Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അകാരണഭയമകറ്റാനും ദുരിതമോചനത്തിനും നരസിംഹമൂർത്തി മന്ത്രം!

Narasimha murthy

മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഏറ്റവും പ്രധാനമാണ് നരസിംഹാവതാരം. പേരുപോലെതന്നെ സിംഹത്തിന്റെ മുഖവും മനുഷ്യന്റെ ഉടലുമാണ് ഈ അവതാരത്തിന്റെ പ്രത്യേകത. കൃതായുഗത്തിലെ ഭഗവാന്റെ നാല് അവതാരങ്ങളിൽ ഏറ്റവും അവസാനത്തെയാണ് നരസിംഹാവതാരം. ശത്രുസംഹാരത്തിനായി ഉടലെടുത്ത ഉഗ്രമൂർത്തിയാണെങ്കിലും ഭക്തരിൽ ക്ഷിപ്രപ്രസാദിയാണ് നരസിംഹമൂർത്തി. പ്രഹ്ലാദന്റെ വിളികേട്ട നിമിഷം തന്നെ തൂണ് പിളർന്നു നരസിംഹമൂർത്തി പ്രത്യക്ഷനായി. 

narasimha-moorthi-3-780x410

നരസിംഹമൂർത്തി ക്ഷേത്രങ്ങളിൽ മനഃശുദ്ധിയോടെയും ഭക്തിയോടെയും നെയ്‌വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചാൽ അഭിഷ്ടസിദ്ധിക്കൊപ്പം തൊഴിൽ വിവാഹ തടസ്സങ്ങൾ നീങ്ങും. തുളസിമാല സമർപ്പണം മറ്റൊരു പ്രധാന വഴിപാടാണ്. ഇഷ്‌ടപുഷ്‌പം ചുവന്ന ചെത്തിയും, നിവേദ്യം പായസവുമാണ്‌. പഞ്ചഭൂതങ്ങളിൽ വായുദേവന്റെ നാളായ ചോതിനക്ഷത്ര ദിനത്തിൽ ഭഗവാനെ തൊഴുതു പ്രാർത്ഥിച്ചാൽ ആപത്തുകളിൽ നിന്ന് രക്ഷനേടാം. കടബാധ്യത നീക്കി കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കാൻ പതിവായി ചോതിനക്ഷത്ര ദിവസം നരസിംഹ ക്ഷേത്ര ദർശനം നടത്തുകയോ ഭവനത്തിലിരുന്നു നരസിംഹമൂർത്തി പ്രീതികരമായ ഭജനകൾ നടത്തുകയോ ചെയ്യുക.

നരസിംഹമൂർത്തി മന്ത്രം

ഉഗ്രവീരം മഹാവിഷ്ണും 

ജ്വലന്തം സർവ്വതോ മുഖം

നൃസിംഹം ഭീഷണം ഭദ്രം 

മൃത്യു മൃത്യും നമാമ്യഹം.

അകാരണഭയമകറ്റാനും ദുരിതമോചനത്തിനും ഈ മന്ത്രം പതിവായി മൂന്ന് തവണയെങ്കിലും ചെല്ലുന്നത് ഉത്തമമാണ്. നരസിംഹാവതാരം ത്രിസന്ധ്യാനേരത്തായതിനാൽ ആ സമയത്ത്‌ ഭക്തിയോടെ നരസിംഹമൂർത്തി മന്ത്രം ചൊല്ലുന്നതും ക്ഷേത്ര ദർശനം നടത്തുന്നതും ഇരട്ടിഫലം നൽകുമെന്നാണ് വിശ്വാസം.

ആന്ധ്രാപ്രദേശിലെ അഹോബിലം എന്ന സ്ഥലത്താണ് നരസിംഹാവതാരം നടന്നതെന്ന് കരുതപ്പെടുന്നു. അഹോബിലം എന്നാൽ സിംഹത്തിന്റെ ഗുഹ എന്നാണ് അർഥം. കോട്ടയം ജില്ലയിൽ പ്രധാനമായും നാല് നരസിംഹസ്വാമി ക്ഷേത്രങ്ങളാണ് ഉള്ളത്. പടിഞ്ഞാറ് ഭാഗത്തായി അയ്മനം നരസിംഹസ്വാമി ക്ഷേത്രവും കിഴക്കു ഭാഗത്തായി കാടമുറി, മാങ്ങാനം നരസിംഹസ്വാമി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. കേരളത്തിലെ സ്വയംഭൂവായ ഏക നരസിംഹക്ഷേത്രമാണ് കുറവിലങ്ങാട്‌ കോഴ ദേശത്തെ ശ്രീ നരസിംഹസ്വാമി ക്ഷേത്രം. സഹസ്സ്രാബ്ദങ്ങളുടെ പഴക്കമുള്ള  ഈ ക്ഷേത്രത്തില്‍ ലക്ഷ്മീസമേതനായ നരസിംഹമൂർത്തിയാണ് കുടികൊള്ളുന്നത്. കണ്ണൂർ ജില്ലയിലെ തലശ്ശേരി ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രം, ആലപ്പുഴ ജില്ലയിലെ ചേർത്തല റൂട്ടിൽ തുറവൂർ മഹാക്ഷേത്രം, കൊല്ലം ജില്ലയിലെ ആനയടി പഴയിടം ശ്രീ നരസിംഹസ്വാമി ക്ഷേത്രം എന്നിവ കേരളത്തിലെ പ്രസിദ്ധമായ നരസിംഹസ്വാമി ക്ഷേത്രങ്ങളാണ്. നരസിംഹമൂർത്തിയെ നിത്യേന ഭക്തിയോടെ സ്മരിച്ചാൽ  ശത്രുനാശം, ആരോഗ്യം, രോഗശാന്തി, പാപനാശം എന്നിവയാണ് ഫലങ്ങൾ.

Read More... Temples in Keraka, Star prediction