വെള്ളിമൂങ്ങ, ഇരുതലമൂരി, നക്ഷത്ര ആമ... കോടികളുടെ അന്ധ'വിശ്വാസ' ബിസിനസ്സ്!

സമ്പത്തു ലഭിക്കുമെന്ന് കേട്ടാൽ എന്തും വിശ്വസിക്കും; കൈവശമുള്ള പണം മുഴുവൻ തട്ടിപ്പുകാർക്ക് കൊടുക്കും. ബുദ്ധിമാന്മാരുടെ നാടെന്നുപറയുന്ന കേരളത്തിന്റെ അവസ്ഥയാണിത്.

ആറു കൊല്ലം മുൻപാണ്, മലയാള സിനിമയിലെ പ്രശസ്തനായ നടൻ അഞ്ചു ലക്ഷം രൂപയ്ക്കായി അതു ചെയ്തത്. നഗരത്തിലെ ആഡംബര ഹോട്ടലിൽ നടനു താമസിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. രാത്രി ഏഴു മണിയോടെ മൂന്നുപേർ അദ്ദേഹത്തെ കാണാൻ വരും. അവരോട് അദ്ദേഹത്തിന്റെ ജീവിതകഥ പറയണം. സിനിമയിലേക്കുള്ള ആദ്യ വരവിലെ പരാജയം, തിരോധാനം, തിരിച്ചുവരവ്, വിജയം.... തിരക്കഥ ഇതായിരുന്നു. കഥയുടെ ക്ലൈമാക്സിൽ നടൻ എഴുന്നേറ്റു, സന്ദർശകരെ ഹോട്ടലിലേക്കു കൂട്ടികൊണ്ടുവന്നയാളുടെ അടുത്തേക്കു വരണം. 

എന്നിട്ട് അയാളുടെ തോളിൽ കയ്യിട്ടു ചിരപരിചിത ഭാവത്തിൽ പറയണം: ‘എന്റെ തിരിച്ചുവരവിനും വിജയത്തിനും കാരണം ഇവൻ ഒറ്റ ഒരുത്തനാണ്, അതിന്റെ രഹസ്യം ഇവൻ പറയും...’  എന്ന്. ഇത്രയും അഭിനയിക്കാനാണ് അഞ്ചു ലക്ഷം രൂപ നടനു വാഗ്ദാനം ചെയ്തത്. എല്ലാം പദ്ധതി പോലെ സംഭവിച്ചു.നടൻ പറഞ്ഞത് അക്ഷരം പ്രതി വിശ്വസിച്ച സന്ദർശകരുമായി സൂത്രധാരൻ താഴത്തെ നിലയിലെ കോഫി ഷോപ്പിലേക്കു നീങ്ങി. അവിടെ വച്ചാണു സന്ദർശകർ  ഇരുപതു ലക്ഷം രൂപയുടെ ബാഗ് കൈമാറിയത്. പകരം കാർബൺ പേപ്പറിൽ പൊതിഞ്ഞു സൂക്ഷിച്ച ‘റൈസ് പുള്ളർ’ സൂത്രധാരൻ പകരം നൽകി.

കിട്ടിയ തുകയിൽ അഞ്ചു ലക്ഷം രൂപ നടന്. അതു ബാങ്ക് അക്കൗണ്ടിൽ ഇട്ടാൽ മതിയെന്നു നടൻ പറ‍ഞ്ഞു. പിറ്റേന്നു രാവിലെ തുക അക്കൗണ്ടിലെത്തി. നടന്റെ അഭിനയജീവിത വിജയത്തിനു പിന്നിൽ റൈസ് പുള്ളറാണെന്നു തെറ്റിദ്ധരിച്ചു കബളിപ്പിക്കപ്പെട്ട തമിഴ്നാടു സ്വദേശികൾ ഒരു വർഷത്തിനു ശേഷമാണു കൊച്ചി സിറ്റി പൊലീസിനു മുന്നിൽ പരാതിയുമായെത്തിയത്. പരാതിയിൽ ഇവർ പറയുന്ന തീയതികളും നടന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ചു ലക്ഷം രൂപയെത്തിയതും എല്ലാം ഒത്തുവന്നതോടെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. എന്നാൽ നടൻ അടക്കം പ്രതിയായ ഈ തട്ടിപ്പു കേസിനു പിന്നീടു ജീവൻ വച്ചില്ല. തട്ടിപ്പിന്റെ മാർക്കറ്റിൽ പിന്നീടു വില കുതിച്ചു കയറി. സമീപ കാലത്തു പൊലീസ് പിടികൂടിയ കേസിൽ റൈസ് പുള്ളറിന്റെ വില മൂന്നു കോടി രൂപ കവിഞ്ഞു.

ഇന്ത്യയിൽനിന്നു മോഷ്ടിച്ച രത്നവിഗ്രഹങ്ങൾ അടക്കം ലേലം ചെയ്യുന്ന അധോലോക മാർക്കറ്റുകളിൽ റൈസ് പുള്ളറിന്റെ വില 300 കോടി രൂപ കവിഞ്ഞതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. അന്ധവിശ്വാസവും പണക്കൊതിയും ദുരയും കവിഞ്ഞൊഴുകുന്ന ഇത്തരം അധോലോക ഇടപാടുകളുടെ ലോകത്ത് റൈസ് പുള്ളർ മാത്രമല്ല എത്തുന്നത്. നാഗമാണിക്യം, ഇരുതലമൂരി, വെള്ളിമൂങ്ങ, നക്ഷത്ര ആമ, ഗജമുത്ത്... ഇങ്ങനെ നീളുന്നു ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന വിൽപനച്ചരക്കുകളുടെ നിര.

റൈസ് പുള്ളർ

ഇറിഡിയം ലോഹത്തിൽ നിർമിച്ചതും ഇതിന്റെ സ്വഭാവ ഗുണങ്ങൾ പ്രകടിപ്പിക്കുന്നതുമായ ലോഹ ഉരുപ്പടികളാണു റൈസ് പുള്ളർ. പേരു സൂചിപ്പിക്കുന്നതു പോലെ ഇത്തരം ഉരുപ്പടികൾ ഐശ്വര്യത്തിന്റെ പ്രതീകങ്ങളായ ധാന്യമണികളെ ആകർഷിക്കുന്നതായി കാണിക്കും. ഇവയ്ക്കു സമീപം വാച്ച്, ക്ലോക്ക് എന്നിവ അടുപ്പിച്ചാൽ അവയുടെ സൂചികൾ നിലയ്ക്കും. ഇത്തരം കൺകെട്ടു വിദ്യകൾ കാണിച്ചാണ് ഇരയെ കബളിപ്പിക്കുന്നത്. അരിമണികളിൽ ഇരുമ്പുതരി പശ ചേർത്ത് ഒട്ടിച്ച് അതിനു മുകളിൽ പെയിന്റ് അടിച്ചാണ് തട്ടിപ്പിനു വഴിയൊരുക്കുന്നത്.

ഇതിനൊപ്പം ശക്തിയേറിയ കാന്തവും ഉപയോഗിക്കും. പലപ്പോഴും തട്ടിപ്പുകാരുടെ കയ്യടക്കത്തിലാണ് ഇരകൾ വീഴുന്നത്. 10 ലക്ഷം  മുതൽ 1.50 കോടി രൂപയ്ക്കു വരെ റൈസ് പുള്ളർ വാങ്ങി വീട്ടിൽ കൊണ്ടുപോയ കേസുകൾ കേരള പൊലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റു ലോഹങ്ങളുടെ കാഠിന്യം വർധിപ്പിക്കുന്നതിനും ആണവ ഉപയോഗത്തിനുള്ള സമ്പുഷ്ട യുറേനിയത്തിന്റെ നിർമാണത്തിനും ഇറിഡിയം ഉപയോഗിക്കാറുണ്ട്.

മഷി ഒഴിച്ച് ഉപയോഗിക്കുന്ന പേനയുടെ നിബ് നിർമിക്കാനും ഇറിഡിയം ഉപയോഗിച്ചിരുന്നു. മിന്നൽ രക്ഷാചാലകങ്ങളായി ഉപയോഗിക്കുന്ന ലോഹങ്ങൾക്ക് ഇടിമിന്നലേറ്റു കാലക്രമത്തിൽ ഇറിഡിയത്തിന്റെ ഗുണം ലഭിക്കുമെന്നും കരുതുന്നു. ക്ഷേത്രങ്ങളുടെ താഴികക്കുടങ്ങൾ മോഷ്ടിച്ച് ‘ഇറിഡിയം റൈസ്പുള്ളർ’ എന്ന പേരിൽ വി‍ൽക്കുന്നതും പൊലീസ് പിടികൂടിയിട്ടുണ്ട്.

വെള്ളിമൂങ്ങ

കളപ്പുരകളിൽ (ബാൺ) എലി, പാറ്റ, പല്ലി എന്നിവയെ തിന്നു ജീവിക്കുന്ന സാധുപക്ഷിയാണു വെള്ളിമൂങ്ങ. ടൈടോ ആൽബ എന്നാണു ശാസ്ത്രീയ നാമം. ഇണകളായാണ് ഇവ ജീവിക്കുന്നതും ഇരപിടിക്കുന്നതും. പത്തു വർഷം വരെ ആയുസുണ്ട്. ഒരു ജോഡി വെള്ളിമൂങ്ങ കളപ്പുരയിലുണ്ടെങ്കിൽ അവ ഒരു വർഷം കുറഞ്ഞത് 1500 എലികളെ പിടിക്കുമെന്നാണ് ഏകദേശ കണക്ക്. കർഷകരുടെ വലിയ കൂട്ടുകാരനാണു വെള്ളിമൂങ്ങ.  

പക്ഷേ, ‘സാത്താനെ’ ആകർഷിക്കാനും പണം സമ്പാദിക്കാനും മറ്റുള്ളവരെ വശീകരിക്കാനുമായി വെള്ളിമൂങ്ങകളെ ഉപയോഗിച്ചുള്ള മന്ത്രവാദങ്ങൾക്കു തട്ടിപ്പുകാർ രൂപം കൊടുത്തതോടെ വെള്ളിമൂങ്ങയുടെ കഥ കഴിയാൻ തുടങ്ങി. ഇത്തരം ദുർകർമങ്ങളുടെ ഒടുവിൽ വെള്ളിമൂങ്ങയെ കുരുതി കൊടുത്ത് അതിന്റെ രക്തം വീടിനു ചുറ്റും തളിച്ചാൽ സാത്താൻ ഗൃഹനാഥന്റെ അടിമയാവുമെന്നു വിശ്വസിക്കുന്നവരുമുണ്ട്.

നക്ഷത്ര ആമ

വംശനാശം സംഭവിക്കുന്ന നക്ഷത്ര ആമയെ അധികവും കടത്തുന്നത് മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിലേക്കാണ്. സഹ്യമലനിരകളിലാണു കാണാൻ  ഏറെ ഭംഗിയുള്ള നക്ഷത്ര ആമകളെ കാണുന്നത്. മാരകരോഗങ്ങൾ ശമിപ്പിച്ചു  ശരീരത്തിന്  ഉത്തേജനം നൽകുമെന്നു വിശ്വസിക്കുന്ന അദ്ഭുത മരുന്ന് നിർമിക്കാനാണ് ഇവയെ കടത്തുന്നത്. ഒരു ആമയ്ക്കു 10,000 മുതൽ ലക്ഷങ്ങൾ വരെ വിലവാങ്ങും. ഇവയെ ഉപയോഗിച്ചുണ്ടാക്കുന്ന ഔഷധങ്ങൾ വൻ വിലയ്ക്കു വാങ്ങുന്നത് യൂറോപ്പിൽ നിന്ന് തായ്‌ലൻഡിലെത്തുന്ന വിനോദസഞ്ചാരികളാണ്. ഒരു വർഷം കോടികളുടെ ബിസിനസാണ് അവിടെ നടക്കുന്നത്.

നാഗമാണിക്യം

മൂർഖൻ പാമ്പിന്റെ വിഷം അതിന്റെ തലയിലിരുന്നു കട്ടപിടിക്കുമ്പോൾ അതു മാണിക്യമാവും. പ്രായമായി ഇരപിടിക്കാൻ കഴിയാതാവുമ്പോൾ പാമ്പ് അതു പുറത്തേക്കു തുപ്പും. പ്രകാശം ചൊരിയുന്ന മാണിക്യത്തിന്റെ അടുത്തേക്കു പറന്നുവരുന്ന പ്രാണികളെ പാമ്പു തിന്നും. വിശപ്പു മാറുമ്പോൾ പാമ്പു മാണിക്യം വീണ്ടും വിഴുങ്ങും. വിശക്കുമ്പോൾ പ്രാണികളെ പിടിക്കാൻ വീണ്ടും തുപ്പും. 

ഇങ്ങനെ തുപ്പുന്ന മാണിക്യം പാമ്പ് അറിയാതെ  കൈക്കലാക്കുന്നതാണത്രെ നാഗമാണിക്യമായി വിപണിയിൽ എത്തുന്നത്. അതു വീട്ടിൽ സൂക്ഷിച്ചാൽ വലിയ ഐശ്വര്യമുണ്ടാകുമെന്നാണു വിൽപനക്കാർ പറയുന്നത്. ഈ കഥ വിശ്വസിച്ച് ഒരു കോടി രൂപവരെ കൊടുത്ത് 20 രൂപ വിലയുള്ള തിളങ്ങുന്ന കല്ലു വാങ്ങി വീട്ടിൽ കൊണ്ടുപോവുന്നവരോട് എന്തു പറയാനാണ്.

ഗജമുത്ത്

വീട്ടിൽവച്ചാൽ ഐശ്വര്യദായകമാണെന്നാണു പറച്ചിൽ. ചില പ്രത്യേക സിദ്ധിയുള്ള കൊമ്പനാനകളുടെ മസ്തകത്തിന്റെ ഉള്ളിൽ തലച്ചോറിനോടു ചേർന്നു വളരുന്ന അദ്ഭുത വസ്തുവാണു ഗജമുത്തെന്നാണു കഥ. ആന ചെരിയുമ്പോൾ മസ്തകം തകർത്തു ഗജമുത്ത് പുറത്തെടുക്കും. ഇതു വാങ്ങാനും നമ്മുടെ നാട്ടിൽ ക്യൂവാണ്.

ഇരുതലമൂരി

പാവം ജീവി. അതിനറിയാമോ മനുഷ്യന്റെ ഓരോ ബലഹീനതകൾ? ഇരുതലമൂരിയെ വീട്ടിൽ വളർത്തിയാൽ ലൈംഗിക ഉത്തേജനമുണ്ടാവും, ഇരുതല മൂരിയെ ധാന്യപ്പൊടിയിൽ സൂക്ഷിച്ച് അതിന്റെ ശരീരശ്രവങ്ങൾ കലർന്ന ധാന്യപ്പൊടി കൊണ്ട് ആഹാരമുണ്ടാക്കി കഴിച്ചാൽ എയ്ഡ്സിൽ നിന്നു മോചനം... തുടങ്ങിയവയാണു വിദേശികളെ അടക്കം വീഴ്ത്തിയത്.

അൻപതു ലക്ഷം രൂപയ്ക്കു വരെ ഇവയെ വാങ്ങിയവരുണ്ട്. കേരളത്തിൽ ചെറിയ ഇനം ഇരുതലമൂരി (റെഡ് സാൻഡ് ബോവസ്) കളെയാണു സാധാരണ കാണാറുള്ളത്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ മൂന്നു മുതൽ അഞ്ചു കിലോഗ്രാം വരെ തൂക്കവും മൂന്നടി വരെ വലുപ്പവുമുള്ള ഇരുതലമൂരികളെ കാണാറുണ്ട്. ‘ഈറിസ് ജോണ്‌യ്’ എന്നാണ് ശാസ്ത്രീയനാമം. ഇവയ്ക്കു നൂറു വർഷം വരെ ആയുസുണ്ടെന്നു പറഞ്ഞും കബളിപ്പിക്കാറുണ്ട്. എന്നാൽ വാങ്ങി ഒന്നോ രണ്ടോ വർഷം കൊണ്ട് ഇവ ചത്തുപോവും. പരാതി പറഞ്ഞാൽ അവർ കൊടുത്ത ഭക്ഷണത്തെ കുറ്റം പറഞ്ഞു തടിതപ്പും.

ഹോ, ഇന്ത്യക്കാരുടെ കഴിവ്...!

പാമ്പിനെ മയക്കുന്നവർ, ആനയോടു സംസാരിക്കുന്നവർ, മനുഷ്യന്റെ മനസ്സു വായിക്കുന്നവർ... വലിയ മതിപ്പാണു നമ്മൾ ഇന്ത്യക്കാർക്ക്!!   രണ്ടു വർഷം മുൻപാണു പത്തുലക്ഷം രൂപ നൽകി വെള്ളിമൂങ്ങയെ വാങ്ങി ലാറ്റിനമേരിക്കയിലേക്കു കടത്താൻ ശ്രമിച്ച വിദേശി വിമാനത്താവളത്തിൽ പിടിയിലായത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇന്ത്യക്കാരുടെ അമാനുഷികവും അതീന്ദ്രീയപരവുമായ കഴിവുകൾ അദ്ഭുതത്തോടെ വിശ്വസിക്കുന്ന വിദേശികളുടെ മണ്ടത്തരങ്ങൾ വെളിച്ചത്തു വന്നത്. അതിസമ്പന്നരാണെങ്കിൽ പോലും ഇത്തരം കാര്യങ്ങളിൽ ആവശ്യത്തിലധികം ബുദ്ധിശൂന്യത കാണിക്കുന്നവരാണു വിദേശികൾ.

∙ തൊഴിൽവിജയത്തിനും സമ്പത്ത് ആർജിക്കാനും– റൈസ്പുള്ളർ, വെള്ളിമൂങ്ങ ബലി, നാഗമാണിക്യം, ഗജമുത്ത്.  

∙ ലൈംഗികജീവിതത്തിലെ ഊർജസ്വലതയ്ക്ക്– ഇരുതലമൂരി.

∙ മാരകരോഗങ്ങളുടെ ശമനം– നക്ഷത്ര ആമ....  ഇങ്ങനെ പോവുന്നു വിദേശികളും ചില സ്വദേശികളും പണം കളയുന്ന തട്ടിപ്പിന്റെ വഴികൾ. 

ശിക്ഷ കഠിനം

കള്ളത്തരം  പറഞ്ഞു വിശ്വസിപ്പിച്ചു കബളിപ്പിച്ചു പണം തട്ടിയെടുക്കുന്ന കേസിൽ കുറ്റം തെളിഞ്ഞാൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഏഴു വർഷം വരെ കഠിനതടവ് ഉറപ്പ്. വംശനാശ ഭീഷണി നേരിടുന്ന അപൂർവ ജീവജാലങ്ങളെ പിടികൂടിയാൽ കേന്ദ്ര വന്യജീവി സംരക്ഷണ നിയമ (ഷെഡ്യൂൾ നാല്) പ്രകാരം 25,000 രൂപ പിഴയും ചുമത്തും.