5757 ദിവസം പോരാട്ടത്തിന്റെ കനലുകളെ ജീവശ്വാസത്താൽ ജ്വലിപ്പിച്ചുനിർത്തിയ ജീവിക്കുന്ന ഇതിഹാസം ഇറോം ശർമിള ഇനി എങ്ങോട്ട് ? എവിടെ ഏതു വീട്ടിൽ താമസിക്കുമെന്നതിനൊപ്പം ആശയപരമായി അവർ എന്തു നിലപാടെടുക്കുന്നു എന്നൊരു ചോദ്യം കൂടിയുണ്ട്. മണിപ്പൂരിൽനിന്നു വരുന്ന വാർത്തകൾ കൃത്യമായ ഒരു ഉത്തരത്തിലേക്കും വിരൽചൂണ്ടുന്നില്ല. ആശയപഥത്തിലും പ്രവർത്തനപഥത്തിലും ഭാവി ജീവിത കാഴ്ചപ്പാടുകളിലും ഇറോം കടുത്ത പ്രതിസന്ധികളെ നേരിടുന്നു.
ജയിൽമുറിയാക്കിയ ആശുപത്രിയിൽ ഒന്നരപതിറ്റാണ്ടോളം ഏകാന്തത്തടവ് സഹിച്ചപ്പോഴൊന്നും അനുഭവിക്കാത്ത പ്രശ്നങ്ങളിലൂടെ അവർ കടന്നുപോകുന്നു. മണിപ്പൂരും ഇന്ത്യയും മാത്രമല്ല, മനുഷ്യാവകാശ പോരാട്ടങ്ങളെ സൂക്ഷ്മതയോടെ പിന്തുടരുന്ന ലോകമാകെ ഇറോമിന്റെ അടുത്ത നീക്കങ്ങൾക്കുവേണ്ടി, അവർ സ്വീകരിക്കുന്ന നിലപാടുകൾ അറിയാൻ കാത്തിരിക്കുന്നു.
16 വർഷം തൊണ്ടയിലൂടെ ഒരുതരി ആഹാരം പോലും കഴിച്ചിട്ടില്ലാത്ത ഒരാൾക്കു പെട്ടെന്നൊരുനാൾ സാധാരണ മനുഷ്യരുടേതുപോലെ ഖരപദാർത്ഥങ്ങൾ കഴിക്കാനാവില്ല. ശർമിളയുടെ ശരീരം പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടതുണ്ട്. തേൻ വെള്ളത്തിൽ ചാലിച്ചതും ഹോർലിക്സും ഡോക്ടർമാരുടെ മേൽനോട്ടത്തിൽ കഴിക്കുന്നു. ശാരീരികനിലയിലെ പുരോഗതി നിരീക്ഷിച്ച് അടുത്തദിവസങ്ങളിൽ അവർക്കു കൂടുതൽ ഭക്ഷണം കഴിക്കാനായേക്കും. ശാരീരികമായി ഇറോം ശർമിള പ്രതിസന്ധിയെ നേരിടുന്നില്ലെങ്കിലും അവരുടെ പോരാട്ടം വളർത്തിയെടുത്ത അനുയായികളുടെയും സഹയാത്രികരുടെയും വലിയകൂട്ടം പ്രതിസന്ധിയുടെ നടുക്കടലിൽതന്നെ.

സൈന്യത്തിനുള്ള പ്രത്യേകഅവകാശങ്ങൾ പിൻവലിക്കാതെ സമരത്തിൽനിന്നു പിന്നോട്ടില്ലെന്ന് ഉറച്ചുപ്രഖ്യാപിച്ച ശർമിള സമരം നിർത്തുന്നു എന്ന വാർത്ത അനുയായികൾ കേട്ടത് അവിശ്വസനീയതോടെ. ഒരിക്കൽ സമരം തുടങ്ങാൻ തീരുമാനിക്കുമ്പോൾ അതവരുടെ തീരുമാനം മാത്രമായിരുന്നു. മറ്റാരോടും അതേക്കുറിച്ചു ചർച്ച ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ല. പക്ഷേ പിന്നീടതൊരു രാഷ്ട്രീയപോരാട്ടമായി മാറി.
ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും സന്നദ്ധ സംഘടനകളും മനുഷ്യാവകാശപ്രവർത്തകരും ശർമിളയെ പിന്തുണച്ചു. അവരുടെ മോചനത്തിനുവേണ്ടി പ്രക്ഷോഭങ്ങൾ നടത്തി. ഒരു സംസ്ഥാനത്തിന്റെ മാത്രം പ്രശ്നം എന്നതിൽനിന്ന് ദേശീയ മനുഷ്യവകാശപ്രശ്നമായി ശർമിളയുടെ പോരാട്ടം. വ്യക്തിതലത്തിൽനിന്നു ദേശീയ തലത്തിലേക്കുമാറിയ പ്രക്ഷോഭം പിൻവലിക്കുമ്പോൾ തുടങ്ങിയ ദിവസത്തിലെന്ന പോലെ ശർമിള അവരെ ഇത്രനാളും പിന്തുണച്ചവരോട് ഒരു വാക്കുപോലും പറഞ്ഞിട്ടില്ല.
പാതിവഴിയിലെ പിൻമാറ്റം ഉൾക്കൊള്ളാനാകുന്നില്ല ശർമിളയുടെ ആശയത്തെ പിന്തുണച്ചവർക്ക്. സ്വന്തം വീട്ടിൽനിന്നു പോലും അവർ എതിർപ്പു നേരിടുന്നുവെന്നാണു സ്ഥിതീകരിക്കാത്ത വാർത്തകൾ. സമരം അവസാനിപ്പിച്ച ദിവസം അവർ വീട്ടിൽപോകാൻ ശ്രമിച്ചെങ്കിലും അതു നടക്കാതെവന്നതോടെ ശ്രമം ഉപേക്ഷിക്കുകയായിരുനെന്നും പറയുന്നു. ജാമ്യം ലഭിച്ചിട്ടും ഇംഫാലിലെ ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ മുറിതന്നെയാണ് അവരുടെ ഇപ്പോഴത്തെ വാസസ്ഥലം. ഒരു ആശ്രമത്തിലേക്കു പോകുന്ന കാര്യം ആദ്യദിവസം പറഞ്ഞെങ്കിലും പിന്നീടതിനെക്കുറിച്ച് അവർ വ്യക്തമാക്കുന്നുമില്ല.
ഒരു സാധാരണ വ്യക്തിയെപ്പോലെ ആഹാരം കഴിച്ചും വിവാഹിതയായും ജീവിക്കാനുള്ള അവകാശം ആരും ശർമിളയ്ക്കു നിഷേധിക്കുന്നില്ല. കൂടിയാലോചനകളില്ലാതെ, പരസ്പര ആശയ വിനിമയമില്ലാതെ , പെട്ടെന്നൊരുനാൾ പോരാട്ടത്തിലെ നായിക പിൻമാറുന്നതിനെയാണ് പലരും എതിർക്കുന്നത്. സമരത്തിൽനിന്നു പിൻവലിയുന്നു എന്നു മാത്രമല്ല ഭാവിയെക്കുറിച്ചു പറയുന്ന ശർമിളയുടെ വാക്കുകളിലും അവ്യക്തതയുണ്ടെന്ന് ആരോപിക്കുന്നു വലിയൊരുകൂട്ടം ആളുകൾ. മണിപ്പൂരിന്റെ മുഖ്യമന്ത്രിയാകണമെന്നൊക്കെ പറയുന്നുണ്ടെങ്കിലും വ്യക്തമായ ആശയമോ പദ്ധതിയോ അവർ മുന്നോട്ടുവയ്ക്കുന്നില്ലത്രേ. രാഷ്ട്രീയം മലീമസമെന്ന് ആരോപിക്കുന്ന ശർമിള ആടുത്ത വാക്യത്തിൽ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നു പറയുന്നു. ഒരു രാഷ്ട്രീയപാർട്ടിയോടും ആഭിമുഖ്യമില്ലെന്നു പറയുമ്പോഴും തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നും തന്നെ വിജയിപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു. പരസ്പരവിരുദ്ധമായ വാക്കുകളിൽ, വാചകങ്ങളിൽ, ആശയങ്ങളിൽ യഥാർഥ ശർമിളയെ തിരയുന്നു ആരാധകരും അനുയായികളും.
സമൂഹത്തെ മനസ്സിലാക്കുന്നതിൽ തനിക്കു തെറ്റുപറ്റിയെന്ന് ശർമിള കുമ്പസാരിക്കുമ്പോൾ തെറ്റുപറ്റിയത് ആർക്കെന്ന ആശങ്കയിലാണു പ്രവർത്തകർ. മണിപ്പൂരിന്റെ ഭൂമിശാസ്ത്രവും രാഷ്ട്രീയ കാലാവസ്ഥയുമറിയുന്നവർ ഭീകരസംഘടനകളുടെ മുന്നറിയിപ്പുകളും ശ്രദ്ധിക്കുന്നുണ്ട്. പല ഭാഗത്തുനിന്നും ഭീഷണികൾ ശർമിളയ്ക്കു നേരെ ഉയരുന്നു. സമരം നിർത്തിയതിൽ മാത്രമല്ല വിവാഹകാര്യത്തിൽപ്പോലും ശർമിളയുടെ തീരുമാനം ചോദ്യംചെയ്യപ്പെടുന്നു.

പുറത്ത് അടിഞ്ഞുകൂടുന്ന പ്രതിസന്ധി ശർമിളയേയും ബാധിക്കുന്നുണ്ടെന്നു വ്യക്തമാക്കുന്നു അവരുടെ ഒടുവിലത്തെ പ്രതികരണങ്ങൾ. താൻ ആകെ അസ്വസ്ഥയാണെന്നും തീരുമാനമെടുക്കാൻ ഏതാനും ദിവസങ്ങൾ വേണമെന്നും അവർ അപേക്ഷിക്കുന്നു. താൻ ദേവതയല്ലെന്ന് ഇറോം ശർമിള പറയുമ്പോൾ ഇക്കഴിഞ്ഞ പതിനാറുവർഷം അവരെ ദേവതയെപ്പോലെ കരുതിയ ജനക്കൂട്ടത്തോട് അനീതി ചെയ്യുകല്ലേ എന്ന പ്രശ്നമുണ്ട്.
തന്നെ വിഗ്രഹമാക്കാരുതെന്നും ശർമിള പറയുന്നു. ഒന്നരപ്പതിറ്റാണ്ട് ദേവതയാകാനും വിഗ്രഹമാകാനുമൊക്കെ നിന്നുകൊടുത്ത ആൾതന്നെ വിരുദ്ധാഭിപ്രായങ്ങൾ പറയുമ്പോൾ അടുത്ത നടപടിയെന്തെന്നു തീരുമാനിക്കാനാവുന്നില്ല അവരെ പിന്തുണച്ചവർക്കും അനുയായികൾക്കും. ഒരുപക്ഷേ ഇങ്ങനെയൊരു പ്രതിസന്ധി ലോകചരിത്രത്തിൽത്തന്നെ ആദ്യമാകും. സമാനതകളില്ലാത്ത പോരാട്ടം നടത്തി ഐതിഹാസിക പരിവേഷം നേടിയ അതേ വ്യക്തി സമാനതകളില്ലാത്ത പ്രതിസന്ധിയിലും എത്തിയിരിക്കുന്നു.
കാത്തിരിക്കാം ഇറോമിന്റെ അടുത്തനീക്കങ്ങൾക്കായി, അനുയായികളുടെ പ്രതികരണത്തിനായും.