കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടെല്ലാം മിത്തുകളും നിലനിക്കുന്നുണ്ട്. കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തു കടപ്പാട്ടൂര്‍ ഗ്രാമത്തില്‍, മീനച്ചിലാറിന്റെ തീരത്തു സ്ഥിതിചെയ്യുന്ന കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തിനുണ്ട്, അത്ഭുതങ്ങള്‍ ഇഴചേരുന്ന സുന്ദരമായയൊരു മിത്ത്.
മിത്തെന്നു തീര്‍ത്തു പറയാനാവാത്ത ഒരു കഥ, ഈ ക്ഷേത്രത്തിന്റെ ഉത്ഭവവുമായി ബന്ധപെട്ടു നിലനില്‍ക്കുന്നതാണത്. നമുക്കും ഒരു തലമുറ മാത്രം മുന്‍പ് ജീവിച്ചിരുന്നവരോ, ഇപ്പോഴും ജീവിച്ചിരിക്കുന്നവരോ ആയ പലര്‍ക്കും സാക്ഷ്യപത്രമാകാന്‍ കഴിയുന്നതിനാല്‍, ചരിത്രം എന്ന് വിളിക്കാവുന്ന ഒരു കഥ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കഥയേക്കാള്‍ പഴക്കകുറവുള്ള ഒന്ന്.
1960 ജൂലൈ 14നായിരുന്നു കടപ്പാട്ടൂര്‍ വാസികളെയെല്ലാം ആശ്ചര്യപ്പെടുത്തിയ ആ സംഭവമുണ്ടായത്. ഒരു വിദേശ ജ്യോതിശാസ്ത്രജ്ഞന്‍ സൗരയുധത്തിലെ ഗ്രഹങ്ങളുടെ അനിതരസാധാരണ സംഗമം കണക്കിലെടുത്തു, ആ ദിവസം പല അസാധാരണ സംഭവങ്ങളും ഉണ്ടാവാന്‍ ഇടയുണ്ടെന്നു പ്രവചിച്ചിരുന്നു.
കാലവര്‍ഷം താണ്ഡവനൃത്തമാടിയിരുന്ന ഒരു ദിവസം കൂടിയായതിനാല്‍ ഗ്രാമവാസികളില്‍ അധികമാരും അന്ന് പുറത്തിറങ്ങിയതുകൂടിയില്ല. പക്ഷെ അന്ന് ഉച്ചയ്ക്കു ഏകദേശം 2 മണിയോടുകൂടി അവരെല്ലാം തങ്ങളുടെ ഭവനങ്ങളില്‍ നിന്നിറങ്ങി ഒരു വിറകുവെട്ടുകാരന് ചുറ്റും കൂടി.
മീനച്ചിലാറിന്റെ തീരത്തു പ്രായമേറെച്ചെന്ന ഒരു അത്തിമരമുണ്ടായിരുന്നു. മഠത്തില്‍ പാച്ചു നായര്‍ എന്ന ഒരു വിറകുവെട്ടുകാരന്‍ ആ ദിവസം, പെരുമഴയെ വകവയ്ക്കാതെ മരം വെട്ടിക്കൊണ്ടിരിക്കുകയായിരുന്നു. രാവിലെ തുടങ്ങിയ ജോലി ഉച്ച വരെ നീണ്ടു. മരം ഏകദേശം വീഴുമെന്ന അവസ്ഥയിലായി. മരം വെട്ടുകാരനെയും ചുറ്റും കൂടിനിന്നിരുന്ന ചുരുക്കം ചിലരെയും പരിഭ്രാന്തിയിലാക്കിക്കൊണ്ടു മരം അവര്‍ വിചാരിച്ച ദിശയിലേക്കു വീഴുന്നതിനു വിപരീതമായി എതിര്‍ ദിശയിലേക്കാണ് പതിച്ചത്. എന്നാല്‍ ആളപായമോ അപകടമോ ഒന്നും ഉണ്ടായതില്ല. വീണ മരത്തിനുള്ളില്‍ നിന്ന് അതിപുരാതനവും തേജസാര്‍ന്നതുമായ ശിവന്റെ ഒരു കല്‍ വിഗ്രഹം പ്രത്യക്ഷപ്പെട്ടപ്പോള്‍, പരിഭ്രാന്തി അത്ഭുതത്തിനു വഴിമാറി. ജനം ആ കാഴ്ച കാണാന്‍ അവിടേയ്ക്കു ഒഴുകിയെത്തി.
ആയിരത്തോളം വര്‍ഷം പഴക്കമുള്ളതാണ് ഈ വിഗ്രഹം എന്ന് പിന്നീട് തെളിയിക്കപ്പെട്ടു.
കാലചക്രഭ്രമണത്തിനിടയിലെപ്പോഴോ തകര്‍ന്നുപോയൊരു മഹാക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും പ്രാന്തപ്രദേശങ്ങളില്‍ നിന്ന് ലഭിക്കിക്കുകയുണ്ടായി. പഴയ തിരുവിതാംകൂര്‍ രാജവംശത്തിന്റെ അധീനതയിലായിരുന്നു ആ ക്ഷേത്രം എന്നാണ് വിശ്വസിക്കപ്പെടുന്നത്.
പതിയെ ഇന്ന് കാണുന്ന ക്ഷേത്രം വന്നു. ഉത്തരേന്ത്യന്‍ വാസ്തുകലയുടെ അടിസ്ഥാനത്തില്‍ നിര്‍മിച്ചിരുന്ന ആദ്യ ക്ഷേത്രം 2006ല്‍ പുതുക്കിപ്പണിയുകയുണ്ടായി. ഇന്ന് നിലനില്‍ക്കുന്നത് പുനരുദ്ധാരണം ചെയ്ത ഈ ക്ഷേത്രമാണ്.
ശബരിമല തീര്‍ത്ഥാടന പാതയില്‍ നിലകൊള്ളുന്ന ഈ മഹാദേവ ക്ഷേത്രത്തില്‍ ഇന്ന് ആയിരകണക്കിന് വിശ്വാസികള്‍ ആണ് തൊഴാനെത്തുന്നത്.
ദിവസവും രാവിലെ നാല് മണിക്ക് നിര്‍മാല ദര്‍ശനത്തോടും അഭിഷേകത്തോടും തുടങ്ങുന്ന ആരാധാനകള്‍ ഉച്ചയ്ക്ക് 12മണി വരെ നീളും. വീണ്ടും ദീപാരാധനയോടെ 6.30ന് തുടങ്ങി രാത്രി എട്ട് മണി വരെ ആരാധനകള്‍ നീളും. ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷവും ജൂലൈ മാസത്തില്‍ നടക്കുന്ന വിഗ്രഹദര്‍ശനവും തുലാം കുംഭം കര്‍ക്കിടകം മാസങ്ങളില്‍ നടക്കുന്ന വാവുബലിയും എല്ലാം ഏറെ പ്രസിദ്ധമാണ്.
ശബരിമല തീര്‍ത്ഥാടകരെ സംബന്ധിച്ചിടത്തോളം കോട്ടയം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഇടത്താവളമാണ് ജില്ലയ്ക്ക് 30 കി.മീറ്റര്‍ അകലെ മാത്രം സ്ഥിതി ചെയ്യുന്ന കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രം. വൃശ്ചികമാസം ഒന്നാം തീയതി മുതല്‍ മകരമാസം ഏഴാം തിയതി വരെ നീളുന്ന മണ്ഡല-മകരവിളക്ക് ഉത്സവത്തിന് ഭക്തര്‍ക്ക് അന്നദാന പദ്ധതി മുതലുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാണ്. രാവിലെ ഒമ്പത് മുതലും വൈകുന്നേരം ഏഴ് മുതലുമാണ് അന്നദാന പദ്ധതി നടക്കാറ്.
2011ലാണ് ക്ഷേത്രത്തെ സര്‍ക്കാര്‍ ശബരിമല തീര്‍ത്ഥാടനത്തിന്റെ ഇടത്താവളമായി പ്രഖ്യാപിച്ചത്. കടപ്പാട്ടൂരപ്പനെ കലിയുഗനാഥനായി കണ്ടാണ് ഭക്തര്‍ ഇവിടെയത്തി മടങ്ങാറുള്ളത്.
Read More on Malayalam Astrology News