പഴയ കാലത്തെ ഒരു സ്കൂൾ പാഠപുസ്തകത്തിൽ ‘വെടിമരുന്ന് യുദ്ധത്തിനോ സമാധാനത്തിനോ’ എന്നൊരു ലേഖനമുണ്ടായിരുന്നു. അതിൽ വെടിമരുന്ന് അല്ല യുദ്ധവും സമാധാനവും നിർണ്ണയിക്കുന്നത്. അതിനെ സമീപിക്കുന്നവരുടെ മനസ്സാണ് രണ്ടും ഉണ്ടാക്കുന്നത് എന്ന് പറഞ്ഞവസാനിപ്പിക്കുന്നു.
അതുപോലെ ജ്യോതിഷം ആരെയും നന്നാക്കുന്നുമില്ല, നശിപ്പിക്കുന്നുമില്ല, അതിനെ സമീപിക്കുന്നവരും, അത് കൈകാര്യം ചെയ്യുന്നവരും, അതിനെ ആശ്രയിക്കുന്നവരുമാണ് രണ്ട് സാഹചര്യവും ഉണ്ടാക്കുന്നത്.
ഇരുട്ടിലൂടെ നടക്കുമ്പോൾ ഒരു ടോർച്ച് – ഒരു പ്രകാശം എപ്രകാരം യാത്രക്കാരന് സഹായകമാകുന്നുവോ അതുപോലെ ജീവിതയാത്രയിൽ മുന്നോട്ടു പോകാനാകാതെ കുഴയുന്നവർക്ക്, ജീവിതയാത്ര തുടരാൻ, ഒരു പ്രയോജനമായി, സഹായമായി, അത്താണിയായി പ്രയോജനപ്പെടുത്താവുന്ന ഒരു ജ്ഞാന ശാഖയാണ് ജ്യോതിഷം.
വെളിച്ചം വഴിയിലെ കുഴിയേയോ, പാമ്പിനേയോ, മുള്ളിനെയോ മാറ്റുന്നില്ല. അത്തരം പതിയിരിക്കുന്ന അപകടങ്ങൾ വെളിപ്പെടുത്തുക മാത്രം ചെയ്യുന്നു. അപകടങ്ങളിൽ നിന്ന് ഒഴിയുന്നത് യാത്രക്കാരന്റെ വിവേകവും, പ്രായോഗിക ബുദ്ധിയും അനുസരിച്ചാകും. ജ്യോതിഷം പ്രത്യക്ഷത്തിൽ ആരേയും രക്ഷിക്കുന്നില്ല, നശിപ്പിക്കുന്നില്ല. അതിലെ നിർദ്ദേശങ്ങൾ മനസ്സിലാക്കി, യുക്തിയുടെ, ഔചിത്യത്തിന്റെ ചിന്തേരിട്ട് അറിഞ്ഞതിനെ അനുഭവതലത്തിൽ എത്തിക്കുന്നവർക്ക് ജ്യോതിഷം ഗുണം.
കേട്ടറിഞ്ഞതിനെ ഒന്നായി വിഴുങ്ങി അന്ധവിശ്വാസിയായി മാറുന്നതു നല്ലതല്ല. വിശ്വാസമല്ല മറിച്ച് സ്വാംശീകരിക്കലാണ് ജ്ഞാനത്തിന്റെ മാർഗ്ഗം. വെറും വിശ്വാസിയുടെ നാവ് നിശ്ചലമാകും. മനസ്സ് ഭയചകിതമാകും, കണ്ണിന് ശരിയായത് കാണാനുള്ള കാഴ്ച നഷ്ടപ്പെടും. കാലുകൾ രാജപാത വിട്ട് കുറുക്ക് വഴിയേ സഞ്ചരിക്കാൻ തോന്നും.
ജ്യോതിഷത്തിന്റെ എന്നല്ല ഏതൊരു വിശ്വാസത്തിന്റേയും കാര്യമിതാണ്. വെറും വിശ്വാസിയാകുക ഏതിലും നമ്മിലെ അടിമത്തത്തിന്റെ ബാഹ്യപ്രകടനമാണ്. സ്വാംശീകരിക്കുക എന്ന ശേഷി സ്വാതന്ത്ര്യത്തിന്റെ ചിറക് വിടർത്തലാണ്. ഇതിൽ അവരവർക്ക് ഏത് വേണമെന്നു തീരുമാനിക്കുന്നതിൽ അവരവർക്കല്ലാതെ മറ്റൊരാളിന് പൂർണമായും പങ്കാളിത്തമില്ല.
ലേഖകൻ
പ്രൊഫ. ദേശികം രഘുനാഥൻ ദേശികം പത്താംകല്ല് ശാസ്താക്ഷേത്രത്തിന് സമീപം നെടുമങ്ങാട് പി.ഒ. തിരുവനന്തപുരം കേരള പിൻ – 695541 ഫോൺ : 0472 2813401
Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions