വിജയകരമായ ദാമ്പത്യ ജീവിതത്തിനായി വിവാഹത്തിന് അനുകൂലമായ മുഹൂർത്തം തിരഞ്ഞെടുക്കുമ്പോൾ പ്രധാനമായി ശ്രദ്ധിക്കേണ്ടതുണ്ട്. രോഹിണി, മകയിരം, മകം, ഉത്രാടം, ഉതൃട്ടാതി, രേവതി ഈ നക്ഷത്രങ്ങൾ വരുന്ന ദിവസം വിവാഹം നടത്തുന്നതാണ് ഉത്തമം. ചതുർത്ഥി, അമാവാസി, നവമി, വെളുത്ത പക്ഷ അഷ്ടമി എന്നീ തിഥികൾ വരുന്ന ദിനവും വിവാഹത്തിന് ഉത്തമമല്ല. എന്നാൽ കറുത്തവാവിലെ അഷ്ടമി വിവാഹത്തിന് ഉത്തമമാണ്. മീനമാസം 15 മുതൽ 30 വരെയും കർക്കടകം, കന്നി, ധനു, കുംഭം എന്നീ മലയാള മാസങ്ങളും വിവാഹത്തിന് ഉത്തമം അല്ല.
മുഹൂർത്തം എടുക്കുന്ന രാശിയിൽ ചന്ദ്രൻ നിൽക്കാൻ പാടില്ല. മുഹൂർത്ത രാശിയുടെ എട്ടിൽ ശനി, ചൊവ്വ, രാഹു എന്നീ ഗ്രഹങ്ങൾ നിൽക്കുന്നത് ആപത്ക്കരമാണ്. മുഹൂർത്തരാശിയുടെ 7–ാം ഭാവത്തിൽ ഒരു ഗ്രഹവും നിൽക്കാൻ പാടില്ല. വരന്റെ ജന്മനക്ഷത്രം വരുന്ന ദിവസം വിവാഹം പാടില്ല. വരന്റെയും വധുവിന്റെയും ജന്മമാസത്തിൽ വിവാഹം പാടില്ല. എന്നാൽ വധുവിന്റെ ജന്മനക്ഷത്രം വരുന്ന ദിവസം വിവാഹത്തിന് അത്യുത്തമം ആകുന്നു. അതുപോലെ വധൂവരന്മാരുടെ അഷ്ടമരാശികൂറിൽ ചന്ദ്രൻ നിൽക്കുന്ന ദിവസവും വിവാഹം പാടില്ല. മേടം, വൃശ്ചികം ലഗ്നങ്ങൾ മുഹൂർത്തത്തിന് ഒഴിവാക്കുക. ജന്മനക്ഷത്രത്തിന്റെ 3–ാം നാൾ, 5–ാം നാൾ, 7–ാം നാൾ എന്നിവയും വിവാഹത്തിന് നല്ലതല്ല. ഞായർ, ചൊവ്വ, ശനി എന്നീ ദിവസങ്ങളും വിവാഹത്തിന് അനുയോജ്യമല്ല. എന്നാൽ ഇപ്പോൾ ആഡിറ്റോറിയം ലഭ്യത, ബന്ദ്, ഹർത്താൽ പ്രശ്നങ്ങള്‍, ബന്ധുക്കളുടെ സൗകര്യം എന്നിവ കണക്കാക്കി ജ്യോതിഷ നിയമപ്രകാരം വിവാഹം നടത്താൻ പാടില്ലാത്ത ഞായറാഴ്ചകൾ ആണ് ഇപ്പോൾ വിവാഹത്തിന് തിരഞ്ഞെടുക്കുന്നത് എന്നത് കലികാല ദോഷമാവാം. ശരിയായ മുഹൂർത്തം ലഭിക്കാതെ വന്നാൽ ദിനമദ്ധ്യത്തിലെ രണ്ട് നാഴികാസമയം അതായത് അഭിജിത് മുഹൂർത്തം സാധാരണയായി 11.45 – 12.30 എന്നവിധമാണ് കണ്ട് വരുന്നത്. ഇതര മതക്കാർ പലപ്പോഴും ഈ സമയമാണ് വിവാഹത്തിന് തിരഞ്ഞെടുക്കുന്നത് എന്ന് കാണാൻ കഴിയും. ശുഭമുഹൂർത്തത്തിൽ വിവാഹം നടത്തിയാൽ ദാമ്പത്യജീവിതം ശുഭകരമാവും എന്ന് ഭാരതീയ വിശ്വാസം.
ലേഖകന്റെ വിലാസം
R. Sanjeevkumar PGA
Jyothis Astrological Research Centre
Lulu Apartments, Thycaud P.O, Thiruvananthapuram
PIN - 695014, Mob: 9447251087, 9526480571
Email: jyothisgems@gmail.com
Read more... Astrology, Star prediction