ജീവിത പ്രതിസന്ധികളെ തരണം ചെയ്യാൻ അമ്പലപ്പുഴ ക്ഷേത്രദർശനം

അമ്പലപ്പുഴ എന്ന സ്ഥലനാമത്തോട് ഒപ്പം രണ്ടാമത് പറയുന്ന പദമാണ് പാൽപ്പായസം എന്നത്. അമ്പലപ്പുഴ പാർത്ഥസാരഥി ക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടുള്ളവർ ഒക്കെ ഈ പാൽപ്പായസത്തിന്റെ രുചി ഒരിക്കലും മറക്കുകയില്ല. ജീവിതം പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിൽ, ഇനി മുന്നോട്ടുള്ള മാർഗ്ഗം ഏതെന്നറിയാത്ത സന്ദർഭങ്ങളിൽ ഒക്കെ അമ്പലപ്പുഴ ക്ഷേത്രദര്‍ശനം നടത്തിയാൽ നേര്‍വഴി കാണിക്കാനായി ഭഗവാൻ ഭക്തനു മുന്നേ ഉണ്ടാകും എന്നാണ് വിശ്വാസം.

വില്ല്വമംഗലം സ്വാമി അന്നത്തെ ചെമ്പകശ്ശേരി രാജാവും ഒത്ത് ഇതുവഴി കടന്നു പോയപ്പോൾ ഓടക്കുഴൽ നാദം കേട്ട് നോക്കിയപ്പോൾ ഒരു ആലിന്റെ മുകളില്‍ ഇരുന്ന് ഉണ്ണിക്കണ്ണൻ ഓടക്കുഴലൂതുന്നതാണ് കണ്ടത്. രാജാവിനോട് വില്ല്വമംഗലം നിർദ്ദേശിച്ചതനുസരിച്ചാണ് ഇവിടെ ക്ഷേത്രം നിർമ്മിച്ചത് എന്നാണ് ഐതീഹ്യം.

ഭഗവാൻ ശ്രീകൃഷ്ണന്‍ അർജുനന് നൽകിയ മൂന്നു വിഗ്രഹങ്ങളിൽ ഒന്ന് ഗുരുവായൂരിലും മറ്റൊന്ന് തൃപ്പൂണിത്തുറയിലും മൂന്നാമത്തേത് അമ്പലപ്പുഴയിലേതുമാണ്. ഇവിടെ നമ്പൂതിരിമാർ പ്രതിഷ്ഠ നടത്താൻ ശ്രമിച്ചിട്ട് അത് ഉറയ്ക്കുന്നുണ്ടായില്ല. ആ സമയത്ത് അവിടേക്ക് കയറിവന്ന നാറാണത്ത് ഭ്രാന്തൻ നേരെ ശ്രീകോവിലിൽ പ്രവേശിച്ച് നമ്പൂതിരിമാരോട് വിഗ്രഹം വാങ്ങി അവിടിരി എന്ന് പറഞ്ഞു പ്രതിഷ്ഠിച്ചപ്പോൾ വിഗ്രഹം ഉറച്ചു എന്നുമാണ് പറയപ്പെടുന്നത്. ഇതുപോലെ എറണാകുളം ജില്ലയിലെ ഏലൂരിലും നാറാണത്ത് പ്രതിഷ്ഠിച്ച ക്ഷേത്രമാണ് നാറാണത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രം. അന്നു മുതൽ ഇന്നുവരെ എല്ലാ വർഷവും ക്ഷേത്രപരിസരത്ത് ഒരു ഭ്രാന്തനോ ഭ്രാന്തിയോ ചുറ്റിത്തിരിഞ്ഞു നടക്കുന്നു. ഇപ്പോൾ ദർശനത്തിന് ചെന്നാലും കാണാൻ കഴിയുന്ന ഒരു അത്ഭുതകരമായ കാഴ്ചയാണത്.

ടിപ്പു സുൽത്താൻ കേരളത്തെ ആക്രമിക്കുന്ന കാലഘട്ടത്തിൽ ഗുരുവായൂർ ക്ഷേത്രവും കൊള്ളയടിക്കപ്പെടും എന്ന് സൂചന ലഭിച്ചതിനാൽ ഗുരുവായൂരപ്പന്റെ വിഗ്രഹം അവിടെ നിന്നും ഇളക്കി കൊണ്ടുവന്ന് അമ്പലപ്പുഴയിൽ കുറച്ചുകാലം സൂക്ഷിച്ചിരുന്നു. അങ്ങനെ ഗുരുവായൂരപ്പനെ വച്ച് പൂജിച്ച ശ്രീകോവിൽ ഇന്നും ഇവിടെ കാണാം. ഗുരുവായൂരപ്പൻ ഇങ്ങോട്ട് വരുന്ന വഴിയിൽ കൊടുങ്ങല്ലൂരിലുള്ള തിരുവഞ്ചിക്കുളത്ത് ഇറങ്ങി പരമശിവനെ ദർശിച്ചാണ് വഞ്ചിയാത്ര തുടർന്നത്. അന്ന് പരമേശ്വരന് സമർപ്പിച്ച കാണിക്കയാണ് അവിടെ നിത്യവും പൂക്കുന്ന കണിക്കൊന്ന.

ആലപ്പുഴ ജില്ലയിൽ പുറക്കാട്ടിന് സമീപമായി ആലപ്പുഴ കൊല്ലം നാഷണൽ ഹൈവേയിൽ നിന്നും ഏതാണ്ട് ഒരു കിലോമീറ്റർ ദൂരെയാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. പടിഞ്ഞാറേ നടയിലൂടെയാണ് നടപ്പന്തലിൽ എത്തുന്നത്. പടിഞ്ഞാറേ വാതിലിലൂടെ ക്ഷേത്രത്തിലേക്ക് പ്രവേശനം ഇല്ല. ആ വാതിൽ തനിയെ അടഞ്ഞു പോയതാണ് എന്നാണ് വിശ്വാസം. വടക്കേ നടവഴിയാണ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത്. ഇവിടെ മുളയറ ഭഗവതിയെ തൊഴുത് ഒപ്പം ഉപദേവതമാരായിട്ടുള്ള ഭദ്രകാളി, ശിവനെയും തൊഴണം. മുൻപ് ഇവിടം ശിവക്ഷേത്രമായിരുന്നത് കൊണ്ടാണിവിടെ ശിവനെ പ്രതിഷ്ഠിച്ചത് എന്നും ഒരു കഥയുണ്ട്. അവിടുന്ന് നേരെ പ്രധാന പ്രതിഷ്ഠയായ പാർത്ഥസാരഥിയുടെ ശ്രീകോവിലിന് മുന്നിലെത്തുന്നു. മൂന്നടി പൊക്കമുള്ള കൃഷ്ണശിലയിലാണ് വിഗ്രഹം പ്രതിഷ്ഠ. സോപാനപ്പടിയിൽ നിന്നും അധികം അകന്നോ ഉയരത്തിലോ അല്ല. അതിനാൽ എല്ലാവർക്കും വിഗ്രഹം വ്യക്തമായി കാണാൻ കഴിയും. 

കിഴക്കേ നടയിൽ നിന്നും ആൽത്തറ ഗണപതിയുടെ നടയിലെത്താം. ഒപ്പം ശിവനും ഉണ്ട്. തെക്ക് വശത്താണ് ഗുരുവായൂർ ക്ഷേത്രം. നിത്യവും ഉച്ചയ്ക്ക് പാൽപ്പായസം ഉണ്ണാൻ ഗുരുവായൂരപ്പൻ അമ്പലപ്പുഴയിലെത്തുന്നു എന്നാണ് വിശ്വാസം. പാൽപ്പായസം ഇന്ന് നേരത്തേ ഓൺലൈനിൽ ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്. വെളുപ്പിന് മൂന്നിന് നടതുറക്കും മുൻപ് പള്ളിയുണർത്തൽ. പിന്നെ അഭിഷേകം, മലർ നിവേദ്യം, ഉഷപൂജ, രാവിലത്തെ പൂജ, ശ്രീബലി, പന്തീരടിനവകം, പഞ്ചഗവ്യം, ഉച്ചപൂജ, ശ്രീബലി, വൈകുന്നേരം ശംഖുവിളി, ദീപാരാധന, കട്ടിയം പ്രദക്ഷിണം, അത്താഴപൂജ, ശ്രീബലി, തിരുപ്പുക എന്നിവയാണ് ഒരു ദിവസത്തെ ചടങ്ങുകൾ.

ഒൻപത് ദിവസം നീണ്ടുനിൽക്കുന്നതാണ് ഉത്സവം. മിഥുനമാസത്തിലെ മൂലം നാളിലാണ് ഉത്സവം സമാപിക്കുന്നത്. ചമ്പക്കുളം ജലോത്സവത്തിൽ ഭഗവാനെ എഴുന്നള്ളിക്കുന്നതാണ് ചടങ്ങ്. കന്നിപുത്തരി ഭഗവാന്റെ ചോറൂണാണ്. വൃശ്ചികം ഒന്നു മുതൽ ധനു പത്തു വരെ ചിറപ്പും പത്താംനാൾ വിളക്കും ആണ്. അഷ്ടമിരോഹിണിയും വിഷുവും ഇവിടെ വിശേഷമായി കൊണ്ടാടുന്നു.

ലേഖകൻ   

Dr. P. B. Rajesh   

Rama Nivas   

Poovathum parambil,  

Near ESI Dispensary Eloor East , 

Udyogamandal.P.O,   

Ernakulam 683501   

email : rajeshastro1963@gmail.com  

Phone : 9846033337