നെറ്റിയിൽ കുറി തൊടേണ്ടതിങ്ങനെ!

കുങ്കുമം തൊടേണ്ടതു നെറ്റിയിൽ രണ്ടു പുരികങ്ങളുടെ മധ്യത്തിൽ ചെറിയൊരു വൃത്തരൂപത്തിൽ

അതിരാവിലെ കുളിച്ചു കുറി തൊടണം എന്നതു പണ്ടു മുതലുള്ള ആചാരമാണ്. ആണായാലും പെണ്ണായാലും കുറി തൊടൽ നിർബന്ധമായിരുന്നു. ഇന്നു കുറിയുടെ സ്ഥാനത്തു ബിന്ദികളും സ്റ്റിക്കർ പൊട്ടുകളുമൊക്കെയാണെന്നു മാത്രം. എന്നാൽ, കുറി തൊടുന്നതിനു വ്യക്തമായ ചില ആചാരങ്ങളുണ്ടായിരുന്നു. ഭസ്മം, ചന്ദനം, കുങ്കുമം എന്നിവയാണു കുറി തൊടുന്നതിന് ഉപയോഗിക്കുന്നത്. 

ഭസ്മം നെറ്റിയിൽ ഇടത്തേ അറ്റത്തു നിന്നു വലത്തേ അറ്റം വരെ നീട്ടി ഒറ്റ വരയായി ഇടണം. ലൗകികബന്ധങ്ങൾ ഒഴിവാക്കിയവരാണു മൂന്നു വരയായി ഭസ്മം തൊടുന്നത്. ചന്ദനം തൊടേണ്ടതു നെറ്റിയുടെ മധ്യത്തിൽ മാത്രം. ഗോപിക്കുറിയായി നെറ്റിയിൽ മേലോട്ട് ഇടുന്നതാണു നല്ലത്. 

കുങ്കുമം തൊടേണ്ടതു നെറ്റിയിൽ രണ്ടു പുരികങ്ങളുടെ മധ്യത്തിൽ ചെറിയൊരു വൃത്തരൂപത്തിൽ.

ശൈവ-വൈഷ്ണവ-ശാക്തേയം

ഭസ്മം ശിവനുമായി ബന്ധപ്പെട്ടതാണ്. ചന്ദനം വിഷ്ണുവുമായി ബന്ധപ്പെട്ടതും. കുങ്കുമം ശക്തി അഥവാ ദേവിയുടെ ചിഹ്നമാണ്. ഭസ്മം ധരിച്ച് അതിൽ കുങ്കുമം ധരിക്കുന്നത് ശിവശക്തിസംയോഗം.

ചന്ദനം ചാർത്തി അതിൽ കുങ്കുമം ധരിക്കുന്നതു വിഷ്ണു-ലക്ഷ്മീസംയോഗം. ഭസ്മമിട്ട് അതിൽ ചന്ദനമണിഞ്ഞ് അതിനു നടുവിൽ കുങ്കുമം ധരിക്കുന്നതു ത്രിപുരസുന്ദരീസാന്നിധ്യത്തിന്റെ സൂചന എന്നു വിശ്വാസം. 

Read more on :  Malayalam Astrology, Malayalam Zodiac Signs