എന്റെ മകന്റെ വിവാഹക്കാര്യം അറിയുവാനാണ് ഒരു ജ്യോതിഷിയെ കണ്ടത്. എന്റെ ജനന വിവരം ചോദിച്ച അദ്ദേഹം 56–ാം വയസ്സുവരെയേ എനിക്ക് ആയുസ്സുള്ളൂയെന്നു പറഞ്ഞു. ആകെ തകർന്ന അവസ്ഥയിലാണു ഞാനിപ്പോൾ. അങ്ങനെ മരണം പ്രവചിക്കാനാകുമോ? ഇതു ഫലിക്കുമോ? 1965 സെപ്റ്റംബർ 16, 2.10 പിഎമ്മിനാണു ജനിച്ചത്.
രാഘവൻ നമ്പ്യാർ, ആലുവ.
കാർത്തികയാണു നക്ഷത്രം. കണ്ടകശനി ആയിരുന്നു. മാറിയിട്ടുണ്ട്. മരണം പ്രവചിക്കുക എന്നത് ആരെക്കൊണ്ടും സാധിക്കുന്ന കാര്യമല്ല. പക്ഷേ, ജ്യോതിഷം വിശ്വസിക്കുന്ന ആളാണെങ്കിൽ ഇത്തരത്തിലുള്ള ചില പ്രവചനങ്ങൾ ഫലിക്കും. അതു ജ്യോതിഷത്തിന്റെ കഴിവുകൊണ്ടല്ല. വിശ്വാസി ഫലത്തിലേക്ക് ആ പ്രവചനത്തെ കൊണ്ടുചെന്ന് എത്തിക്കുകയാണു ചെയ്യുന്നത്. 56–ാം വയസ്സുവരെയേ ആയുസ്സുള്ളൂ എന്നു ജ്യോതിഷി പറഞ്ഞത് വിശ്വസിച്ചു എന്നിരിക്കട്ടെ. സ്വാഭാവികമായും 55 വയസ്സ് പിന്നിടാൻ തുടങ്ങുമ്പോൾ മുതൽ ഈ ചിന്ത മനസ്സിനെ അലട്ടിത്തുടങ്ങും.
മരണം എന്നത് എല്ലാവരെയും ഭയപ്പെടുത്തുന്ന ഒരു സംഗതിയാണ്. ചേട്ടനും അതേ ആശങ്കയിൽ തന്നെയാകും. സമയത്ത് ആഹാരം കഴിക്കാൻ കഴിയില്ല, സമാധാനമായി ഉറങ്ങാൻ കഴിയില്ല, ആരോടും ഹൃദയം തുറന്നു സംസാരിക്കാൻ കഴിയില്ല. ഇതിന്റെയൊക്കെ പരിണതഫലം രോഗം ഉണ്ടാവുക എന്നതാണ്. അങ്ങനെ ആ പ്രവചനം തത്വത്തിൽ രോഗത്തിലേക്കാണ് ഒരു വിശ്വാസിയെ കൊണ്ടുചെന്ന് എത്തിക്കുക. അതുകൊണ്ട് ഇത്തരം പ്രവചനങ്ങൾ വിശ്വസിക്കാതിരിക്കാൻ ശ്രമിക്കുക.