ഓരോ മനുഷ്യന്റെയും ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലാണ് പിറന്നാൾ. ജന്മദിനത്തിൽ മിക്കവരും ക്ഷേത്രദർശനം നടത്തുകയും പുഷ്‌പാഞ്‌ജലി ,പായസം എന്നീ വഴിപാടുകൾ നടത്തുകയും ചെയ്യാറുണ്ട്. എന്നാൽ പിറന്നാൾ ദിനത്തിൽ നടത്തേണ്ട ഏറ്റവും ഉത്തമമായ വഴിപാടാണ് ധാര. ശിവലിംഗത്തിന് മാത്രമേ ധാര പതിവുള്ളു. ജലധാരയാണ് സാധാരണ നടത്താറ്. സാമ്പത്തിക സ്ഥിതി അനുസരിച്ചു ക്ഷീരധാര, ഇളനീർധാര എന്നിവ വഴിപാടായി സമർപ്പിക്കാവുന്നതാണ് .
മഹാദേവന് സമർപ്പിക്കുന്ന ധാരയിൽ നക്ഷത്രജാതന്റെ പേരിലും നാളിലും മൃത്യുഞ്ജയ അർച്ചനയുണ്ട് .ധാരയുടെ പ്രസാദമായി ലഭിക്കുന്ന പായസം പിറന്നാൾ ദിനത്തിൽ കഴിക്കുന്നത് ഉത്തമമാണ്. രോഗപരിഹാരത്തിനുള്ള വഴിപാടാണ് ധാര .അത് പിറന്നാൾ ദിനത്തിൽ ഭഗവാന് സമർപ്പിക്കുന്നത് ആയുരാരോഗ്യവർധനയ്ക്ക് ഉത്തമമത്രേ.
ധാരയുടെ പ്രസാദം ഒരു തുള്ളിപോലും പാഴാക്കരുത് . ഭഗവാന് നേദിച്ചതു മറ്റുള്ളവർക്ക് പങ്കിടുന്നതിൽ തെറ്റില്ല. വഴിപാടു നടക്കുന്ന സമയമത്രയും പഞ്ചാക്ഷരീ മന്ത്രം ജപിച്ചുകൊണ്ടു ക്ഷേത്രത്തിൽ തുടരുന്നത് അത്യുത്തമമാണ്.
ഏതു കാര്യത്തിന് മുന്നേയും വിഘ്‌നനിവാരണനായ ഗണപതി ഭഗവാനെ സ്മരിക്കണം. ശിവന് ധാര കഴിപ്പിക്കുന്നതിനോടൊപ്പം ഗണപതി ഹോമവും നടത്തണം.