Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ദിവസങ്ങളിൽ തുളസി നുള്ളരുത്!!

Tulsi

ഭഗവാൻ വിഷ്ണുവിന്  ഏറ്റവും പ്രധാനപ്പെട്ട പൂജാപുഷ്പമാണ്  തുളസി. ലക്ഷ്മീദേവിയുടെ പ്രതിരൂപമായതിനാൽ വിഷ്ണുഭഗവാന്റെ പ്രിയപ്പെട്ടവൾ എന്ന അർത്ഥത്തിൽ വിഷ്ണുപ്രിയ എന്ന നാമത്തിലും അറിയപ്പെടുന്നു.സംസ്കൃതത്തിൽ തുളസി എന്നാൽ തുലനമില്ലാത്തത് എന്നാണർത്ഥം. തുളസിയുടെ ഗുണങ്ങൾ ഉള്ള മറ്റൊരു ചെടി ഇല്ലാത്തതിനാലാണ് ഈ പേരുവന്നത്. 

തുളസിച്ചെടിയുടെ സമീപത്ത് അശുദ്ധമായി ചെല്ലാൻ പാടില്ല. തുളസി നുള്ളുന്നത് പകല്‍ സമയത്ത്  കിഴക്കോട്ട് തിരിഞ്ഞുവേണം . കറുത്തവാവ്‌, ദ്വാദശി എന്നീ തിഥികളിലും സൂര്യ-ചന്ദ്രഗ്രഹണകാലത്തും സന്ധ്യയ്ക്കും ഏകാദശിക്കും ചൊവ്വ, വെള്ളി ദിവസങ്ങളിലും സംക്രാന്തിയിലും തുളസി നുള്ളരുത്. 

ഭവനത്തിന്‌ മുന്നില്‍  തുളസി നട്ടുവളര്‍ത്തുന്നതും അതിനെ പരിപാലിക്കുന്നതും ഉത്തമമാണ്. നിത്യവും നനയ്ക്കുന്നതും സന്ധ്യയ്ക്ക്‌ തുളസിത്തറയില്‍ ദീപം തെളിയിക്കുന്നതും  ശ്രേഷ്ഠമാണ്  . വ്യാഴം, ബുധന്‍, ശുക്രന്‍ എന്നീ  ദശാകാലങ്ങളുള്ളവര്‍  തുളസിയെ പ്രദക്ഷിണം വയ്ക്കുന്നത്‌ ദോഷശാന്തിക്ക് ഉത്തമമാണ്.പൂജയ്ക്കായോ  ഔഷധത്തിനായോ മാത്രമേ തുളസി നുള്ളാൻ പാടുള്ളു.

ഏകാദശി വ്രതമനുഷ്ഠിക്കുന്നവര്‍ പാരണവിടുന്നതിന്‌ മുന്‍പ്‌ തുളസിച്ചുവട്ടില്‍ വെള്ളമൊഴിക്കുകയും തുളസിയിലയിട്ട തീര്‍ഥം സേവിക്കുകയും ചെയ്യുന്നത്‌ ഉത്തമമാണ്

 തുളസീ മന്ത്രം

"പ്രസീദ തുളസീ ദേവി

പ്രസീദ ഹരി വല്ലഭേ

ക്ഷീരോദ മഥനോദ്ഭൂതേ

തുളസീ ത്വാം നമാമ്യഹം"