Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലും മുഖവും കഴുകി വീട്ടിനകത്തേക്ക്

x-default

ക്ഷേത്രം പോലെ പരിശുദ്ധമായിരിക്കണം വീടും എന്നതായിരുന്നു പഴമക്കാരുടെ കാഴ്ചപ്പാട്. വീടിനു പുറത്തു പോയാൽ തിരിച്ചുവരുമ്പോൾ കാലും മുഖവും കഴുകി മാത്രമേ അകത്തു കയറാൻ പാടുള്ളൂ എന്നായിരുന്നു പണ്ടത്തെ ആചാരം. പാടത്തും പറമ്പിലും പണിയെടുക്കുന്നവർ പണി കഴിഞ്ഞ് കുളിയും കഴിഞ്ഞേ വീട്ടിനകത്തു കയറാറുള്ളൂ. ചെരിപ്പിടുന്ന കാലം വന്നപ്പോഴും ചെരിപ്പ് പുറത്ത് അഴിച്ചുവച്ചിട്ടേ വീട്ടിനകത്തു കയറിയിരുന്നുള്ളൂ. പണ്ടൊക്കെ എല്ലാ വീട്ടിലും പൂമുഖത്തിന്റെ തിണ്ണയിൽ വലിയൊരു ഓട്ടുകിണ്ടിയിൽ വെള്ളം വച്ചിട്ടുണ്ടാകും. കാലും മുഖവും കഴുകി മാത്രം പൂമുഖത്തേക്കു പ്രവേശിച്ചാൽ മതിയെന്നായിരുന്നു അതിനർഥം. ഈ ആചാരങ്ങളുടെയെല്ലാം അടിസ്ഥാനം മറ്റൊന്നുമല്ല, പരിസരശുചിത്വം തന്നെ. 

പരിസരശുചിത്വത്തിന്റെ കാര്യത്തിൽ പഴമക്കാരുടെ അത്ര പോലും ശ്രദ്ധ ഇന്നത്തെ കാലത്തു ചിലരെങ്കിലും കാണിക്കുന്നില്ല. പുറത്തു നടക്കാൻ ഉപയോഗിച്ച ചെരിപ്പും ഷൂസും മറ്റും അഴിച്ചുമാറ്റാതെ വീട്ടിനകത്തു കയറുന്നവരുണ്ട്. മറ്റു പലർക്കുമൊപ്പം പണിയെടുത്ത് തിരിച്ചുവന്ന്, കുളിക്കുക പോലെ ചെയ്യാതെ വീട്ടിനകത്തു കയറി കിടക്കുന്നവരുമുണ്ട്. പകർച്ചവ്യാധികളെ പരമാവധി അകറ്റിനിർത്താനും കുടുംബത്തിലുള്ളവരുടെ ആരോഗ്യം പരിപാലിക്കാനുമാണു പരിസരശുചിത്വത്തിന്റെ ആചാരങ്ങൾ തുടർന്നുവന്നത്. അതുകൊണ്ടുതന്നെ ശുചിത്വത്തിന്റെ ശീലങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ട്.

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions