എന്റെ അനിയന് ഒരു കുട്ടിയെ ഇഷ്ടമാണ്. കുട്ടി മുറപ്പെണ്ണു തന്നെയാണ്. രണ്ടു വീട്ടു കാർക്കും നല്ല താൽപര്യവുമാണ്. പക്ഷേ, ജ്യോത്സ്യനെ കണ്ടപ്പോൾ പെൺകുട്ടിക്കു ചൊവ്വാദോഷമുണ്ടെന്നും അനിയനുമായി പൊരുത്തമില്ലെന്നും അറിയിച്ചു. ചൊവ്വദോഷമെന്നതു യഥാർഥത്തിൽ എന്താണ്. അങ്ങനെ ഒന്നുണ്ടെങ്കിൽ എന്തെങ്കിലും പ്രതിവിധിയുണ്ടോ? ക്രിസ്ത്യാനികളും മുസ്‌ലിംകളും ജാതകം നോക്കുന്നില്ലല്ലോ. ഇതിൽ എന്തു തീരുമാനമാണ് എടുക്കേണ്ടത്. അനിയൻ: 14– 9–1996, 8.25 എഎം (ഉത്രം). പെൺകുട്ടി: 25– 6 –1997,11.29 എഎം (ചതയം).
പൊരുത്തവും ജാതകവും നോക്കുന്നത് ഒരു വിശ്വാസം മാത്രമാണ്. വിവാഹിതരാകാൻ പോകുന്നവർക്കു ജീവിത്തെപ്പറ്റിയുള്ള ആത്മവിശ്വാസം വർധിപ്പിക്കുക എന്നതാണു പൊരുത്തത്തിന്റെ പ്രഥമ ഉദ്ദേശ്യം. ഏതു ജതകത്തെയും ശുദ്ധമോ പാപമോ ആക്കി വ്യാഖ്യാനിക്കാൻ ഒരു ജ്യോത്സ്യനു സാധിക്കും. അത്തരത്തിലാണു നിങ്ങൾ കൊടുത്തിരിക്കുന്ന സമയം അനുസരിച്ചുള്ള ജാതകത്തിലെ ചൊവ്വാദോഷവും. അത്ര ഗൗരവമായി ചിന്തിക്കേണ്ട ദോഷമൊന്നും അതിൽ ഇല്ല. കുട്ടികൾ ഇരുവരും വലിയ ജ്യോതിഷ വിശ്വസികൾ ആണെങ്കിൽ ശ്രദ്ധിച്ചു മാത്രം ഇൗ വിവാഹം നടത്തുക. ജാതക ചേർച്ചയില്ല എന്ന മുൻവിധി അപകടം ചെയ്യും. പയ്യന്റെ നക്ഷത്രം ഏതെന്ന കാര്യത്തിൽ കൂടി ഒന്നു വ്യക്തത വരുത്തിയാൽ നല്ലത്.