ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും തിരിച്ചടിയുണ്ടാവുന്ന കാലഘട്ടമാണ് ശനിയുടെ അപഹാരകാലം. ഒരു വ്യക്തിയുടെ ജീവിത കാലഘട്ടമെടുത്താൽ മനപ്രയാസം, കടബാധ്യത, അനാരോഗ്യം, ദുരിതം, മരണം, അപകടം എന്നിവയെല്ലാം ശനിദോഷ സമയത്തു സംഭവിക്കാം. സൂര്യന്‍റെ മകനായ ശനി ആയുസ്സിന്റെ കാരകനാണ്. ശനി അനുകൂലമല്ലാത്ത സ്ഥാനങ്ങളില്‍ നിൽക്കുന്നതിനെയാണു കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നെല്ലാം പറയുന്നത്.
ഇപ്പോൾ ചാരവശാല്‍ കണ്ടകശ്ശനി ബാധിക്കുന്ന നക്ഷത്രങ്ങൾ:
1. മിഥുനക്കൂറ് (മകയിരം-അവസാനപകുതി, തിരുവാതിര, പുണര്‍തം-ആദ്യ മൂന്നു പാദങ്ങള്‍)
2. കന്നിക്കൂറ് (ഉത്രം-അവസാന മൂന്നു പാദങ്ങള്‍, അത്തം, ചിത്തിര-ആദ്യപകുതി)
3 മീനക്കൂറ് (പൂരുരുട്ടാതി-അവസാന പാദം, ഉത്തൃട്ടാതി, രേവതി)
ജീവിതത്തിലെ ഭാഗ്യസമയത്തെക്കുറിച്ച് കൂടുതൽ അറിയാം
ഏഴരശ്ശനി ബാധിക്കുന്ന നക്ഷത്രങ്ങൾ:
1. വൃശ്ചികക്കൂറ് (വിശാഖം-അവസാന പാദം, അനിഴം, തൃക്കേട്ട)
2. മകരക്കൂറ് (ഉത്രാടം-അവസാന മൂന്നു പാദങ്ങള്‍, തിരുവോണം, അവിട്ടം-ആദ്യപകുതി)
3. ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യപാദം) – ഏഴരശ്ശനിയിലെ ജന്മശ്ശനി
അഷ്ടമശ്ശനി ബാധിക്കുന്ന നക്ഷത്രങ്ങൾ:
1. ഇടവക്കൂറ് (കാര്‍ത്തിക-അവസാന മൂന്നു പാദങ്ങള്‍, രോഹിണി, മകയിരം ആദ്യപകുതി)
ഈ കൂറുകളില്‍ പെട്ട എല്ലാവര്‍ക്കും ഒരുപോലെ ദോഷാനുഭവങ്ങള്‍ വരണമെന്നില്ല. ശനി ജാതകത്തില്‍ ഇഷ്ടഭാവ സ്ഥിതനും ബലവാനും ആയിട്ടുള്ളവര്‍ക്ക് ശനി ദോഷം അത്രയധികം ബാധിക്കുകയില്ല. ഗ്രഹനിലയില്‍ ശനി അനിഷ്ട സ്ഥാനങ്ങളില്‍ നില്‍ക്കുന്നവരും ശനിപ്രീതി വരുത്തണം.
ശിവന്റെയും വിഷ്ണുവിന്‍റെയും പുത്രനായ അയ്യപ്പസ്വാമിയെ ഭജിച്ചാൽ ശനിദോഷം ശമിക്കും. ജ്യോതിഷപ്രകാരം ശനിയുടെ അധിദേവതയാണ് ശാസ്താവ്. ശനിദോഷ പരിഹാരത്തിനായി ശാസ്താക്ഷേത്രത്തിൽ നടത്തുന്ന ഏറ്റവും ലളിതവും ഫലപ്രദവും ആയ വഴിപാടാണു നീരാജനം.ശനിയാഴ്ചകളിലും ജന്മനക്ഷത്ര ദിവസവും ശാസ്താക്ഷേത്ര ദർശനം നടത്തുന്നതും ഉപവാസമനുഷ്ഠിക്കുന്നതും ദോഷമകറ്റുമെന്നാണു വിശ്വാസം. ശനിദോഷശാന്തിക്കായി വിവാഹിതർ പങ്കാളിയോടൊപ്പം ശാസ്താ ക്ഷേത്രദർശനം നടത്തുന്നതാണു കൂടുതൽ നല്ലത്. എള്ളുതിരി കത്തിക്കലും നീലശംഖു പുഷ്പാർച്ചനയും ശനിദോഷനിവാരണത്തിനു വിശേഷമാണ്.
ഒരിക്കലൂൺ ആയോ പൂർണമായ ഉപവാസത്തോടെയോ ശനിയാഴ്ച വ്രതം അനുഷ്ഠിക്കുന്നത് ഉത്തമം. അന്നു കറുത്ത വസ്ത്രം ധരിച്ച് ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. ശനിയാഴ്ച കറുപ്പോ നീലയോ വസ്ത്രം ധരിക്കാം. ശനിയാഴ്ച തോറും ഭഗവാന് എള്ളുപായസം നിവേദിക്കുന്നതും ദോഷശാന്തിക്ക് ഉത്തമമാണ്. എള്ളെണ്ണയുടെയും എള്ളിന്റെയും കാരകനാണു ശനിഭഗവാൻ. ശനിയാഴ്ച ദിവസങ്ങളിൽ പൂജാമുറിയിലോ വീടിന്റെ ശുദ്ധമായ ഒരു ഭാഗത്തോ മൺചെരാതിൽ എള്ളുകിഴി വച്ച് അതിൽ നല്ലെണ്ണ ഒഴിച്ചു കത്തിക്കുക. ഇതു കത്തിത്തീരുമ്പോള്‍ എള്ളിന്റെ മണം വീടു മുഴുവന്‍ നിറയും. ഇതു ശ്വസിച്ചാല്‍ ശനിദോഷം കുറയുമെന്നാണു വിശ്വാസം.
“ഭൂതനാഥ സദാനന്ദ സർവഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോനമഃ”
എന്ന അയ്യപ്പമന്ത്രം ചൊല്ലിയാല്‍ ശനിദോഷം വിട്ടകന്നുപോകും.
ശനിദോഷ നിവാരണത്തിനു ഹനുമത് പ്രീതിയാണു മറ്റൊരു മാർഗം. ഹനുമാൻ സ്വാമിയുടെ ഭക്തരെ ശനിദോഷങ്ങൾ ബാധിക്കില്ലെന്ന വിശ്വാസത്തിനു പിന്നിലൊരു കഥയുണ്ട്. രാക്ഷസരാജാവായ രാവണൻ ഇന്ദ്രജിത്ത് ജനിക്കാറായ സമയത്തു നവഗ്രഹങ്ങളെ ബലമായി അനുകൂല സ്ഥാനങ്ങളിൽ നിർത്തി. ഈ അവസരത്തിൽ ശനിയുടെ രക്ഷകനായതു ഹനുമാനാണ്. ആ സന്തോഷത്തിൽ ഹനുമദ്‌ഭക്തരെ ശനിദോഷം ബാധിക്കില്ലെന്നു ശനിദേവൻ ഉറപ്പു നൽകി എന്നാണു പുരാണത്തിൽ പറയുന്നത്. ഭഗവാനു വെറ്റിലമാല സമർപ്പണം പ്രധാന വഴിപാടാണ്.
ഗണപതി പ്രീതിയും ശനിദോഷശാന്തിക്ക് ഉത്തമമത്രേ. നിത്യവും പ്രഭാതത്തിൽ ശനീശ്വര സ്തോത്രം ജപിക്കുന്നതു ശനിദോഷം മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് ഒറ്റമൂലിയാണ്. നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും സത്യസന്ധത കാണിക്കുക. അന്യരെ ഉപദ്രവിക്കാതെ കഴിയാവുന്ന രീതിയിൽ സഹായം ചെയ്യുക, എങ്കിൽ ശനിദോഷം അലട്ടുകയില്ല.
ശനി സ്തോത്രം:
നീലാഞ്ജനസമാനാഭം രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം.
Read More on Malayalam Astrology News | Astrology News In Malayalam | Malayalam Horoscope | Malayalam Zodiac Signs