ടെലിവിഷൻ സീരിയലിലൂടെ ശ്രദ്ധേയയായ നടി നിഷ സാരംഗ് തന്റെ ഭക്തിയും വിശ്വാസവും പങ്കുവയ്ക്കുന്നു.
രാവിലെ എഴുന്നേറ്റ് കുളിച്ചു ശുദ്ധിയായി പൂജ കഴിഞ്ഞു വിളക്കുകത്തിച്ചാണ് എന്റെ ഒരു ദിവസം ആരംഭിക്കുന്നത്. പൂജാമുറിയിൽ ഒരു ദിവസം കയറിയില്ലെങ്കിൽ അന്നത്തെ ദിവസം പോക്കാണ് എന്നാണ് എന്റെ വിശ്വാസം. ഗെയ്റ്റും പ്രധാനവാതിലും തുറന്നാൽ പുറത്ത് നിന്ന് ആദ്യം കണ്ണെത്തുന്നത് പൂജാമുറിയിലേക്കാണ്. കാണിപ്പയൂരാണ് വീടിന് സ്ഥാനം കണ്ടത്.
പൂജാമുറിയുടെ സ്ഥാനം ഐശ്വര്യം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇവിടെ താമസിച്ചു തുടങ്ങിയതിനു ശേഷമാണ് ജീവിതത്തിലും കരിയറിലും നല്ല കാര്യങ്ങൾ സംഭവിച്ചത്.
ജ്യോതിഷത്തിൽ നല്ല വിശ്വാസമുള്ള ആളാണ്. എനിക്ക് രണ്ടു പെൺമക്കളാണ്. രേവതിയും രേവിതയും. ഇരുവരും രേവതി നക്ഷത്രക്കാരാണ്. ജന്മനക്ഷത്രം വച്ചാണ് ഇരുവർക്കും പേരിട്ടത്.
വ്രതങ്ങൾ മുടക്കാറില്ല...
ഞാൻ ഭയങ്കര ഈശ്വര വിശ്വാസിയാണ്. വ്രതങ്ങൾ എന്റെ ജീവിതത്തിന്റെ ഭാഗമാണ്. മനസ്സിലെ കുമിഞ്ഞുകൂടുന്ന ദുർമേദസ്സുകൾ അകറ്റുക എന്നതാണ് വ്രതം എടുക്കുക കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ വ്രതം മനസ്സിന് മാത്രമല്ല, ശരീരത്തിനും ഗുണകരമാണ്. ശരീരത്തിലെ ദുർമേദസുകളെ പുറംതള്ളാനും ദഹനവ്യവസ്ഥയെ ക്രമീകരിച്ച് ശരീരം ശുദ്ധിയാക്കാനും വ്രതം ഉപകരിക്കും. ഉപ്പുമുളകും തുടങ്ങിയ കാലം മുതൽ ആരംഭിച്ച ചില വ്രതങ്ങൾ ഇപ്പോഴും തുടരുന്നു.
ശിവരാത്രി വ്രതമാണ് അവയിൽ പ്രധാനം. ഭക്ഷണം കഴിക്കാതെ, ഉറങ്ങാതെ രണ്ടു പകലും ഒരു രാത്രിയും ചെലവഴിക്കും. ഒരു മനുഷ്യൻ ജന്മത്തിൽ ഒരു ശിവരാത്രി വ്രതമെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ സ്വർഗ്ഗരാജ്യത്തിനു യോഗ്യതയുണ്ടാകും എന്നാണ് വിശ്വാസം. കഴിഞ്ഞ 15 വർഷമായി മുടങ്ങാതെ ശിവരാത്രി വ്രതം അനുഷ്ഠിക്കാറുണ്ട്.
നവരാത്രി വ്രതമാണ് അടുത്തത്. ഞാൻ കല കൊണ്ട് ജീവിക്കുന്ന ആളാണ്. കലയുടെ ദേവിയായ സരസ്വതിയെ സ്മരിക്കുന്ന സമയമാണല്ലോ നവരാത്രി. അന്ന് പൂജാമുറിയിൽ ബൊമ്മക്കൊലുകളും വർണവിളക്കുകളും നിറയും. രാത്രിയാകുമ്പോൾ വീട് വിളക്കുകൾ കൊണ്ട് നിറയും. നല്ല രസമാണ് ആ കാഴ്ച. പൂജയ്ക്ക് അരിയും നാളികേരവും ചന്ദനത്തിരിയും ഒക്കെ കാണും. ആ ഒൻപതു ദിവസവും വീട്ടിൽ എല്ലാവരും മൽസ്യ മാംസാദികൾ ഉപേക്ഷിച്ച് മനസ്സിൽ ഭക്തി നിറയ്ക്കും. കലാകാരൻമാർ നവരാത്രി വ്രതം എടുക്കുന്നത് ഗുണകരമായിരിക്കും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ഞാൻ അഭിനയിക്കാൻ തുടങ്ങിയ കാലം മുതൽ ഇന്നുവരെ സ്ഥിരമായി ആറ്റുകാൽ പൊങ്കാല ഇടാറുണ്ട്. അമ്മയുടെ കാരുണ്യം കൊണ്ട് എല്ലാവർഷവും വിഘ്‌നങ്ങൾ ഒന്നും കൂടാതെ പോകാൻ സാധിക്കാറുണ്ട്. അതും ആറേഴ് ദിവസം വ്രതമെടുത്തിട്ടാണ് അനുഷ്ഠിക്കാറുള്ളത്. ഇതുകൂടാതെ തിങ്കളാഴ്ച വ്രതം, ചൊവ്വാഴ്ച വ്രതം, വെള്ളിയാഴ്ച, ശനിയാഴ്ച വ്രതങ്ങളും അനുഷ്ഠിക്കാറുണ്ടായിരുന്നു. തിരക്കുകൾ ഏറിയപ്പോൾ ഒന്ന് കുറച്ചു എന്നുമാത്രം. ഉപ്പും മുളകും തുടങ്ങിയതിന്റെ തലേദിവസം മുതൽ വ്രതത്തിലാണ്. മുട്ടയും മത്സ്യവും മാംസവുമൊന്നും കഴിക്കാറില്ല. എന്തായാലും വ്രതം എടുക്കുന്നതിന്റെ ഈശ്വരാധീനം, അനുഗ്രഹങ്ങൾ ജീവിതത്തിൽ എനിക്കും കുടുംബത്തിനും ഉണ്ടായിട്ടുണ്ട്.
ഇഷ്ട ക്ഷേത്രങ്ങൾ...
എന്റെ ഇഷ്ട ക്ഷേത്രം ഗുരുവായൂരാണ്. വർഷത്തിൽ നാലഞ്ച് തവണയെങ്കിലും ഗുരുവായൂരിൽ പോയി കണ്ണനെ കണ്ടു പ്രാർത്ഥിക്കാറുണ്ട്. വന്നുപോയി അന്ന് തിരിച്ചുവരാൻ ഭഗവാൻ അനുവദിക്കില്ല. പോകുമ്പോൾ അഞ്ചും ഏഴും ദിവസം ഭജനയിരുന്ന് അവിടുത്തെ ഭക്ഷണം മാത്രം കഴിച്ച് ധ്യാനിക്കും. ആ ദിവസങ്ങളിൽ പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കാൻ പാടില്ല.
മൂകാംബികയിൽ ഇടയ്ക്ക് പോകാറുണ്ട്, ഏറ്റുമാനൂരിൽ ഇടയ്ക്ക് പോകാറുണ്ട്..എന്റെ വീടിന്റെ അടുത്ത് ഒരു ക്ഷേത്രമുണ്ട്. അവിടെയും സമയമുള്ളപ്പോൾ പോകാറുണ്ട്.
മതേതരം പൂജാമുറി...
എന്റെ അമ്മയുടെ അമ്മ കർത്താവിന്റെ വലിയ ഭക്തയായിരുന്നു. അമ്മൂമ്മയുടെ കയ്യിൽ എപ്പോഴും കർത്താവിന്റെ ഒരു ഫോട്ടോ കാണുമായിരുന്നു. അമ്മൂമ്മ അത് അമ്മയ്ക്ക് കൊടുത്തു. നമ്മൾ വീട് വച്ചപ്പോൾ അമ്മ അത് എനിക്ക് തന്നു. ഞാനും മക്കളും പള്ളികളിൽ പോകാറുണ്ട്. കർത്താവിന്റെയും മാതാവിന്റെയും പ്രാർത്ഥനകൾ ചൊല്ലാറുണ്ട്. എന്റെ പൂജാമുറിയിൽ കർത്താവിന്റെയും ചിത്രം വച്ചിട്ടുണ്ട്. എല്ലാ മതങ്ങളും പറയുന്നത് ഒരേകാര്യമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മാത്രമല്ല എന്റെ മകൾ വിവാഹം കഴിച്ചതും നല്ല സ്നേഹമുള്ള ഒരു ക്രിസ്ത്യൻ കുടുംബത്തിൽ നിന്നാണ്. നമ്മൾ ദൈവത്തെ വിളിക്കുമ്പോഴൊക്കെ ദൈവം നമുക്ക് ഓരോ ഗിഫ്റ്റുകൾ തന്നിട്ടുണ്ട്. എന്റെ ജീവിതത്തിൽ ഉണ്ടായ അനുഗ്രഹങ്ങൾ എല്ലാം പ്രാർഥനയുടെ ഫലമാണ് എന്നാണ് വിശ്വാസം.
Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions