വീട്ടിൽ വിളക്കു കൊളുത്തുന്നത് മുടങ്ങിയാൽ...

ഭവനത്തിൽ നിലവിളക്ക് ഐശ്വര്യത്തിന്റെ പ്രതീകമാണ്. നിലവിളക്കിന്റെ ചുവടുഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണുവിനെയും മുകൾ ഭാഗം ശിവനെയും  നാളം ലക്ഷ്മിയെയും പ്രകാശം സരസ്വതിയെയും നാളത്തിലെ ചൂട് പാർവതിയെയും സൂചിപ്പിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഈശ്വരന്റെ  പ്രതീകമാണ് നിലവിളക്ക്. പരിപാവനമായ നിലവിളക്കിനുണ്ടാകുന്ന അശുദ്ധി കുടുംബത്തിന്റെ മുഴുവൻ ഐശ്വര്യത്തെ ബാധിക്കുമെന്നാണ് വിശ്വാസം. ദേഹശുദ്ധി വരുത്തി ശേഷം മാത്രമേ രാവിലെയും വൈകിട്ടും വിളക്കു  കൊളുത്താവൂ.

നിലവിളക്കു കൊളുത്തുന്നത് മുടങ്ങിയാൽ ദോഷമാണെന്ന് ചിലർ വിശ്വസിക്കുന്നു. നിലവിളക്ക് കൊളുത്തുന്നത് മുടങ്ങുന്നതിലും ഭേദം കൊളുത്താതിരിക്കുന്നതാണെന്നു കരുതുന്നവരും സമൂഹത്തിലുണ്ട്. ഈശ്വരനെ ആരാധിക്കാനും അതുവഴി കുടുംബത്തിൽ ഐശ്വര്യം നിലനിർത്താനുമാണ് വിളക്ക് തെളിക്കുന്നത്. സാഹചര്യം നിമിത്തം ഒരു നേരം വിളക്ക് കൊളുത്തിയില്ലെങ്കിൽ ഈശ്വരകോപമോ ദോഷമോ വരില്ല. ഒരു ദിവസം ആ ഭവനത്തിൽ ലഭിക്കേണ്ട പോസറ്റീവ് ഊർജം അല്പം കുറഞ്ഞിരിക്കുമെന്നേയുള്ളു. ഭവനത്തിൽ വിളക്ക് തെളിക്കാതിരിക്കുന്നത് ഐശ്വര്യക്കേടാണ്. കുറച്ചു നേരം മാത്രമേ വിളക്ക് കത്തിച്ചു വയ്ക്കാൻ സാധിക്കുന്നുള്ളൂ എന്നത് വിളക്ക് തെളിയിക്കാതിരിക്കുന്നതിലും നല്ലതാണ്.

സാഹചര്യങ്ങൾ നിമിത്തം ചിലർക്ക് ഒരു നേരം മാത്രമേ വിളക്ക് കൊളുത്താൻ സാധിച്ചെന്നു വരൂ. അതിൽ ദോഷമെന്നുമില്ല. ഉത്തമ ഭക്തിയോടെ ചെയ്യുന്ന ഏതൊരു കാര്യവും ഫലപ്രാപ്തിയിലെത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട.  വിളക്ക് തെളിക്കുന്നത് മുടങ്ങിയശേഷം പിന്നീട് തിരി തെളിക്കുമ്പോൾ ക്ഷമാപണമന്ത്രം ചെല്ലുന്നത് ഉത്തമമാണ്.

‘‘ഓം കരചരണകൃതം വാ കായജം കർമജം വാ

ശ്രവണനയനജം വാ മാനസം വാപരാധം

വിഹിതമവിഹിതം വാ സർ‌വമേതത് ക്ഷമസ്വ

ശിവശിവ കരുണാബ്‌ധേ ശ്രീമഹാദേവ ശംഭോ’’ എന്നതാണു ക്ഷമാപണമന്ത്രം.