നീണ്ടമുടിയിഴകൾ ഭൂരിപക്ഷം സ്ത്രീകളുടെയും സ്വപ്നമാണ്. മുടി വളരുന്നതിനായി പല വഴികളും പരീക്ഷിച്ചു മടുത്തിരിക്കുന്നവർക്കിതാ ജ്യോതിശാസ്ത്രം ഒരു വലിയ പ്രത്യാശ നൽകുന്നു. നിത്യജീവിതവുമായി ബന്ധപ്പെട്ട മിക്കവാറും കാര്യങ്ങളിലെല്ലാം നല്ല നേരം നോക്കുന്നവർ മുടി മുറിക്കുന്നതിൽ മാത്രം നല്ല ദിവസവും നല്ല നേരവും നോക്കാത്തതെന്തുകൊണ്ടാണ്? അനുകൂലമായ ദിവസങ്ങൾ നോക്കി മുടി മുറിച്ചാൽ മുടി നല്ലതുപോലെ വളരുമെന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്. ഏതായിരിക്കും ആ നല്ല ദിവസങ്ങൾ എന്നല്ലേ? പൗർണമി ദിനങ്ങളിൽ മുടി മുറിക്കുന്നത് മുടിയുടെ വളർച്ച വർധിപ്പിക്കുക തന്നെ ചെയ്യും. പൗരാണിക കാലം മുതൽ തന്നെ ചന്ദ്രനുമായി ബന്ധപെട്ടു പറഞ്ഞു കേൾക്കുന്നൊരു കാര്യമാണിത്. ഇതിനു ശാസ്ത്രീയമായ അടിത്തറയുണ്ടെന്നതാണ് വേറൊരു വലിയ സത്യം.
സുശക്തനാണ് ചന്ദ്രൻ. ചന്ദ്രന്റെ പ്രയാണത്തിന് നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനമായൊരു സ്ഥാനമുണ്ട്. തലമുടി മുറിക്കുന്നതുമായി ബന്ധപെട്ടു ഒരു ചാന്ദ്രകലണ്ടർ പണ്ടുകാലങ്ങളിൽ നിലവിലുണ്ടായിരുന്നു. കാർഷിക പഞ്ചാംഗത്തിന്റെയും പാശ്ചാത്യ ജ്യോതിശാസ്ത്രത്തിന്റെയും മായൻ ചാന്ദ്രകലണ്ടറിന്റെയും അടിസ്ഥാനത്തിലാണിത് നിർമിച്ചിരിക്കുന്നത്. ചന്ദ്രന്റെ ഭ്രമണത്തിനനുസരിച്ചാണ് മുടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ഈ കലണ്ടർ പ്രവർത്തിക്കുന്നത്.
മുടി എപ്പോഴാണ് മുറിക്കേണ്ടത്? അതിനനുയോജ്യമായ സമയമേതാണ് എന്നതെല്ലാം വളരെ വിശദമായി ഈ കലണ്ടറിൽ പ്രതിപാദിച്ചിട്ടുണ്ട്. മാസത്തിലൊരു തവണയെങ്കിലും മുടി മുറിക്കണമെന്നാണ് ഈ കലണ്ടർ പറയുന്നത്. മുടിയുടെ ആരോഗ്യത്തിനായി വളരെ ചെറിയൊരളവിൽ മാത്രം മുറിച്ചാൽ മതിയാകും. അഗ്രങ്ങൾ പിളർന്നതും വരണ്ടതും വളർച്ച മുരടിച്ചതുമായ മുടിയിഴകൾക്കു ഇതുവഴി ആരോഗ്യം കൈവരുമെന്ന് ശാസ്ത്രീമായും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇപ്രകാരം മുടി മുറിക്കുമ്പോൾ അതിനു വേണ്ടി തെരഞ്ഞെടുക്കുന്ന ദിവസം പൗർണമി ദിനങ്ങളാണെങ്കിൽ മുടി വളർച്ച ഇരട്ടിയാകുമെന്നാണ് ചാന്ദ്രകലണ്ടർ പറയുന്നത്.
ഇപ്രകാരം മുടി മുറിക്കുന്നതുവഴി പ്രധാനമായും അഞ്ചു നേട്ടങ്ങളാണ് തലമുടിക്ക് കൈവരുന്നത്.
ഒന്ന് : നീളം വർധിക്കുന്നു
പൗർണമി ദിവസങ്ങളിൽ മുറിച്ച മുടിക്ക് സാധാരണയെ അപേക്ഷിച്ചു വളരെ വേഗത്തിൽ വളർച്ചയുണ്ടാകും.
രണ്ട് : ഇടതൂർന്ന മുടി
ചന്ദ്രന്റെ ഭ്രമണത്തിനനുസരിച്ചു മുടി മുറിക്കുമ്പോൾ, പുതിയ വളർച്ച ആരംഭിക്കുകയും ഓരോ രോമകൂപങ്ങളിലും മുടിയിഴകൾ വളരുകയും ചെയ്യും. ഇത് സ്വാഭാവികമായും ഇടതൂർന്ന നല്ല കട്ടിയുള്ള മുടി പ്രദാനം ചെയ്യും.
മൂന്ന് : ബലമാർന്ന മുടി
വേരുകളെ ബലപ്പെടുത്തി, ശക്തമായ മുടി വളരാൻ ചന്ദ്രൻ ആകാശത്തുള്ള ദിവസങ്ങളിൽ മുടി മുറിക്കുന്നത് ഏറെ ഗുണകരമാണ്.
നാല് : മുടിയുടെ വേരുകളിൽ നിന്നുള്ള പ്രവർത്തനം
മുടിയുടെ വളർച്ചയുടെ എല്ലാ ഘട്ടങ്ങളെയും ത്വരിതപ്പെടുത്തുന്നതിനു വേരുകളിൽ നിന്ന് തന്നെയുള്ള പ്രവർത്തനം ആവശ്യമാണ്. വേരുകളെ ബലപ്പെടുത്തുകയാണ് മുടി വളർച്ച വർധിപ്പിക്കുന്നതിനുള്ള ഏക മാർഗം. മാസത്തിലൊരു തവണ മുടി മുറിക്കുമ്പോൾ മുടിയുടെ വളർച്ച സജീവമാകുകയും വേരുകളുടെ പ്രവർത്തനം ധൃതഗതിയിലാവുകയും ചെയ്യുന്നു.
അഞ്ച് : മനോഹരമായ മുടിയിഴകൾ
ഭംഗിയാർന്നതും തിളങ്ങുന്നതുമായ മുടിയിഴകൾക്കും പൗർണമി ദിനങ്ങളിൽ, മാസത്തിലൊരു തവണ മുടി മുറിക്കുന്നത് അത്യുത്തമമാണ്.
ചാന്ദ്രകലണ്ടറിനെ ആധാരമാക്കി മുടിമുറിക്കുന്നതിനു തയാറെടുക്കുമ്പോൾ, പൗർണമി ദിനങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവുമുത്തമം. പൗർണമി ദിനങ്ങളും പൗർണമിയുടെ തൊട്ടടുത്ത ദിവസങ്ങളും മുടി മുറിക്കുന്നതിനു ഉചിതമാണ്. സാധാരണ ദിനങ്ങളിൽ മുടി വെട്ടുന്നതിനേക്കാൾ വേഗത്തിലും ഭംഗിയിലും ബലത്തിലും മുടി വളരാൻ ഇത് സഹായിക്കും. ഈ ദിവസങ്ങളിൽ മുടി വെട്ടുമ്പോൾ വളരെ കുറച്ചു മാത്രം വെട്ടുക, മാസത്തിൽ ഒരു തവണ ഇതിനു സാധിച്ചില്ലെങ്കിൽ മൂന്നു മാസത്തിലൊരിക്കലെങ്കിലും മുടി മുറിക്കുന്നത് മുടി വളർച്ച വർധിപ്പിക്കുക തന്നെ ചെയ്യും.
Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions