അഗ്നിസാക്ഷിയായി കന്യാദാനം  

പ്രപഞ്ചശക്തിയുടെ പ്രതീകമാണ് അഗ്നി. ആ അഗ്നിയെ സാക്ഷിയാക്കി ചെയ്യുന്ന ഏതു കർമവും വിശുദ്ധമാണെന്നു കരുതപ്പെടുന്നു.

വിവാഹത്തിലെ പ്രധാന ആചാരമാണ് അഗ്നിയെ സാക്ഷിയാക്കി വധുവിന്റെ കൈ പിടിച്ച് അച്ഛൻ വരനെ ഏൽപിച്ചുകൊടുക്കുന്ന ചടങ്ങ്. കന്യാദാനം എന്നാണിതിനു പറയുന്നത്. ഭാരതീയവിവാഹത്തിലെ ചടങ്ങുകൾ പൊതുവേ ലളിതമാണ്. വിവാഹം ലളിതമായി നടത്താനാണു പഴമക്കാർ ഉപദേശിച്ചതും. ഇന്ന് അതെല്ലാം മറന്ന് ആർഭാടവിവാഹങ്ങളാണെങ്ങും. എങ്കിലും കന്യാദാനം പോലുള്ള ചടങ്ങിന് ഏറെ പ്രാധാന്യമുണ്ട്.

റജിസ്ട്രാർ ഓഫിസോ റജിസ്റ്റർ ബുക്കോ രണ്ടു പേരെ സാക്ഷികളാക്കി ഒപ്പിടലോ ഒന്നുമില്ലാത്ത കാലമാണ്. വിവാഹത്തെ ഉടമ്പടിയായല്ല, ആചാരമായിത്തന്നെയാണു പണ്ടുള്ളവർ കണ്ടിരുന്നത്. നിലവിളക്കിനെ സാക്ഷിയാക്കി സ്വന്തം മകളുടെ കൈപിടിച്ച് അച്ഛൻ വരനെ ഏൽപിക്കുന്ന ആചാരത്തിന് റജിസ്റ്റർ ബുക്കിൽ ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്നതിനെക്കാൾ ബലമുണ്ടായിരുന്നു.

പ്രപഞ്ചശക്തിയുടെ പ്രതീകമാണ് അഗ്നി. ആ അഗ്നിയെ സാക്ഷിയാക്കി ചെയ്യുന്ന ഏതു കർമവും വിശുദ്ധമാണെന്നു കരുതപ്പെടുന്നു. സത്യത്തിനും നീതിക്കും ധർമത്തിനുമൊക്കെ പ്രാധാന്യം നൽകിയിരുന്ന ആ കാലത്ത്,  അഗ്നിസാക്ഷിയായി ചെയ്ത കാര്യം തള്ളിപ്പറയാൻ ആരും മുതിർന്നിരുന്നില്ല. അതാണ് ആചാരങ്ങളുടെ ശക്തി.