Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമനാമ മഹത്വം

rama-pattabhishekham രാമനാമം ജപിക്കുമ്പോൾ ശിവചൈതന്യവും വിഷ്ണുചൈതന്യവും ഒരുപോലെ ഭക്തന് ലഭിക്കുന്നു.

ഹൈന്ദവ പുരാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂർത്തികളാണ് ശിവനും വിഷ്ണുവും. ദേവീദേവന്മാരെ ആരാധിക്കാനുള്ള പ്രധാനപ്പെട്ട മന്ത്രങ്ങളാണ് മൂലമന്ത്രങ്ങൾ. പഞ്ചാക്ഷരീമന്ത്രമായ  "ഓം നമ:ശിവായ" ശ്രീപരമേശ്വരന്റെ മൂലമന്ത്രവും അഷ്ടാക്ഷരീമന്ത്രമായ  "ഓം നമോ നാരായണായ " ശ്രീ മഹാവിഷ്ണുവിന്റെ മൂലമന്ത്രവുമാണ്. ഈ രണ്ടു മന്ത്രത്തിലും ഏറ്റവും പ്രധാനപ്പെട്ട ഓരോ അക്ഷരമുണ്ട്. ഇതിനു ബീജാക്ഷരം എന്നു പറയും. നമ:ശ്ശിവായ മന്ത്രത്തില്‍ നിന്നും ബീജാക്ഷരമായ “മ” മാറ്റിയാല്‍ “നശ്ശിവായ” എന്നാകും , 'നാശമാകട്ടെ' എന്നാണതിന്‍റെ അര്‍ഥം. അതുപോലെ “ഓം നമോ നാരായണായ” മന്ത്രത്തില്‍ നിന്നും ബീജാക്ഷരമായ “രാ” എടുത്തുമാറ്റിയാല്‍  “ഓം നമോ നായണായ” എന്നാകും, തനിക്കു മുന്നിൽ ഒരു വഴിയുമില്ല എന്നാണതിന്‍റെ അര്‍ഥം.

"ഓം നമോ നാരായണായ " മന്ത്രത്തിന്റെ ബീജാക്ഷരമായ "രാ" യും  "ഓം നമഃശിവായ " മന്ത്രത്തിന്റെ ബീജാക്ഷരമായ "മ " യും യോജിപ്പിച്ചു "രാമ" എന്ന പേരാണ് ദശരഥമഹാരാജാവിന്റെ മൂത്ത പുത്രന് വസിഷ്ഠ മഹർഷി നൽകിയത്. വൈഷ്ണവശക്തിയും ശൈവശക്തിയും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന നാമമാണ് രാമനാമം .വിഷ്ണുസഹസ്രനാമത്തിനു തുല്യമാണിത്, താരകമന്ത്രം എന്നും അറിയപ്പെടുന്നു .

ഒരിക്കൽ പാർവതിദേവി  ശ്രീപരമേശ്വരനോട് ചോദിച്ചു " ദീർഘമായ വിഷ്ണുസഹസ്രനാമം പണ്ഡിതനായിട്ടുള്ളവര്‍ക്കല്ലേ നിത്യവും ചൊല്ലുവാന്‍ കഴിയൂ. സാധാരണക്കാർക്ക് എന്നും ചൊല്ലുവാന്‍ ബുദ്ധിമുട്ടല്ലേ?  വിഷ്ണുസഹസ്രനാമജപപുണ്യം സാധാരണക്കാർക്ക് കൂടി ലഭ്യമാകുന്നതെങ്ങനെ ?" എന്ന്.

അതിനു ഭഗവാന്റെ മറുപടി ഇങ്ങനെ ആയിരുന്നു .

"ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ

സഹസ്രനാമതത്തുല്യം രാമനാമ വരാനനേ

ശ്രീരാമനാമ വരാനന ഓം നമ ഇതി".

ഈ ശ്രീരാമ മന്ത്രം ഭക്തിയോടെ മൂന്നു തവണ ജപിക്കുന്നതിലൂടെ വിഷ്ണുസഹസ്രനാമജപപുണ്യം സാധാരണക്കാർക്ക് ലഭ്യമാകും.  "മരാ മരാ" എന്ന് ചൊല്ലി കാട്ടാളനായിരുന്ന വാല്മീകി മുനിയായതും പിന്നീട് രാമായണം രചിച്ച കഥ ഏവർക്കും അറിവുള്ളതാണല്ലോ?  രാമന്റെ അയനം അഥവാ ശ്രീരാമന്റെ ജീവിതയാത്രയാണ് രാമായണം .ഏഴുകാണ്ഡങ്ങളിലായി ഇരുപത്തിനാലായിരം ശ്ലോകങ്ങളിലായാണ് വാല്മീകി മഹർഷി രാമായണം എഴുതിയിരിക്കുന്നത്.  

എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രം. അതായത് മന്ത്രങ്ങളിൽ ഗായത്രിയേക്കാൾ ശ്രേഷ്ഠമായത് മറ്റൊന്നില്ല. സൂര്യദേവനോടുളള പ്രാർത്ഥനയാണിത്.ഗായത്രിമന്ത്രത്തിലെ ഇരുപത്തിനാല് അക്ഷരങ്ങൾ ഇരുപത്തിനാലായിരം ശ്ലോകങ്ങളായി വിപുലീകരിച്ചതാണ് രാമായണം. രാമനാമം ജപിക്കുമ്പോൾ ശിവചൈതന്യവും വിഷ്ണുചൈതന്യവും ഒരുപോലെ ഭക്തന് ലഭിക്കുന്നു.

Read more- Ramayana month Astrology