ഇന്ന് കുംഭമാസത്തിലെ അശ്വതിനാൾ. ഇനിയൊരു രാവു പുലരുകയേ വേണ്ടൂ. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ചെട്ടികുളങ്ങരയമ്മയുടെ നടയിൽ നാളെ ഈ നേരത്ത് കുംഭഭരണി ഉൽസവമാണ്. ചരിത്രമുറങ്ങുന്ന ചെട്ടികുളങ്ങര തിരുനടയിലേക്കു പതിമൂന്നു കരകൾ മാത്രമല്ല, ലോകം മുഴുവനും നാളെ ഒന്നായി ഒഴുകിയെത്തും. കുത്തിയോട്ടവും പാട്ടും കെട്ടുകാഴ്‌ചയുമായി എള്ളിൻ പൂമണമുള്ള ഗ്രാമവീഥികളിലൂടെ മെയ്‌മറന്നു മനം നിറഞ്ഞ് ആയിരങ്ങൾ ഇരമ്പിയെത്തുന്ന സുദിനം. ഭക്‌തിയുടെ പൂർണതയിൽ തങ്ങളുടേതായതെല്ലാം ദേവിക്കർപ്പിക്കാനുള്ള വ്യഗ്രത.
പകലന്തിയോളം വയലേലകളിൽ വിയർപ്പൊഴുക്കുന്ന ഓണാട്ടുകരക്കാർ ആരൂഢമൊരുക്കി ഇഷ്‌ടപൂജ ചെയ്‌തു വച്ചാരാധിക്കുന്ന ചെട്ടികുളങ്ങര ദേവി. അമ്മയുടെ തിരുമുറ്റത്തു പതിമൂന്നു ദേശക്കാരും ഭക്‌തലക്ഷങ്ങളും ആട്ടവും പാട്ടുമായെത്തി വണങ്ങുന്ന കുംഭഭരണി. തങ്ങളെ പരിപാലിക്കുന്ന അമ്മയ്‌ക്കു സ്വന്തം മക്കളുടെ രക്‌തമിറ്റിച്ച് വിശ്വാസ പൂർണത നേടുന്ന ഗോത്രത്തനിമ. അതിശയക്കാഴ്‌ചകൾ നിറഞ്ഞ ഒത്തുചേരൽ. ആഘോഷവും വിശ്വാസവും ഭക്‌തിയും സൗന്ദര്യവും പാട്ടും മേളവുമൊക്കെ ഒന്നിക്കുന്ന ഉൽസവം. ഓണാട്ടുകരയുടെ ഹൃദയമാണ് ചെട്ടികുളങ്ങര. ഒന്നുപോലും പടുമുളയാവാതെ എറിയുന്ന വിത്തുകളെല്ലാം വേരോടിയും ആകാശത്തെ പുൽകിയും പടർന്നുപന്തലിക്കുന്ന വിശേഷം ഓണാട്ടുകരയുടെ കർഷകർക്കു മാത്രം അവകാശപ്പെട്ടതാണ്.
ചെട്ടികുളങ്ങരയുടെ മണ്ണിൽ പാദമമർത്തുമ്പോൾത്തന്നെ ഒരമ്മയുടെ സാന്ത്വന സാമീപ്യമായി നനഞ്ഞ കാറ്റ് കുളിരോടെ വന്നു മേലുരുമ്മുന്നു. തീയാളുന്ന വെയിലിൽ കരിഞ്ഞ എള്ളിൻപാടങ്ങൾ കാത്തിരിക്കുന്നതു നാളെ നടക്കുന്ന തേരോട്ടങ്ങൾക്കാണ്. നാടും നാട്ടാരും കൈമെയ് മറന്ന് അധ്വാനിച്ചു തയാറാക്കുന്ന കെട്ടുകാഴ്‌ച. ഒരു മനുഷ്യന് അപ്രാപ്യമായ ഉയരത്തിൽ കെട്ടിയുയർത്തിയ കെട്ടുകാഴ്‌ചയ്‌ക്കു മുന്നിൽ നിൽക്കുമ്പോൾ ഹിമവാനു മുന്നിൽ നിൽക്കുന്ന കുഞ്ഞെറുമ്പിനെപ്പോലെ ആരും ചെറുതാവുന്നു. അമ്പമ്പോ എന്തൊരുയരം എന്നു മനസ്സിൽ പറഞ്ഞുപോവും.
ചെട്ടികുളങ്ങരയമ്മയ്‌ക്ക് കുത്തിയോട്ടപ്പാട്ടാണു പ്രിയം. ദുരിതങ്ങൾക്കും ദുരന്തങ്ങൾക്കും കാരണം ദൈവകോപമല്ലെന്നും മനുഷ്യൻ അറിഞ്ഞോ അറിയാതെയോ ചെയ്‌ത തെറ്റുകളാണെന്നും തിരിച്ചറിഞ്ഞ ഒരു സമൂഹം. എല്ലാമറിയുന്ന അമ്മയിൽ ലയിച്ചുചേരുകയാണ് അവർ. നാളെ പുലരുമ്പോൾ കുത്തിയോട്ടപ്പാട്ടുകൾ പാടി ചുവടുകൾ വച്ച് ഓണാട്ടുകരക്കാർ ആഘോഷത്തിലേക്ക് അലിഞ്ഞുചേരുകയാണ്. ദേവിയുടെ തിരുനടയിലെത്തി മനമുരുകി പ്രാർഥിക്കും. ഉച്ചകഴിഞ്ഞ് അവർ കാഴ്ചക്കണ്ടത്തിലേക്കു കെട്ടുകാഴ്ചയുമായി ഒഴുകിയെത്തും.
∙ മിഴിവോടെ കഥകൾ
ചെട്ടികുളങ്ങര ദേശത്തെ നാട്ടുവഴികളിലൂടെ നടക്കുമ്പോൾ മണ്ണ് കാലിൽതൊട്ട് ഐതിഹ്യ കഥകളുടെ കിന്നാരം പങ്കുവയ്‌ക്കും. പണ്ട് ഈരേഴ തെക്ക് കരയിലെ ചെമ്പോലിൽ കുടുംബനാഥനും സുഹൃത്തുക്കളും ഒരിടത്ത് ഉൽസവം കാണാൻ പോയി. അവിടുത്തെ കരപ്രമാണിമാർ അവരെ അപമാനിച്ചു. ദുഃഖിതരായി മടങ്ങിയെത്തിയ അവർ ചെട്ടികുളങ്ങരയിൽ ക്ഷേത്രം നിർമിക്കുന്നതിനെക്കുറിച്ചാലോചിച്ചു. പല ക്ഷേത്രങ്ങളും സന്ദർശിച്ച അവർ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ എത്തി ഭജനം പാർത്തു. പന്ത്രണ്ടാം ദിവസം ദേവി അവർക്കു സ്വപ്‌നത്തിൽ ദർശനമേകി.
വെളിച്ചപ്പാട് തുള്ളിയുറഞ്ഞു ചെട്ടികുളങ്ങരയിൽ ദേവീ സാന്നിധ്യമുണ്ടാകുമെന്ന് അരുളിച്ചെയ്‌തു. ദിവസങ്ങൾ കഴിഞ്ഞു. ഒരു രാത്രി. കരിപ്പുഴ തോട്ടിലെ കടവിനക്കരെ വൃദ്ധയായ സ്‌ത്രീ തോണിക്കായി കാത്തുനിൽക്കുകയാണ്. വള്ളക്കാരൻ വൃദ്ധയായ സ്‌ത്രീയെ ഇക്കരെയെത്തിച്ചു. അമ്മ എങ്ങോട്ടുപോവുകയാണ് എന്നു ചോദിച്ചപ്പോൾ ചെട്ടികുളങ്ങരയ്‌ക്കാണെന്ന് ഉത്തരം. ആ വൃദ്ധ വഴിയരികിലെ ആഞ്ഞിലി ചുവട്ടിൽ വിശ്രമിച്ചു.
അടുത്തദിവസം ചെട്ടികുളങ്ങര ക്ഷേത്രം നിൽക്കുന്ന സ്‌ഥലത്തിനടുത്തുള്ള ബ്രാഹ്‌മണ ഗൃഹത്തിൽ മേച്ചിൽ ജോലികൾ നടന്നുകൊണ്ടിരിക്കേ അപരിചിതയായ ഒരു സ്‌ത്രീ ഉച്ചഭക്ഷണ സമയത്തെത്തി കഞ്ഞിയും മുതിരപ്പുഴുക്കും വാങ്ങി കഴിച്ചശേഷം അപ്രത്യക്ഷയായി. ഇതേത്തുടർന്ന് ജ്യോത്സ്യരെ വരുത്തി പ്രശ്‌നം വയ്‌പിച്ചു. ഇക്കണ്ടതെല്ലാം ദേവീ ആഗമനത്തിന്റെ സൂചനകളാണെന്നു മനസ്സിലാക്കി നാട്ടുകാർ ഒത്തുചേർന്നു ക്ഷേത്രം നിർമിച്ചു ദേവിയെ പ്രതിഷ്‌ഠിച്ചുവെന്നാണു വിശ്വാസം. അന്ന് അമ്മയ്‌ക്കു തണലേകിയ ആഞ്ഞിലിമരം നിന്ന സ്‌ഥാനത്താണ് ഇപ്പോൾ ആഞ്ഞിലിപ്ര പുതുശേരി അമ്പലം നിൽക്കുന്നതത്രേ.
∙ മികവോടെ ശിൽപകല
എണ്ണം പറഞ്ഞ തച്ചുശാസ്‌ത്ര വിദഗ്‌ധരുടെ നാടാണ് ഓണാട്ടുകര. കരവിരുതിന്റെയും ഒരുമയുടെയും സർഗവൈഭവത്തിന്റെയും മകുടോദാഹരണങ്ങളായ കെട്ടുകാഴ്‌ചകളാണു ചെട്ടികുളങ്ങര കുംഭഭരണിയുടെ മാറ്റു വർധിപ്പിക്കുന്നത്. ഏറെ ഭക്‌തിയോടെയാണു പതിമൂന്നു ദേശക്കാരും കെട്ടുകാഴ്‌ചയൊരുക്കുന്നത്. പണി തുടങ്ങുന്ന ദിവസം രാവിലെ ക്ഷേത്രത്തിലെത്തി അമ്മയ്‌ക്കു പ്രത്യേക പൂജകളും വഴിപാടുകളും നടത്തുന്നു. ക്ഷേത്രത്തിലെ പുണ്യാഹവുമായെത്തി കെട്ടുസാമഗ്രികൾ ശുദ്ധിയാക്കുന്നു.
നിശ്‌ചയിച്ച മുഹൂർത്തത്തിൽ പണി തുടങ്ങുന്നു. കഴിഞ്ഞ ശിവരാത്രി മുതൽ രാപകലുകൾ വിയർപ്പൊഴുക്കി കൈമെയ് മറന്ന് ഓണാട്ടുകരക്കാർ കെട്ടിപ്പൊക്കിക്കൊണ്ടിരിക്കുന്ന കെട്ടുകാഴ്‌ച. ക്ഷേത്രവുമായി ബന്ധപ്പെട്ട പതിമൂന്നു കരകളിൽനിന്നുള്ള കെട്ടുകാഴ്‌ചകളായ ആറു കുതിര, അഞ്ചു തേര്, ബകനു ചോറുമായി പോകുന്ന ഭീമൻ, ഹനുമാൻ, പാഞ്ചാലി എന്നിങ്ങനെ കരവിരുതിന്റെ കമനീയരൂപങ്ങളാണ് ഉൽസവത്തിന്റെ ആകർഷണം. നാളെ ഉച്ചയോടെ കരകളിൽനിന്നു കെട്ടുകാഴ്‌ചകളെ ഒരുമയുടെ സന്ദേശം വിളിച്ചോതി ക്ഷേത്രനടയിൽ എത്തിച്ചു ദേവിയെ വണങ്ങി കരക്രമമനുസരിച്ച് കിഴക്കുവശത്തെ കാഴ്‌ചക്കണ്ടത്തിൽ അണിനിരക്കുന്ന കാഴ്‌ചയാണു ചേതോഹരം.
യഥാർഥ കുതിരയുമായി രൂപസാമ്യമില്ലാത്ത കെട്ടുകാഴ്‌ച കുതിരകൾക്കു സമകോണാകൃതിയിലുള്ള മധ്യഭാഗത്തിനു താഴെ അഞ്ചുനിര എടുപ്പുകളും മുകളിൽ ഏഴുനിര എടുപ്പുകളുമുണ്ട്. മറ്റം വടക്ക് കരക്കാരുടെ കെട്ടുകാഴ്‌ചയായ ഭീമനു മുപ്പതടിയിലേറെ പൊക്കമുണ്ട്. പഞ്ചതലത്തിൽ നിർമിച്ച ദാരുശിൽപമാണിത്. മുഖത്തിന്റെ അളവിന്റെ അഞ്ചിരട്ടിയാണു ശരീരം എന്നതാണു പഞ്ചതല ശിൽപത്തിന്റെ പ്രത്യേകത. കെട്ടുകാഴ്‌ചകളായ തേരിന്റെയും, കുതിരയുടെയും അലകുകളും മറ്റും കൂട്ടിയോജിപ്പിച്ചു കെട്ടുവാൻ ഇന്ന് ഇഴക്കയറുകളാണുപയോഗിക്കുന്നത്. പക്ഷേ, പണ്ടുകാലങ്ങളിൽ അതിന്റെ സ്‌ഥാനത്തു പന്നൽച്ചെടി വള്ളികളും, കൈതവേരും, പനങ്കുലയുടെ വള്ളികളുമാണ് ഉപയോഗിച്ചിരുന്നത്. ഗ്രാമീണതയുടെ ശാലീനതയിൽ വിജയിച്ചുനിൽക്കുന്നത് ഒരുമയുടെ നന്മയാണ്.
∙നാവിനും ഉത്സവം, രുചിയുടെ മേളപ്പെരുക്കം
കുംഭഭരണി നാവിൽ നാട്ടുരുചിയുടെ മേളപ്പെരുക്കം നടത്തുന്ന ആഘോഷം കൂടിയാണ്. അധ്വാനിക്കുന്നവനൊപ്പം അമ്മ ഭക്ഷണം പങ്കിടാനെത്തുമെന്നാണു വിശ്വാസം. കുതിരമൂട്ടിൽക്കഞ്ഞി, അസ്‌ത്രം, കൊഞ്ചും മാങ്ങയും തുടങ്ങിയ മറ്റെങ്ങുമില്ലാത്ത ഭക്ഷണക്രമത്തിന് രുചിയുമേറെയാണ്. സ്വന്തം മണ്ണിൽ വിത്തെറിഞ്ഞു വാനോളം കൃഷി പടർത്തി ഓണാട്ടുകരക്കാർ വിളയിച്ചെടുത്തതാണ് ഓരോ വിഭവവും. കുതിരമൂട്ടിൽ കഞ്ഞിക്കിരുന്നാൽ ഓലത്തടുക്ക്, തൂശനില, കീറ്റില, പ്ലാവിലക്കുമ്പിൾ എന്നിങ്ങനെ പാത്രങ്ങളുടെ വിതരണമാണ് ആദ്യം. പിന്നാലെ ഓരോരുത്തരായി ഉണ്ണിയപ്പം, അവിൽ, പഴം, പർപ്പടകം, മുതിരപ്പുഴുക്ക്, കടുമാങ്ങ, അസ്‌ത്രം, കഞ്ഞി എന്നിവ വിളമ്പും. ഇരുപതു പറയുടെ രണ്ടു വാർപ്പുകളിലാണ് അസ്‌ത്രം തയാറായിരിക്കുന്നത്. അപ്പുറത്തു മൂന്നോ നാലോ ചെമ്പിൽ കഞ്ഞി.
പതിമൂന്നു കരകളിലെ കുതിരമൂട്ടിലും ദിവസം രണ്ടിലേറെ കഞ്ഞി. വട്ടത്തിൽ കുത്തിയ ഓലക്കാലിന്റെ തടുക്കിലേക്കു കഞ്ഞിയുടെ ചൂടിൽ വാടി തൂശനില വഴങ്ങിയിറങ്ങുന്നു. കീറ്റിലയിൽ വിഭവങ്ങൾ. കോരിയെടുക്കാൻ പ്ലാവിലക്കുമ്പിൾ. ചേന, കാച്ചിൽ, വെട്ടുചേമ്പ്, വെള്ളരി, തടിയൻ, പടറ്റി, കാരറ്റ്, ശീമക്കിഴങ്ങ്, മധുരക്കിഴങ്ങ്, പച്ചമുളക്, മാങ്ങ, തൈര്. കഷണങ്ങൾ വേവിച്ച്, തേങ്ങ അരച്ചതും മുളകുപൊടിയും, മഞ്ഞൾപ്പൊടിയും മറ്റു ചേരുവകളും ചേർത്തു കഴിഞ്ഞാൽ അസ്‌ത്രം തയാർ. കുംഭഭരണി നാളിൽ ദേശത്തെ വീടുകളിൽ ഒരുക്കുന്ന പ്രധാനവിഭവമാണു കൊഞ്ചും മാങ്ങയും.
ഒരിക്കൽ കുത്തിയോട്ട ഘോഷയാത്ര ക്ഷേത്രത്തിലേക്കു പൊയ്‌ക്കൊണ്ടിരിക്കുമ്പോൾ ഒരു വീട്ടമ്മയ്‌ക്ക് അതു കാണണമെന്ന മോഹം ഉദിച്ചു. ഉച്ചസദ്യയ്ക്കുള്ള വിഭവങ്ങൾ തയാറാക്കുന്ന തിരക്കിലായിരുന്ന വീട്ടമ്മ ഭഗവതിയെ മനസ്സിൽ ധ്യാനിച്ചു കൊഞ്ചും മാങ്ങയും കരിയാതെ നോക്കണമെന്നു പറഞ്ഞശേഷം ഘോഷയാത്ര കാണാൻ പോയി. ഘോഷയാത്ര കണ്ടു വൈകി മടങ്ങിയെത്തുമ്പോൾ കൊഞ്ചും മാങ്ങയും പാകമായിരിക്കുന്നതു കണ്ടു. ഇക്കഥ നാട്ടിൽ പ്രചരിച്ചതോടെയാണു കൊഞ്ചും മാങ്ങയും പ്രധാന വിഭവമായത്.
കെട്ടുകാഴ്ചകളിലേക്ക് നാളെ നാടുണരും
മാവേലിക്കര∙ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ കുംഭഭരണി കെട്ടുകാഴ്ച നാളെ നടക്കും. ദേവീക്ഷേത്രവുമായി ബന്ധപ്പെട്ട പതിമൂന്നു കരകളിൽനിന്നു ദൃശ്യചാരുതയാർന്ന കെട്ടുകാഴ്ചകൾ ദേവിക്കു കാണിക്കയായി അർപ്പിക്കും.ദേവിക്കുമുന്നിൽ കെട്ടുകാഴ്ചകൾ നിരന്നുനിൽക്കുന്നതു കാണാനെത്തുന്ന ഭക്തരാൽ ക്ഷേത്രാങ്കണം നാളെ നിറഞ്ഞു കവിയും. തങ്ങളുടെ പ്രൗഢി തെളിയിക്കാൻ പതിമൂന്നുകരകളും അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ദേവിയുടെ ഇഷ്ടവഴിപാടായ കുത്തിയോട്ടം നടന്ന വീടുകളിൽ കുത്തിയോട്ടപ്പാട്ടും ചുവടും ഇന്നലെ രാത്രി സമാപിച്ചു. പൊലിവു ചടങ്ങിനായി പൊലിവുപാട്ട് ആശാന്മാർ പാടിയപ്പോൾ കുത്തിയോട്ടം കാണാനെത്തിയവർ തങ്ങളുടെ കഴിവനുസരിച്ചു ദക്ഷിണ അർപ്പിച്ചു.
ദിവസങ്ങൾ നീണ്ട തീവ്രവ്രതാനുഷ്‌ഠാനത്തോടെ കുത്തിയോട്ട ച്ചുവടുകൾ അഭ്യസിച്ച എട്ടു വയസ്സുകാർക്ക് ഇന്നു വിശ്രമത്തിന്റെ ദിനമാണ്. ഭരണി നാളിലേക്കുള്ള ഒരുക്കങ്ങളാണ് ഇന്നു നടക്കുന്നത്. കുത്തിയോട്ട കുട്ടികളുടെ മുടി മുറിക്കുന്ന കോതുവെട്ടൽ ചടങ്ങും കുത്തിയോട്ടസദ്യയും ഇന്നു നടക്കും. വിസ്‌മയക്കാഴ്‌ചയൊരുക്കുന്ന കെട്ടുകാഴ്‌ചകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. കയ്യും മെയ്യും മറന്നു കെട്ടുകാഴ്‌ച നിർമാണ വിദഗ്‌ധരും കരക്കാരും പതിമൂന്നു കരകളിലായി വിയർപ്പൊഴുക്കുമ്പോൾ ആത്മസമർപ്പണത്തിന്റെ നിർവൃതിയാണെങ്ങും. നാളെ രാവിലെ ആറു മുതൽ ദേവിയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ടം നടത്തിയ വീടുകളിൽ നിന്നുള്ള കുത്തിയോട്ട ഘോഷയാത്രകൾ ക്ഷേത്രത്തിലേക്കെത്തി സമർപ്പണം നടത്തും.
വൈകിട്ടു നാലു മുതൽ കരകളിൽ നിന്നുള്ള കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലേക്കെത്തി തുടങ്ങും. ശിവരാത്രി നാൾ മുതൽ കരക്കാർ ഒരുക്കിയ കെട്ടുകാഴ്ചകൾ ക്ഷേത്രാങ്കണത്തിലെത്തി ദേവിയെ വണങ്ങി കാഴ്ചക്കണ്ടത്തിൽ നിലയുറപ്പിക്കും.പതിമൂന്നു കരകളിൽ നിന്നായി ആറ് കുതിര, അഞ്ച് തേര്, ഭീമൻ, ഹനുമാൻ, പാഞ്ചാലി എന്നിവയാണ് അണിനിരക്കുന്നത്. കരക്രമമനുസരിച്ചു കെട്ടുകാഴ്ചകൾ അണിനിരന്ന ശേഷം ദീപാരാധന നടക്കും. രാത്രി 7.30നു ഹിന്ദുമത സമ്മേളനം, ദേവസ്വം ബോർഡ് വക ഗ്രാന്റ് വിതരണം, 11നു കഥകളി, 3.30നു വേലകളി, നാലിനു കെട്ടുകാഴ്ചകൾക്കു സമീപത്തേക്കു ദേവിയുടെ എഴുന്നള്ളത്ത് എന്നിവയും നടക്കും.
നാളെ അവധി
ആലപ്പുഴ∙കുംഭഭരണി മഹോത്സവം പ്രമാണിച്ച് മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ കലക്ടർ പ്രാദേശികാവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്കു മാറ്റമില്ല.
Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions