ഭൂലോക വൈകുണ്ഠം എന്ന് പ്രസിദ്ധിയാർജ്ജിച്ച ഗുരുവായൂർ ക്ഷേത്രത്തിന്റെ മാഹാത്മ്യം വളരെ മഹത്വമുള്ളതാണ്. സ്രഷ്ടാവായും രക്ഷിതാവായും ഭക്തർക്ക് അഭയവും ആശ്രയവുമായി ആനന്ദമൂർത്തിയായ ഉണ്ണിക്കണ്ണൻ അവിടെ വിളങ്ങുന്നു. ഗുരുവായൂരപ്പന്റെ ദർശനപുണ്യം ലഭിക്കുക എന്നത് ജന്മാന്തര സുകൃതമാണ്. ഗുരുവായൂരിൽ 3 മണിക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനം മുതൽ തൃപ്പുക വരെയുള്ള സമയങ്ങളിൽ ഭഗവാൻ വിവിധ ഭാവങ്ങളിലാണ് ദർശനം നൽകുന്നത്.
ഭഗവാന്റെ നിർമ്മാല്യദർശനം സർവ്വപാപങ്ങളും അകറ്റി നിർമ്മലരാക്കുന്നു. വാകച്ചാർത്ത് ദർശിച്ചാൽ അരിഷ്ടതകൾ മാറുന്നതാണ്. തൈലാഭിഷേക ദർശനം രോഗങ്ങളിൽ നിന്ന് മോചനം ലഭിക്കുന്നതിനും പാലഭിഷേകം ദര്‍ശിച്ചാൽ ശത്രുക്കളിൽ നിന്ന് സംരക്ഷണവും ലഭ്യമാകുന്നതാണ്. ബാലഗോപാലഭാവത്തിലുള്ള ഭഗവാന്റെ രൂപം ദർശിച്ചാൽ സന്താനങ്ങൾക്കുള്ള ദുരിതം മാറുന്നതാണ്. ശംഖാഭിഷേകം ദർശിച്ചാൽ ഫലം ധനാഭിവൃദ്ധിയാണ്. മനസമാധാനത്തിനും നേത്രരോഗശമനത്തിനും പന്തീരടി പൂജ കണ്ട് തൊഴുന്നത് ഉത്തമമാണ്. ശീവേലിദർശനം കേസ്, വഴക്കുകൾ എന്നിവയിൽ വിജയിക്കുന്നതിന് സഹായമാകുന്നതാണ്. ശ്രീഭൂതബലി ദർശനം സന്താനലബ്ധി, ധനസമൃദ്ധി എന്നിവ ലഭ്യമാക്കുന്നു. ദീപാരാധന തൊഴുന്നത് ദാമ്പത്യവിജയത്തിനും പ്രണയസാഫല്യത്തിനും ഉത്തമമാണ്. അത്താഴപൂജ സമയത്ത് ഭഗവാനെ ദർശിച്ചാൽ ദാരിദ്ര്യശമനം, രോഗശമനം, കീർത്തി എന്നിവ ലഭ്യമാകുന്നതാണ്. തൃപ്പുക സമയത്തുള്ള ഭഗവത് ദർശനം മോക്ഷലബ്ധി പ്രാപ്തമാക്കുന്നതാണ്.
വ്യാഴദോഷങ്ങൾ അകന്ന് ഈശ്വരാധീനം ലഭിക്കുന്നതിന് ഗുരുവായൂർ വഴിപാട് നടത്തുന്നത് വളരെ നല്ലതാണ്. ഗുരുവായൂരിലെ കൃഷ്ണനാട്ടം വഴിപാട് വളരെ പ്രസിദ്ധവും ഫലസിദ്ധിദായകവുമാണ്. വിവാഹതടസ്സം മാറുന്നതിനും സന്താനസിദ്ധിക്കും ധാരാളം പേർ കൃഷ്ണനാട്ടം വഴിപാട് നടത്താറുണ്ട്. തുളസിമാല, താമരമാല, വെണ്ണനിവേദ്യം, െനയ്‌വിളക്ക്, മഞ്ഞ പട്ട് ചാർത്തുക, പാൽപായസം എന്നിവയാണ് കൃഷ്ണപ്രീതിക്കായുള്ള പ്രധാനപ്പെട്ട വഴിപാടുകൾ. വൈശാഖമാസം, അക്ഷയതൃതീയ, അഷ്ടമിരോഹിണി, നവരാത്രി, ചിങ്ങത്തിലെ തിരുവോണം, മേടവിഷു മുതലായ വിശേഷങ്ങൾ ഗുരുവായൂരിൽ ആചരിക്കുന്നു.
വൃശ്ചികമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് ഗുരുവായൂർ ഏകാദശി. ഏകാദശി ദിവസം വ്രതമെടുത്ത് തുളസീദളങ്ങളാൽ ഭഗവാനെ പൂജിക്കുന്നവർക്ക് കോടിയാഗാനുഷ്ഠാന പുണ്യഫലങ്ങൾ ലഭിക്കുന്നതാണ്. ഭഗവാന്റെ ദർശനത്താൽ ജീവിതക്ലേശങ്ങളെല്ലാം അകന്ന് ഓരോ ഭക്തഹൃദയത്തിലും ആനന്ദം നിറയുമാറാകട്ടെ !