അന്ധവിശ്വാസത്തിന്റെ കൂത്തരങ്ങാണു ചലച്ചിത്ര രംഗം. എതിരാളിയെ നശിപ്പിക്കുന്നതിനു മന്ത്രവാദിയെ തേടിപ്പോയ നടന്മാർ മലയാളത്തിലുണ്ട്. സമയവും രാശിയും നോക്കിയേ വിവാദനായകൻ എല്ലാം ചെയ്യൂ എന്നു സിനിമാ രംഗത്തുള്ളവർ പറയുന്നു (ഇതു വിഷയമായി വരുന്ന ഒരു സിനിമയിൽ പോലും താരം അഭിനയിച്ചു.) ഓരോ സിനിമയുടെയും നിർമാതാവു മുതൽ സംവിധായകൻ വരെയുള്ളവരുടെ രാശി നോക്കും. അങ്ങനെയാണു പുതുതലമുറയിലെ പ്രശസ്ത സംവിധായകൻ കൂടിയായ ഛായാഗ്രാഹകനെ നക്ഷത്രമറിയാൻ, വിവാദനായകൻ തന്റെ വീട്ടിലേക്കു വിളിപ്പിക്കുന്നത്.
ഛായാഗ്രാഹകൻ വീട്ടിലെത്തിയപ്പോൾ, ആരോ വിളിച്ചു ജന്മനക്ഷത്രം ചോദിച്ച കാര്യം അമ്മ പറഞ്ഞു. അദ്ദേഹത്തിനു കാര്യം മനസ്സിലായി. ഉത്തരവാദപ്പെട്ടവരെ വിളിച്ച് അദ്ദേഹം നിലപാട് വ്യക്തമാക്കി. ‘ഈ പടം ഞാൻ ചെയ്യുന്നില്ല. തന്ന അഡ്വാൻസ് നിങ്ങൾക്കു വന്നു തിരിച്ചു വാങ്ങാം’.
മറ്റൊരു നടനെ നശിപ്പിക്കുന്നതിന് ആഭിചാര കർമങ്ങൾ നടത്താൻ വിവാദ നായകൻ ഹരിപ്പാട്ട് പോയ കഥയും സിനിമാ രംഗത്തു പാട്ടാണ്. നശിപ്പിക്കേണ്ട നടന്റെ അമ്മയുടെ തറവാടിനു സമീപമുള്ള മന്ത്രവാദിയെയാണു കഷ്ടകാലത്തിന് അദ്ദേഹം സമീപിച്ചത്. തന്റെ സിനിമകൾ കൂവിത്തോൽപ്പിക്കാൻ എതിർ നടന്റെ ഫാൻസ് ശ്രമിക്കുന്നുവെന്നു ‘ചുട്ടകോഴിയെ പറത്തുന്ന’ മന്ത്രവാദിയോടു നടൻ പരാതിപ്പെട്ടു. മന്ത്രവാദി ആകുന്നതെല്ലാം ചെയ്തു കൊടുത്തു. പക്ഷേ, സംഗതി അയൽക്കാരും ബന്ധുക്കളും പറഞ്ഞ് എതിർനടൻ അറിഞ്ഞു. അതോടെ വിവാദ നായകനടനു തലയിൽ മുണ്ടിട്ടു നടക്കേണ്ട അവസ്ഥയായി.
ഈ നായകന്റെ ലൊക്കേഷനിൽ ചങ്കിടിപ്പോടെയാണു ചെറുകിട നടന്മാർ മേക്കപ്പിട്ടു നിൽക്കുകയത്രേ. എക്സ്ട്രാ വേഷങ്ങൾ ചെയ്യുന്നവരെ ലൊക്കേഷനിൽ വച്ചാണു നായകൻ കാണുക. മേക്കപ്പിട്ടു നിൽക്കുന്ന നടീനടന്മാരെ അദ്ദേഹം ഒന്നു പാളി നോക്കും. അതിൽ തന്റെ പഴയകാല പരാജയ ചിത്രങ്ങളിലെ ആരെങ്കിലും ഉണ്ടെങ്കിൽ അവനു രാശി പോരായെന്നു പറഞ്ഞ് ഒഴിവാക്കും. പലരെയും ഇങ്ങനെ സെറ്റിൽനിന്ന് ഇറക്കി വിട്ടിട്ടുണ്ട്.