ചിങ്ങത്തിലെ അഷ്ടമി രോഹിണി, ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച, എല്ലാ മാസത്തിലെയും ഏകാദശി, മുപ്പെട്ടു വ്യാഴാഴ്ച എന്നിവ മഹാവിഷ്ണുവിന് ഏറ്റവും പ്രധാനമായ ദിനകളാണ്. ഇതിൽ ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച കുചേലദിനമായി ആചരിക്കുന്നു. ദാരിദ്ര്യത്താൽ വലഞ്ഞ സഹപാഠിയായിരുന്ന കുചേലൻ ഭഗവാന്‍ ശ്രീകൃഷ്ണന്റെ അടുത്ത് അവില്‍പ്പൊതിയുമായി ചെന്ന് അനുഗ്രഹം നേടിയ ദിവസമാണെന്നാണു സങ്കല്‍പം. ഇക്കൊല്ലം ഡിസംബര്‍ 20നാണ് കുചേലദിനം. അന്നേദിവസം മഹാവിഷ്ണു ക്ഷേത്ര ദർശനം അതീവ ഗുണപ്രദമാണ്. വഴിപാടായി അവിൽപ്പൊതി സമർപ്പിച്ചാൽ ദാരിദ്ര്യദുഃഖങ്ങൾ നീങ്ങും എന്നാണ് വിശ്വാസം.
കുചേലദിനത്തിൽ ഗുരുവായൂരിലെ വിശേഷ വഴിപാടാണ് അവില്‍നിവേദ്യം. അവില്‍, നാളികേരം, ശര്‍ക്കര, നെയ്യ്, ചുക്ക്, ജീരകം എന്നിവ ചേര്‍ത്താണ് നിവേദ്യം തയ്യാറാക്കുക. കുചേല ദിനത്തില്‍ പന്തീരടി പൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിവക്ക് അവില്‍ നിവേദിക്കും എന്ന പ്രത്യേകത ഉണ്ട്. ദാരിദ്ര്യം മാറുന്നതിനായി ഭക്തന്മാർ അവിലുമായി ഗുരുവായൂരപ്പനെ ദർശിച്ചു അനുഗ്രഹം നേടാറുണ്ട്. കുചേലദിനത്തിൽ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കുചേലവൃത്തം കഥകളിയും വഴിപാടായി ഭക്തർ നടത്തുക പതിവുണ്ട്. കുടുംബത്തിന്റെ ക്ഷേമത്തിനും ഐശ്യര്യത്തിനുമായി കുചേലദിനത്തിൽ അവിൽ സമർപ്പണം നടത്തുന്ന മറ്റൊരു പ്രധാന ക്ഷേത്രമാണ് മഹാവിഷ്ണു പ്രധാന പ്രതിഷ്ഠയായിട്ടുള്ള മലപ്പുറം ജില്ലയിലെ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം.
Read On Yearly Predictions 2018
Read On Malayalam Varshaphalam 2018