ഭഗവാൻ ശ്രീപരമേശ്വരന്റെയും പാർവതീദേവിയുടെയും പ്രഥമ പുത്രനാണു ഗണനാഥനായ ഗണപതി. ഗണപതി വന്ദനത്തോടെ ഓരോ ദിവസവും ആരംഭിച്ചാൽ വിഘ്‌നങ്ങൾ ഒഴിഞ്ഞുപോവും. ജാതകപ്രകാരം ജീവിതത്തിൽ അനുകൂലസമയമാണെങ്കിലും ഗണേശപ്രീതിയില്ലെങ്കിൽ സത്ഗുണങ്ങളൊന്നും അനുഭവയോഗ്യമാവില്ല. ഏതു സംരംഭം ആരംഭിക്കുന്നതിനു മുൻപും ഗണപതിയെ വന്ദിച്ചാൽ വിഘ്നമൊന്നും കൂടാതെ ആ പ്രവൃത്തി ഫലപ്രാപ്തിയിലെത്തും. അതുപോലെ നവഗ്രഹപ്രീതിവരുത്തിയാൽ ഗ്രഹദോഷങ്ങൾ ഒരുപരിധിവരെ ബാധിക്കില്ല .
നവധാന്യങ്ങൾ നവഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നു .നവധാന്യങ്ങളാൽ നിർമിച്ച ഗണപതിവിഗ്രഹം ഭവനങ്ങളിൽ വച്ച് വണങ്ങിയാൽ ഗണേശപ്രീതിയും നവഗ്രഹപ്രീതിയും ഒന്നിച്ചു ലഭിക്കും. നവധാന്യങ്ങളിൽ ഗോതമ്പ് സൂര്യനെയും നെല്ല് ചന്ദ്രനെയും തുവര ചൊവ്വയെയും ചെറുപയറ് ബുധനെയും കടല വ്യാഴത്തെയും അമര ശുക്രനെയും എളള് ശനിയെയും ഉഴുന്ന് രാഹുവിനേയും മുതിര കേതുവിനേയും പ്രതിനിധീകരിക്കുന്നു. ഭവനത്തിൽ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായിവേണം നവധാന്യഗണപതിയെ വയ്ക്കാൻ .വീട്ടിലെ പൂജാമുറിയിലോ ശുദ്ധമായസ്ഥലത്തോ വച്ച് ദിനവും വണങ്ങിയാൽ ധനധാന്യാദി സമ്പത്തുകൾക്കു ഒരിക്കലും മുട്ട് വരില്ല എന്നാണു വിശ്വാസം.
നിത്യവും പ്രഭാതത്തിൽ കുളികഴിഞ്ഞശേഷം ഗണേശപ്രീതികരമായ മന്ത്രങ്ങളും നവഗ്രഹസ്തോത്രവും ജപിക്കുന്നത് അത്യുത്തമം. നവഗ്രഹ സ്തോത്രത്തിന് അതീവ ശക്തിയുണ്ട്. നിത്യേനയുള്ള നവഗ്രഹസ്തോത്ര ജപം കുടുംബൈശ്വര്യം വർധിപ്പിക്കുകയും ആയുരാരോഗ്യസൗഖ്യം ,ധനധാന്യലാഭം, പുത്ര–കളത്ര ഐശ്വര്യം എന്നിവയും പ്രദാനം ചെയ്യുന്നു.
നവഗ്രഹ സ്തോത്രം
സൂര്യന്‍
ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം
തമോരീം സര്‍വ്വപാപഘ്നം പ്രണതോസ്മി ദിവാകരം
ചന്ദ്രന്‍
ദധിശംഖതുഷാരാഭം ക്ഷീരോദാര്‍ണവ സംഭവം
നമാമി ശശിനം സോമം ശംഭോര്‍മ്മകുടഭൂഷണം
ചൊവ്വ ( കുജൻ )
ധരണീഗര്‍ഭസംഭൂതം വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം മംഗളം പ്രണമാമ്യഹം
ബുധന്‍
പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം തം ബുധം പ്രണമാമ്യഹം
വ്യാഴം ( ഗുരു )
ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം
ശുക്രന്‍
ഹിമകുന്ദമൃണാലാഭം ദൈത്യാനാം പരമം ഗുരും
സര്‍വ്വശാസ്ത്രപ്രവക്താരം ഭാര്‍ഗ്ഗവം പ്രണമാമ്യഹം
ശനി
നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം
രാഹു
അര്‍ദ്ധകായം മഹാവീര്യം ചന്ദ്രാദിത്യവിമര്‍ദ്ദനം
സിംഹികാഗര്‍ഭസംഭൂതം തം രാഹും പ്രണമാമ്യഹം
കേതു
പലാശപുഷ്പസങ്കാശം താരകാഗ്രഹ(കാര)മസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം
നമ: സൂര്യായ സോമായ മംഗളായ ബുധായ ച
ഗുരു ശുക്ര ശനി ഭ്യശ്ച രാഹവേ കേതവ നമ :
ഇതി വ്യാസമുഖോദ്ഗീതം യ: പഠേത് സുസമാഹിത:
ദിവാ വാ യദി വാ രാത്രൗവിഘ്നശാന്തിർഭവിഷ്യതി