാണു ഭവാനിയമ്മ ഗർഭം ധരിച്ചത്. വീട്ടുമുറ്റത്തെ പാത്രത്തിലെ വെള്ളത്തിലേക്കു തലകീഴായി വീണായിരുന്നു ഒന്നര വയസുകാരൻ കണ്ണന്റെ ദാരുണ മരണം. കുഞ്ഞു മരിച്ച സംഭവത്തിനുശേഷം പലയിടത്തായി താമസിച്ചിരുന്ന ഭവാനിയമ്മ കുറച്ചുകാലമായി വയനാട്ടിലായിരുന്നു. മാനന്തവാടിയില്‍ വാടകക്കെട്ടിടത്തിൽ താമസിച്ചിരുന്ന ഇവർ വിദ്യാലയങ്ങളിൽ ക്ലാസെടുത്താണു ജീവിച്ചിരുന്നത്. ഇതിനിടെ അസുഖങ്ങളും പിടിമുറുക്കി. തുടർന്നു വയനാട് പിണങ്ങോടിലെ പീസ് വില്ലേജിൽ അന്തേവാസിയായി കഴിയുകയായിരുന്നു അവർ.
ആദ്യ വിവാഹത്തിൽ കുട്ടികൾ ഉണ്ടാവാത്തതിനെ തുടർന്ന് ആദ്യഭർത്താവിന്റെ നിർബന്ധത്തിനു വഴങ്ങി ഭവാനി അമ്മ വീണ്ടും വിവാഹിതയായിരുന്നു. ഈ ബന്ധത്തിലും അവർക്കു കുട്ടികളുണ്ടായില്ല. ഭവാനി അമ്മ മുൻകയ്യെടുത്തു രണ്ടാം ഭർത്താവിനെക്കൊണ്ടു മറ്റൊരു വിവാഹം കഴിപ്പിച്ചു. ആ ബന്ധത്തിൽ ഉണ്ടായ കുട്ടിയെ കാണാൻ അനുവാദം കിട്ടാതായതോടെയാണു സ്വന്തമായി ഒരു കുട്ടി ഉണ്ടാവണം എന്ന ആഗ്രഹവുമായി ഭവാനിയമ്മ തിരുവനന്തപുരത്തെ സമദ് ആശുപത്രിയിലെത്തിയത്.