കൗതുകകരവും ഒപ്പം ആശങ്ക ജനിപ്പിക്കുന്നതുമായ ഒരു വാർത്തയാണ് കാസർകോട്ടു നടന്ന പ്രേതകല്യാണം. ജ്യോതിഷത്തിന്റെ പിൻബലത്തിലാണ് ഇത് നടക്കുന്നത് എന്നതിനാൽ പ്രതികരിക്കാതെ പോകുന്നത് നീതിക്ക് നിരക്കുന്നതാവുകയില്ല.
ഒരാൾ ജ്യോതിഷനെ സമീപിക്കുന്നത് തകർന്ന മനസോടെയോ, ആത്മഹത്യയുടെ മുനമ്പിൽ നിന്നോ ആകാം. വിശ്വസിക്കുന്ന ദൈവജ്ഞന്റെ നാക്കിൽ നിന്ന് എന്ത് പരിഹാരം വീണാലും വിശ്വാസിക്ക് അത് വേദവാക്യമാണ്. പരിഹാരമായി മൂന്ന് വട്ടം തെങ്ങിൽ കയറി ഇറങ്ങാന്‍ പറഞ്ഞാലും വിശ്വാസി അത് ചെയ്യും. അത്തരത്തിൽ വിശ്വാസിയെ ചൂഷണം ചെയ്യുന്നതിന്റെ ഏറ്റവും പുതിയ പരിഹാര തട്ടിപ്പാണ് പ്രേതകല്യാണം.
ആത്മാവിനെപ്പറ്റിയും പിതൃദോഷത്തെക്കുറിച്ചുമൊക്കെ ജ്യോതിഷത്തിൽ ധാരാളമായി വിവരിച്ചിട്ടുണ്ട്. നമ്മുടെ പൂർവ്വികർ എന്തുദ്ദേശിച്ചാണോ ഇതൊക്കെ എഴുതിയത് അതിന് ഘടകവിരുദ്ധമായാണ് പിതൃദോഷത്തെ ഉപയോഗിക്കുന്നത്.
വിവാഹതടസം അടക്കമുള്ള ദോഷങ്ങൾ ഒഴിവാക്കാനാണ് കാസർകോട് ജില്ലയുടെ ചില ഭാഗങ്ങളിൽ പ്രേതകല്യാണങ്ങള്‍ പൊടിപൊടിക്കുന്നത്. വളരെ ചെറുതിലെ മരിച്ചു പോയവർ ആയാലും മരണ ദിവസം വച്ചുള്ള നക്ഷത്രം കണക്കാക്കി, പൊരുത്തം നോക്കി അവരുടെ വിവാഹം പ്രതീകാത്മകമായി നടത്തിയാൽ ദോഷങ്ങൾ ഒഴിഞ്ഞ് പോകും എന്നാണ് പാവങ്ങളെ വിശ്വസിപ്പിക്കുന്നത്.
പണം തട്ടാൻ വേണ്ടി എന്തും പറയുന്ന പരിഹാര മാഫിയയുടെ പുതിയ കണ്ടുപിടുത്തമാണിത്. ഇത്തരം പരിഹാരങ്ങൾ ഒന്നും തന്നെ ജ്യോതിഷത്തിൽ പറയുന്നില്ല. പിതൃദോഷം എന്ന അതിവിപുലമായ പഠനരീതി ജ്യോതിഷ ഗ്രന്ഥങ്ങളിൽ ഉണ്ട്.
ജീവിച്ചിരിക്കുമ്പോൾ അച്ഛനമ്മമാരെ സംരക്ഷിക്കണമെന്നും ഇല്ലെങ്കിൽ തലമുറകളോളം ദോഷം നമ്മുടെ മനസ്സിലും പ്രവൃത്തികളിലും നിലനിൽക്കുമെന്നുമുള്ള മഹത്തായ സന്ദേശമാണ് ഇതിലൂടെ ഉദ്ദേശിച്ചിരുന്നത്.എന്നാൽ പിതൃക്കൾ അലഞ്ഞു നടക്കുന്നുവെന്നും അവർ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും പറഞ്ഞ് വിശ്വാസിയെ ഭയപ്പെടുത്തി പണം അപഹരിക്കുകയാണ് പരിഹാര മാഫിയ.
വിശേഷദിവസങ്ങളിൽ സദ്യ കഴിക്കും മുൻപ് മിക്ക ഹിന്ദു ഭവനങ്ങളിലും പിതൃക്കൾക്ക് വയ്ക്കുന്ന പതിവുണ്ട്. അത് ചെയ്യുന്നവർക്കെല്ലാം അറിയാം ഒരു ആത്മാവും പ്രേതവും അത് ഭക്ഷിക്കാൻ എത്തില്ലയെന്ന്. നാം ഭക്ഷിക്കുന്നതിന് മുൻപ് മരിച്ചു പോയിട്ടുള്ളവർക്ക് പോലും കൊടുത്തിട്ടേ ഭക്ഷിക്കൂ എന്നും മറ്റുള്ളവർക്കു കൂടി നമ്മുടെ ഭക്ഷ്യവിഭവങ്ങൾ പങ്കിട്ട് കഴിക്കണം എന്ന മഹത്തായ സന്ദേശം പുതുതലമുറയ്ക്ക് നൽകാനുള്ള ഒരു ആചാരം മാത്രമാണത്.
ഇത്രയും നല്ല സന്ദേശങ്ങൾ നൽകുന്ന ജ്യോതിഷ സംസ്കാരത്തെ ഇടിച്ചു താക്കുന്നതാണ് പ്രേതകല്യാണം പോലെയുള്ള പണാപഹരണ ആചാരങ്ങൾ. പ്രാകൃതമായ ആചാരങ്ങളിലേക്ക് പോയി നിങ്ങളുടെ പണം അപഹരിക്കാന്‍ ആരെയും അനുവദിക്കാതിരിക്കുക. പ്രേതകല്യാണം എന്ന പരിഹാരം ജ്യോതിഷമല്ല എന്നും മനസിലാക്കുക.
Read more on : Malayalam Astrology News, Malayalam Horoscope